അഴിച്ചുകെട്ടിയ ഭാഷയിൽ സ്വപ്നങ്ങളെ അഴിച്ചുവിട്ടു ബിജു കാഞ്ഞങ്ങാട്.
വിശ്രുത ചിത്രങ്ങളിൽ മേഞ്ഞ് മലയാളത്തിലെ പുതുകവിതയിലേക്ക് ദേശാന്തര പ്രകൃതിയുടെ നിറങ്ങളും മനുഷ്യാനുഭവങ്ങളും ചാലിച്ചു. കവിതയുടെ നിത്യോപാസകനായി സ്വന്തം നാട്ടിടങ്ങളിലും പുസ്തകങ്ങളുടെ അനന്തമായ ലോകങ്ങളിലും അലഞ്ഞു. വരയുടെ വാക്കുകളിൽ വിസ്മയിപ്പിച്ചു നടന്നു. കവിത മറ്റൊരു മണമാണ് മറ്റൊരു ഭാഷയാണ് എന്ന് കവിത പോലെ തന്റെ കാവ്യ ദർശനത്തെക്കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു ഈ കവി. കവിയുടെ നിത്യസ്മാരകം കവിതകളാണ്. ഒച്ചയിൽനിന്നുള്ള അകലം സൂക്ഷിച്ച കവിതകളുമായി ബിജു കാഞ്ഞങ്ങാട് എന്നും മലയാളക്കരയിലുണ്ടാവും. പക്ഷികളോടു മിണ്ടിയും മേഘങ്ങളിൽ പൈക്കിടാവിനെ കണ്ടും വാൻഗോഗിന്റെ മഞ്ഞയെ ഹൃദയം നിറച്ചും നടന്നിരുന്ന കൂട്ടുകാരൻ.
"നിന്നോടു കൂടിയിരിക്കുക യെന്നതാണ് നിന്നെ കാണുക - യെന്നതിനേക്കാൾ എന്റെ കാഴ്ച'
എന്ന് കവിതക്കാഴ്ച കണ്ടവനെയോർക്കുമ്പോൾ തെളിഞ്ഞു വരുന്ന സ്മരണകളിൽ സൗഹൃദത്തിന്റെ ദേശമുണ്ട്. സ്‌നേഹത്തിന്റെ മണമുണ്ട്. ജീവിച്ച നാളുകളുടെ ഹൃദയ തുടിപ്പുകളുണ്ട്. മറ്റൊരു കാലമുണ്ട്.
ബിജു കാഞ്ഞങ്ങാടുമായുള്ള പരിചയം കാവ്യലോകത്തേക്കുള്ള ഒരു പുതുവഴി തന്നെയായിരുന്നു. കിഴക്കും കരയിലെ മുച്ചിലോട്ട് സ്‌കൂളിനടുത്ത് റോഡ് സൈഡിലുള്ള ബിജുവേട്ടന്റെ ഓടിട്ട ചെറിയ വീട്ടിൽ കയറിയപ്പോൾ അതൊരു കൊച്ചു ഗ്രന്ഥാലയമായിരുന്നു.
കവി ബിജു കാഞ്ഞങ്ങാട് ഏറെക്കാലം കാസർകോട് മാവുങ്കാലിലെ നാഷണൽ ഹൈവേയോട് ചേർന്നിട്ടുള്ള മൂലക്കണ്ടം എന്ന പ്രദേശത്തെ വാടക വീട്ടിലായിരുന്നു താമസം. 2022 വരെ മൂന്നു വർഷം ഞാനും അവിടെ തൊട്ടടുത്ത വീട്ടിലായിരുന്നു താമസം. അഞ്ചു വീടുകളായിരുന്നു ഒരു പറമ്പിലുണ്ടായിരുന്നത്. നാഷണൽ ഹൈവേക്ക് ഭൂമി ഏറ്റെടുത്തപ്പോൾ വീട്ടുടമസ്ഥയടക്കം ഞങ്ങൾക്കെല്ലാവർക്കും ആ ദേശം വിട്ട് പോകേണ്ടി വന്നു. പക്ഷേ മൂലക്കണ്ടത്തെ പ്രകൃതിയും മനുഷ്യരും ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. മൂലക്കണ്ടത്ത് എനിക്ക് വാടക വീട് കണ്ടെത്തി തന്നത് ബിജുവേട്ടനായിരുന്നു. കവിതയും സ്‌നേഹവും അവിടെ നിറഞ്ഞു നിന്നിരുന്നു. വീട്ടുടമസ്ഥയായ സി.എം. ശാന്തമ്മ ഞങ്ങളോട് സ്വന്തം അമ്മയെ പോലെ പെരുമാറി. ശാന്തമ്മയുടെ മരുമകൻ രമേശേട്ടൻ ഞങ്ങൾക്ക് കൂട്ടുകാരനും ജ്യേഷ്ഠനുമായിരുന്നു. എന്റെ സഹപാഠി വിദ്യയുടെ അമ്മയുടെ സഹോദരിയാണെന്നും പ്രശസ്ത നിരൂപകൻ ഇ.പി. രാജഗോപാലൻ മാഷിന്റെ ബന്ധുവാണ് ശാന്തമ്മ എന്നും അറിഞ്ഞത് ആ വീട്ടുകാരുമായുള്ള സ്‌നേഹസൗഹൃദം വളർന്ന് ഏറെക്കഴിഞ്ഞാണ്. ശാന്തമ്മയുടെ വീടിന്റെ മുൻവശം കണ്ടങ്ങളായിരുന്നു. മഴക്കാലത്ത് നെൽകൃഷിയും വേനലിൽ നട്ടിയും നടുന്ന കണ്ടങ്ങൾ. അവിടെ ഇടക്കിടക്ക് പക്ഷികൾ വരും പല ഇനങ്ങളിലുള്ളവ. അവയെ കണ്ടെഴുതിയ കവിതകൾ ബിജു കാഞ്ഞങ്ങാടിന്റെ ആഴത്തിലുയരത്തിൽ എന്ന കവിതാ സമാഹാരത്തിലുണ്ട്. ബിജുവേട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു. "പ്രകാശാ എന്റെ പക്ഷിക്കവിതകളുടെ സമാഹാരം വരുന്നു. പഠനമെഴുതാൻ രാമന് കൊടുത്തിട്ടുണ്ട്'. പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ ബിജു കാഞ്ഞങ്ങാട് പല കവിതകളും എന്നെ കാണിച്ചിട്ടുണ്ട്. ബിജുവേട്ടന്റെ മിക്ക കവിതകളും വായിച്ചിരുന്ന ഞാൻ ഒരു പക്ഷിക്കവിതാ സമാഹാരമിറക്കാനുള്ളത്ര കിളികളുണ്ടല്ലോ എന്ന് മുമ്പൊരിക്കൽ പറഞ്ഞിരുന്നു. "കുഞ്ഞു നാളിൽ സ്വന്തം നാടായ കിഴക്കും കരയിൽ കണ്ട കിളികളെക്കുറിച്ച് പിൽക്കാലത്ത് കവിതകളെഴുതണമെന്ന് തോന്നിയിരുന്നു. ഇവിടത്തെ കണ്ടത്തിൽ ഇറങ്ങി നടന്നപ്പോൾകണ്ട പക്ഷികൾ ഓർമ്മകളെ തൊട്ടു. ചിലതൊക്കെ കവിതയിലേക്ക് ഒച്ച വെച്ചു വന്നു' ബിജുവേട്ടൻ മറുപടിയായി പറഞ്ഞു.
ഞാൻ താമസിക്കുന്ന വീട്ടിന്റെ അടുക്കള ചുമരിനോട് ചേർന്നായിരുന്നു ആ പറമ്പിലെ 5 വീടുകൾക്കും പൊതുവായി ഉപയോഗിക്കുന്ന കിണർ. ആ കിണറിൽ അതിരാവിലെ വെള്ളം കോരാൻ അലൂമിനിയപാനിയുമെടുത്ത് ബിജുവേട്ടൻ വരും.. (ബിജു കാഞ്ഞങ്ങാടിന് അതിരാവിലെ എഴുന്നേറ്റ് കുളിച്ച് നല്ല വസ്ത്രങ്ങൾ അണിയണം. അത് ഒരു ശീലമായിരുന്നു) ഒരു ദിവസം ഈ കിണറിന്റെ തൂണിൽ വന്നിരുന്ന ഒരു പക്ഷിയോട് ബിജുവേട്ടൻ സംസാരിച്ചു. ഒച്ച കേട്ട് വീട്ടിന്റെ വാതിൽ തുറന്നു വന്ന്, ഈ കാഴ്ച കണ്ട് ചിരിച്ച എന്നോട് പറഞ്ഞു. "ഇത് രാവിലെ വന്ന പക്ഷിയാണ്... ചങ്ങാതിപ്പക്ഷി...' ഞങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ ധ്വനി ആ വാക്കുകളലുണ്ടായിരുന്നു.
ബിജുവേട്ടനുമായുള്ള സൗഹൃദത്തിന്റെ തുടക്കം എപ്പോഴാണെന്നു കൃത്യമായി ഓർക്കുന്നില്ല. ബിജു കാഞ്ഞങ്ങാട് എന്ന കവിയെ ഞാൻ ആദ്യമായി കാണുന്നത് നീലേശ്വരത്തെ ഒരു പാരലൽ കോളേജിൽ വെച്ചാണ്. അവിടെ ഒരു കവിതാരചന മത്സരത്തിൽ വിധി കർത്താവായി വന്ന കവിയെ കണ്ടുമുട്ടിയെങ്കിലും ഞാൻ മിണ്ടിയില്ല. ആ കവിയുടെ കവിതകൾ ആനുകാലികങ്ങളിൽ വായിച്ചിട്ടുണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം എന്റെ കവിതകൾ ആനുകാലികങ്ങളിൽ വന്നു കൊണ്ടിരുന്ന സന്ദർഭത്തിലാണ് ബിജു കാഞ്ഞങ്ങാട് ഇങ്ങോട്ടു കയറി പരിചയപ്പെടുന്നതും ആത്മമിത്രമാകുന്നതും കാഞ്ഞങ്ങാടും പരിസരവും ഞങ്ങളുടെ താവളമാകുന്നതും.
ജോലിയില്ലാതെ അരക്ഷിതനായി നടക്കുന്ന എന്നെയാണ് ബിജു കാഞ്ഞങ്ങാടിന് അന്ന് കൂട്ടുകാരനായി കിട്ടിയത്. എനിക്കന്ന് അധിക സമയവും വായനയായിരുന്നു. പുസ്തകങ്ങൾക്കായി നാട്ടിലെ ഗ്രാമീണ വായനശാലകളെ അധികം ആശ്രയിച്ചു നിന്നിരുന്ന എനിക്ക് പുതിയ കവിതാ പുസ്തകങ്ങളൊന്നും ആ ഗ്രന്ഥശാലകളിൽ ലഭിക്കാത്തതിനാൽ പുസ്തകം വാങ്ങി വായിക്കുക എന്ന വഴിയേ മുന്നിലുണ്ടായിരുന്നുള്ളു. വല്ലപ്പോഴും ജോലി ചെയ്തുള്ള തുച്ഛവരുമാനം കവിതാ പുസ്തകങ്ങൾക്കു മാത്രം ഞാൻ മാറ്റി വെച്ചു. ബിജു കാഞ്ഞങ്ങാടുമായുള്ള പരിചയം കാവ്യലോകത്തേക്കുള്ള ഒരു പുതുവഴി തന്നെയായിരുന്നു. കിഴക്കും കരയിലെ മുച്ചിലോട്ട് സ്‌കൂളിനടുത്ത് റോഡ് സൈഡിലുള്ള ബിജുവേട്ടന്റെ ഓടിട്ട ചെറിയ വീട്ടിൽ കയറിയപ്പോൾ അതൊരു കൊച്ചു ഗ്രന്ഥാലയമായിരുന്നു. ആ വീട്ടുകാർക്ക് ഉണ്ണാനും ഉറങ്ങാനും പാചകം ചെയ്യാനുമുള്ള സ്ഥലമൊഴിച്ച് ബാക്കിയെല്ലാം ബിജുവേട്ടൻ വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ബിജുവേട്ടന്റെ അമ്മ ലീലമ്മയും നല്ലൊരു വായനക്കാരിയാണെന്ന് അന്നറിഞ്ഞു.
ബിജുവേട്ടൻ തന്റെ ഗ്രന്ഥശേഖരങ്ങളെ സ്പർശിക്കുവാൻ എന്നെ വിട്ടിരുന്നു. പ്രാണന്റെ പ്രാണനെ പോലെ ബിജു കാഞ്ഞങ്ങാട് പുസ്തകങ്ങളെ കരുതി. അൺ എയ്ഡഡ് സ്‌കൂളായ ലിറ്റിൽഫ്ലവർ സ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്ത് കിട്ടിയ ശമ്പളം മുഴുവൻ പുസ്തകങ്ങൾ വാങ്ങാനാണ് ബിജു കാഞ്ഞങ്ങാട് ഉപയോഗിച്ചത്.
ആദ്യമായി ബിജുവേട്ടന്റെ വീട്ടിൽ പോയ ദിവസം അതുവരെ പ്രസിദ്ധീകരിച്ചു വന്ന കവിതകൾ എനിക്ക് വായിക്കുവാൻ നൽകി. മുച്ചിലോട്ട് സ്‌കൂളിന്റെ മതിലുചാടിക്കയറി അവിടെയിരുന്ന് ഞങ്ങൾ കവിതയെക്കുറിച്ച് സംസാരിച്ചു. ബിജുവേട്ടൻ ആ സ്‌കൂളിലെ തന്റെ ബാല്യത്തെക്കുറിച്ച് പറഞ്ഞു. അന്ന് പോകും നേരം എനിക്ക് ഒട്ടേറെ കവിതാ പുസ്തകങ്ങൾ വായിക്കുവാൻ തന്നു. വി.ആർ സുധീഷ് എഡിറ്റ് ചെയ്ത മൾബെറി പബ്ലിക്കേഷൻ പുറത്തിറക്കിയ മലയാളത്തിലെ പ്രണയ കവിതകളിൽ നിന്റെ ഒരു ചെറുകവിത കണ്ടിരുന്നു. അന്ന് മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞു. ബിജുവേട്ടൻ തന്റെ ഗ്രന്ഥശേഖരങ്ങളെ സ്പർശിക്കുവാൻ എന്നെ വിട്ടിരുന്നു. പ്രാണന്റെ പ്രാണനെ പോലെ ബിജു കാഞ്ഞങ്ങാട് പുസ്തകങ്ങളെ കരുതി. അൺ എയ്ഡഡ് സ്‌കൂളായ ലിറ്റിൽഫ്ലവർ സ്‌കൂളിൽ പഠിപ്പിക്കുന്ന കാലത്ത് കിട്ടിയ ശമ്പളം മുഴുവൻ പുസ്തകങ്ങൾ വാങ്ങാനാണ് ബിജു കാഞ്ഞങ്ങാട് ഉപയോഗിച്ചത്.
ചിലയവസരങ്ങളിൽ ചിത്രരചനാ ക്യാമ്പുകളിൽ പോയി വരച്ചു കിട്ടിയ തുകയും പുസ്തകങ്ങൾക്കു വേണ്ടി ചെലവഴിച്ചു. ഞാൻ പരിചയപ്പെട്ട കാലത്ത് ബിജുവേട്ടന് ഗവൺമെന്റ് സ്‌കൂളിൽ ജോലി കിട്ടിയിരുന്നു. കുണ്ടംകുഴി സ്‌കൂളിൽ നിന്നും പെരിയയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ എന്നോടു പറഞ്ഞു. ഇനി വൈകുന്നേരം എല്ലാ ദിവസവും നമുക്ക് കാഞ്ഞങ്ങാട് കറന്റ് ബുക്‌സിൽ കാണാം. കറന്റ് ബുക്‌സിലെ ജസ്റ്റിനും ത്യാഗരാജനുമായി ഞങ്ങൾ സംസാരിച്ചിരിക്കും. കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡു മുതൽ ഗ്രോടെക്ക് റോഡുവഴി പോസ്റ്റ് ഓഫീസ് കടന്ന് ഞങ്ങൾ നഗരം ചുറ്റും. കവിതയെക്കുറിച്ചു മിണ്ടുവാനുള്ള ആ കാവ്യ യാത്ര ചിലപ്പോൾ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ അംബികാസുതൻ മാങ്ങാടിന്റെ കാഞ്ഞങ്ങാട് സൗത്തിലുള്ള വീട്ടിലെത്തും. അംബികാസുതൻ മാഷിന്റെ വീട്ടിലെത്തിയാൽ സാഹിത്യ ചർച്ചയോടൊപ്പം സ്‌നേഹവർത്തമാനങ്ങളും നിറയും. ബിജു കാഞ്ഞങ്ങാട് അംബികാസുതൻ മാഷിന്റെ ശിഷ്യനാണ്. ആ സ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നു. എന്നെയും മാഷ് ഹൃദയത്തോടു ചേർത്തു. അക്കാലത്തെ ചില ജീവിത പ്രതിസന്ധികളെയൊക്കെ നേരിട്ടത് അംബികാസുതൻ മാഷിന്റെ സ്‌നേഹ പൂർണമായ ഇടപെടലുകൾ മൂലമാണ്. മാഷ് എന്നോട് കാണിക്കുന്ന സ്‌നേഹം ബിജുവേട്ടനറിയാം. മാഷ് നിന്നോട് നോവലെഴുതാൻ പറഞ്ഞില്ലേ. ആ വാക്കുകൾ നീ പാലിക്കണം എന്ന് പ്രോത്സാഹിപ്പിച്ചു ബിജുവേട്ടൻ. കൊരുവാനത്തിലെ പൂതങ്ങൾ എന്ന നോവൽ പുസ്തക രൂപത്തിൽ ഇറങ്ങിയപ്പോൾ ബിജുവേട്ടൻ ആദ്യ കോപ്പി കൊടുക്കാൻ പറഞ്ഞത് ലീലമ്മയ്ക്ക്.. അവർ നോവൽ വായിച്ച് പറഞ്ഞ അഭിപ്രായം കേട്ട് ബിജുവേട്ടൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. "നോവൽ സക്‌സസ് ആയെടാ.. എഴുപത് വയസ്സു കഴിഞ്ഞ അമ്മക്ക് അത് ഇഷ്ടപ്പെട്ടു. ഇത്ര മനോഹരമായ നോവൽ എല്ലാ വായനക്കാർക്കും ഇഷ്ടപ്പെടും' എന്നു പറഞ്ഞു.
പരിഭ്രമവും ദുഃഖവും നിറഞ്ഞ ഒരു ഭാവമായിരുന്നു ഒരു കാലത്ത് എനിക്ക്. അങ്ങനെയുള്ള എന്നെ ചിരിപ്പിക്കാൻ ബിജുവേട്ടൻ പാടുപെട്ടു.
പരിഭ്രമവും ദുഃഖവും നിറഞ്ഞ ഒരു ഭാവമായിരുന്നു ഒരു കാലത്ത് എനിക്ക്. അങ്ങനെയുള്ള എന്നെ ചിരിപ്പിക്കാൻ ബിജുവേട്ടൻ പാടുപെട്ടു. അംബികാസുതൻ മാഷിന്റെ വീട്ടിൽ പോയാൽ മാഷ് പിരിയുമ്പോൾ ഗേറ്റുവരെ വന്ന് യാത്രയാക്കും. ഒരു ദിവസം ഗേറ്റിറങ്ങി നടക്കുമ്പോൾ ബിജുവേട്ടൻ പറഞ്ഞു. നിന്നെ ഞാൻ ആദ്യമായ് കാണുമ്പോൾ ആകപ്പാടെ മൂടിക്കെട്ടിയ ഭാവമായിരുന്നു. എന്നെ കാണുമ്പോൾ മാഷെ കാണുമ്പോൾ ദിവാരേട്ടന്റെ വീട്ടിലെത്തുമ്പോൾ നീ ആകെ ഉണരും. കോളേജു തൊട്ട് എനിക്ക് മാഷ് ഉള്ളിലെ തെളിച്ചമാണ്. ഇപ്പോൾ നിനക്കും ആ പകർച്ച കിട്ടി..
ബിജു കാഞ്ഞണ്ടാടിന്റെ വീട്ടിൽ പോയ ഒരു ദിവസം അവിടെ രണ്ട് സുഹൃത്തുക്കൾ വന്നിട്ടുണ്ടായിരുന്നു. മാധ്യമ പ്രവർത്തകനായ സുനിലും ഫോട്ടോഗ്രാഫർ ജയേഷുമായിരുന്നു അത്. ജയേഷ് ബിജുവേട്ടന്റെയും ഗ്രീഷ്‌മേച്ചിയുടെയും ഔട്ട്‌ഡോർ ഫോട്ടോ എടുക്കാനായി വന്നതായിരുന്നു. ജയേഷിന്റെ ക്യാമറ വാങ്ങി ബിജുവേട്ടൻ എന്നോട് ചിരിക്കാൻ പറഞ്ഞു. പുഞ്ചിരിച്ചാൽ പോരാ. ഉറക്കെ ചിരിക്കണമെന്നു പറഞ്ഞപ്പോൾ ചിരി പൊട്ടി. ബിജുവേട്ടൻ ആ ചിരി ക്യാമറയിലാക്കി. ആ ഫോട്ടോയാണ് മൂന്ന് കല്ലുകൾക്കിടയിൽ എന്ന കവിതാസമാഹാരത്തിന്റെയും കൊരുവാനത്തിലെ പൂതങ്ങൾ എന്ന നോവലിന്റെയും പിൻകവറിൽ വന്നിട്ടുള്ളത്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്‌മെന്റിന് അർഹമായ മൂന്ന് കല്ലുകൾക്കിടയിൽ എന്ന എന്റെ കവിതാ പുസ്തകത്തിന് ചിത്രങ്ങൾ വരച്ചത് ബിജു കാഞ്ഞങ്ങാടായിരുന്നു.
എൽ.പി സ്‌കൂൾ അധ്യാപക തസ്തികയിലെ ഒഴിവിലേക്കായ് പി.എസ്.സി പരീക്ഷക്ക് അപേക്ഷിച്ചതറിഞ്ഞ് ഒരു ദിവസം ബിജു കാഞ്ഞങ്ങാട്ട് മൂലക്കണ്ടത്തെ വാടക വീട്ടിലേക്ക് എന്നെ വിളിച്ചു. മടിക്കൈയിലെ വീട്ടിൽ നിന്നും ഞാൻ അങ്ങോട്ടേക്ക് ഉച്ചക്ക് പോയി. അവിടെ എത്തിയപ്പോൾ ബിജുവേട്ടൻ ഹിമാലയൻ പുസ്തകങ്ങൾ ഷെൽഫിൽ അടുക്കി വെക്കുന്നതാണ് കണ്ടത്. ഹിമാലയത്തെക്കുറിച്ച് ഇറങ്ങിയ ഒട്ടുമിക്ക പുസ്തകങ്ങളും ബിജു കാഞ്ഞങ്ങാടിന്റെ ശേഖരത്തിലുണ്ട്. ഭാവിയിൽ ഗവേഷണം ചെയ്യുകയാണെങ്കിൽ എന്റെ വിഷയം ഹിമാലയമായിരിക്കും ബിജുവേട്ടൻ പറഞ്ഞു. ആ പുസ്തകങ്ങൾ അടുക്കി വെക്കുന്നതിനിടയിൽ ഒരു റേക്കിൽ തപ്പി ബിജുവേടൻ ഏതാനും പഴയ പുസ്തകങ്ങൾ പരതിയെടുത്തു. വിദ്യാഭ്യാസ മനഃശാസ്ത്രത്തെക്കുറിച്ചുളള പുസ്തകങ്ങൾ. അന്നേരം ഗ്രീഷ്‌മേച്ചി അവിടേക്കു വന്നു. "ഇത് ഗ്രീഷ്മ എനിക്ക് സമ്മാനിച്ചതാണ്. വിവാഹത്തിനു മുമ്പ് എങ്ങനെയെങ്കിലും ഞാൻ ഒരു ഗവൺമെൻറ് ജോലി നേടണമെന്ന് ഇവൾ ആഗ്രഹിച്ചു. ശരിക്കും ഗ്രീഷ്മയുടെ പ്രേരണ മൂലമാണ് ഞാനൊരു ജോലിക്കാരനായത്. ഇത് നീ വായിച്ച് പഠിക്കു.. ഇതു കൂടാതെ കഴിയാവുന്നത്ര ഗൈഡുകൾ സംഘടിപ്പിക്കുക.' കുത്തിയിരുന്ന് പഠിച്ചാൽ പി.എസ്.സി ലിസ്റ്റിൽ കയറാമെന്ന് ഗ്രീഷ്‌മേച്ചിയും പറഞ്ഞു. അതിനു ശേഷം ഒരു വർഷം മുഴുവൻ ശക്തമായ പി.എസ്.സി പരീക്ഷാ പഠനത്തിലായിരുന്നു ഞാൻ. സാഹിത്യ വായന രാത്രി 12 മണിക്ക് ശേഷമായിരുന്നു. പരീക്ഷ നടന്ന് റിസൾട്ട് വന്നപ്പോൾ എൽ.പി.എസ്.എ റാങ്ക് ലിസ്റ്റിൽ എനിക്ക് ജില്ലയിൽ ഒന്നാം റാങ്കായിരുന്നു. ഫലം അറിഞ്ഞ ദിവസം ബിജുവേട്ടന്റെ വക ഒരു സമ്മാനം കിട്ടി. ആ ആഴ്ച ഇറങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ കോപ്പികൾ ഒരു കെട്ടായി തന്നു. " ഇനി ഇത് വായിച്ച് സാഹിത്യം മാത്രം തലയിലേറ്റുക. നമ്മുടെ വഴി ഇതാണ് '. ബിജു കാഞ്ഞങ്ങാട് പറഞ്ഞു.
ബിജു കാഞ്ഞങ്ങാട് മികച്ച അധ്യാപകനായിരുന്നു. പഠിപ്പിക്കാനുള്ള വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചു. പാഠപുസ്തകത്തിൽ പഠിപ്പിക്കാനുള്ള ചില പാഠങ്ങളെക്കുറിച്ച് ആനുകാലികങ്ങളിൽ എഴുതി. ഒരു കവിത പഠിപ്പിക്കുമ്പോൾ അതിന്റെ പലതരം പഠനങ്ങൾ കണ്ടെത്തി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.
ബിജു കാഞ്ഞങ്ങാട് മികച്ച അധ്യാപകനായിരുന്നു. പഠിപ്പിക്കാനുള്ള വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചു. പാഠപുസ്തകത്തിൽ പഠിപ്പിക്കാനുള്ള ചില പാഠങ്ങളെക്കുറിച്ച് ആനുകാലികങ്ങളിൽ എഴുതി. ഒരു കവിത പഠിപ്പിക്കുമ്പോൾ അതിന്റെ പലതരം പഠനങ്ങൾ കണ്ടെത്തി കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ബിജു കാഞ്ഞങ്ങാടിന്റെ ലൈബ്രറിയിലെ ഒരു ഷെൽഫു നിറച്ചും
പഠന സംബന്ധിയായ പുസ്തകങ്ങളും ആനുകാലികങ്ങളിൽ പറിച്ചെടുത്ത് സ്വന്തമായി പുസ്തക രൂപത്തിലാക്കിയ പഠന സാമഗ്രികളായിരുന്നു. പെരിയ സ്‌കൂളിലെ ഹൈസ്‌കൂൾ മലയാളം മാഷായിട്ടാണ് ബിജു കാഞ്ഞങ്ങാട് ഏറെക്കാലം പ്രവർത്തിച്ചത്. കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു ബിജു കാഞ്ഞങ്ങാട്. കുട്ടികൾ ഒരു സുഹൃത്തിനെ പോലെ അധ്യാപകനെ കാണുന്ന ദൃശ്യം പെരിയ സ്‌കൂളിൽ വിദ്യാരംഗത്തിന്റെ ഒരു പരിപാടിയിൽ സംബന്ധിക്കുവാൻ അവസരം കിട്ടിയപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞു. കവിതയിൽ മേയുന്ന അതേ മനസ്സുമായി ക്ലാസിലും ആ കവി കവിത കണ്ടെത്തി. കുട്ടികളിലേക്ക് കവിത പകർന്നു. ശിഷ്യനായ അശ്വിൻ ചന്ദ്രന്റെ കവിതകൾ തുടർച്ചയായി മാതൃഭൂമി ബാലപംക്തിയിലൂടെ വന്നപ്പോഴും അവൻ സാഹിത്യ മത്സരങ്ങളിൽ വിജയിച്ചു വരുമ്പോഴും ബിജു കാഞ്ഞങ്ങാട് ആഹ്ലാദിച്ചു.
ഞങ്ങൾ വാടക വീട്ടിൽ താമസിച്ച മൂലക്കണ്ടത്തിന് തൊട്ടപ്പുറത്തെ പ്രദേശമാണ് വിഷ്ണുമംഗലം. ഞായറാഴ്ചകളിലെ വൈകുന്നേരം ഞങ്ങൾ അങ്ങോട്ടു നടക്കും. നാഷണൽ ഹൈവേയിലെ കൊച്ചുകുന്നിലുള്ള കവി ദിവാകരൻ വിഷ്ണുമംഗലത്തിന്റെ വീട്ടിലേക്കാണ് യാത്ര. ദിവാകരേട്ടൻ നന്നായി കവിത ചൊല്ലും. മലയാളത്തിലെ മഹാകവികളുടെ കവിതകളിൽ മിക്കവയും മന:പാഠമാണ്. ഏതെങ്കിലും ഒരു പഴയ കവിത അവിടെ നിന്ന് ചൊല്ലും. ഇഴകീറി ചർച്ച ചെയ്യും. ബിജു കാഞ്ഞങ്ങാടിന് ഏതു കവിതയെക്കുറിച്ച് പറയാനും പുതിയ ദർശനവും പുതിയ ഭാഷയുമുണ്ടാകും കൊണ്ടും കൊടുത്തുമുള്ള ഈ കാവ്യ ചർച്ച ദിവാകരൻ വിഷ്ണുമംഗലം കോഴിക്കോട്ടേക്ക് ട്രാൻസ്ഫറായപ്പോൾ നിന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചു വന്നപ്പോൾ അത് തുടർന്നു. ഞാനും ബിജുവേട്ടനും ദിവാകരേട്ടനും ഒരുമിച്ചുള്ള നടത്തങ്ങൾ ഏറെയുണ്ടായിരുന്നു.
ദിവാകരൻ വിഷ്ണുമംഗലം തമാശ പറയുന്നതിലും ആളുകളെ അനുകരിച്ച് കാണിക്കുന്നതിലും മിടുക്കനാണ്. സന്ദർഭത്തിനൊത്ത് നർമ്മം വിതറാനുള്ള ഈ കഴിവ് ബിജു കാഞ്ഞങ്ങാടും ഞാനും ചേർന്നുള്ള നടത്തങ്ങളിൽ കൂടുതൽ പ്രകടിപ്പിക്കും.സുകുമാർ അഴീക്കോട്, ടി.പത്മനാഭൻ തുടങ്ങിയവരാക്കെ അനുകരിക്കാൻ ബിജുവേട്ടൻ ദിവാകരേട്ടനെ പ്രോത്സാഹിപ്പിക്കും. ഒരിക്കൽ നീലേശ്വരം പുഴ മലിനീകരണത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട ഒരു കവിയരങ്ങിൽ ജില്ലയിലെ മറ്റു കവികളോടൊപ്പം ഞങ്ങൾ മൂവരും പങ്കെടുത്തിരുന്നു. ആ കവിയരങ്ങിൽ ഒരു കവി കാവ്യരസമില്ലാതെ വെറും പദപരിചയങ്ങൾ തീർത്ത് ഈണത്തിൽ അലറിയപ്പോൾ കവി കേൾക്കാതെ ദിവാകരൻ വിഷ്ണുമംഗലം തത്സമയംപറഞ്ഞു. "നീലേശ്വരം പുഴ ഇത്രയും മലിനീകരിക്കപ്പെട്ടിട്ടില്ല'. സദസ്സിൽ ചിരി പടർന്നു. ദിവാകരേട്ടൻ നാട്ടുഭാഷയിലെ നർമ്മങ്ങൾ എഡിറ്റിംഗില്ലാതെ പറയും. മുൻപിൻ നോക്കാതെ തന്നെത്തന്നെ കളിയാക്കിയും വർത്തമാനം പറയും. ബിജു കാഞ്ഞങ്ങാട് ചെത്തിവടിച്ച ഭാഷയിൽ പ്രസന്നതയോടെ സംസാരിക്കും. പലപ്പോഴും സ്വപ്നത്തിലായിരിക്കും. ഒരു ആരാധകനായ് ഇവരുടെ കൂടെ നടക്കാനായിരുന്നു എനിക്കിഷ്ടം. കർണാടക അതിർത്തിയോടു ചേർന്നുള്ള കുമ്പഡാജെ പഞ്ചായത്തിലെ ജി.ജെ.ബി എസ് കുമ്പഡാജെയിൽ അധ്യാപകനായിരിക്കെ വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഞാൻ ദിവാകരൻ വിഷ്ണുമംഗലത്തെ ക്ഷണിച്ചു. കവിതയുടെ സെഷനിൽ ഒരു കവി മതിയെന്നിരിക്കെ ബിജുവേട്ടനെയും ആ അതിർത്തി ഗ്രാമത്തിലെ എന്റെ സ്‌കൂൾ കാണിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഒരു ദിവസം നിന്റെ സ്‌കൂളിലോട്ട് വരുന്നുണ്ട് എന്നു ബിജുവേട്ടൻ പറഞ്ഞിരുന്നു. അങ്ങനെ ഞാൻ ചിത്രകലയുടെ സെഷൻ കൈകാര്യം ചെയ്യാൻ ബിജു കാഞ്ഞങ്ങാടിനെ വിളിക്കുന്നു. കവിതയെ വിട്ട് ചിത്രകല നൽകിയതിൽ പരിഭവമുണ്ടോ എന്നു ചോദിക്കുകയും ചെയ്തു. ദിവാകരേട്ടനെ കേൾക്കാനും നിന്നെ കാണാനും പറ്റിയാൽ എന്ത് പരിഭവം. ഞാൻ വരുമെടാ എന്നു പറഞ്ഞു. ദിവാകരേട്ടന്റെ കൂടെ സ്‌കൂളിലേക്കു വന്നു. കൊച്ചു കുട്ടികൾക്ക് വരയുടെ ലോകം തുറന്നിട്ടു. ബിജു കാഞ്ഞങ്ങാട് ഒരു കവിതയെഴുതിയാൽ പലവട്ടം തിരുത്തും. ചിത്രം വരയിൽ ഒരു സംശയമോ തിരുത്തലോ ഇല്ല. അനായസമായ വര. വരക്കുന്നതിനിടയിൽ കൊച്ചു വർത്തമാനങ്ങൾ പറയാനോ ഫോൺ വിളി വന്നാൽ എടുക്കുന്നതിനോ മടിയില്ല. വരഞ്ഞ ചിത്രം മറ്റൊരു കവിതയായിരിക്കും. അതുകൊണ്ടു തന്നെ ചിലരെങ്കിലും ബിജു കാഞ്ഞങ്ങാടിലെ ചിത്രകാരൻ കവിയെക്കാളും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു. ബിജു കാഞ്ഞങ്ങാടിന് കവിത ലഹരിയായിരുന്നു. ഇഷ്ടകവി കുഞ്ഞിരാമൻ നായരായിരുന്നു. മഹാകവി പിയുടെ നിരവധി ചിത്രങ്ങൾ ബിജു കാഞ്ഞങ്ങാട് ഇഷ്ടത്തോടെ വരക്കുകയും ചെയ്തു.
2010 ൽ ഗ്രീൻ ബുക്‌സ് നോവൽ അവാർഡ് മത്സരത്തിൽ വിജയിച്ചപ്പോൾ അവാർഡ് വാങ്ങുവാൻ പോയ എന്റെ കൂടെ ബിജുവേട്ടനും തൃശ്ശൂരിലേക്കു വന്നു. കേരള സാഹിത്യ അക്കാദമിയിൽ നടന്ന അവാർഡു സമർപ്പണ ചടങ്ങിനുമുമ്പ് ഞങ്ങൾ അക്കാദമി അങ്കണത്തിൽ ചുറ്റിനടന്നു. അക്കാദമിക്കകത്തുനിന്നും പുറത്തുവന്ന കഥാകൃത്ത് സുഭാഷ് ചന്ദ്രന് എന്നെ പരിചയപ്പെടുത്തി ആയിടെ പുറത്തിറങ്ങിയ എന്റെ കവിതാസമാഹാരമായ മൂന്ന് കല്ലുകൾക്കിടയിൽ അദ്ദേഹത്തിനു നൽകിയത് ബിജു കാഞ്ഞങ്ങാടായിരുന്നു. കവി പി.എൻ. ഗോപീകൃഷ്ണനെ അക്കാദമി വളപ്പിൽ നിന്നും കണ്ടു. അൽപ്പനേരം സംസാരിച്ചു. അക്കാദമിയിൽ വെച്ച് കഥാകൃത്ത് ടി.എൻ. പ്രകാശ് ഞങ്ങളോട് സ്‌നേഹാന്വേഷണം നടത്തി. പരിപാടി നടക്കുന്നതിന്റെ അരമണിക്കൂർ മുമ്പേ അക്കാദമി വളപ്പിൽ എത്തിച്ചേർന്ന സുകുമാർ അഴീക്കോടിന്
ഡോ.പി.വി. കൃഷ്ണൻ നായർ ഞങ്ങളെ പരിചയപ്പെടുത്തി. അര മണിക്കൂർ നേരം അഴീക്കോട് മാഷോടൊത്ത് സ്വകാര്യ നിമിഷങ്ങളിൽ ചെലവഴിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. സുകുമാർ അഴിക്കോട് എനിക്ക് ഗ്രീൻ ബുക്‌സ് നോവൽ അവാർഡ് സമ്മാനിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
മലയാള കവിതയിൽ ചിത്രത്തിന്റെ വർണ്ണഭംഗിയോടെ വാക്കുകൾ സംസാരിക്കുന്നത് നിന്നിലൂടെ വായനക്കാരറിഞ്ഞു. മരണത്തെക്കുറിച്ച് പലവട്ടം നീ കവിതയിലെഴുതി.
ഒരിക്കൽ പ്രശസ്ത നിരൂപകൻ മേലത്ത് ചന്ദ്രശേഖരനെ കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ വെച്ച് ഒരു പരിപാടിയിൽ കണ്ടു. പരിചയപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. അതിനു മുമ്പേ ബിജുവേട്ടൻ പറഞ്ഞു. മേലത്ത് മാഷ് നിന്നെ ഇഷ്ടപ്പെട്ടാൽ മാനസപുത്രനാക്കും. ദിവാകരൻ വിഷ്ണുമംഗലം ആയിരുന്നു ആദ്യത്തെ മാനസപുത്രൻ. ബിജു കാഞ്ഞങ്ങാടിനെ പരിചയമായ നാളിൽ ഒരു മാനസപുത്രൻ കൂടിയുണ്ടായി. മേലത്ത് മാഷെ അന്ന് അവിടെ വച്ച് പരിചയപ്പെട്ടു. പിന്നീടൊരിക്കൽ ഒരു വേദിയിൽ വെച്ച് മേലത്ത് മാഷ് പറഞ്ഞു. ഇതാ എന്റെ മാനസപുത്രൻ ദിവാകരൻ ഇവിടെ ഇരിക്കുന്നു. തൊട്ടപ്പുറത്ത് അതാ ബിജു എന്റെ വേറൊരു മാനസപുത്രൻ. വലതു വശത്ത് ഇരിക്കുന്ന പ്രകാശനാണ് എന്റെ മറ്റൊരു മാനസപുത്രൻ. പിന്നീട് മേലത്ത് ചന്ദ്രശേഖരനെ ആദരിക്കുവാൻ മാധവൻ പുറച്ചേരിയുടെ നേതൃത്വത്തിൽ എ.സി ശ്രീഹരിയും ദിവാകരൻ വിഷ്ണുമംഗലവും ബിജു കാഞ്ഞങ്ങാടും ഞാനുമടക്കമുള്ള ഏതാനും കവികൾ മാഷിന്റെ എടാട്ടുള്ള വീട്ടിൽ പോയിരുന്നു. മഹാകവി പി കുഞ്ഞിരാമൻ നായരെക്കുറിച്ച് പറയുമ്പോൾ പ്രസംഗം താളാത്മകവും ഊർജസ്വലവുമാകുന്ന രണ്ട് വടക്കരെക്കുറിച്ച് അന്ന് ബിജുവേട്ടൻ യാത്രയിൽ ഓർമ്മിപ്പിച്ചു. ഒന്ന് മേലത്ത് മാഷ്, മറ്റൊരാൾ ഡോ.പി.വി. കൃഷ്ണൻ നായർ..
മൂലക്കണ്ടത്തെ വാടക വീട് നാഷണൽ ഹൈവേക്കു വേണ്ടി ഒഴിയേണ്ടിവരുമെന്ന ഘട്ടത്തിലാണ് ബിജു കാഞ്ഞങ്ങാട് സ്വന്തമായി ഒരു വീട്ടിനെക്കുറിച്ച് ചിന്തിക്കുന്നത്. മാവുങ്കാൽ പുതിയകണ്ടം ബസ് സ്റ്റോപ്പിനടുത്തുള്ള പള്ളോട്ടുവയലിൽ കുറച്ച് സ്ഥലം വാങ്ങി. കൊറോണക്കാലമായിരുന്നു അത്. പെട്ടെന്ന് വീടൊഴിയണമെന്നുള്ള നിർദ്ദേശമുണ്ടായി. വീട്ടുടമസ്ഥ ശാന്തമ്മ വെള്ളിക്കോത്തുള്ള തറവാട്ടു വീട്ടിലേക്കു മാറി. അധ്യാപകനായി ജോലി ചെയ്യുന്ന പെരിയ സ്‌കൂളിനടുത്തുള്ള ഒരു വാടക വീട്ടിലേക്ക് ഞാനും കുടുംബവും മാറി. സാധനങ്ങൾ പെരിയയിലേക്ക് കൊണ്ടുപോകുന്നതിന് ബിജുവേട്ടന്റെ കിഴക്കും കരയിലെ സുഹൃത്തുക്കളാണ് വന്നത്. ബിജുവേട്ടന്റെ ഏട്ടൻ രാജുവേട്ടൻ അവരുടെ കൂടെ പ്രധാനിയായി പ്രവർത്തിച്ചു. ഞാൻ പെരിയയിൽ താമസം തുടങ്ങിയ കാലത്ത് ബിജുവേട്ടൻ പള്ളോട്ട് വയലിൽ പുതിയ വീട് പണി കഴിപ്പിച്ചു. അതുവരെ മാവുങ്കാലിലെ ക്വാർട്ടേഴ്‌സിൽ ബിജുവേട്ടനും കുടുംബവും താമസിച്ചു. പുതുതായി കെട്ടിയ ആ വീടിന്റെ മുകൾ നില നല്ലൊരു ലൈബ്രറിയായി രൂപപ്പെടുത്തിയിരുന്നു. അവിടെ ഇരുന്ന് ഒരു ദിവസം എന്റെ മകൻ അമ്പാടിക്ക് ബിജുവേട്ടൻ ചിത്രംവരയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. അമ്പാടിയെ വളരെയധികം ഇഷ്ടമായിരുന്നു ബിജുവേട്ടന്.
കവിതയുടെ വസന്തങ്ങളിലേക്ക് പിന്നെയും നീ പറന്നിറങ്ങി. ഇപ്പോൾ നീ ഞങ്ങൾക്കു നനഞ്ഞ കണ്ണുകൾ നൽകി പൊടുന്നനെ വിട പറഞ്ഞു. നിത്യയുവത്വം നിറഞ്ഞ നിന്റെ മുഖവും പുഞ്ചിരിയും ഓർമ്മയിൽ നിറയുന്നു.
എന്റെ ഭാര്യ ഷാനിക്ക് തൃശ്ശൂരിൽ സംഗീത നാടക അക്കാദമിയിൽ എഡിറ്റോറിയൽ അസിസ്റ്റന്റായി ജോലി കിട്ടിയപ്പോൾ ഞാൻ തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും കാണുന്ന സുഹൃത്തുക്കൾ പിന്നീട് മാസങ്ങൾ കഴിഞ്ഞ് കാണുന്ന നിലയിലെത്തി. അവസനമായി കണ്ടത് ഫെബ്രുവരിയിൽ നടന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിനായി ഞാൻ കാഞ്ഞങ്ങാട്ടേക്ക് വന്നപ്പോഴാണ്. കാഞ്ഞങ്ങാട് കാവ്യോത്സവം കഴിഞ്ഞ് ഞങ്ങൾ പടന്നക്കാട് നിന്നും ഒന്നിച്ച് കാഞ്ഞങ്ങാട്ടേക്കു പോയി. മാതൃഭൂമി ബുക്‌സ് സ്റ്റാളിൽ നിന്നും പുസ്തകങ്ങൾ വാങ്ങി. അവിടെ എത്തിച്ചേർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരേട്ടനോട് സംസാരിച്ച് ഞങ്ങൾ തൊട്ടടുത്ത ഗണേഷ് ഹോട്ടലിൽ ഒരുമിച്ചിരുന്നു ചായ കുടിച്ചു. ബിജുവേട്ടൻ എന്റെ കൂടെയുണ്ടായിരുന്ന അമ്പാടിയെ സ്‌നേഹ വാക്കുകളാൽ ലാളിച്ചു. കവിതയെക്കുറിച്ച് സംസാരിച്ചു. നീ തൃശ്ശൂരിലേക്ക് പോയതിൽ പിന്നെ ഇവിടെ ഒരു രസവുമില്ലെടാ എന്ന് ചിരിയോടെ പറഞ്ഞു. പോകും നേരം അമ്പാടിക്ക് കൈ കൊടുത്തു. അടുത്ത തവണ വരുമ്പോൾ കാണാമെന്നു പറഞ്ഞു പിരിഞ്ഞു.
ഇനി കാണില്ലല്ലോ ബിജുവേട്ടാ, കവിതയ്ക്കായ് മാത്രം നടന്ന എന്റെ കൂട്ടുകാരാ, നീയില്ലാത്ത ഈ കാഞ്ഞങ്ങാടിന് ഇപ്പോൾ ഒരു രസവുമില്ല.
സുകുമാര ശബ്ദത്തിലുള്ള നിന്റെ കാവ്യ സംസാരങ്ങൾ എനിക്കിപ്പോൾ കേൾക്കാനാവുന്നുണ്ട്. കൊടുമുടിമേൽ ഒരു പക്ഷി എന്ന കവിതയിൽ നീ എഴുതി:
ഞാനില്ലാത്തതു കൊണ്ടു തന്നെ ഈ പർവ്വതവും അതിനു മുകളിലെ പാറക്കല്ലും ഇപ്പോഴില്ല. ഒരൊറ്റ ഇരിപ്പിൽ (ഇരിക്കാൻ ആഞ്ഞതേയുള്ളു ) മാഞ്ഞു പോയതാണ്. ഈ ശൂന്യതയിൽ പാറയില്ലാതെ (അതെങ്കിലും വേണ്ടേ?) എനിക്കിരിക്കാനാവില്ലല്ലോ? ഞാനിരിക്കാതെ നിങ്ങളെങ്ങനെ കാണും? ഇരിക്കും മുമ്പ് ഈ പടികൾ കയറാനുള്ളതായിരുന്നു. ഇപ്പോൾ ഇറങ്ങാനുള്ളതാണ്.
മലയാള കവിതയിൽ ചിത്രത്തിന്റെ വർണ്ണഭംഗിയോടെ വാക്കുകൾ സംസാരിക്കുന്നത് നിന്നിലൂടെ വായനക്കാരറിഞ്ഞു. മരണത്തെക്കുറിച്ച് പലവട്ടം നീ കവിതയിലെഴുതി. മരണം ഒരാക്‌സിഡന്റിന്റെ രൂപത്തിൽ ഒരിക്കൽ നിന്നെ തൊട്ടു നോക്കാൻ ശ്രമിച്ചു. പക്ഷേ നീ കീഴടങ്ങിയില്ല. കവിതയുടെ വസന്തങ്ങളിലേക്ക് പിന്നെയും നീ പറന്നിറങ്ങി. ഇപ്പോൾ നീ ഞങ്ങൾക്കു നനഞ്ഞ കണ്ണുകൾ നൽകി പൊടുന്നനെ വിട പറഞ്ഞു. നിത്യയുവത്വം നിറഞ്ഞ നിന്റെ മുഖവും പുഞ്ചിരിയും ഓർമ്മയിൽ നിറയുന്നു. കേൾക്കാനാവുന്നുണ്ട് മൗനത്തിന്റെ ഭാഷയിൽ നീ മിണ്ടുന്നത്... ▮