ഉസ്താദ് സാക്കിർ ഹുസൈൻ എനിക്ക് ജ്യേഷ്ഠനെ പോലെയായിരുന്നു. വാദ്യകലയുടെ ശ്രേഷ്ഠനായ ചക്രവർത്തി. തബലവാദ്യത്തിൽ, ഏറ്റവും ഉന്നത നിലയിലേക്കുയർന്നുവന്ന് ലോകത്തിന്റെ ആദരമേറ്റുവാങ്ങിയ ആ സഹോദരന്റെ വിയോഗം എന്നെ സംബന്ധിച്ച് തീരാദുഃഖമാണ്. കാരണം, എന്റെ ദുഃഖത്തിലും സന്തോഷത്തിലുമെല്ലാം ഒപ്പമുണ്ടായിരുന്ന മനുഷ്യനാണ് അദ്ദേഹം.
1999 മുതലാണ് സാക്കിർ ഹുസൈനുമായുള്ള അടുപ്പം തുടങ്ങുന്നത്. ആ വർഷത്തെ കേളി ഫെസ്റ്റിവലിൽ എനിക്ക് പ്രോമിസിങ് ആർട്ടിസ്റ്റ് അവാർഡ് നൽകിയത് അദ്ദേഹമാണ്. അന്ന് കേരളത്തിലെ അഞ്ച് കലാകാരന്മാർക്ക് അദ്ദേഹത്തിന്റെ അച്ഛൻ അള്ളാ രാഖ അടക്കമുള്ളവരാണ് അവാർഡ് സമ്മാനിച്ചത്. സാക്കിർ ഹുസൈനുമായുള്ള ആദ്യ കണ്ടുമുട്ടലും ഓർമയും അതാണ്. ആ കൊല്ലമാണ് ഞാൻ തൃശൂർ പൂരത്തിന്റെ പ്രമാണിയാകുന്നത്. അവിടുന്നങ്ങോട്ട് 24 കൊല്ലം അത് തുടരാനും സാധിച്ചു. അത്തരമൊരു കാര്യം സാധ്യമായതിന്റെ പിന്നിൽ സാക്കീറിന്റെയും കയ്യൊപ്പുണ്ടെന്ന് ഞാൻ കരുതുന്നു.
2023 ഡിസംബർ 13-നാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. മുംബൈയിൽ നടന്ന കേളി ഫെസ്റ്റിവലിൽ, എന്റെ 70ാം പിറന്നാൾ അദ്ദേഹത്തോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞു. സാക്കിർ ഹുസൈന് കേളി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങായിരുന്നു അത്. കേളിയുടെ ആദരവ് അദ്ദേഹത്തിന് നൽകിയത് ഞാനും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നാണ്. ആ ദിവസം എന്റെ പിറന്നാളാണെന്ന് മനസിലാക്കിയ സാക്കിർ ഹുസൈൻ പുറകിൽനിന്നുവന്ന് എന്നെ കെട്ടിപ്പിടിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്ത രംഗം ഇപ്പോഴും മനസിലുണ്ട്. അന്ന് ഞങ്ങളെല്ലാം ചേർന്ന് വിഭവസമൃദ്ധമായൊരു കേരളസദ്യ കഴിക്കുകയും കേക്ക് മുറിക്കുകയുമൊക്കെ ചെയ്തു. അത്തരത്തിൽ സന്തോഷിക്കാനുള്ള വക നൽകിയാണ് അദ്ദേഹം മടങ്ങിയത്. എന്റെ 70-ാം പിറന്നാളിന്റെ ഏറ്റവും വലിയ സമ്മാനമായി സാക്കിറിന്റെ ആലിംഗനത്തെ ഞാൻ കാണുന്നു. മഹാനായ മനുഷ്യന്റെ മനസിന്റെ വലിപ്പമാണ് അവിടെ പ്രകടമായത്.
തബലയും സാക്കിർ ഹുസൈനും പരസ്പര പൂരകങ്ങളാണ്. അതായത്, തബല എന്നാൽ സാക്കിർ എന്നും സാക്കിർ എന്നാൽ തബലയെന്നും പറയാം. അദ്ദേഹത്തിന് തബലയെന്നു മാത്രമല്ല മനുഷ്യനെന്നു കൂടി അർഥമുണ്ട്. ഏറ്റവും വിനയാന്വിതനായ മനുഷ്യൻ. മറ്റുള്ളവരെയും മറ്റു കലകളെയും ബഹുമാനിക്കുന്ന കലയിലെ ചക്രവർത്തി. ആ നിലയ്ക്കുകൂടി സാക്കീർ ഹുസൈൻ എന്നെന്നും നമ്മുടെ ഓർമകളിലുണ്ടാവും.
യഥാർഥത്തിൽ വാദ്യങ്ങള്‍ തമ്മില്‍ ബന്ധം കുറവാണ്. പ്രയോഗരീതിയിലും വ്യത്യാസമുണ്ട്. എങ്കിലും താളം എന്നു പറയുന്നത് ഒന്നാണ്. ഏകതാളത്തില്‍ തുടങ്ങി താളവിന്യാസങ്ങളെ പല താളങ്ങളില്‍ വിന്യസിച്ച്, അവയെയെല്ലാം നമ്മുടെ ഹൃദയതാളവുമായി ബന്ധിപ്പിക്കാൻ കലാകാരര്‍ ശ്രമിക്കുമ്പോഴാണ് താളവ്യത്യാസങ്ങളും താളവിന്യാസങ്ങളുമുണ്ടാകുന്നത്.
ചെണ്ടയില്‍ കൊട്ടുന്ന എണ്ണങ്ങള്‍ തബലയില്‍ കൊട്ടാന്‍ അദ്ദേഹത്തിന് കഴിയുന്നു. അത് എല്ലാവര്‍ക്കും സാധിക്കുന്നതല്ല. മാന്ത്രികശക്തിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അത് കഴിയുന്നത്.
തബലക്ക് താളപദ്ധതികള്‍ വളരെ കൂടുതലാണ്. ചെണ്ടയ്ക്ക് വേറൊരു രീതിയിലുള്ള താളപദ്ധതിയാണുള്ളത്. എങ്കിലും ഈ താളങ്ങളെല്ലാം ഒന്നാണ്. ഭൂമി പോലും സഞ്ചരിക്കുന്നത് താളത്തിലാണെന്നു പറയാം. മുന്നൂറ്റിയറുപത്തഞ്ചേകാൽ ദിവസം കൊണ്ട് ഒരു തവണ ഭൂമി അതിന്റെ സഞ്ചാരം പൂർത്തിയാക്കുന്നത് താളത്തിലാണ്. ഈയൊരു കൃത്യതയാണ് താളത്തിന്റെ അടിസ്ഥാനം.
ഇത്തരമൊരു താളത്തെ കേന്ദ്രമാക്കി മട്ടന്നൂര്‍ ചെണ്ടയില്‍ കോലും കൈകളുമുപയോഗിച്ച് ചെയ്യുന്ന പ്രയോഗങ്ങളെ മനസ്സുകൊണ്ട് ഏറ്റുവാങ്ങി തബലയില്‍ വിരലുകള്‍ കൊണ്ട് കൊട്ടിക്കേറ്റിക്കാന്‍ സാക്കിർ ഹുസൈന് സാധിച്ചു. ഇതിന് ഞാന്‍ രണ്ടു തവണ സാക്ഷിയാണ്. പെരുവനത്തുനടന്ന വാദ്യവിന്യാസത്തിലും മുംബൈയില്‍ നടന്ന കേളിയുടെ പരിപാടിയിലും. ചെണ്ടയില്‍ കൊട്ടുന്ന എണ്ണങ്ങള്‍ തബലയില്‍ കൊട്ടാന്‍ അദ്ദേഹത്തിന് കഴിയുന്നു. അത് എല്ലാവര്‍ക്കും സാധിക്കുന്നതല്ല. മാന്ത്രിക ശക്തിയുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് അത് കഴിയുന്നത്.
മേളം, പഞ്ചവാദ്യം, തായമ്പക തുടങ്ങി മലയാളികളുടെ താളപദ്ധതി അഡോപ്റ്റ് ചെയ്ത്, അവയെ തബലയിലൂടെ അവതരിപ്പിക്കാന്‍ സാക്കിർ ഹുസൈൻ ശ്രദ്ധിച്ചിരുന്നു. ഏത് നാട്ടിലെ വാദ്യമായാലും അദ്ദേഹം ഇത്തരമൊരു അഡാപ്റ്റേഷന് ശ്രദ്ധിച്ചിരുന്നു. അവയെ തന്റെ വാദ്യവുമായി സമന്വയിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ചേര്‍പ്പില്‍ നടന്ന പരിപാടിയില്‍ ഇലഞ്ഞിത്തറ മേളത്തിന്റെ ചെറിയ പതിപ്പ്, ആറാട്ടുപുഴ പൂരത്തിന് ശാസ്താവിന്റെ പാണ്ടിമേളത്തിന്റെ ചെറിയ പതിപ്പ് ഞങ്ങള്‍ സ്വാഗതം ചെയ്തത്. ആ പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റുനിന്ന് മേളത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അവര്‍ണനീയമാണ്. ഞങ്ങള്‍ക്കൊക്കെ ഒരു സ്വപ്നസാക്ഷാൽക്കാരം പോലെയായിരുന്നു അത്. കേളിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആ ചടങ്ങിൽവച്ച് അദ്ദേഹത്തിന് വീരശൃംഖല നല്‍കാന്‍ കഴിഞ്ഞതും മറ്റൊരു സ്വപ്‌നസാക്ഷാല്‍ക്കാരമായിരുന്നു.