വത്സല ടീച്ചർക്ക് നന്ദി, ഒരു പെൺകുട്ടിയു​ടെ
മനസ്സിൽ വാക്കുകൾ നിറച്ചുതന്നതിന്…

‘‘പഠിപ്പിക്കുമ്പോൾ ടീച്ചർ മറ്റൊരാളായിരുന്നു. അന്നേരം ടീച്ചറുടെയുള്ളിലെ എഴുത്തുകാരി എവിടെയോ ചെന്നൊളിക്കും. ഇംഗ്ലീഷും സാമൂഹ്യപാഠവും പഠിപ്പിക്കുമ്പോൾ ടീച്ചറുടെയുള്ളിലെ കഥാപാത്രങ്ങൾ എങ്ങോട്ടായിരിക്കും പോയിരിക്കുക?’’ പി. വത്സല എന്ന അധ്യാപികയെ ഓർക്കുന്നു, അവരുടെ വിദ്യാർഥിയായിരുന്ന രശ്മി കിട്ടപ്പ.

ന്നലെ രാവിലെ ഫേസ്ബുക്ക് തുറന്നപ്പോൾ എല്ലാ പോസ്റ്റുകളിലും പി. വൽസലയെന്ന വൽസല ടീച്ചർ. പല ഭാവങ്ങളിലുള്ള ടീച്ചറുടെ ചിത്രങ്ങൾ. ടീച്ചർ കടന്നുപോയിരിക്കുന്നു എന്ന തിരിച്ചറിവിൽ അല്പനേരം ആ പടങ്ങളിലേക്ക് നോക്കിയിരുന്നു. ചിലതിൽ ടീച്ചർ ചിരിക്കുന്നു, ചിലതിൽ മുഖത്ത് വല്ലാത്ത ഗൗരവം, ചിലതിൽ ഒരു ഭാവങ്ങളുമില്ലാതെ. അന്നും അങ്ങനെ തന്നെയായിരുന്നു, ചിലനേരത്ത് മുഖത്ത് വല്ലാത്ത ഗൗരവം, ചിലപ്പോൾ ഒരു ചിരി മുഖത്ത് മിന്നിമാഞ്ഞോയെന്ന സംശയം നമ്മുടെ ഉള്ളിൽ ബാക്കി കിടക്കും. സമയം ഓടിപ്പാഞ്ഞ് പിറകിലെത്തുകയാണ്.

ഏതോ കാലത്തിനപ്പുറത്തുനിന്നും വൽസല ടീച്ചർ നടന്നുവരുന്നുണ്ട്, സാരിക്ക് ചേരുന്ന കമ്മലിട്ട്, തലയല്പം ഉയർത്തി ടീച്ചർ ക്ലാസിലേക്ക് കയറുന്നുണ്ട്. എണ്ണിയാൽത്തീരാത്ത മഴക്കാലങ്ങൾക്കും വേനലുകൾക്കും അപ്പുറത്തായിരുന്നു അത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ആ ഹൈസ്കൂൂളിൽ ചേർന്നപ്പോൾ എത്തിപ്പെട്ടത് പി. വൽസലയെന്ന എഴുത്തുകാരിയുടെ ക്ലാസിലായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ടീച്ചർ ചോദിച്ചു, സുകുമാരന്റെ മോളാണല്ലേ? അച്ഛനെപ്പോലെ കുട്ടിയും എഴുതുമോ? അന്ന് ടീച്ചറെ നോക്കി ചിരിച്ചതോർമ്മയുണ്ട്. 13 വയസ്സായിരുന്നു പ്രായം. അതിനകം അച്ഛന്റെ പെട്ടിയിലിരിക്കുന്ന നെല്ല് വായിച്ചിരുന്നു. കക്കോടിപ്പാലവും കടന്ന് ജയശ്രീ ടാക്കീസിൽപ്പോയി നെല്ല് കണ്ടിരുന്നു. ടീച്ചറന്ന് ഒരുപാട് ഉയരത്തിലായിരുന്നു. എങ്കിലും സാധാരണ മനുഷ്യരുടെ കൂടെ ജീവിക്കുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു ടീച്ചർ.

ടീച്ചറന്ന് ഒരുപാട് ഉയരത്തിലായിരുന്നു. എങ്കിലും സാധാരണ മനുഷ്യരുടെ കൂടെ ജീവിക്കുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു ടീച്ചർ.
ടീച്ചറന്ന് ഒരുപാട് ഉയരത്തിലായിരുന്നു. എങ്കിലും സാധാരണ മനുഷ്യരുടെ കൂടെ ജീവിക്കുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു ടീച്ചർ.

പഠിപ്പിക്കുമ്പോൾ ടീച്ചർ മറ്റൊരാളായിരുന്നു. അന്നേരം ടീച്ചറുടെയുള്ളിലെ എഴുത്തുകാരി എവിടെയോ ചെന്നൊളിക്കും. ഇംഗ്ലീഷും സാമൂഹ്യപാഠവും പഠിപ്പിക്കുമ്പോൾ ടീച്ചറുടെയുള്ളിലെ കഥാപാത്രങ്ങൾ എങ്ങോട്ടായിരിക്കും പോയിരിക്കുക? പരസ്പരം കലഹിക്കുന്ന ചിന്തകളെയും മനുഷ്യരെയും ഉള്ളിൽപ്പേറി ഗൗരവത്തോടെ ക്ലാസെടുക്കുന്ന ടീച്ചർ. ഒരുപാട് കെട്ടിടങ്ങളുള്ള സ്കൂളിലെ നടുമുറ്റത്തിന് ചുറ്റുമുള്ള ക്ലാസുകളിലൊന്നിൽ സാമൂഹ്യപാഠം പറഞ്ഞുതരുമ്പോൾ, ഇടക്ക് ടീച്ചറുടെ കണ്ണുകൾ മുറ്റത്തെ പുല്ലിലേക്ക് പെയ്യുന്ന മഴയിലേക്ക് പാറുന്നു. അപ്പോൾ ക്ലാസിലൊരു പെൺകുട്ടി ജനലിനപ്പുറത്തെ വലിയ മരത്തിൽ മഴപെയ്യുന്നത് കാണുന്നു. ആ കുട്ടിക്ക് അന്ന് വായനയായിരുന്നു പ്രിയം. പുസ്തകങ്ങളായിരുന്നു കൂട്ട്. പുസ്തകങ്ങളിൽ നിന്നിറങ്ങിവന്ന കഥാപാത്രങ്ങൾ കുട്ടിയുടെ ഉള്ളിലുമിരുന്ന് കലഹിച്ചു. ടീച്ചറപ്പോൾ കുട്ടിയെ നോക്കി.

പി. വൽസല സ്ത്രീകളെയും മണ്ണിനെയും മനുഷ്യരെയും കുറിച്ച് പറഞ്ഞു. ഇരകളാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന മനുഷ്യരെയും പ്രകൃതിയെയും കുറിച്ച് അരനൂറ്റാണ്ടിനപ്പുറത്ത് നെല്ല് എന്ന ആദ്യ നോവലിലൂടെ വൽസലട്ടീച്ചറെഴുതിയപ്പോൾ അന്നത് വളരെയേറെ വായിക്കപ്പെടുകയും ചർച്ചകൾക്ക് വിഷയമാവുകയും ചെയ്തു. വയനാടിന്റെ ഹൃദയം തൊട്ടെഴുതിയ ആ ഒരൊറ്റ പുസ്തകത്തിലൂടെ ടീച്ചർ വായനക്കാരുടെ മനസ്സിലും സ്ഥാനം പിടിച്ചു. വയനാടിന്റെ കഥാകാരിയെന്ന ഓമനപ്പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു. ടീച്ചർ സൃഷ്ടിച്ച പെൺകഥാപാത്രങ്ങൾ കരുത്തുള്ളവരായിരുന്നു. ഒരു ലക്ഷ്യം മുന്നിൽക്കണ്ട് അതിനുവേണ്ടി പോരാടാൻ ധൈര്യമുള്ളവർ.
‘‘വീട്, വീട്, ഇത്രയും നാൾ ഈ വീട് എനിക്ക് കാവൽ നിന്നു. ഇനി ഞാൻ ഈ വീടിന് കാവൽ നിൽക്കണം അല്ലേ? പറ്റില്ല. ഞാനിന്നുതന്നെ ഇവിടം വിടുകയാണ്” മുപ്പത് വർഷം ബംഗ്ലാവ് കാവൽ നിന്നതുപോലെ തനിക്ക് നിൽക്കാൻ പറ്റില്ലെന്നുപറഞ്ഞ് താമസിച്ചയിടം വിട്ടുപോവുന്ന അരുന്ധതി വൽസലട്ടീച്ചറുടെ സ്ത്രീലോകത്തിലെ ഒരാളാണ്. ഏറെ നാളായി കാണാതിരുന്ന, ഇളം തണുപ്പുള്ള കാറ്റുവീശുന്ന ഒരു പ്രഭാതത്തിലേക്ക് ഇറങ്ങിത്തിരിച്ചവൾ. അങ്ങനെ എത്രയോ പെണ്ണുങ്ങളെ വൽസലട്ടീച്ചർ നമുക്ക് തന്നിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യം സ്ത്രീവിമോചനം എന്നീ കാഴ്ചപ്പാടുകളിലൂന്നി ഈ കഥാകാരി മലയാളത്തിന് നൽകിയിരിക്കുന്ന കഥകൾ വളരെയേറെയാണ്. കൃത്യമായ സാമൂഹ്യബോധവും രാഷ്ട്രീയ ബോധവുമുള്ള ഒരു മനസ്സിൽ നിന്ന് അന്ന് പുറത്തുവന്ന കൃതികൾ ആ കാലത്തിന്റെ തന്നെ പകർപ്പുകളായിരുന്നു.

സ്കൂൾ വിട്ടതിനുശേഷം രണ്ടുമൂന്നു തവണ ടീച്ചറെ കണ്ടു എന്നാണോർമ. ജില്ലാ കലോത്സവം നടക്കുമ്പോൾ വീടിന്റെ തൊട്ടടുത്ത വേങ്ങേരി സ്കൂളിൽ ടീച്ചർ വന്നതോർമ്മയുണ്ട്. അന്ന് കുറേനേരം സംസാരിച്ചു. കുറച്ച് എഴുത്തൊക്കെയുണ്ടെന്നറിഞ്ഞപ്പോൾ ടീച്ചറുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞുവന്നു. പെൺകുട്ടിയപ്പോൾ മഴയത്ത് സ്വപ്നം കാണാൻ പഠിപ്പിച്ച ടീച്ചറെയോർത്തു. ടീച്ചർ ഏത് കളറുള്ള സാരിയും കമ്മലുമിട്ടാണ് വരികയെന്ന് വെറുതെ വിചാരിച്ചിരുന്ന ആ ദിവസങ്ങളെയോർത്തു. അന്ന് ഒരു കാര്യം ശ്രദ്ധിച്ചു. ടീച്ചറുടെ മുഖത്തുനിന്നും പഴയ ആ ഗൗരവം മാഞ്ഞുപോയിരുന്നു. ജോലിയിൽ നിന്ന് വിരമിക്കാൻ അധികകാലം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ പൂർണമായും എഴുത്തിൽ മുഴുകാനുള്ള സമയം അടുത്തെത്തിയെന്ന അറിവായിരിക്കണം ടീച്ചറുടെ ഗൗരവത്തെ മായ്ച്ചുകളഞ്ഞത്. ടീച്ചർ പിന്നെയും എഴുതിക്കൊണ്ടിരുന്നു.

നാടുവിട്ട് കൂടുമാറിയപ്പോൾ വായനയിൽ നിന്നും അല്പകാലത്തേക്കെങ്കിലും മാറിനിൽക്കേണ്ടി വന്നു. പുതിയ നാട്, അറിയാത്ത ഭാഷ, അതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യർ. പെട്ടെന്നുതന്നെ ഹിന്ദി സംസാരിക്കാൻ പഠിച്ചു. നിങ്ങൾ നന്നായി ഹിന്ദി പറയുന്നുണ്ടല്ലോ എന്ന് എല്ലാവരും പറയുമ്പോൾ എപ്പോഴും ഒരാളെ ഓർക്കും. വൽസലട്ടീച്ചറുടെ ജീവിതപങ്കാളി അപ്പുക്കുട്ടി സാറിനെ. സാറായിരുന്നു ഞങ്ങളെ ഹിന്ദി പഠിപ്പിച്ചിരുന്നത്. ക്ലാസിൽ ഹിന്ദി ടെക്സ്റ്റ് വായിക്കേണ്ട ചുമതല പലപ്പോഴും സ്വപ്നം കാണുന്ന ആ പെൺകുട്ടിക്കായിരുന്നു. മാഷ് പേരൊന്നും വിളിക്കില്ല. ക്ലാസിൽ വന്ന് കൈചൂണ്ടുമ്പോൾ എഴുന്നേറ്റ് നിന്ന് വായിക്കണം. ആ വായന പിന്നീടുള്ള ജീവിതത്തിലെ കമ്മ്യൂണിക്കേഷൻ എളുപ്പമാക്കി. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ഹിന്ദി റേഡിയോ നാടകത്തിനുവേണ്ടി ആകാശവാണിയിൽ പോയതും അത് റേഡിയോയിൽ വന്നതും ഓർമയുണ്ട്. ടീച്ചറെ ഓർക്കുമ്പോൾ കൂടെയോർക്കാൻ അപ്പുക്കുട്ടി മാഷ് കൂടിയുണ്ട്.

വത്സല ടീച്ചറും അപ്പുക്കുട്ടി മാഷും
വത്സല ടീച്ചറും അപ്പുക്കുട്ടി മാഷും

ഇടയ്ക്ക് നാട്ടിൽ വരുമ്പോൾ കൂടെക്കൊണ്ടുപോകുന്ന പുസ്തകങ്ങളിൽ ടീച്ചറുടെ പുസ്തകങ്ങളും കാണും. അച്ഛന്റെ അലമാരയിൽ പുസ്തകങ്ങൾ തിരയുമ്പോൾ കണ്ണടയ്ക്കുള്ളിലൂടെ ഇവളെന്താണ് ഇത്തവണ അടിച്ചെടുത്ത് കൊണ്ടുപോകുന്നതെന്ന് അച്ഛൻ ഒളിഞ്ഞുനോക്കും. കൊണ്ടുപോകുന്ന പുസ്തകങ്ങൾ മകളായാലും അടുത്ത തവണ വരുമ്പോൾ തിരിച്ചുകൊണ്ടുവരണം എന്നതായിരുന്നു നിബന്ധന. കോളേജിൽ പഠിക്കുന്ന കാലത്ത് പ്രസിദ്ധീകരിച്ച കഥകൾ ഓരോ നാടുകൾ കറങ്ങുമ്പോഴും കൂടെക്കൊണ്ടു നടന്നു. എന്നെങ്കിലുമൊരുനാൾ ടീച്ചർ എഴുതിയതുപോലെ ഒരുപാടെഴുതുന്നത് സ്വപ്നം കണ്ടു. അതൊരിക്കലും ഉണ്ടായില്ല.

ഒരു വേനലവധിയിൽ നാട്ടിൽ വന്ന സമയത്ത് ടീച്ചറെ കണ്ടു. ഒരു പച്ചക്കറിക്കടയിൽ വെച്ച്. രൂപമാറ്റം വന്ന ആ പഴയ പെൺകുട്ടിയെ ടീച്ചർക്ക് മനസ്സിലായില്ല. അവിടെയും അച്ഛന്റെ പേരുപറഞ്ഞു. ടീച്ചറുടെ മുഖത്ത് ആ പഴയചിരി മിന്നിമാഞ്ഞു. പച്ചക്കറികൾ തിരയുന്നതിനിടയിൽ ടീച്ചർ ആത്മഗതം പോലെ പറഞ്ഞു, “എത്രയോ കുട്ടികളെ പഠിപ്പിച്ചിരിക്കുന്നു.” ടീച്ചറുടെ മനസ്സ് അപ്പോഴെനിക്ക് കാണാൻ കഴിഞ്ഞു. ടീച്ചർ ക്ഷീണിച്ചിരിക്കുന്നു, കാലം ടീച്ചറെയും തളർത്തിയിരിക്കുന്നു. ബസിറങ്ങി റോഡിലൂടെ സ്കൂളിലേക്ക് നടന്നുവരുന്ന ടീച്ചറെ ഞാനപ്പോൾ കണ്ടു. ഇല്ലാക്കഥകൾ ഏച്ചുകൂട്ടി ഞാനെഴുതിയ എസ്സേയിൽ ചുവന്ന വരയിട്ട് ഉത്തരക്കടലാസ് നീട്ടുമ്പോഴുള്ള ടീച്ചറുടെ നോട്ടമോർത്തു. അതിനുശേഷം ഒരിക്കലും ടീച്ചറെ കണ്ടിട്ടില്ല.

നന്ദിയുണ്ട് ടീച്ചർ ഒരു പെൺകുട്ടിയെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്, അവളുടെ മനസ്സിലേക്ക് വാക്കുകൾ നിറച്ചതിന്…
പ്രിയപ്പെട്ടവർ എവിടെയും പോകുന്നില്ലല്ലോ...


Summary: remembering valsala teacher by p rashmi kattappa


രശ്​മി കിട്ടപ്പ

കവി, കഥാകാരി, വിവർത്തക. കരുതൽ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഗള്ളിവറുടെ യാത്രകൾ, കാടിന്റെ വിളി, പൂർവ്വികരുടെ നാട്, മോബിഡിക്ക്, പൂർണ തുടങ്ങിയവ വിവർത്തനങ്ങൾ. ഉത്തർപ്രദേശിലെ ഇന്ദിരാപുരത്ത് താമസം.

Comments