വാക്കിന്റെ വഴികൾ തെരഞ്ഞ
വേണുഗോപാലപ്പണിക്കർ

ഒരു വൈജ്ഞാനിക- ജനാധിപത്യ- വിനിമയ സംസ്കാരത്തെയാണ് ഈയിടെ അന്തരിച്ച പ്രൊഫ. ടി.ബി. വേണുഗോപാലപ്പണിക്കർ അവശേഷിപ്പിച്ചുപോയതെന്ന് എഴുതുന്നു സി.ജെ. ജോർജ്.

ഭാഷാശാസ്ത്രജ്ഞനും ഭാഷാചിന്തകനും ബഹുഭാഷാപണ്ഡിതനുമായ പ്രൊഫ. ടി. ബി വേണുഗോപാലപ്പണിക്കർ കഴിഞ്ഞ ഏപ്രിൽ 2 ന് അന്തരിച്ചു. 80 വർഷത്തോളം നീണ്ട അദ്ദേഹത്തിന്റെ ജീവിതം കർമ്മനിരതമായ ഒന്നായിരുന്നു. ചരമമുണ്ടായ അന്നു രാവിലെ പോലും അദ്ദേഹം ഭാഷാസംബന്ധിയായ ഗവേഷണജീവിതം തുടർന്നുകൊണ്ടിരുന്നു. മലയാളഭാഷയും തമിഴും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ഇഴതിരിക്കുന്നതിലാണ് അദ്ദേഹം അവസാനദിവസം മുഴുകിയിരുന്നത്. തമിഴിനേക്കാൾ പഴക്കമുള്ള ചില ദ്രാവിഡ സവിശേഷതകൾ മലയാളം നിലനിർത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം അവസാനമായി എഴുതിയത്. അതിന്റെ അവസാനം ഖണ്ഡം:
“ഉത്തമ മധ്യമ പുരുഷന്മാർക്കു തരുക, പ്രഥമപുരുഷനു കൊടുക്കുക എന്ന തരം വ്യാവർത്തനം മലയാളത്തിൽ ഉണ്ട്. എനിക്കും നിനക്കും തരും. അവൾക്കു കൊടുക്കും. ഇതു പഴയ സ്ഥിതിയുടെ തുടർച്ചയാണ്. തമിഴിൽ ഈ വ്യത്യാസം ഇല്ല. എനക്കു കൊടുക്കലാം / അവനുക്കു തരലാം എന്നും ആകാം. ഇങ്ങനെ പര്യായപദങ്ങളുടെ വാക്യരചനാപരവും അർത്ഥപരവുമായ വ്യത്യാസത്തിൽ മലയാളം പഴമ തുടരുന്നു.”
(2025 ഏപ്രിൽ 2 രാവിലെ എഴുതിയത്).

മലയാള വ്യാകരണത്തിലും വിവിധ ഭാഷാശാസ്ത്ര ശാഖകളിലും മലയാള സാഹിത്യത്തിലും കേരള സംസ്കാരത്തിലും നിഘണ്ടുശാസ്ത്രത്തിലുമെല്ലാം വേണുഗോപാലപ്പണിക്കർക്ക് വിശേഷമായ താല്പര്യമുണ്ടായിരുന്നു.

1945 ഓഗസ്റ്റ് 2-ന് വടക്കൻ പറവൂരിലെ എഴിക്കരയിലുള്ള തറമേൽ വീട്ടിൽ ഉളനാട്ട് ബാലകൃഷ്ണപ്പണിക്കരുടെയും മീനാക്ഷി കുഞ്ഞമ്മയുടെയും ഇളയ മകനായി ടി.ബി. വേണുഗോപാലപ്പണിക്കർ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതേ കോളേജിൽനിന്ന് 1968-ൽ ഒന്നാം ക്ലാസ്സോടെ മലയാളത്തിൽ ബിരുദാനന്തരബിരുദവും നേടി. ഭാഷാപഠനത്തിലുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത താല്പര്യം അദ്ദേഹത്തെ അണ്ണാമലൈ സർവകലാശാലയിലേക്ക് നയിച്ചു. അവിടെനിന്ന് 1970-ൽ ഒന്നാം റാങ്കോടെയും ഒന്നാം ക്ലാസ്സോടെയും ലിംഗ്വിസ്റ്റിക്സിൽ എം. എ. കരസ്ഥമാക്കി. അദ്ദേഹം ആധുനിക ഘടനാത്മക ഭാഷാശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവു സമ്പാദിക്കുന്നത് അവിടെവെച്ചാണ്. അന്നവിടെ എസ്. വി. ഷണ്മുഖം ഉൾപ്പെടെയുള്ള പ്രഗത്ഭരായ ഭാഷാപണ്ഡിതന്മാർ പ്രവർത്തിച്ചിരുന്നു. അവരുടെ കീഴിൽ ഭാഷാശാസ്ത്രപരിശീലനം നടത്താൻ അദ്ദേഹത്തിന് അവസരമുണ്ടായി. പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പ്രൊഫ. സുകുമാർ അഴീക്കോടിന്റെ മേൽനോട്ടത്തിൽ "കേരളപാണിനീയ പിഠിക: ഒരു വിമർശനാത്മക പഠനം" എന്ന വിഷയത്തിൽ അദ്ദേഹം ഡോക്റ്ററൽ ബിരുദം നേടി.

തമിഴിനും സംസ്കൃതത്തിനും പാലിക്കും മലയാളവുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് തെളിഞ്ഞ അറിവുണ്ടായിരുന്നു. തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്
തമിഴിനും സംസ്കൃതത്തിനും പാലിക്കും മലയാളവുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് തെളിഞ്ഞ അറിവുണ്ടായിരുന്നു. തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്

മദ്രാസ് സർവ്വകലാശാലയിൽ ഗവേഷണസഹായിയായി ജോലി ചെയ്ത ഇടക്കാലത്ത് കാൽഡ്വെല്ലിന്റെ ദ്രാവിഡഭാഷാശാസ്ത്രത്തിൽ അദ്ദേഹം പ്രത്യേകശ്രദ്ധ പതിപ്പിച്ചു. 1973-ൽ കാലിക്കറ്റ് സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അധ്യാപകനായി ചേർന്നു. 2006 മാർച്ച് 31-ന് വിരമിക്കുന്നതുവരെ അദ്ദേഹം മലയാളവ്യാകരണവും ഭാഷാശാസ്ത്രവും കേരളസംസ്കാരവും പഠിപ്പിച്ചു. 2003 മുതൽ 2005 വരെ വകുപ്പ് മേധാവിയായും 2007 മുതൽ 2009 വരെ കണ്ണൂർ സർവ്വകലാശാലയുടെ ഭാഷാപഠനവിഭാഗം ഡീനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മലയാളം സർവ്വകലാശാലയുടെ അക്കാദമിക് ആസൂത്രണങ്ങളിൽ പങ്കുവഹിക്കാനും അദ്ദേഹത്തിനു സാധിച്ചു.

മലയാള വ്യാകരണത്തിലും വിവിധ ഭാഷാശാസ്ത്ര ശാഖകളിലും മലയാള സാഹിത്യത്തിലും കേരള സംസ്കാരത്തിലും നിഘണ്ടുശാസ്ത്രത്തിലുമെല്ലാം വേണുഗോപാലപ്പണിക്കർക്ക് വിശേഷമായ താല്പര്യമുണ്ടായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപനത്തിന് പുറമെ, കേരളത്തിനകത്തും പുറത്തും മലയാള ഭാഷയെയും ഭാഷാശാസ്ത്രത്തെയും കുറിച്ച് അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി. റിച്ചാർഡ് ട്രെംബ്ലേ (കാനഡ), ഇവാ സില്ലി (ഫ്രാൻസ്), മൈക്കിൾ ടാർ (യുഎസ്എ) തുടങ്ങി നിരവധി അന്താരാഷ്ട്ര പണ്ഡിതന്മാർ അദ്ദേഹത്തിന്റെ കീഴിൽ മലയാളം പഠിക്കാൻ എത്തിയിരുന്നു. ഇസ്രായേലിലെ ഹീബ്രു യൂണിവേഴ്സിറ്റിയിലും അദ്ദേഹം വിസിറ്റിങ് പ്രൊഫസറായി മലയാളം പഠിപ്പിച്ചു. ധാരാളം പിഎച്ച് ഡി - എം ഫിൽ വിദ്യാർത്ഥികളെ അദ്ദേഹം ഗൈഡ് ചെയ്യുകയും മിനിക്കോയിൽ സംസാരിക്കുന്ന മഹൽ ഭാഷയെക്കുറിച്ചുള്ള നിഘണ്ടുശാസ്ത്രവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ പ്രധാന ഗവേഷകനായി പ്രവർത്തിക്കുകയും ചെയ്തു.

ജീവിതത്തിന്റെ അവസാനനാളുകൾ വരെ അദ്ദേഹം സുഹൃത്തുക്കളുമായും വിദ്യാർത്ഥികളുമായും മലയാളഭാഷയുടെ ചരിത്രപരവും വ്യാകരണപരവുമായ വശങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു.

തമിഴിനും സംസ്കൃതത്തിനും പാലിക്കും മലയാളവുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് തെളിഞ്ഞ അറിവുണ്ടായിരുന്നു. തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഡോ. എസ് വി ഷൺമുഖത്തിന്റെ ലീലാതിലകം: ഭാഷാശാസ്ത്രദൃഷ്ടിയിൽ, കേരളപാണിനീയ പീഠികാപഠനം ഭാഷാശാസ്ത്രദൃഷ്ടിയിൽ എന്നീ ഭാഷാശാസ്ത്രഗ്രന്ഥങ്ങളും തോപ്പിൽ മുഹമ്മദ് മീരാന്റെ കൂനൻതോപ്പ് എന്ന നോവലും അദ്ദേഹം തമിഴിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ലിംഗ്വിസ്റ്റിക് ഫോറ (CULF)ത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. (കാലാന്തരത്തിൽ ആ ഫോറം നിലച്ചുപോയി.) അദ്ദേഹത്തിന്റെയും, സഹപ്രവർത്തകനായിരുന്ന ഡോ. ജി ബാലസുബ്രഹ്മണ്യന്റെയും മുൻകൈയിൽ നിരവധി ചർച്ചാപരിപാടികളും സെമിനാറുകളും നടക്കുകയുണ്ടായി. അവ ഭാഷയെ സംബന്ധിച്ച ഗഹനമായ ആലോചനകൾ വളർത്തിയെടുക്കാൻ പര്യാപ്തമായിരുന്നു. ദ്രവിഡിയൻ ലിംഗ്വിസ്റ്റിക് അസ്സോസിയേഷൻ, കേരള സൊസൈറ്റി ഫോർ ലിംഗ്വിസ്റ്റിക് റിസർച്ച് എന്നിവയുടെ ഭാഗമായിരുന്നു അദ്ദേഹം.

മലയാളത്തിൽ അദ്ദേഹം ധാരാളമായി എഴുതി. നിരവധി ഗവേഷണപ്രബന്ധങ്ങളും ഏഴ് പുസ്തകങ്ങളും മലയാളവ്യാകരണത്തെയും ഭാഷാശാസ്ത്രത്തെയും കുറിച്ചുള്ള രണ്ട് എഡിറ്റ് ചെയ്ത വാല്യങ്ങളും അദ്ദേഹം സംഭാവന ചെയ്തു. സ്വനമണ്ഡലം, നോം ചോംസ്കി, ഭാഷാർത്ഥം, ഭാഷാലോകം, ചിതറിപ്പോയ സിംഹനാദവും ചില ഭാഷാവിചാരങ്ങളും, വാക്കിന്റെ വഴികൾ, സ്റ്റഡീസ് ഓൺ മലയാളം ലാംഗ്വേജ് തുടങ്ങിയ കൃതികൾ മേഖലയിൽ ശ്രദ്ധേയമാണ്. 1987-ൽ പ്രസിദ്ധപ്പെടുത്തിയ നോം ചോംസ്കിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം മലയാളം വായനക്കാർക്ക് ആ ഭാഷാശാസ്ത്രജ്ഞന്റെ കൃതികളെ പരിചയപ്പെടുത്തി.

സമദർശിത്വമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത.  വിദ്യാർത്ഥികളെ തുല്യനിലയിലല്ലാതെ അദ്ദേഹം കണ്ടിരുന്നില്ല.
സമദർശിത്വമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. വിദ്യാർത്ഥികളെ തുല്യനിലയിലല്ലാതെ അദ്ദേഹം കണ്ടിരുന്നില്ല.

ആത്മാർത്ഥതയും ജനാധിപത്യബോധവുമുള്ള പണ്ഡിതനായിരുന്നു വേണുഗോപാലപ്പണിക്കർ. ഒരു മലയാളം ഭാഷാവിഭാഗത്തിലാണ് പ്രവർത്തിച്ചതെങ്കിലും അദ്ദേഹം യുവമനസ്സുകളിൽ ഭാഷാശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുകയും മലയാള ഭാഷാപഠനരംഗത്ത് സംഭാവനകൾ നൽകുന്ന ഒരു തലമുറയെ വളർത്തിയെടുക്കുകയും ചെയ്തു. ജീവിതത്തിന്റെ അവസാനനാളുകൾ വരെ അദ്ദേഹം സുഹൃത്തുക്കളുമായും വിദ്യാർത്ഥികളുമായും മലയാളഭാഷയുടെ ചരിത്രപരവും വ്യാകരണപരവുമായ വശങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഈ മേഖലയിൽ കേരളത്തിലെവിടെയുമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മാർഗ്ഗദർശിയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ ദ്രാവിഡഭാഷാ സവിശേഷതകൾ കണ്ടെത്താനും അവയെ സംസ്കൃതവുമായും പ്രാകൃതവുമായും താരതമ്യം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു. അദ്ദേഹത്തിന് ഭാഷാ-സാഹിത്യതല്പരരായ വിദ്യാർത്ഥികളുമായുള്ള ആത്മബന്ധം എടുത്തു പറയേണ്ടതാണ്. ഗവേഷകശിഷ്യനായ ലക്ഷദ്വീപ് സ്വദേശി ഡോ. എം. മുല്ലക്കോയയുടെ ദ്വീപുഭാഷാ സംബന്ധിയായ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിപ്പിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവസാനകാലം.

അദ്ദേഹത്തിന്റെ ഭാഷാർത്ഥം എന്ന കൃതിക്ക് 2000-ൽ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡും കൂനൻ തോപ്പ് എന്ന തമിഴ് നോവലിന്റെ വിവർത്തനത്തിന് 2005-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 2015-ൽ കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ സമഗ്രസംഭാവനാ പുരസ്കാരം നൽകി ആദരിച്ചു. ദ്രവിഡിയൻ ലിംഗ്വിസ്റ്റിക് അസോസിയേഷൻ ഓഫ് ഇന്ത്യയിലെ സജീവ അംഗമായിരുന്നു അദ്ദേഹം. കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ പ്രൊഫസറായി വിരമിച്ച പി. രാജലക്ഷ്മിയാണ് ഭാര്യ. മകൻ കണ്ണൻ, മകൾ ആതിര.

ചെറുപ്പത്തിൽ എന്താകണമെന്നാണ് ആഗ്രഹിച്ചത്? ഇങ്ങനെയൊരു ചോദ്യം, അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: “ഒരു പണ്ഡിതനാകണമെന്നാണ് ആഗ്രഹിച്ചത്; അതൊട്ട് നടന്നതുമില്ല’’ അദ്ദേഹം ജീവിതലക്ഷ്യം കൈവരിച്ചു എന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം. അറിവ് അപൂർണ്ണമാണ് എന്നറിയുന്ന അറിവിനു വിവേകം എന്നു പറയും. അറിവിനതിരുമുണ്ട് എതിരുമുണ്ട് എന്ന അറിവാണത്. സ്വാസ്ഥ്യമില്ലാത്ത അറിവ്, വിവേകം. സാധാരണ പണ്ഡിതരുടെ അറിവ് ഒരുതരം സ്വസ്ഥത നൽകുന്നതാണ്. പൊരുൾ ഗ്രഹിച്ചു എന്ന ബോധമുണ്ട് അവിടെ. എന്നാൽ നിലയ്ക്കാത്ത അന്വേഷണത്തെയും അന്വേഷകനെയുമാണ് വിവേകം സൃഷ്ടിക്കുന്നത്.

വായിച്ചു തീർക്കാത്ത പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു; ചെയ്യാനുള്ള പണികളെക്കുറിച്ചു പറഞ്ഞ് തന്നെത്തന്നെ കളിയാക്കുമായിരുന്നു. താനൊരു മടിയനാണെന്നു സ്ഥാപിക്കുന്നതിൽ അദ്ദേഹം ആഹ്ലാദിച്ചിരുന്നുവെന്നു തോന്നിയിട്ടുണ്ട്.

സാധാരണ പണ്ഡിതർക്ക് ഇല്ലാതെ പോകുന്ന ഈ വിശേഷഗുണങ്ങളാണ് മേല്പറഞ്ഞ മറുപടിയുടെ സാരവത്തായ അംശം. വായിച്ചു തീർക്കാത്ത പുസ്തകങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു; ചെയ്യാനുള്ള പണികളെക്കുറിച്ചു പറഞ്ഞ് തന്നെത്തന്നെ കളിയാക്കുമായിരുന്നു. താനൊരു മടിയനാണെന്നു സ്ഥാപിക്കുന്നതിൽ അദ്ദേഹം ആഹ്ലാദിച്ചിരുന്നുവെന്നു തോന്നിയിട്ടുണ്ട്. മൂന്നാലു മാസം കഴിയുമ്പോൾ, 2025 ആഗസ്റ്റ് 2 ന് അദ്ദേഹത്തിന് എൺപതു വയസ്സാകുമെന്നറിഞ്ഞ്, ആ ഘട്ടത്തിൽ അദ്ദേഹത്തിന്റെ അപ്രകാശിത കൃതികൾ ഉൾപ്പെടുത്തി തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ച് ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യരായ മഹേഷ് മംഗലാട്ടും എം. എൻ. കാരശ്ശേരിയും രാജേന്ദ്രൻ എടത്തുംകരയും പി. എം. ഗിരീഷുമൊക്കെ. അതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിക്കുന്നത്.

മലയാളത്തിലെ കണിശ്ശതയും സന്തുലിതബോധവും സർഗ്ഗാത്മകതയുമുള്ള ഭാഷാചിന്തകനായിരുന്നു വേണുഗോപാലപ്പണിക്കർ. ഭാഷാചിന്തയുടെ ഏറ്റവും പ്രഫുല്ലമായ ധാര വ്യാകരണമാണ്. മറ്റൊന്ന് നിരുക്തം. മറ്റൊന്ന് ഭാഷാശാസ്ത്രം. ഇവയിലുള്ള പാണ്ഡിത്യം ആളുകളെ വഴക്കമില്ലാത്തവരാക്കും, അഥവാ പ്രമാണവാദികളാക്കും എന്നൊരു വിചാരം പ്രബലമാണ്. ഭാഷയുടെ സർഗ്ഗാത്മകതയെ നിഷേധിക്കുന്ന കൂട്ടരാണ് ഭാഷാപണ്ഡിതർ എന്നു പൊതുവെ കരുതപ്പെടുന്നു. ഭാഷയിലെ തെറ്റും ശരിയും സംബന്ധിച്ച പ്രമാണങ്ങളുണ്ടാക്കിവെച്ച് അതിൽനിന്നും ജീവൽഭാഷ കുതറിമാറുന്നതെവിടെക്കണ്ടാലും ചാടിവീണ് യാഥാസ്ഥിതികത്വം പ്രകടിപ്പിക്കുന്ന പ്രമാണനിഷ്ഠക്കാർ എന്നാണ് ആക്ഷേപം. ബഷീർ കളിയാക്കിയത് ഇത്തരം മനോഭാവക്കാരെയായിരുന്നു. വേണുഗോപാലപ്പണിക്കർ അക്കൂട്ടത്തിൽ വരുന്ന ആളല്ല. അദ്ദേഹത്തിന് വ്യാകരണത്തിൽ നല്ല അറിവുണ്ട്. നിരുക്തത്തിലും ഭാഷാശാസ്ത്രത്തിന്റെ കൈവഴികളിലും നല്ല അറിവുണ്ട്. അതൊന്നും അദ്ദേഹത്തെ ബലം പിടുത്തക്കാരനാക്കിയില്ല. മറിച്ച് വളരെ ഉദാരമായൊരു കാഴ്ചപ്പാടോടെ സ്വന്തം ഭാഷയുൾപ്പെടെയുള്ള ഭാഷകളെ കാണാനും ഭാഷാസംബന്ധിയായ സന്ദേഹങ്ങളെ വിശദീകരിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഭാഷ എന്തുകൊണ്ട് ഇങ്ങനെയൊക്കെ പെരുമാറുന്നു എന്നു മനസ്സിലാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ.

1987-ൽ  പ്രസിദ്ധപ്പെടുത്തിയ നോം ചോംസ്കിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം മലയാളം വായനക്കാർക്ക് ആ ഭാഷാശാസ്ത്രജ്ഞന്റെ കൃതികളെ പരിചയപ്പെടുത്തി.
1987-ൽ പ്രസിദ്ധപ്പെടുത്തിയ നോം ചോംസ്കിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം മലയാളം വായനക്കാർക്ക് ആ ഭാഷാശാസ്ത്രജ്ഞന്റെ കൃതികളെ പരിചയപ്പെടുത്തി.

വേണുഗോപാലപ്പണിക്കർക്ക് തന്റെ നാട്ടുഭാഷയായ മലയാളത്തിനു പുറമെ ഇംഗ്ലീഷ്, തമിഴ്, സംസ്കൃതം, പാലി ഭാഷകളിൽ പ്രാവീണ്യവുമുണ്ടായിരുന്നു. ഇത് മേൽ സൂചിപ്പിച്ച ഉദാരസമീപനത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നതിൽ പങ്കു വഹിച്ചിരിക്കണം. ഒരു ഭാഷ മാത്രം അറിയുന്ന പണ്ഡിതർ പ്രമാണവാദികളും ഭാഷാദേശീയവാദികളുമൊക്കെയാകാൻ സാദ്ധ്യത കൂടുതലാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പല ഭാഷകൾ, പല ജനതകൾ - അങ്ങനെ സമ്പർക്കമേറുന്നതോടെ വിവേകം വരും. ഒറ്റപ്പുസ്തകത്തിന്റെ ഇടുക്കങ്ങളിൽനിന്നു കരകയറും. സാധാരണ വ്യാകരണപണ്ഡിതർ വ്യാകരണകൃതികളിലെ സൂത്രങ്ങളും കാരികകളുമാണ് ഭാഷയെ താങ്ങിനിർത്തുന്നത് എന്നുറച്ചുപോകുന്നു. ലീലാതിലകകർത്താവിനെയും ഗുണ്ടർട്ടിനെയും ജോർജ്ജ് മാത്തനെയും എ.ആർ. രാജരാജവർമ്മയെയും എസ്.വി. ഷണ്മുഖത്തെയും സി.എൽ. ആന്റണിയെയും വേണുഗോപാലപ്പണിക്കരെയും പോലുള്ള ബഹുഭാഷാവിജ്ഞാനികളും അന്വേഷികളുമായ ഭാഷാചിന്തകർ അത്തരം വിശ്വാസത്തിന്റെ കുരുക്കിൽപ്പെടുന്നില്ല. അവർ നിത്യാന്വേഷകരുടെ പരമ്പരയിൽ പെടുന്നു. കേരളപാണിനി എന്നറിയപ്പെടുന്ന രാജരാജവർമ്മ തന്റെ ആദ്യ മലയാള വ്യാകരണഗ്രന്ഥത്തെത്തന്നെ പുതുക്കിവാർത്ത ആളാണ് എന്നോർക്കണം. ബഹുകാലിക ഭാഷാശാസ്ത്രം എന്നറിയപ്പെടുന്ന ചരിത്രാത്മകഭാഷാസമീപനത്തെ പരിചയിച്ചപ്പോഴാണ് ആ പുതുക്കിയെഴുത്തുണ്ടായത്. കൂടുതൽ കാലം ജീവിച്ചിരുന്നെങ്കിൽ പിന്നെയും പുതുക്കലുകൾ നടക്കുമായിരുന്നു. നിരന്തരം പുതുക്കുന്നതും പുതുക്കേണ്ടതുമാണ് നമ്മുടെ ധാരണകൾ എന്ന ബോദ്ധ്യമാണ് വിവേകസാരം. ഭാഷാവിവേകത്തിലും അതു പ്രസക്തമാണ്. വേണുഗോപാലപ്പണിക്കരിൽ പ്രവർത്തിച്ചിരുന്നതും അത്തരമൊരു ബോദ്ധ്യമായിരുന്നു.

പൂരകമായ ചിന്തകളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളെ ഒന്നാകെ അഭിമുഖീകരിക്കുകയും സമ്മേളിപ്പിക്കുകയും ചെയ്യുന്ന ഭാഷാചിന്തകനായിരുന്നു വേണുഗോപാലപ്പണിക്കർ.

‘വാക്കിന്റെ വഴികൾ’ എന്നത് വേണുഗോപാലപ്പണിക്കരുടെ ഒരു പുസ്തകത്തിന്റെ പേരാണ്. ആ പേരു സൂചിപ്പിക്കുന്നതുപോലെ, വാക്കുകളുടെ വഴികളെയാണ് അദ്ദേഹം അന്വേഷിക്കുന്നത്. വാക്കിന്റെ പൊരുളായ പൊരുളിനെ തേടുകയല്ല. വാസ്തവത്തിൽ, വാക്കിന്റെ വഴികളാണ് അതിന്റെ പൊരുളിനെ നിർമ്മിക്കുന്നതുതന്നെ. ഈ വിവേകത്തോടെ ചിന്തിക്കുന്നതിൽ ആധുനിക ഭാഷാശാസ്ത്രത്തിന്റെ സമീപനമാണ് പ്രവർത്തിക്കുന്നത്. വ്യാകരണം പ്രമാണവാദപരമായ ഒരു വിജ്ഞാനശാഖയും ഭാഷാശാസ്ത്രം വിശദീകരണപ്രവണമായ ഒരു ശാസ്ത്രശാഖയുമാണെന്നു പൊതുവെ കരുതപ്പെടുന്നു. ആലോചിച്ചാൽ അതിലൊന്നും പരമമായ സത്യമില്ല എന്നു മനസ്സിലാക്കേണ്ടിവരും. വ്യാകരണവും ഒരു ഭാഷാശാസ്ത്രശാഖയാണ്. അത് എഴുത്തുഭാഷയെ മുൻനിറുത്തി പര്യാലോചിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭാഷയുടെ പ്രവർത്തനതത്ത്വം കണ്ടെത്തി വിശദീകരിക്കാൻ ശ്രമിക്കുന്നു. ശാസ്ത്രീയമായി, എന്നു വെച്ചാൽ, യുക്തിയുക്തമായും വസ്തുതാനിഷ്ഠമായും ഭാഷയെ വിശദീകരിക്കുന്നതിൽ ശ്രദ്ധിക്കുന്നു. അവലംബമാക്കുന്ന വസ്തുതകൾ എഴുത്തുഭാഷയാകയാൽ അതിന്റെ വെട്ടത്തിൽ കാര്യങ്ങളെ കാണാനും അപഗ്രഥിക്കാനുമാണ് പൊതുവെ വ്യാകരണചിന്തകർ തുനിയുന്നത്. വാക്കിന്റെ കുത്തൊഴുക്കിൽ ചില ക്രമങ്ങളുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. അവർ ആഖ്യയെയും ആഖ്യാതത്തെയും കാണുന്നു. ആഖ്യയും ആഖ്യാതവും രൂപമെടുക്കുന്നത് നാമത്തെയും ക്രിയയെയും കുറിക്കുന്ന ശബ്ദങ്ങളുടെ ക്രമീകരണത്താലും പ്രത്യയോജനാപരിഷ്കാരങ്ങളാലുമാണെന്നു കാണുന്നു; അതൊക്കെ ചിട്ടപ്പെടുത്തി പറയാൻ ശ്രമിക്കുന്നു. ഭാഷാശാസ്ത്രത്തിന്റെ നരവംശശാസ്ത്രപരമായ അമേരിക്കൻ ധാരയും ബ്രിട്ടീഷ് ധാരയുമൊക്കെ വാമൊഴിയിൽനിന്നാണ് ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഗ്രന്ഥാധിഷ്ഠിതമായ വ്യാകരണത്തിനില്ലാത്ത ഒരു പ്രത്യേകതരം തുറവി അതിന്റെ ഭാഗമാണ്. അത് സ്വാംശീകരിച്ചതിനാലാണ് പരമ്പരാഗതഭാഷാസമീപനക്കാരിൽനിന്നു വ്യത്യസ്തമായി ശാഠ്യങ്ങളില്ലാത്തതും തുറന്നതുമായ ഒരു വീക്ഷണം അദ്ദേഹത്തിനു കൈവന്നത്എന്നു പറയാം. പക്ഷേ ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ പറയാതെ വയ്യ. ആധുനികഭാഷാശാസ്ത്രം വ്യാകരണപാരമ്പര്യങ്ങളെയാകെ നിരാധാരമാക്കുന്നു എന്ന നിലയിൽ അദ്ദേഹം കണ്ടിരുന്നില്ല.

വ്യാകരണപാരമ്പര്യങ്ങളും ഏകകാലിക-ഘടനാത്മകഭാഷാശാസ്ത്രവും ബഹുകാലികഭാഷാവിജ്ഞാനവും നിരുക്തവും ഉച്ചാരണശാസ്ത്രം എന്നു വിളിക്കാവുന്ന ശിക്ഷയും ലിപിവിജ്ഞാനവും ചോംസ്കിയൻ വ്യാകരണപദ്ധതിയും പ്രജനകാർത്ഥവിജ്ഞാനവും ഉൾപ്പെടെയുള്ള ധാരകൾ ചരിത്രബോധത്തോടെ സമന്വയിക്കുന്ന ഭാഷാവിചാരനയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്ലാ കാര്യങ്ങളും ഏകകാലികമായി (ഘടനാത്മകമായി) മാത്രം വിശദീകരിക്കപ്പെടേണ്ടതല്ല എന്ന തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. വാക്കിനും ആശയത്തിനും ചരിത്രവും ചരിത്രപരതയും ഉണ്ട്. ഭാഷയെ മാനസികമായ ഒരു വ്യവസ്ഥയായി കണ്ട് അപഗ്രഥിക്കുന്നതിനുള്ള ചിഹ്നശാസ്ത്രപരമായ പദ്ധതി മുന്നോട്ടുവെച്ച സൊസ്യൂറിന്റെ ആശയങ്ങൾക്ക് ഇന്ത്യൻ വേരുകളാണുള്ളതെന്നു നിരീക്ഷിക്കാൻ വേണുഗോപാലപ്പണിക്കർക്ക് ഒരു പ്രയാസവുമില്ല. എന്നുവെച്ച് അതിനെ “ഭാരതീയത”യുടെ ഭാഗമായി കണ്ട് കോൾമയിർ കൊള്ളാനൊന്നും അദ്ദേഹം ഒരുങ്ങിയിരുന്നില്ല. അത്തരം അഭിമാനങ്ങളിലല്ല, അറിയുന്നതിനും അറിവ് ആവിഷ്കരിക്കുന്നതിനും ഭാഷയെ പ്രയോജനപ്പെടുത്തുന്നതിലാണ് കാര്യമെന്നറിയുന്ന ഭാഷാചിന്തകനായിരുന്നു അദ്ദേഹം. വിവിധങ്ങളായ ധർമ്മങ്ങൾക്കായി ഉപയോഗിക്കപ്പെടാത്ത ഭാഷ അതതു മേഖലകളിൽ വികസിക്കാതെ വന്ധ്യമായിത്തീരും എന്നും അദ്ദേഹത്തിനു ബോദ്ധ്യമുണ്ടായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ ബഷീറിനും, സുകുമാർ അഴിക്കോടിനുമൊപ്പം ടി ബി വേണുഗോപാലപണിയ്ക്കർ. Photo/ Eva Szily
വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ ബഷീറിനും, സുകുമാർ അഴിക്കോടിനുമൊപ്പം ടി ബി വേണുഗോപാലപണിയ്ക്കർ. Photo/ Eva Szily

ഭാഷയെ സംബന്ധിച്ച പല ധാരകളിലുള്ള അറിവുകളെ പരസ്പരബന്ധത്തോടെ മനസ്സിലാക്കാനും ഉപരിവിചാരങ്ങളിലേർപ്പെടാനും അദ്ദേഹം ഉത്സാഹിച്ചു. സൊസ്യൂർ എന്ന പോലെ യാക്കോബ്സനും ചോംസ്കിയുമൊക്കെ ഉണ്ടാകുന്നത് സംവാദാത്മകമായ വിനിമയങ്ങളിലൂടെ മുന്നോട്ടുപോയാണെന്ന് അദ്ദേഹം കരുതി. ചോംസ്കിയെക്കുറിച്ച് എഴുതിയ പ്രബന്ധത്തിലെ ഒരു ഉപശീർഷകം, ‘‘സൊസ്യൂറിൽനിന്നു വെളിച്ചം’’ എന്നായിരുന്നു. ഇങ്ങനെ, പൂരകമായ ചിന്തകളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളെ ഒന്നാകെ അഭിമുഖീകരിക്കുകയും സമ്മേളിപ്പിക്കുകയും ചെയ്യുന്ന ഭാഷാചിന്തകനായിരുന്നു വേണുഗോപാലപ്പണിക്കർ. അർത്ഥവിജ്ഞാനത്തിലെ സിദ്ധാന്തങ്ങളിൽ ആകൃഷ്ടനായിരിക്കെത്തന്നെ ആദിവാസികളുടെ ഭാഷയെക്കുറിച്ചും ഭാഷാഭേദങ്ങളെക്കുറിച്ചുമുള്ള അന്വേഷണങ്ങളിൽ അദ്ദേഹം മുഴുകിയിരുന്നു. ഒരുതരം ജനാധിപത്യവിവേകം അതിലൊക്കെയുണ്ട്, അഥവാ അതൊക്കെ ഉളവാക്കുന്നുണ്ട്. പണ്ഡിതരുടെയും എഴുത്തുകാരുടെയും പാദസേവാത്മകമായ കക്ഷിരാഷ്ട്രീയത്തിൽ അറപ്പനുഭവിച്ചിരുന്നെങ്കിലും, അതിന്റെ ആനുകൂല്യങ്ങൾക്കായി വിടുപണി ചെയ്യാതിരിക്കുന്നതിൽ സ്വയം അഭിമാനിച്ചിരുന്നെങ്കിലും, തീവ്രമായ ജനാധിപത്യരാഷ്ട്രീയബോദ്ധ്യം അദ്ദേഹം വെച്ചു പുലർത്തി. അനീതിക്കെതിരെ നിലകൊണ്ടു, നിലപാടെടുത്തു. അക്കാദമികരംഗത്തായാലും അഴിമതിയും കൂട്ടുകച്ചവടവും കണ്ടാൽ അത് ഉറക്കെ പറയാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. ആ അർത്ഥത്തിലൊക്കെ രാഷ്ട്രീയമനുഷ്യനായിരുന്നു അദ്ദേഹം. ചോംസ്കിയെക്കുറിച്ചെഴുതുമ്പോൾ ചോംസ്കിയുടെ രാഷ്ട്രീയത്തിലേക്ക് ഉറ്റുനോക്കാനും അതിനാധാരമായ മനനവാദപരമായ കാർത്തേഷ്യൻ യുക്തിവാദത്തെ കാണാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

ശാഠ്യങ്ങളുടെ ഉപാസകനായിരുന്നില്ല വേണുഗോപാലപ്പണിക്കർ. ഒരു ഉദാഹരണം പറയാം. മലയാളലിപികളുടെ മാനകീകരണവും ഏകീകരണവും ലക്ഷ്യമാക്കിയുള്ള ചില യത്നങ്ങളിൽ ഭാഗമായിരിക്കുമ്പോൾത്തന്നെ അത് ആത്യന്തികമായ നിഗമനങ്ങളിൽ എത്തിച്ചേരാനിടയില്ലെന്ന് അദ്ദേഹം ഓർത്തുകൊണ്ടിരുന്നു. അച്ചടിയോടൊപ്പം ഇടക്കാലത്ത് രൂപപ്പെട്ട ലിപിവ്യവസ്ഥയിൽ, ടൈപ്പ്റൈറ്ററുടെ കാലത്ത് കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഉണ്ട്. പുതിയ ലിപി എന്നറിയപ്പെടുന്ന ഇപ്പോഴത്തെ പഴയ ലിപിവ്യവസ്ഥയാണത് പ്രദാനം ചെയ്തത്. ആ പരിഷ്കാരങ്ങൾ കമ്പ്യൂട്ടർ യുഗത്തിൽ വേണ്ടെന്നു വെയ്ക്കാവുന്നതേയുള്ളു. നമുക്കു “തനതുലിപി” എന്നറിയപ്പെടുന്ന ലിപിസമ്പ്രദായം (അതും പരിഷ്കാരങ്ങളിലൂടെ സിദ്ധിച്ചതാണ്!) മടക്കിക്കൊണ്ടുവരാം. എന്നാൽ വ്യവസ്ഥീകരണത്തിന്റെ ഭാഗമായി ചില ഉപലിപിപരിഷ്കാരങ്ങളെ നിലനിർത്തുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം കരുതി. പരിഷ്കാരങ്ങൾ തീരെ പാടില്ലാത്താതണെന്ന വിചാരം അദ്ദേഹത്തിനില്ലായിരുന്നുവെന്നു സാരം. നാനാവശങ്ങൾ പരിഗണിച്ച് ഉചിതമെന്തെന്നു നിശ്ചയിക്കുന്നതിലാണ് വിവേകം.

വിദ്യാർത്ഥികളെ തന്റെ വരുതിയിൽ നിർത്തി പഠിപ്പിക്കുന്ന സമീപനം വേണുഗോപാലപ്പണിക്കർക്കുണ്ടായിരുന്നില്ല. വിദ്യാർത്ഥികൾ സ്വതന്ത്രമായി ചിന്തിക്കുകയും പഠിക്കുകയും അന്വേഷിക്കുകയും ചെയ്ത് സ്വാഭിപ്രായങ്ങളോടെ വികസിക്കട്ടെ എന്ന വിചാരമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

സാഹിത്യവായനയിൽ അതീവതല്പരനായിരുന്നുവെങ്കിലും, സാഹിത്യലോചനകളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കർമ്മമണ്ഡലം ഭാഷാചിന്തയായിരുന്നു. അതിനാൽ ഭാഷാശാസ്ത്രജ്ഞൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്. എന്നാൽ അദ്ദേഹത്തിന്റെ കൂടെ ഗവേഷണം ചെയ്തവർ മിക്കവരും സാഹിത്യവിഷയങ്ങളിലായിരുന്നു പഠനം നടത്തിയിരുന്നത്. സാഹിത്യസംബന്ധിയായി ‘ചിതറിപ്പോയ സിംഹനാദം’ പോലുള്ള അപനിർമ്മാണപരമായ വായനകൾ നടത്താൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. ജാതിവിരുദ്ധമായ ആശയങ്ങളുടെ പേരിൽ പ്രസിദ്ധമായ കവിതയാണ് ആശാന്റെ ‘സിംഹനാദം’. അത് അതിലെ ബിംബാവലികളുടെ സൂക്ഷ്മസൂചനകളാൽ അട്ടിമറിക്കപ്പെടുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചു. പറയാൻ പ്രയാസമുള്ളത്ര നീചനായ ജാതിപ്പിശാച് “ഇരുട്ടു പെറ്റ പറയൻ” ആണെന്നുള്ള കവികല്പന യഥാർത്ഥത്തിൽ ഇപ്പറയുന്ന ജാതിപ്പിശാച് എത്ര ആഴത്തിൽ ഈ ഭാഷയുടെ അബോധമായി ഒളിഞ്ഞുപ്രവർത്തിക്കുന്നു എന്നതിനെയാണ് ഉദാഹരിക്കുന്നത്. അതിന്റെ ഇരയാകാനേ വിപ്ലവകാരിയെന്ന് കരുതപ്പെടുന്ന ആശാനും കഴിയുന്നുള്ളു. കവിയുടെ ജാതിവിരുദ്ധമായ രചനാലക്ഷ്യത്തെത്തന്നെ അദ്ദേഹത്തിലൂടെ പുറപ്പെട്ട ബിംബസംവിധാനം അബോധപൂർവ്വകമായി തോല്പിച്ചുകളഞ്ഞു എന്ന് വേണുഗോപാലപ്പണിക്കർ നിരീക്ഷിച്ചു. കവിതയിലെ പ്രസ്തുത പ്രയോഗം കേവലം ഒരു ഉപമാനമല്ലേ എന്ന മട്ടിലുള്ള ഒഴികഴിവിന് സ്ഥാനമില്ലെന്നുറപ്പിച്ച്, “ഉപമാനത്തിന്റെ ഉൾപ്പൊരുളുകൾ കവിമനസ്സിന്റെ അകത്തളങ്ങളിൽത്തന്നെയാണ് കുടികൊള്ളുന്നത്” എന്ന് അദ്ദേഹം ഉറപ്പിക്കുന്നു. (ഈ പറയുന്ന ‘കവിമനസ്സ്’ മലയാളഭാഷ എന്ന അബോധമാണെന്നു കൂട്ടിച്ചേർക്കാൻ എന്നെ അനുവദിക്കുക.)

പണ്ഡിതരുടെയും എഴുത്തുകാരുടെയും പാദസേവാത്മകമായ കക്ഷിരാഷ്ട്രീയത്തിൽ അറപ്പനുഭവിച്ചിരുന്നെങ്കിലും, അതിന്റെ ആനുകൂല്യങ്ങൾക്കായി വിടുപണി ചെയ്യാതിരിക്കുന്നതിൽ സ്വയം അഭിമാനിച്ചിരുന്നെങ്കിലും, തീവ്രമായ ജനാധിപത്യരാഷ്ട്രീയബോദ്ധ്യം അദ്ദേഹം വെച്ചു പുലർത്തി.
പണ്ഡിതരുടെയും എഴുത്തുകാരുടെയും പാദസേവാത്മകമായ കക്ഷിരാഷ്ട്രീയത്തിൽ അറപ്പനുഭവിച്ചിരുന്നെങ്കിലും, അതിന്റെ ആനുകൂല്യങ്ങൾക്കായി വിടുപണി ചെയ്യാതിരിക്കുന്നതിൽ സ്വയം അഭിമാനിച്ചിരുന്നെങ്കിലും, തീവ്രമായ ജനാധിപത്യരാഷ്ട്രീയബോദ്ധ്യം അദ്ദേഹം വെച്ചു പുലർത്തി.

ഇത്തരം ഗഹനമായ ആലോചനകളോടെയും അപഗ്രഥനവൈദഗ്ദ്ധ്യത്തോടെയും സാഹിത്യത്തെ സമീപിക്കുമ്പോഴും അദ്ദേഹം ധാരാളമായി എഴുതിയില്ല. എങ്കിലും സഞ്ജയനും വി.കെ.എന്നും എഴുത്തച്ഛനും ഒക്കെ അദ്ദേഹത്തിന്റെ ശ്രദ്ധാപൂർവ്വകമായ വായനയ്ക്കു വിധേയമായി. എന്നാൽ, അടിസ്ഥാനപരമായി ഭാഷാഗവേഷകനായിരുന്നു അദ്ദേഹം. ആദിവാസിഭാഷകളെക്കുറിച്ചും മായാപദങ്ങളെക്കുറിച്ചും പഴഞ്ചൊല്ലിനെക്കുറിച്ചും മലയാളത്തിന്റെ ഉച്ചാരണവിഷയങ്ങളെക്കുറിച്ചും സംസ്കൃതത്തിന്റെ സ്വാധീനത്തെക്കുറിച്ചും ഗണിതയുക്തിഭാഷയെക്കുറിച്ചും ഒക്കെ അദ്ദേഹം പഠിച്ചു ചിന്തിച്ചെഴുതിയിട്ടുണ്ട്. സൊസ്യൂർ, ചോംസ്കി, ജോർജ്ജ് മാത്തൻ, ഗുണ്ടർട്ട്, കേരളപാണിനി, എസ്.വി. ഷണ്മുഖം, സി എൽ ആന്റണി തുടങ്ങിയ ഭാഷാചിന്തകരെക്കുറിച്ചും അദ്ദേഹം എഴുതി; വാതോരാതെ പറഞ്ഞു വിദ്യാർത്ഥികളെയും ഗവേഷകരെയും ഉത്തേജിപ്പിച്ചു. വിദ്യാർത്ഥികളെ തന്റെ വരുതിയിൽ നിർത്തി പഠിപ്പിക്കുന്ന സമീപനം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാർത്ഥികൾ സ്വതന്ത്രമായി ചിന്തിക്കുകയും പഠിക്കുകയും അന്വേഷിക്കുകയും ചെയ്ത് സ്വാഭിപ്രായങ്ങളോടെ വികസിക്കട്ടെ എന്ന വിചാരമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ ഗുരുനാഥരായ എസ്.വി. ഷണ്മുഖത്തോടും സി.എൽ. ആന്റണിയോടും താൻ വിസംവാദത്തിലാകുന്ന മട്ടിൽ തന്റെ വിദ്യാർത്ഥികൾക്ക് തന്നോടും വിസംവാദത്തിനവകാശമുണ്ടെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ശിഷ്യനായ കെ. കെ. സുരേന്ദ്രൻ പറഞ്ഞതുപോലെ, സമദർശിത്വമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. വിദ്യാർത്ഥികളെ തുല്യനിലയിലല്ലാതെ അദ്ദേഹം കണ്ടിരുന്നില്ല.

വ്യക്തിപരമായി ഒരനുഭവം പറയാം. അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിച്ച് ഗവേഷണം നടത്തിയിട്ട് പ്രബന്ധത്തിന്റെ ഒരു രൂപമൊക്കെ ആക്കി അദ്ദേഹത്തിനു വായിക്കാൻ കൊടുത്ത കാലത്തെ അനുഭവമാണ്. ആ സമയത്ത് അദ്ദേഹം ഭാഷാപോഷിണിയിൽ ‘എഴുത്തച്ഛന്റെ ബയോഡാറ്റ’ എന്ന തലക്കെട്ടോടെ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. ഭാഷാപിതാവ് എന്ന സങ്കല്പനത്തിന്റെ യുക്തിരാഹിത്യവും മറ്റും വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ ലേഖനം. എഴുത്തച്ഛനെ ഭാഷാപിതാവാക്കി സങ്കല്പിക്കുന്നതിന്റെ ശാസ്ത്രീയയുക്തികളെ നിർദ്ധാരണം ചെയ്യുന്നതിനെക്കാൾ ആ കല്പന സാദ്ധ്യമാക്കിയ ഭാവനകളിലേക്കും, വസ്തുനിഷ്ഠവും ചരിത്രപരവുമായ വശങ്ങളിലേക്കും കണ്ണയക്കുന്നതാണ് പ്രസക്തം എന്നൊക്കെ സൂചിപ്പിച്ചുകൊണ്ട് ഒരു പ്രതിവാദലേഖനം എഴുതി പത്രാധിപനായ കെ.സി. നാരായണന് ഞാൻ അയച്ചുകൊടുത്തിരുന്നു. അത് ഒരു കത്തുരൂപത്തിൽ പ്രസിദ്ധീകരിച്ചുവന്നു. ഞാനത് പ്രൊഫസറുടെ ശ്രദ്ധയിൽപ്പെടുത്തി. “ഇതു കൊള്ളാമല്ലോ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണഗതിയിൽ, ഒരു പക്ഷേ, ഒരു ഗവേഷകനു പടം മടക്കാനുള്ള അവസരമായിരുന്നു അത്. ടി.ബി. വേണുഗോപാലപ്പണിക്കർ അത്തരം സന്ദർഭമൊരുക്കുന്ന ഗവേഷണമാർഗ്ഗദർശിയായിരുന്നില്ല. ജീവിതത്തിലും ഭാഷാചിന്തയിലും അത്യന്തം ഉദാരമായ സമീപനത്തോടെ, “തനിച്ച് തന്റെ കാലടിവെച്ച്” അദ്ദേഹം കടന്നുപോയി.

അദ്ദേഹത്തിന്റേതായി നമുക്കു കൈവന്നിട്ടുള്ളത് മുമ്പു സൂചിപ്പിച്ച പുസ്തകങ്ങളും പ്രബന്ധങ്ങളുമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; മറിച്ച്, ഒരു വൈജ്ഞാനിക- ജനാധിപത്യ- വിനിമയ സംസ്കാരമാണ്.


Summary: Prolific writer eminent academician and Linguist Dr TB Venugopala Panicker's contributions, CJ George writes.


സി.ജെ. ജോർജ്ജ്

കോഴിക്കോട്​ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്​കർ മെ​മ്മോറിയൽ ഗവ. കോളജിൽ അസോസിയറ്റ്​ പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments