വരകളിലൂടെ വാസുദേവന്‍ നമ്പൂതിരി മലയാളിയുടെ ദൃശ്യബോധത്തിലും സൗന്ദര്യസങ്കല്പത്തിലും വരുത്തിവെച്ച മാറ്റങ്ങള്‍ നിരവധിയാണ്. സാഹിത്യത്തെ ഉപജീവിച്ച് രൂപപ്പെട്ട ആ രേഖാചിത്രങ്ങള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഏറെ അകലെയായിരുന്നു. ലാസ്യതയുടെയും സൗകുമാര്യത്തിന്റെയും ആധിക്യം പരുക്കന്‍ പ്രകൃതങ്ങളെ വരകളിലൂടെ പ്രതിഫലിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തി. കേരള ചുവര്‍ചിത്രങ്ങളുടെയും, ദാരുശില്പങ്ങളുടെയും വലിയ സ്വാധീനം നമ്പൂതിരി വരകളില്‍ നമുക്ക് കാണാനാവും.
കെ.സി.എസ്. പണിക്കരുടെ ശിഷ്യപരമ്പരയില്‍പെട്ട, മദ്രാസ് സ്‌കൂളിന്റെ ഭാഗഭാക്കായ വാസുദേവന്‍ നമ്പൂതിരി സമകാലിക കലാകാരരില്‍ നിന്നും, രേഖാചിത്രകാരരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി. കേരളത്തില്‍ ആധുനിക കലാപ്രസ്ഥാനങ്ങള്‍ നാമ്പെടുത്തുതുടങ്ങിയ കാലത്ത് ചിത്രകലാ രംഗത്ത് സജീവമായ അദ്ദേഹം രേഖാചിത്രണ രംഗത്തും ശില്പകലാ രംഗത്തും നിപുണത പ്രകടിപ്പിച്ചു.
എം.വി. ദേവനും, എ.എസ്സും വരകളിലൂടെ തീര്‍ത്ത പരിവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. എ.എസ്സിന്റെ ഇരുണ്ട പശ്ചാത്തലത്തിലെ പരുക്കന്‍ രേഖാചിത്രങ്ങളും, ദേവന്റെ കുറുകിയ മനുഷ്യരൂപങ്ങളും സാഹിത്യവായനക്കാരായ മലയാളിയുടെ ഭാവുകത്വത്തില്‍ വലിയ സ്വാധീനം ചെലുത്തിയവയാണ്. എന്നാല്‍ നമ്പൂതിരിയിലെത്തുമ്പോള്‍ ആ തുടര്‍ച്ച മുറിഞ്ഞു പോയതായി കാണാം. ഒഴുക്കന്‍ വരകളിലൂടെ സൃഷ്ടിച്ച ലാവണ്യദേഹങ്ങളായിരുന്നു അവയൊക്കെ! സാമാന്യത്തിലും അധികം നീളം തോന്നിക്കുന്ന, വീതിയേറിയ അരക്കെട്ടും ചെറിയ തലയും ഉള്ള ആ ചിത്രണശൈലി വരേണ്യ കാഴ്ചകളെ തൃപ്തിപ്പെടുത്തുന്നവയായിരുന്നു. സ്ത്രീകഥാപാത്രങ്ങളുടെ പ്രത്യേകതകളെയും സ്വഭാവസവിശഷതകളെയും ലാവണ്യതയിലൂന്നിയ അതിലാസ്യത പകരം വെക്കുന്നു. പുരുഷനോട്ടങ്ങളില്‍ തെളിയുന്ന അത്തരം സ്ത്രീശരീരങ്ങള്‍ സദാ കാമാതുരമായും വിഷയാസക്തമായും വാരികത്താളുകളില്‍ ഇടം നേടി.
ലോകത്താകമാനം കലാമേഖലയില്‍ മാറ്റങ്ങള്‍ സംഭവിച്ച 1960- കളിലാണ് വാസുദേവന്‍ നമ്പൂതിരി ഇല്ലസ്‌ട്രേഷന്‍ രചന ആരംഭിക്കുന്നത്. ചിത്ര-ശില്പ കലാരംഗത്ത് കാര്യമായ അഴിച്ചുപണികള്‍ നടന്നിരുന്ന കാലമായിരുന്നിട്ടും രേഖാചിത്രണം ശൈശവദശയില്‍ തന്നെ തുടര്‍ന്നു. മദ്രാസ് സ്‌കൂള്‍ ബാക്കിവെച്ച പ്രാദേശികത്വവും, ഫോക്ക് പ്രതിനിധാനങ്ങളും, അമൂര്‍ത്തതയും കേരള കലാ രംഗത്തു നിന്നും വിട്ടു പോകാത്തതു പോലെത്തന്നെ, രേഖാചിത്രണത്തില്‍ പരീക്ഷണങ്ങളും പുതുഭാവുകത്വവും കടന്നുവരാന്‍ പിന്നെയും കാലമെടുത്തു. നടപ്പുരീതികളെ മാറ്റിപ്പണിയുന്ന ഇടപെടലുകള്‍ കേരള ഇല്ലസ്‌ട്രേഷന്‍ രംഗത്ത് ഇനിയും നടക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.