ഒറ്റവാക്യത്തിൽ ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ തത്വചിന്തകൻ, അതിന്റെ സൈദ്ധാന്തികൻ എന്ന് സീതാറാം യെച്ചൂരിയെ വിശേഷിപ്പിക്കാം. അത്തരമൊരു ഐക്യമുന്നണി രൂപപ്പെടുത്തുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച രാഷ്ട്രീയ പക്വതയുടെയും ധൈഷണികമായ സൂക്ഷ്മതയുടെയും സമന്വയമായിരുന്നു അദ്ദേഹം.
1992-ൽ ഡിസംബറിൽ ബാബരി മസ്ജിദ് പൊളിക്കപ്പെട്ട സന്ദർഭത്തിലാണ് ഹിന്ദുത്വയുടെ രാഷ്ട്രീയപരിണാമം എന്ന പുസ്തകം അന്ന് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറിയായിരുന്ന ഞാനും ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.എസ്. ഹരിഹരനും ചേർന്ന് എഴുതുന്നത്. ആ പുസ്തകത്തിന് ആമുഖമെഴുതിയത് സീതാറാം യെച്ചൂരിയാണ്. വരാനിരിക്കുന്ന വലിയൊരു വിപത്തിനെക്കുറിച്ചുള്ള താക്കീതും മുന്നറിയിപ്പും യെച്ചൂരി ആ ആമുഖത്തിൽ മുന്നോട്ടുവക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രശരീരത്തെയാകെ അപകടപ്പെടുത്തുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ചുള്ള ഓർമക്കുറിപ്പായി ഇന്ന് ആ ആമുഖം വീണ്ടും വായിക്കുമ്പോൾ കൃത്യമായി അനുഭവപ്പെടും.
ഇന്ത്യൻ ജനതയുടെ ജീവിതത്തെയാകെ സ്തംഭിപ്പിച്ച അടിയന്തരാവസ്ഥയുടെ ഭയപ്പെടുത്തുന്ന കാലത്താണ്, ആ ഭയത്തിന്റെ മൗലികസ്രോതസ്സായി പ്രവർത്തിച്ച ഇന്ദിരാഗാന്ധിയെ വിചാരണ ചെയ്യുന്ന തലത്തിലേക്ക് വിദ്യാർഥിസമൂഹത്തെ ജെ.എൻ.യുവിൽ വളർത്തിക്കൊണ്ടുവരാൻ യെച്ചൂരിക്കു കഴിഞ്ഞു.
അതിനുശേഷം തിരിഞ്ഞുനോക്കേണ്ടിവരാത്തവിധം ഇന്ത്യനവസ്ഥ അനുദിനം കീഴ്‌മേൽ മറിയുകയാണുണ്ടായത്. അതിന് എന്താണ് പരിഹാരം എന്ന അത്യന്തം ഉൽക്കണ്ഠാകുലമായ ചോദ്യത്തിന് ഉത്തരം കാണുന്നതിൽ, അഖിലേന്ത്യ അടിസ്ഥാനത്തിൽ സീതാറാം യെച്ചൂരിക്കുമുമ്പ് വലിയൊരു പങ്കു വഹിച്ചത് ഹർകിഷൻ സിങ് സുർജിത്താണ്. ഇന്ത്യൻ നവ ഫാഷിസത്തെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുക എന്നൊരു കാഴ്ചപ്പാടാണ് സുർജിത് ഉയർത്തിയത്. പ്രത്യയശാസ്ത്രപരമായ അഭിപ്രായഭിന്നതകൾക്കപ്പുറത്ത് പ്രായോഗികമായി ഇന്ത്യയിൽ രൂപപ്പെട്ടുവരേണ്ട ഫാഷിസ്റ്റ് വിരുദ്ധ ഐക്യം വികസിപ്പിച്ചെടുക്കാതെ ഇന്ത്യൻ ജനതക്ക് ആത്മാഭിമാനത്തോടെ ജീവിച്ചിരിക്കാൻ കഴിയില്ല എന്നത് പിന്നീട് ഏറ്റവും ആഴത്തിൽ തിരിച്ചറിഞ്ഞ് അതിനനുയോജ്യമായ രാഷ്ട്രീയ നയരൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ചത് സീതാറാം യെച്ചൂരിയാണ്.
സീതാറാം യെച്ചൂരിയുടെ അക്കാദമിക് ജീവിതം ഏറ്റവും ഫലപ്രദമായ ഔന്നത്യം പുലർത്തിയ ഒന്നായിരുന്നു. ആ ഔന്നത്യത്തെ പ്രബുദ്ധ രാഷ്ട്രീയ കാഴ്ചപ്പാടുമായി വൈരുദ്ധ്യാത്മകമായി ഐക്യപ്പെടുത്തുന്നതിന്റെ ഏറ്റവും മികച്ച പ്രക്ഷോഭവേദിയായി മാറുന്നത് ജെ.എൻ.യുവാണ്. അതിൽ തന്നെ, ഇന്ത്യൻ ജനതയുടെ ജീവിതത്തെയാകെ സ്തംഭിപ്പിച്ച അടിയന്തരാവസ്ഥയുടെ ഭയപ്പെടുത്തുന്ന കാലത്താണ്, ആ ഭയത്തിന്റെ മൗലികസ്രോതസ്സായി പ്രവർത്തിച്ച ഇന്ദിരാഗാന്ധിയെ വിചാരണ ചെയ്യുന്ന തലത്തിലേക്ക് വിദ്യാർഥിസമൂഹത്തെ ജെ.എൻ.യുവിൽ വളർത്തിക്കൊണ്ടുവരാൻ യെച്ചൂരിക്കു കഴിഞ്ഞത്. അടിയന്തരാവസ്ഥാ കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അക്ഷരാർഥത്തിൽ ഭയന്നുവിറച്ച സന്ദർഭമായിരുന്നു അത്. വൻതോതിൽ വിദ്യാർഥികളെ, അതും ജീവിതത്തിന്റെ വ്യത്യസ്ത തുറകളിൽ ധൈഷണികമായി ഇടപെടുന്ന, ഇന്ത്യയുടെ ധൈഷണിക പ്രബുദ്ധതയുടെ പരിച്‌ഛേദമെന്ന് ഏതർഥത്തലും പറയാവുന്ന ഒരു വിദ്യാർഥി സമൂഹത്തെ, ആ കാലത്ത് നിലനിന്ന എല്ലാ ഭീകരതകൾക്കും എതിരെ അണിനിരത്തും വിധത്തിൽ, ഒരു വലിയ പ്രക്ഷോഭം വിജയിപ്പിച്ചു എന്നത്, സത്യത്തിൽ ലോക വിദ്യാർഥികളുടെ ചരിത്രത്തിൽ അടയാളപ്പെട്ടുകഴിഞ്ഞ ഒരു കാര്യമാണ്. അതുകൊണ്ട് യെച്ചൂരിയുടെ വിദ്യാർഥികാലം എന്നു പറയുന്നത് വളരെ പ്രക്ഷോഭാത്മകമായ ഒരു കാലമാണ്. അതേസമയം, ആഴത്തിലുള്ള ധൈഷണികതയും അത്രതന്നെ ആഴത്തിലുള്ള രാഷ്ട്രീയ പ്രബുദ്ധതയും പരസ്പരം ഒത്തുചേർന്ന് നടത്തിയ ഒരു വൻ കുതിപ്പുമായിരുന്നു അത്.
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ചലനങ്ങൾ മുതൽ സാർവദേശീയരംഗത്ത് അടിക്കടിയുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ വരെ അതിന്റെ സങ്കീർണതയിൽ തന്നെ അദ്ദേഹം മനസ്സിലാക്കി, അതിനെ ഇന്ത്യനവസ്ഥയുമായി ബന്ധപ്പെടുത്തി, പ്രത്യേകിച്ച് ജാതിമേൽക്കോയ്മയുടെ ഭീകരതകൾ അദ്ദേഹം തുറന്നുകാണിച്ചു.
അത്തരമൊരു സന്ദർഭത്തിലാണ് ഇതിഹാസ- പുരാണങ്ങൾ യുദ്ധവിരുദ്ധമാണെന്ന അഭിപ്രായം വന്നപ്പോൾ, ഇതെല്ലാം യുദ്ധോത്സുക കൃതികളാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അപ്പോഴാണ് ഇന്ത്യൻ ഫാഷിസ്റ്റുകൾ അദ്ദേഹത്തിന്റെ പേര് മാറ്റണമെന്ന വിചിത്ര നിർദേശവുമായി എത്തിയത്. അവർ പറഞ്ഞത്, ഇയാളുടെ പേര് സീതാറാം എന്നല്ല, ‘മാർക് ലെനി’ എന്നാക്കി മാറ്റണം എന്നാണ് (മാർക്സിന്റെയും ലെനിന്റെയും ചുരുക്കപ്പേര് എന്ന നിലയിൽ). ഇതിഹാസത്തിലെ സീതയുടെയും രാമന്റെയുമൊക്കെ പേര് സ്വീകരിക്കുകയും എന്നാൽ സീതയും രാമനുമെല്ലാം ഉൾക്കൊള്ളുന്ന ഇതിഹാസങ്ങൾ യുദ്ധോത്സുകമാണെന്ന അപഖ്യാതി പറഞ്ഞുപരത്തുകയുമാണ് ഇയാൾ ചെയ്യുന്നത് എന്നും അവർ പറഞ്ഞുവച്ചു. ഇന്ത്യൻ ഫാഷിസത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമായിരുന്നു യെച്ചൂരി.
ജാതിവിരുദ്ധതയെക്കുറിച്ചുള്ള ധൈഷണിക അന്വേഷണങ്ങൾ സീതാറാം യെച്ചുരി വികസിപ്പിച്ചെടുത്തിരുന്നു. ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഏറ്റവും ചെറുതെന്നു കരുതുന്ന ജാതിവാൽ തൊട്ടുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. യെച്ചൂരിയെ ഏറെ സ്വാധീനിച്ച പി. സുന്ദരയ്യയായിരുന്നു ഇക്കാര്യത്തിലും പ്രചോദനമായത്. സുന്ദരരാമറെഡ്ഢി എന്നായിരുന്നുവല്ലോ പി. സുന്ദരയ്യയുടെ പേര്. അതിൽനിന്ന് റെഡ്ഢി ജാതിപ്പേര് ഒഴിവാക്കുകയായിരുന്നു സുന്ദരയ്യ. അത് യെച്ചൂരിയെയും ഏറെ സ്വാധീനിച്ചിരുന്നു.
എന്തുവില കൊടുത്തും ഇന്ത്യൻ ഫാഷിസത്തെ പരാജയപ്പെടുത്താനുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിലും തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും പല തരത്തിൽ ഇടഞ്ഞുനിൽക്കുന്ന പ്രദേശിക കക്ഷികളെയും ദേശീയ രാഷ്ട്രീയപാർട്ടികളെയും ഒന്നിച്ചുകൂട്ടുന്നതിൽ യെച്ചൂരിയുടെ സാന്നിധ്യവും ഇടപെടലും വലിയ ദൗത്യം നിർവഹിച്ചിട്ടുണ്ട്.
ഇന്ത്യൻ ജനായത്തത്തിന് അടിസ്ഥാനപരമായ പരിമിതിയുണ്ട്. ഡോ. ബി.ആർ. അംബേദ്കർ അടക്കമുള്ളവർ സൂചിപ്പിച്ചതുപോലെ ജാത്യാധിപത്യത്തിന്റെ മുകളിൽ കെട്ടിയേൽപ്പിക്കപ്പെട്ട ഒന്നാണ് ഇന്ത്യൻ ജനായത്തം. അതേസമയം, ഇന്ത്യൻ ജനായത്തത്തിന്റെ സാധ്യതകൾ, അതിന്റെ ഭാഗമായ ഭരണഘടനയുടെ സാധ്യത ഇതെല്ലാം ഇന്നും ഇന്ത്യൻജനതക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അത് സൂക്ഷ്മമായി കണ്ടറിഞ്ഞ് ഈ പാർട്ടികളെ കൂട്ടിയോജിപ്പിക്കുന്നതിൽ മാത്രമല്ല, ഇന്ത്യൻ ഭരണഘടനയെ ‘ഇന്ത്യ’ മുന്നണിയുടെ സഖ്യകക്ഷിയാക്കിത്തീർക്കുന്നതിലും സീതാറാം യെച്ചൂരിയുടെ റോൾ വളരെ പ്രധാനപ്പെട്ടതായിരുന്നു.
ഇന്നത്തെ ഇന്ത്യനവസ്ഥയിൽ യെച്ചൂരിയുടെ വിയോഗം ജനാധിപത്യ- മതനിരപേക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണ്.
18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിക്കൊപ്പം ഇന്ത്യൻ ഭരണഘടനയും സൂപ്പർ താര പദവിയിലേക്കുയർന്നു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണം, ഭരണഘടനക്കുപകരം ഇവർ മനുസ്മൃതിയാണ് സ്ഥാപിക്കാൻ പോകുന്നത് എന്ന മുന്നറിയിപ്പ്, ‘ആസാദി’ എന്നു വിളിക്കുന്നത് മനുവാദികൾക്ക് വിരുദ്ധമാണെങ്കിൽ ഞാനും മനുവാദികൾക്ക് വിരുദ്ധമായ കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ധീരമായി പ്രഖ്യാപിക്കാനുളള ആർജവം- ഇതെല്ലാം യെച്ചൂരിയിൽ കാണാനാകും. അതുകൊണ്ട് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ വിശ്രമമില്ലാത്ത ഇടപെടലിന്റെ ഒരു കേന്ദ്രമായിത്തീരാൻ പാർട്ടി ജനറൽ സെക്രട്ടറിയെന്ന നിലക്ക് യെച്ചൂരിക്കു കഴിഞ്ഞു.
ഒരു നവ ഫാഷിസ്റ്റ് രാഷ്ട്രീയകാലത്ത് ഏതൊക്കെതരത്തിലുള്ള പ്രവർത്തനങ്ങളിലേക്കാണ് കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് ഇതരരും ചില ഘട്ടങ്ങളിൽ കമ്യൂണിസ്റ്റ് വിരുദ്ധർ പോലും ഐക്യപ്പെടേണ്ടത് എന്ന തരത്തിൽ, വലിയൊരു ഫാഷിസ്റ്റ് വിരുദ്ധഐക്യുമുന്നണിയുടെ തത്വചിന്തകൻ എന്ന രീതിയിലേക്ക് കാലം ആവശ്യപ്പെടുന്ന തരത്തിൽ അദ്ദേഹം വളരുകയും ആ വളർച്ചയുടെ വഴിയിലൂടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കാൻ അദ്ദേഹം തീവ്രമായി ശ്രമിക്കുകയും ആ ശ്രമത്തിൽ അദ്ദേഹം വലിയ ചുവട് മുന്നോട്ടുപോകുകയും ചെയ്തു എന്നാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് കാണാനാകുന്നത്.
ഇന്നത്തെ ഇന്ത്യനവസ്ഥയിൽ യെച്ചൂരിയുടെ വിയോഗം ജനാധിപത്യ- മതനിരപേക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ നഷ്ടമാണ്. കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചു മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് യോജിപ്പില്ലാവരെ സംബന്ധിച്ചും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ കാഴ്ചപ്പാടു പുലർത്തുന്ന സർവരെയും സംബന്ധിച്ചും വളരെ സങ്കടകരമാണ്.