പാട്ടിന്റെ ചന്തം,
കേൾവിയിലെ ഓളം…

മലയാള സിനിമാഗാനരംഗം അന്നോളം കെട്ടിപ്പൊക്കി കൊണ്ടുവന്ന സ്വയം പ്രഖ്യാപിത 'ചന്തം' ഒന്നുമായിരുന്നില്ല എസ്. പി. വെങ്കിടേഷിന്റെ ഈണങ്ങൾക്ക്. ഡിജിറ്റൽ കാലത്തിന്റെ നിഴൽപോലും വീണുതുടങ്ങാത്ത ആ സമയത്ത് എസ്.പി ഉണ്ടാക്കിയ ഓളം ചെറുതല്ല - ഡോ. ശ്യാം സോർബ എഴുതുന്നു.

എസ്. പി. വെങ്കിടേഷിനെ കേൾക്കാത്ത ഒരു ദിനവും മലയാളിക്കുണ്ടായിരുന്നില്ല, ഇനി അങ്ങോട്ടും അതങ്ങനെയായിരിക്കും. സംഗീത പ്രേമികളുടെ പ്ലേയ്‌ ലിസ്റ്റുകളിൽ എന്നും നിറസാന്നിധ്യമായി നിലനിൽക്കുന്ന, എണ്ണംപറഞ്ഞ എവർഗ്രീൻ ഹിറ്റുകൾ സമ്മാനിച്ച ഈ അനശ്വര പ്രതിഭ വിടവാങ്ങുമ്പോൾ, ബാക്കിയാകുന്നത് കാലാതീതമായ മനോഹര ഗാനങ്ങളാണ്.

മാൻഡലിൻ വാദകനായിരുന്ന പിതാവ് പഴനിയുടെ ശിക്ഷണത്തിൽ മൂന്ന് വയസ്സു മുതൽ സംഗീത ശിക്ഷണം ആരംഭിച്ച വെങ്കടേഷ് പതിയെ മാൻഡലിന് പുറമെ ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. കുഞ്ഞുനാളിലെ കൂടെ ചേർന്ന സംഗീതം തനിക്കൊപ്പം വളർന്ന് ഒടുവിൽ ആ യാത്ര ആദ്യം ചെന്ന് നിൽക്കുന്നത് അറുപതുകളിൽ തെന്നിന്ത്യൻ സിനിമകളുടെ ഓർക്കസ്ട്രാ സംഗത്തിലാണ്. രവീന്ദ്രനും എ. ടി. ഉമ്മറിനും ഒക്കെവേണ്ടി ഓർക്കസ്ട്ര വായിച്ചുതുടങ്ങിയ എസ്. പി, എൺപതിൽ സ്വതന്ത്ര സംഗീത സംവിധായകനായി തെലുങ്കിലേക്കും അവിടുന്ന് മലയാളത്തിലേക്കും യാത്ര തുടർന്നു.

മലയാളത്തിലെത്തിയ എസ്. പിയുടെ പാട്ടുകളെ ഇരുകയ്യും നീട്ടിയാണ് സംഗീതപ്രേമികൾ സ്വീകരിച്ചത്. പിന്നീട് മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി ആ പാട്ടുകൾ. പശ്ചാത്തല സംഗീതത്തിലൂടെയും പാട്ടുകളിലൂടെയും തന്റേതായ ശൈലി കൈവരിക്കാൻ അദ്ദേഹത്തിന് എളുപ്പം സാധിച്ചു. കേൾവിയിൽ കാലങ്ങളോളം കൊളുത്തിയിട്ട കോമ്പോസിഷനുകളായിരുന്നു ഓരോന്നും.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത്, 1986- ൽ റിലീസ് ചെയ്ത ‘രാജാവിന്റെ മകൻ’ എന്ന സിനിമയ്ക്കായി പശ്ചാത്തലസംഗീതവും പാട്ടുകളും ഒരുക്കിയ എസ്. പി പോലും ചിലപ്പോൾ ചിന്തിച്ചുകാണില്ല, മലയാളത്തിലെ സിനിമാപാട്ടുചരിത്രത്തിന്റെ ഹൃദയത്തിലേക്കുള്ള വാതിലായിരുന്നു അതെന്നത്. നാട്ട രാഗത്തിൽ ഷിബു ചക്രവർത്തിയുടെ വരികൾ ഗായകൻ ഉണ്ണിമേനോന് മൂളിക്കൊടുത്ത ഈണം, "വിണ്ണിലെ ഗന്ധർവ്വ വീണകൾ പാടുന്ന സംഗീതമേ......". പാട്ടിനേക്കാൾ പതിന്മടങ്ങു സ്വാധീനമായിരുന്നു സിനിമയുടെ ബി ജി എം അന്നുണ്ടാക്കിയത്.

മലയാള സിനിമാഗാനരംഗം അന്നോളം കെട്ടിപ്പൊക്കി കൊണ്ടുവന്ന സ്വയം പ്രഖ്യാപിത 'ചന്തം' ഒന്നുമായിരുന്നില്ല എസ്. പി. വെങ്കിടേഷിന്റെ ഈണങ്ങൾക്ക്. ഡിജിറ്റൽ കാലത്തിന്റെ നിഴൽപോലും വീണുതുടങ്ങാത്ത ആ സമയത്ത് എസ്.പി ഉണ്ടാക്കിയ ഓളം ചെറുതല്ല.

തൊണ്ണൂറുകളിൽ ഈണം നൽകിയ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സിനിമാപാട്ടുകൾ മാത്രമല്ല, ആൽബങ്ങൾ അടക്കം തരംഗമാക്കാൻ കഴിവുള്ള, സാമാന്യജനതയുടെ പ്രിയമറിയുന്ന, അത്യന്തം വിപുലമായ സംഗീതജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു.

1991- ൽ ‘കിലുക്ക’ത്തിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എസ്.പി മലയാളികളെ സ്വാഗതം ചെയ്തു. ‘കിലുകിൽ പമ്പരം’ മനോഹരമായ ഒരു താരാട്ടിലേക്ക് നയിച്ചപ്പോൾ, ‘ഊട്ടിപ്പട്ടണം’ തമാശ നിറഞ്ഞ ആസ്വാദന ശൈലിയുടെ പുതിയ ഭാവുകത്വമെഴുതി.

‘തുടർക്കഥ’യിലെ ആതിര വരവായി, ശരറാന്തൽ പൊന്നും പൂവും എന്നീ ഗാനങ്ങളിലൂടെ മെലഡിയുടെ ആസ്വാദനത്തിൽ മലയാളികളെ ആഹ്ലാദിപ്പിച്ച അതേ വർഷമാണ്, ‘ജോണി വാക്കറി’ലൂടെ മമ്മൂട്ടിയെ ചുവടുവെപ്പിച്ച്, ‘ശാന്തമീ രാത്രിയിൽ’ അവതരിപ്പിച്ചത്. അന്നും ഇന്നും ഡാൻസ് പ്ലെലിസ്റ്റുകളിൽ ‘ശാന്തമീ രാത്രികൾ’ ഒരു ഓപ്‌ഷൻ ആയി മലയാളികൾ സ്വീകരിച്ചുവരുന്നു. ‘കൗരവറി’ലെ ‘കനകനിലാവേ…’ ആയിരുന്നു അടുത്ത മാസ്റ്റർപീസ്.

പിറന്നാൾ മധുരം പോലെ മധുരമാർന്ന ഈണവുമായി എസ്.പി 92- ൽ ‘നാടോടി’ എന്ന സിനിമയിലൂടെ വീണ്ടും നമ്മൾക്കൊപ്പം ചേർന്നു. ഇന്നും സോഷ്യൽ മീഡിയ പിറന്നാൾ സ്റ്റാറ്റസുകൾ കീഴടക്കുന്ന മനോഹരമായ ഈണമാണ് "കുഞ്ഞുപാവക്കിന്നല്ലോ, നല്ല നാള് പിറന്നാള് ..."

തളിർവെറ്റിലയിൽ വരദക്ഷിണ വെച്ച്, തുമ്പിപ്പെണ്ണിനെ വരവേറ്റുകൊണ്ടായിരുന്നു 93- ന്റെ തുടക്കം. മാലിനിയുടെ തീരങ്ങൾ തൊട്ട്, നെഞ്ചിൽ കഞ്ചബാണമെയ്ത്, 93- ന്റെ അവസാനത്തിൽ താമരക്കണ്ണനുറങ്ങേണം എന്ന മനോഹരമായ താരാട്ട്.

‘കാബൂളിവാല’യിലെ മുഴുവൻ പാട്ടുകളും ഹിറ്റാക്കി അടുത്ത വർഷാരംഭം. അതിനുശേഷം ഡാൻസ് നമ്പറുകളുമായി, ‘ബാഗി ജീൻസും ടോപ്പുമണിഞ്ഞ്...’ പോലുള്ള പാട്ടുകൾ. പിന്നീട് കൂടുതലും മെലോഡിയസ് കോമ്പോസിഷനുകളായിരുന്നു. ഓരോ വർഷവും ഒരു സ്ഫോടനം എന്നതായിരുന്നു അന്ന് എസ്.പി യുടെ കണക്ക്. അത്തരത്തിലൊരു സ്ഫോടനമായിരുന്നു ഇന്നും മലയാളികളുടെ രോമാഞ്ചമായ "ഏഴിമല പൂഞ്ചോല....".

ആ യാത്ര വന്നുനിന്നത് 2025- ൽ ജേക്സ് ബിജോയ് റീമേക്ക് ചെയ്ത്, അന്ന് മമ്മൂട്ടി എങ്കിൽ ഇന്ന് മോഹൻലാൽ എന്നവണ്ണം ‘ശാന്തമീ രാത്രിയിൽ’- ന്റെ പുതിയ ആഘോഷത്തിലായിരുന്നു.

ഗാനങ്ങൾ മാത്രമായിരുന്നില്ല എസ്.പി വെങ്കിടേഷിനെ വേറിട്ട സംഗീതജ്ഞനാക്കിയത്. ഇന്നും പല സിനിമകളും നമ്മൾ ഓർത്തിരിക്കുന്നത് അദ്ദേഹമൊരുക്കിയ പശ്ചാത്തലസംഗീതത്തിലൂടെയും കൂടിയാണ്. ‘ദൗത്യ’ത്തിൽ റോയ് ജേക്കബ് തോമസും, ‘ദേവാസുര’ത്തിൽ മംഗലശ്ശേരി നീലകണ്ഠനും, മുണ്ടയ്ക്കൽ ശേഖരനും, ‘ധ്രുവ’ത്തിൽ നരസിംഹ മന്നാടിയാരും, ‘റാംജിറാവു സ്പീക്കിംഗി’ൽ മാന്നാർ മത്തായിച്ചനും കൂട്ടാളികളുമെല്ലാം മലയാളി മനസ്സിലിടം നേടിയത് എസ്. പി. വെങ്കിടേഷിന്റെ പാശ്ചാത്തല സംഗീതത്തിലൂടെയാണ്.

Read: ദൈവപ്പെടുന്ന മനുഷ്യർ
നിറഞ്ഞാടുന്ന ‘ദൈവക്കരു’

സ്ഥിരം രീതി, അല്ലെങ്കിൽ ഒരു ഴോണർ, അത്തരമൊരു വഴിയിലൂടെയല്ല അദ്ദേഹം സഞ്ചരിച്ചത്. ഓരോ പാട്ടും ഓരോ പരീക്ഷണമായിരുന്നു. ഒന്ന് മറ്റൊന്നിൽനിന്ന് തീർത്തും വ്യത്യസ്തം. അത്യന്തം ലളിതമായ പാട്ടുകളിലും ശാസ്ത്രീയസംഗീതത്തിലുമെല്ലാം ഒരു ‘എസ്.പി.​ വെങ്കിടേഷ്’ മുദ്ര പതിഞ്ഞുകിടന്നിരുന്നു.

തന്റെ ഈണങ്ങളിൽ പാടേ പരാജയപ്പെട്ടവ വളരെ ചുരുക്കമായിരുന്നു. അവാർഡ് എന്ന മാനദണ്ഡത്തിൽ നോക്കിയാൽ ഒരുപക്ഷെ എസ്.പി വെങ്കിടേഷ് എന്ന മനുഷ്യനെ കേൾക്കാൻ കഴിഞ്ഞെന്നുവരില്ല. പക്ഷെ കോടിക്കണക്കിന് മലയാളികളുടെ പ്ളേലിസ്റ്റുകൾ പരിശോധിച്ചാൽ അവയിലൊക്കെ ഒരുവട്ടമെങ്കിലും ഈ സംഗീതജ്ഞനെ കേൾക്കാനാകും.

മെലഡി, താരാട്ട് പാട്ടുകൾ, പ്രണയഗാനങ്ങൾ, വിരഹഗാനങ്ങൾ, ഡാൻസ് നമ്പറുകൾ, എന്നിങ്ങനെ സിനിമാഗാനശാഖയിലെ വ്യത്യസ്‌തമാർന്ന പാട്ടുകളിലെല്ലാം എസ്.പി. വെങ്കിടേഷിന് സംഭാവനയുണ്ടായിരുന്നു. ന്യൂ ജൻ റാപ്പ് ആണെങ്കിലും, അതിന്റെ ആദ്യ വേർഷനുകളിൽ ഒന്ന് എസ്.പിയുടേതാകും. അത്രത്തോളം, കാലത്തിനപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കും, ആ പാട്ടുകൾ.

Comments