കലാപ്രവർത്തനത്തെ സമൂഹബന്ധവ്യവസ്ഥയുമായി ചേർത്തിണക്കുകയും ആധുനിക-ആധുനികാനന്തര ഇന്ത്യൻ കലയിൽ അനിഷേധ്യമായ സ്ഥാനമുറപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു ഇന്നലെ അന്തരിച്ച വിവാൻ സുന്ദരം (1943-2023). സ്വതന്ത്ര കലാപ്രവർത്തകനും ഇന്ത്യയിലെ ഇൻസ്റ്റലേഷൻ ആർട്ടിന്റെ പ്രഥമവക്താവുമായ വിവാൻ, കലയുടെ ഭൗതികവസ്തുമൂല്യത്തെ ആശയപ്രധാനമാക്കി പരിണമിപ്പിച്ചതിൽ പ്രധാനിയുമായിരുന്നു.
സ്വന്തം ഭാവനയുടെ അധിപൻ എന്ന നിലയിൽ കലാകൃത്ത് സൂക്ഷിച്ച പ്രകാശവലയത്തെ സഹജീവിതവർത്തമാനത്തിന്റെ അനവധി അടരുകളായി ചിതറിച്ചുകളയുകയും കലയും രാഷ്ട്രീയവുമെന്ന കാലസൂചനയെ തന്റെ കലാപ്രവർത്തനത്തിന്റെ അടിയാധാരമായി പരിവർത്തിപ്പിക്കുകയും ചെയ്തു വിവാൻ. നവലിബറൽ നയങ്ങളുടെയും വർഗീയവിദ്വേഷങ്ങളുടെയും നടുവിലിരുന്ന് കല ചെയ്തതിനാലാവണം ഏകശിലാത്മകമായ കലാകാരപദവിയിൽനിന്ന് ആർട്ടിസ്റ്റ്-ആക്റ്റിവിസ്റ്റ് എന്ന ലേബലിലേക്ക് തന്റെ പ്രവർത്തനങ്ങളെ ചേർത്തുവെക്കാൻ അദ്ദേഹത്തിന് സാധിച്ചത്. അതിൽ കലാസൃഷ്ടി സ്വകീയമായ ഉന്നതസ്ഥാനം അലങ്കരിച്ചില്ല, പകരം പല പ്രകാരങ്ങളിൽ പ്രവർത്തിച്ചുപോന്ന എഴുത്തിന്റെയും വിമർശനത്തിന്റെയും ആക്ടിവിസത്തിന്റെയും ത്രിതലബന്ധത്തെ സഹകരണാത്മകമായി വിലയിപ്പിച്ചുകൊണ്ടാണ് വിവാൻ ഇന്ത്യൻ കലയിൽ ഒരു ഭാവുകത്വവ്യതിയാനത്തിന് തുടക്കമിട്ടത്.
ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലും ലണ്ടനിലെ സ്ലേഡ് യൂണിവേഴ്സിറ്റിയിലും നിന്നാണ് വിവാൻ കലാപഠനം പൂർത്തിയാക്കുന്നത്. പഠനകാലത്ത് സാമ്രാജ്യത്വവിരുദ്ധസമരങ്ങളിലും വിദ്യാർത്ഥിപ്രക്ഷോഭങ്ങളിലും സാന്നിദ്ധ്യമറിയിച്ച വിവാൻ 1971-ലാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. അടിയന്തിരാവസ്ഥാക്കാലത്ത് കലാസംഘങ്ങൾക്കൊപ്പവും വിദ്യാർത്ഥിക്കൂട്ടായ്മകൾക്കൊപ്പവും തന്റെ പ്രവർത്തനം വ്യാപിപ്പിച്ചു, വിവാൻ. കലാചരിത്രകാരിയും ക്യൂറേറ്ററും ജീവിതപങ്കാളിയുമായ ഗീതാ കപൂറുമൊന്നിച്ച് നടത്തിയ കലാസംരഭങ്ങൾ ഇന്ത്യൻ കലയിൽ നിന്ന് നിഷ്‌ക്രമിച്ചുകൊണ്ടിരിക്കുന്ന നിരവധി രാഷ്ട്രീയസംവാദങ്ങൾക്ക് ആക്കം കൂട്ടുന്നവയായിരുന്നു.
1976-ൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്ഥാപിതമായ കസൗലി ആർട്ട് സെന്ററിന്റെ കലാവീക്ഷണങ്ങൾ രൂപീകരിക്കുന്നതിൽ സുന്ദരം-കപൂർ ബന്ധം സാർത്ഥകമായി പ്രവർത്തിച്ചു. അത് കലകളുടെ ഒരു സംഘബോധമായി പ്രവർത്തിക്കുകയും നിരവധി കലാസംരഭങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. ഒരു ദശാബ്ദത്തിനുശേഷം, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ അംഗവും തിയറ്റർ ആക്റ്റിവിസ്റ്റുമായ സഫ്ദർ ഹാഷ്മിയുടെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട സാംസ്‌കാരിക കൂട്ടായ്മയായ സഹ്മത്ത് സ്ഥാപിക്കുന്നതിൽ അവർ സജീവമായി ഇടപെട്ടു. കലാലോകത്തിന്റെ വിപണിയുക്തികൾ കലയെ കേവലം പ്രദർശനവസ്തുവാക്കി മാറ്റുന്നതിൽനിന്ന് മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനുവേണ്ടി കലാ-രാഷ്ട്രീയസംവാദം ഉയർത്തിക്കൊണ്ടുവരികയായിരുന്നു സുന്ദരം-കപൂർ സമന്വയം. ഹിന്ദുവർഗീയതയുടെ കടാന്നാക്രമണങ്ങളെ കലയിലൂടെ പ്രതിരോധിക്കാൻ സുന്ദരവും കപൂറും നടത്തിയ ധീരശ്രമങ്ങൾ കലാചരിത്രത്തിന്റെയും ക്യൂററ്റോറിയൽ മാതൃകകളുടെയും പഠനത്തിൽനിന്ന് ഒഴിവാക്കാൻ കഴിയുന്നതല്ല.
ഓർമ്മയും ചരിത്രവും ജനകീയതയും തന്റെ കലയുടെ ജീവവായുവായി വിവാൻ കണ്ടു. വിവാന്റെയും ഗീതാ കപൂറിന്റെയും കലാപ്രവർത്തനത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന എ ഫ്രജൈൽ ഇൻഹറിറ്റൻസ് എന്ന പുസ്തകത്തിൽ സലോനി മതൂർ സൂചിപ്പിക്കുന്നതുപോലെ വിവാന്റെ കലയുടെ ഒരു ധാര ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എഞ്ചിൻ ഓയിലും കരിയും ഉപയോഗിച്ച് പേപ്പറിൽ തീർത്ത ഡെസർട്ട് ട്രയൽ (1991) എന്ന ഇരട്ടചിത്രം മനുഷ്യ ഇടപെടലാൽ നാശകാരിയായിത്തീർന്ന ഒരു ഭൗമചിത്രമാണ്. ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനുശേഷമുള്ള പുരാവസ്തു ശേഷിപ്പുകളുടെയും പെട്രോ-കെമിക്കൽ അവശിഷ്ടങ്ങളുടെയും രൂപത്തിലുള്ള ഭൗമപാതയായാണ് ഈ ചിത്രം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എഞ്ചിൻ ഓയിൽ ഒരേസമയം ഭൗമോല്പന്നമായിരിക്കെത്തന്നെ അത് സാമ്രാജ്യത്വത്തിന്റെയും അധിനിവേശചരിത്രങ്ങളുടെയും അബോധതലങ്ങളെക്കൂടി ഉൾവഹിക്കുന്ന ഒരു മാധ്യമമാണെന്ന് തിരിച്ചറിയുമ്പോൾ ചിത്രതലം കൂടുതൽ വിമർശാത്മകമായ സൗന്ദര്യരാഷ്ട്രീയം പങ്കുവെക്കുന്നു.
യുദ്ധത്താൽ നശിപ്പിക്കപ്പെട്ട ഒരു ആവാസവ്യവസ്ഥയുടെ ഛായാചിത്രം പോലെ മരുഭൂമിപാത മനുഷ്യകുലത്തോട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. പരമ്പരാഗത പെയിന്റിംഗിൽനിന്നു മാറി ഡ്രോയിംഗ്, പെയിന്റിംഗ്, ഇൻസ്റ്റലേഷൻ എന്നിവയ്ക്കിടയിൽ എവിടെയോ ആണ് ഡെസർട്ട് ട്രയലിന്റെ ഇടം. ഒരുപക്ഷേ വിവാനെ ഇൻസ്റ്റലേഷനുകളിലേക്കുള്ള കടന്നുവരവിലേക്ക് നയിച്ചത് ഈ പരമ്പരയാണെന്നും കരുതാം. ആർട്ട് ഗ്യാലറിയുമായുള്ള ബന്ധത്തെയും ഈ ചിത്രം പല രീതിയിൽ ഉടച്ചുവാർത്തു. 1991 മുതൽ തന്റെ കലാപ്രക്രിയകളെ നിർവ്വചിച്ച ഇൻസ്റ്റലേഷൻ, ഫോട്ടോ മൊണ്ടാഷ്, മൾട്ടിമീഡിയ വർക്ക് എന്നിവയിലേക്കുള്ള വിവാന്റെ പരിവർത്തനത്തെ ഈ പരമ്പര അടയാളപ്പെടുത്തുന്നുണ്ട്. ഇത് കേവലം രൂപപരമായ പരിവർത്തനം മാത്രമായി കണ്ടുകൂടാ. സാമൂഹികശാസ്ത്രപരമായും ചരിത്രപരമായും ലോകത്തുണ്ടായ മാറ്റങ്ങളിലേക്ക് തിരിച്ചുവെച്ച ഒരു കണ്ണ് വിവാനിൽ പ്രവർത്തിച്ചിരുന്നുവെന്നതിന്റെ സൂചനകൾകൂടി മരുഭൂപാതയിൽ തെളിയുന്നു. ഗൾഫ് യുദ്ധത്തിന്റെയും സോവിയറ്റ് യൂണിയന്റെ തകർച്ചയും ഇന്ത്യയിലെ വർഗീയകലാപങ്ങളുടെ തുടക്കവും പിന്നീടത് ബാബറി മസ്ജിദ് തകർക്കലിലേക്കും നയിച്ച സംഭവവികാസങ്ങൾകൂടി തന്റെ കലയുടെ അടിയന്തിര സംഘർഷങ്ങളായി പിന്നീട് അദ്ദേഹം തന്നെ വിശകലനം ചെയ്യുന്നുണ്ട്.
വിവാന്റെ പല വർക്കുകളിലും ആവർത്തിച്ച് ഉപയോഗിക്കപ്പെട്ട മെറ്റീരിയലുകൾ ശ്രദ്ധിച്ചാലറിയാം അവ പലപ്പോഴും താല്ക്കാലികമോ പരിണാമത്തിന് വിധേയമാവുന്നവയോ ഭൗതികവസ്തുമൂല്യത്തിന്റെ തോതിൽ ഏറ്റവും കുറഞ്ഞവയോ ആയിരിക്കും. അതിനാൽ ഉപയോഗിക്കപ്പെട്ട എഞ്ചിൻ ഓയിൽ കലാവസ്തുവിന്റെ ഭാഗമാവുന്നതിലും ഉപേക്ഷിക്കപ്പെട്ട ഒരു നഗരാവശിഷ്ടം കലാവസ്തുവാകുന്നതിലും ഉപഭോഗാധിഷ്ഠിതമായ സമകാലിക ലോകാവസ്ഥകളോടുള്ള നേർക്കുനേരായ സംവാദം രൂപപ്പെടുന്നതുകാണാം. അക്കാലത്തെ വിവാന്റെ മിക്ക രചനകളിലും ചിത്രതലം പലപ്പോഴും ആകാശക്കാഴ്ചയിലുള്ള ഭൗമമണ്ഡലമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ സ്മാർട്ട് ബോംബുകൾ യുദ്ധമുഖത്തെ കാഴ്ചകൾ ഒപ്പി ടെലിവിഷനിലൂടെ പുറത്തുവിട്ടതും യുദ്ധവിമാനങ്ങളുടെ കാഴ്ചയിലെ സ്ഥലരൂപങ്ങളെയും ഓർമ്മിപ്പിക്കുകയോ വിമർശാത്മകമായി സംവാദത്തിലേർപ്പെടുകയോ ചെയ്യുന്നതായിരുന്നു വിവാൻ മുന്നോട്ട് വെച്ച ആകാശക്കാഴ്ചകളുടെ പരമ്പരകൾ. സ്മാർട്ട് ബോംബുകളുടെയും ഡ്രോണുകളുടെയും ഭാഷയെ ചിത്രതലത്തിൽ അഭിമുഖീകരിക്കുകയായിരുന്നു വിവാന്റെ പ്രൊജക്ടുകൾ. അവയൊന്നും തന്നെ ഒറ്റപ്പെട്ട ചിത്രങ്ങൾ ആയിരുന്നില്ല. ലോകശക്തികൾക്ക് മുന്നിൽ നിരാശ്രയനായ മനുഷ്യകുലത്തിന്റെ പ്രതിനിധി എന്ന നിലയിലുള്ള നിരന്തരപ്രക്ഷോഭം കണക്കേ കലയിൽ പ്രവർത്തിക്കാനുള്ള ആഹ്വാനമായിരുന്നു അവ. പരിസ്ഥിതിക്കുമേലുള്ള മൂലധനശക്തികളുടെ കൈയേറ്റങ്ങളെ സൂചിപ്പിക്കാൻ റോബ് നിക്സൺ നിർവ്വചിച്ച 'സാവധാനത്തിലുള്ള ഹിംസ' എന്ന രൂപകത്തെയാണ് വിവാൻ സുന്ദരം കൂട്ടുപിടിക്കുന്നതെന്ന് മതൂർ നിരീക്ഷിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ പില്ക്കാല രചനകളെയും മനസ്സിലാക്കാനുള്ള ഒരു താത്വിക ഉപകരണമായി വായിച്ചെടുക്കാം.
തകർന്ന സംസ്‌കാരത്തിന്റെ ചിഹ്നങ്ങളിലും നഗരാവശിഷ്ടങ്ങളിലുമുള്ള വിവാൻ സുന്ദരത്തിന്റെ നോട്ടം സമകാലിക കലയിലെ തന്നെ സുപ്രധാനമായ ഒരു വീക്ഷണകോൺ തുറന്നുവെക്കുന്ന ഒന്നാണ്. അപചയത്തിന്റെയും ജീർണതയുടെയും രൂപങ്ങളാണ് നാം വിവാന്റെ കലാകൃതികളിൽ ഭൂരിഭാഗവും കാണുന്നത്. സുന്ദരമായത് എന്ന പൂർവ്വനിശ്ചിതധാരണകൾ അവിടെയില്ല. അസുന്ദരമായതോ നശിക്കപ്പെട്ടതോ ആയ അവശിഷ്ടങ്ങളിലൂടെ അത് നവീകരണത്തിന്റെയും പുനരുജ്ജീവനത്തിന്റെയും കഥകൾ പറയുന്നു. ആദ്യ കൊച്ചി ബിയനാലെയിൽ പ്രദർശിപ്പിച്ച ബ്ലാക് ഗോൾഡ് (2012) എന്ന ഇൻസ്റ്റലേഷനും ചരിത്രത്തെയും വർത്തമാനത്തെയും കോർത്തിണക്കുന്നു. കച്ചവടത്തിന്റെയും സമുദ്രാന്തരബന്ധത്തിന്റെയും ചരിത്രഗാഥകൾ പേറുന്ന ഒരു മണ്ണട്ടി പോലെ കറുത്ത സ്വർണം പ്രാദേശികചരിത്രത്തിന്റെയും ആഗോളസാമ്രാജ്യത്വത്തിന്റെയും സംഘർഷാത്മകബന്ധത്തെ അടയാളപ്പെടുത്തുകയായിരുന്നു. ഡൽഹി നഗരത്തിലെ യഥാർത്ഥ അവശിഷ്ടങ്ങൾ കലാവിന്യാസത്തിന്റെ ഭാഗമാക്കിയ ട്രാഷ് (2005) എന്ന മൾട്ടി മീഡിയ സമാഹാരത്തിലും നവനാഗരികതയുടെ മനുഷ്യവിരുദ്ധതയെയും മൂലധനയുക്തികളും വിചാരണ ചെയ്യപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിന്റെ വേളയിൽ കമ്മീഷൻ ചെയ്ത 'ഹിസ്റ്ററി പ്രൊജക്റ്റ്' എന്ന സ്ഥലനിശ്ചിത കലാവിന്യാസവും തൊണ്ണൂറുകളിലെ ഇന്ത്യൻ കലയിലെ ഇൻസ്റ്റലേഷൻ ആർട്ടിന്റെ വിവിധ മാനങ്ങളെ മുന്നോട്ട് വെക്കുന്ന ഒന്നായിരുന്നു.
സമകാലികതയുടെ ആദ്യവക്താക്കളിലൊരാൾ എന്ന നിലയിൽ വിവാൻ സുന്ദരം ഇനിയും പഠിക്കപ്പെടും, സഹകരണാത്മകമായ കലാപ്രവർത്തനത്തിന്റെയും ചരിത്രബോധത്തിന്റെയും രാഷ്ട്രീയമായ ഉൾക്കാഴ്ചയുടെയും പ്രതിനിധി എന്ന നിലയിൽ. വർഗീയതയും വിഭജനമനോനിലയും ഇന്ത്യൻ വർത്തമാനത്തെ കൂടുതൽ കലുഷിതമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത്, വിവാൻ മുന്നോട്ട് വെച്ച പ്രതിരോധം കലയിലെ തുടർസംവാദങ്ങൾക്ക് വഴിയൊരുക്കുന്നു. മറ്റൊരു തരത്തിൽ, അപക്രമീകരിക്കപ്പെട്ട ലോകത്തിന്റെ മിടിപ്പുകളെ അതിന്റെ വരുദ്ധ്യങ്ങളോടെ ആർക്കൈവ് ചെയ്യുന്ന ഒരു ക്യൂറേറ്ററുടെ പണിയാണ് വിവാന്റെ കല ചെയ്തത്. അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹനിർമ്മിതിയെ വിവാൻ ഓരോ വർക്കുകളിലും അഭിമുഖീകരിച്ചു. അത് സാർവ്വത്രികമായ മനുഷ്യാവസ്ഥയെ എന്ന പോലെ സമീപസ്ഥമായ അനുഭവമേഖലകളെയും ഒരേപോലെ സ്പർശിച്ചു. ആധുനികതയുടെ ചുവന്ന ഭൂതകാലത്തിലും സമകാലികതയുടെ പരന്ന വെളിച്ചത്തിലും കലയിലെ നൈതികജാഗ്രത കൈവിടാതിരുന്ന ഒരു മാനവികവാദി വിവാന്റെ കലയിൽ ജ്വലിച്ചുനിന്നു.