എം. കുഞ്ഞാമൻ:
മരണത്തിലും തുടരുന്ന സമരം

തന്റെ ജീവിതം കൊണ്ട് എം. കുഞ്ഞാമൻ നടത്തിയ സമരങ്ങളുടെ തുടർച്ച അദ്ദേഹത്തിന്റെ മരണത്തിലുമുണ്ട്. അപൂർവ്വം ചിലരെക്കുറിച്ചു മാത്രമേ നമുക്ക് അങ്ങനെ പറയാൻ പറ്റൂ.

പ്രൊഫ. എം. കുഞ്ഞാമന്റെ മരണം വാസ്തവത്തിൽ നമ്മുടെ സാമൂഹിക ജീവിതത്തെ സംബന്ധിച്ച ഒരുപാട് ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട് എന്ന കാര്യം ഇതിനകം പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമുന്നതമായ വൈജ്ഞാനികശേഷിയും അക്കാദമികമായ വലുപ്പവും കേരളീയ സമൂഹത്തിന് ഇപ്പോൾ പൊതുവെ അറിവുള്ളതാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, യു.ജി.സി അംഗത്വം എന്നിങ്ങനെ പല നിലകളിലുള്ള ഉയർന്ന വിജയങ്ങൾ അദ്ദേഹം കൈവരിച്ചിരുന്നു. കേരളീയ ജീവിതത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട സാമൂഹികശാസ്ത്ര- സാമ്പത്തിക ശാസ്ത്ര പഠനങ്ങൾ കുഞ്ഞാമൻ മാഷ് നടത്തി. ഇതെല്ലാം ചെയ്തതിനുശേഷവും തന്റെ ജീവിതത്തിന്റെ അടിപ്പടവിൽനിന്ന് ജാതിബന്ധങ്ങളും ജാതിവ്യവസ്ഥയുണ്ടാക്കുന്ന തിരസ്ക്കാരത്തിന്റെ മുറിവുകളും മാഞ്ഞുപോയിരുന്നേയില്ല എന്ന കാര്യമാണ് അദ്ദേഹം പല സംഭാഷണങ്ങളിലും സൂചിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നുള്ള വിടവാങ്ങലിലും ഈ മുറിവിന് വലിയ പങ്കുണ്ട് എന്ന് കാണാൻ വലിയ പ്രയാസമില്ല.

അദ്ദേഹം ആത്മകഥയ്ക്ക് കൊടുത്ത പേര്- ‘എതിര്’- വളരെ ശ്രദ്ധേയമാണ് എന്ന കാര്യം ചർച്ചകളിലൊക്കെ പലരും സൂചിപ്പിച്ചിട്ടുണ്ട്. ജീവിത കാലത്ത് നേരിടേണ്ടിവന്ന ചെറുതും വലുതുമായ ദുരിതാനുഭവങ്ങൾ, ജാതിവിവേചനത്തിന്റെ ഏറ്റവും പ്രകടവും പ്രത്യക്ഷവുമായ ആവിഷ്‌കാരങ്ങളുടെ അനുഭവങ്ങൾ, അദ്ദേഹം അതിൽ രൂക്ഷവും തീവ്രവുമായ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ അനുഭവങ്ങളുടെ തുടർച്ചയാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നുള്ള വിടവാങ്ങൽ എന്നും നാം കാണേണ്ടതുണ്ട്.

എം. കുഞ്ഞാമൻ

ഒരു നിലയ്ക്കുനോക്കിയാൽ തന്റെ ജീവിതം കൊണ്ട് അദ്ദേഹം നടത്തിയ സമരങ്ങളുടെ തുടർച്ച അദ്ദേഹത്തിന്റെ മരണത്തിലുമുണ്ട്. അപൂർവ്വം ചിലരെക്കുറിച്ചു മാത്രമേ നമുക്ക് അങ്ങനെ പറയാൻ പറ്റൂ. ഗാന്ധിയുടെ മരണത്തിൽ അതുണ്ടായിരുന്നു. ജീവിതകാലം മുഴുവൻ എന്തിനുവേണ്ടിയാണോ നിലകൊണ്ടത്, ആ ഒരു മൂല്യത്തെ കൂടുതൽ ബലത്തിൽ ആവിഷ്‌കരിക്കാനും കൂടുതൽ ശക്തമായി ഉറപ്പിക്കാനും ഗാന്ധിയുടെ മരണത്തിന് കഴിഞ്ഞുവെന്ന് നമുക്കറിയാം. അതിനു സമാനമായ നിലയിൽ ജാതിവ്യവസ്ഥയുടെ, പ്രാകൃതവും ഹിംസാത്മകവുമായ രൂപങ്ങൾക്കെതിരെ കുഞ്ഞാമൻ മാഷ് ജീവിതം കൊണ്ട് നടത്തിയ സമരത്തിന്റെ മറ്റൊരു നിലയിലുള്ള തുടർച്ച അദ്ദേഹത്തിന്റെ മരണത്തിൽ നമുക്ക് കാണാൻ കഴിയും. ആ നിലക്ക് ആലോചിച്ചാൽ മാഷിന്റെ മരണവും ജീവിതം പോലെ തന്നെ ഒരു സമരമായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റും.

തന്നെപ്പോലുള്ള ലക്ഷോപലക്ഷം മനുഷ്യരെ വേട്ടയാടിയ ജാതീയമായ വേർതിരിവുകളുടെ നൃശംസതയെക്കുറിച്ച് കുഞ്ഞാമൻ മാഷ് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളിലും സംഭാഷണങ്ങളിലും ഉടനീളം എതിർപ്പിന്റെ ഈയൊരു സ്വരമുണ്ട്.

കുഞ്ഞാമൻ മാഷ് നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നുവെന്ന് നമുക്കറിയാം. അദ്ദേഹം നിശിതമായ ഭാഷയിൽ പ്രത്യക്ഷത്തിൽ പുരോഗമനപരമെന്നു തോന്നിക്കുന്ന നമ്മുടെ സാമൂഹിക ജീവിതത്തിലെ അസമത്വത്തിന്റെ പലതരം രൂപങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജാതിയെക്കുറിച്ചും വർഗബന്ധങ്ങളെക്കുറിച്ചും ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പരിമിതികളെ വിമർശനാത്മകമായി വിലയിരുത്തുന്നുണ്ട്. തന്നെപ്പോലുള്ള ലക്ഷോപലക്ഷം മനുഷ്യരെ വേട്ടയാടിയ ജാതീയമായ വേർതിരിവുകളുടെ നൃശംസതയെക്കുറിച്ച് മാഷ് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുകളിലും സംഭാഷണങ്ങളിലും ഉടനീളം എതിർപ്പിന്റെ ഈയൊരു സ്വരമുണ്ട്.

വാസ്തവത്തിൽ ആ എതിർപ്പ് വ്യക്തിഗതം എന്നതിനപ്പുറം ഒരു ചരിത്രഘട്ടത്തിന്റെ പ്രതിരോധശേഷി മുഴുവൻ ഒരാളിൽ ഊറിക്കൂടി നിൽക്കുന്നതിന്റെ ഫലമാണെന്ന് കരുതുന്നതാണ് ഉചിതം. ചിലപ്പോൾ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ.

ജീവിതകാലം മുഴുവൻ എന്തിനുവേണ്ടിയാണോ നിലകൊണ്ടത്, ആ ഒരു മൂല്യത്തെ കൂടുതൽ ബലത്തിൽ ആവിഷ്‌കരിക്കാനും കൂടുതൽ ശക്തമായി ഉറപ്പിക്കാനും ഗാന്ധിയുടെ മരണത്തിന് കഴിഞ്ഞുവെന്ന് നമുക്കറിയാം.

ഒരു വ്യക്തിയുടെ അനുഭവലോകം ചിലപ്പോഴൊക്കെ വ്യക്തിപരം എന്നതിനെക്കാൾ എത്രയോ അധികമായി സാമൂഹികവും ഘടനാപരവുമായ വൈരുദ്ധ്യങ്ങളെ തുറന്നുകാണിക്കുന്ന അനുഭവമൂല്യം ആർജ്ജിക്കാറുണ്ട്. മാഷിൽ അതുണ്ട്. കുഞ്ഞാമൻ മാഷിന്റെ സ്വഭാവഘടനയുടെ ഭാഗമായി ചരിത്രപരമായ ആ പ്രതിരോധ മൂല്യത്തെ കാണാൻ കഴിയും. ആ നിലയിൽ നോക്കിയാൽ ചരിത്രത്തിലെ വലിയ വൈരുദ്ധ്യങ്ങളുടെ, അധികാരം, സമ്പത്ത്, സാമൂഹിക പദവികൾ, ശ്രേണീകരണങ്ങൾ എന്നിവ ജീവിതത്തിൽനിന്ന് ഏറ്റവും പുറന്തള്ളപ്പെട്ട സാമൂഹിക വിഭാഗങ്ങളെ എങ്ങനെയൊക്കെയാണ് വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഏറ്റവും വൈകാരികമായ, അനുഭവനിഷ്ഠമായ, ഒരു ആവിഷ്‌കാരത്തിന്റെ തലം കൂടി വാസ്തത്തിൽ കുഞ്ഞാമൻ മാഷിന്റെ ജീവിതത്തിലും അദ്ദേഹം നിരന്തരം പുലർത്തി പോന്ന ക്ഷോഭാകുലതയിലും ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അത് ഒരേ സമയം വ്യക്തിപരവും ചരിത്രപരവുമാണ്. വൈകാരികവും സൈദ്ധാന്തികവുമാണ്.അങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തെ മനസ്സിലാക്കുക എന്നത് ഇന്നത്തെ നിലയിൽ പ്രധാനപ്പെട്ടൊരു കാര്യവുമാണ്. അദ്ദേഹത്തിന്റെ വ്യക്തിഗതമായ അനുഭവങ്ങൾ എന്ന നിലയിലോ അദ്ദേഹം നേരിടേണ്ടിവന്ന തിരസ്‌കാരങ്ങളോടുള്ള പ്രതികരണം എന്ന നിലയിലോ മാഷിൻ്റെ ക്ഷോഭത്തെയും അതിന്റെ വിമർശന മൂല്യത്തെയും പലരും വിശദീകരിച്ചുകണ്ടിട്ടുണ്ട്. ഞാൻ കരുതുന്നത്, വ്യക്തിപരമായിരിക്കെ തന്നെ അത് വ്യക്തിപരതയെ മറികടന്ന, അതിനപ്പുറത്തേക്ക് സാമൂഹികമായ വിപുലമാനങ്ങൾ ആർജ്ജിച്ച ഒരു എതിരിലിടലാണ്, ക്ഷോഭമാണ്, അദ്ദേഹത്തിന്റെ വിമർശനങ്ങൾ എന്നാണ്.

വിമർശനങ്ങളും ക്ഷോഭാകുലതയും മനുഷ്യരുടെ ബോധത്തിൽ രണ്ടു തരത്തിൽ വരാം. ഒന്ന്; തങ്ങളെ ചൊല്ലി ലോകത്തോടുള്ള അവരുടെ എതിരിടലുകൾ. രണ്ട്; സാമൂഹികാവസ്ഥയെ മുൻനിർത്തി, ആ സാമൂഹികവസ്ഥയുണ്ടാക്കുന്ന വൈരുദ്ധ്യങ്ങളെ സ്വയം ഏറ്റുവാങ്ങി, അതിനെ തങ്ങളുടെ എതിർപ്പുകളും വിമർശനങ്ങളും ക്ഷോഭങ്ങളുമാക്കി മാറ്റുന്നതു വഴിയുണ്ടാകുന്ന എതിരിടലുകൾ.

ആദ്യത്തേത് തീർത്തും വ്യക്തിപരമാണെങ്കിൽ, രണ്ടാമത്തേതിൽ വ്യക്തിപരത എന്നത് സാമൂഹികതയുടെ ഒരു സംഗ്രഹസ്ഥാനം പോലെയായി മാറുകയും ഒരു കാലത്തിന്റെ നീതിബോധത്തെ ഏറ്റവും തീവ്രമായി പ്രകാശിപ്പിക്കുന്ന ഒന്നായി ആ ക്ഷോഭം പ്രവർത്തിക്കുകയും ചെയ്യും. അങ്ങനെ പ്രവർത്തിച്ച ഒരു നീതിബോധമാണ് കുഞ്ഞാമൻ മാഷിന്റേത് എന്നാണ് ഞാൻ കരുതുന്നത്.

നമുക്കൊക്കെ അറിയുന്നതുപോലെ കുഞ്ഞാമൻ മാഷ് ഏറ്റവും ഉന്നതമായ അക്കാദമിക മികവുകൾ കൈവരിച്ച ഒരാളാണ്. അദ്ദേഹം ഉന്നതമായ അക്കാദമിക പദവികളിലേക്ക് എത്തിപ്പെട്ട ആളാണ്. അർഹമായ പല പദവികളിൽ നിന്നും ഒഴിവാക്കപ്പെട്ട ആളുമാണ്. ഈ പദവികളിൽ എത്തിയശേഷവും ജാതീയവിവേചനത്തിന്റെയും വേട്ടയാടലുകളുടെയും ലോകത്തുനിന്ന് തനിക്ക് മുക്തനാകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതൊരു നിലയ്ക്ക് ഇന്ത്യയിലെ ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചില സൂചനകൾ ഉൾക്കൊള്ളുന്നുണ്ട്.

സമുന്നതമായ അക്കാദമിക- വൈജ്ഞാനിക ജീവിതത്തിന്റെ തലത്തിലും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് പോലുള്ള അക്കാദമിക സ്ഥാപനങ്ങളിലെത്തുമ്പോഴും സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജാതീയമായ വിവേചനം തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

അതായത്, സാമൂഹിക ജീവിതത്തിന്റെ മേൽതട്ടിലേക്ക് ചുവടുവെക്കാൻ തുടങ്ങുന്നതോടെ ജാതിശ്രണിയുടെ അടിച്ചമർത്തലുകൾക്ക് ഒരാൾ കൂടുതൽ കൂടുതൽ വിധേയനായി തീരുന്നുവെന്ന യാഥാർത്ഥ്യം. ഒരുപക്ഷേ കേരളത്തെയൊക്കെ സംബന്ധിച്ച് ജാതിയുടെ പ്രവർത്തനത്തെ മനസ്സിലാക്കാൻ നമുക്ക് കൂടുതൽ ഉപയുക്തമാകുന്ന ഒരു വസ്തുതയാണത്. അതായത്, സാമൂഹിക ജീവിതത്തിന്റെ ചില തട്ടുകളിൽൽ താരതമ്യേന ലാഘവപൂർണ്ണം ജീവിക്കാൻ കഴിയുന്ന ഒരാൾ, സാമൂഹിക ജീവിതത്തിന്റെ അടുത്ത പടവിലേക്ക് ചുവടുവെക്കുമ്പോൾ അയാൾ ഏതെല്ലാം തരത്തിലുള്ള വേട്ടയാടലുകൾക്ക് ഇരയായി തീരുമെന്ന കാര്യമാണ്, നമ്മുടെ സാമൂഹിക ശരീരത്തിൽ ആഴത്തിൽ വേരുപിടിക്കുന്ന ജാതീയതയുടെ ഈ ഉള്ളടക്കത്തെയാണ്, കുഞ്ഞാമൻ മാഷ് തുറന്നുകാണിക്കാൻ ശ്രമിച്ചത്.

സമുന്നതമായ അക്കാദമിക- വൈജ്ഞാനിക ജീവിതത്തിന്റെ തലത്തിലും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് പോലുള്ള അക്കാദമിക സ്ഥാപനങ്ങളിലെത്തുമ്പോഴും സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ജാതീയമായ വിവേചനം തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒരുപക്ഷേ അത് മുമ്പത്തേതിനേക്കാൾ കൂടുതൽ ആഴത്തിൽ, കൂടുതൽ തീവ്രമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്ന കാര്യം കൂടി കുഞ്ഞാമൻ മാഷിന്റെ ജീവിതം നമ്മോട് പറയുന്നുണ്ട്. ആ നിലയിൽ ആഴത്തിൽ സ്ഥാപനവത്ക്കരിക്കപ്പെട്ടതും പലപ്പോഴും അദൃശ്യമായി നമ്മുടെ ജീവിതപരിസരങ്ങളിൽ അതിശക്തമായി തുടരുന്നതോ ആയ, ജാതീയയുടെ ഹിംസാത്മക രൂപത്തെ കൂടിയാണ് കുഞ്ഞാമൻമാഷിന്റെ ജീവിതവും ഒപ്പം മരണവും നമുക്ക് മുമ്പിൽതുറന്നുവെക്കുന്നത്.

മാഷിന്റെ സാമൂഹികശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ വിശകലനങ്ങൾ കേവലമായ സ്വത്വവിശകലനത്തിന്റെ പരിധികളിൽ തളഞ്ഞുനിന്നിരുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ഓർക്കണം. അദ്ദേഹം ഇടതുപക്ഷത്തോട് നിശിതമായ വിമർശനങ്ങൾ പുലർത്തുമ്പോഴും പരമ്പരാഗതമായ അർത്ഥത്തിലുള്ള സ്വത്വവാദത്തിന്റെ അതിർത്തികളിൽ സ്വയം നിലയുറപ്പിച്ചയാളല്ല. മറിച്ച് ജാതിബന്ധങ്ങളും വർഗബന്ധങ്ങളും അധികാരത്തിന്റെ ഘടനാരൂപങ്ങളും എങ്ങനെയാണ് ഇന്ത്യയുടെയും, പ്രത്യേകിച്ച് കേരളത്തിന്റെയും, സാമൂഹിക ജീവിതത്തിൽ തമ്മിൽത്തമ്മിൽ ഇണങ്ങിയും ഇടഞ്ഞും നിലകൊള്ളുന്നത് എന്നതിനെക്കുറിച്ചുള്ള വളരെ സൂക്ഷ്മതായാർന്ന ആലോചനകളാണ് അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധങ്ങളിൽ കാണുന്നത്. ഇത് ലഘുവായ സമീകരണങ്ങളിലേക്കോ താർക്കികമായ ലളിതയുക്തികളിലേക്കോ വഴങ്ങാൻ വിസമ്മതിക്കുന്ന ഒന്നായിരുന്നു. അദ്ദേഹം ഘടനാപരമായി ജാതിയും വർഗവും തമ്മിലുള്ള വിനിമയങ്ങളുടെ സൂക്ഷമതകളെയും അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതിനിടയിലെ വൈരുദ്ധ്യങ്ങളെയുമൊക്കെ വിശകലന വിധേയമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അത്തരം വിചിന്തിനങ്ങൾ വാസ്തവത്തിൽ കേരളീയ സമൂഹം കാര്യമായി ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ഒരു ഭാഗത്ത് വൈകാരികമായും മറുഭാഗത്ത് അത്രതന്നെ ഗഹനമായ വൈജ്ഞാനികതയുടെ ബലത്താലും നമ്മുടെ സമൂഹത്തെ അലോസരപ്പെടുത്താനും പുതുക്കിപ്പണിയാനും അദ്ദേഹം നടത്തിയ ശ്രമങ്ങളെ നാം വീണ്ടെടുക്കേണ്ടതുണ്ട്.

എതിര് എന്ന ആത്മകഥക്ക് കേരളീയ പൊതുജീവിതത്തിൽ കിട്ടിയ പ്രചാരവും അതിന് കിട്ടിയ അംഗീകാരവും അദ്ദേഹത്തിന്റെ അക്കാദമിക അന്വേഷണങ്ങൾക്ക് ലഭിക്കുകയുണ്ടായില്ല. വാസ്തവത്തിൽ അദ്ദേഹത്തിന്റെ അക്കാദമിക അന്വേഷണങ്ങൾ അദ്ദേഹം ഇടപെട്ട മേഖലയിലെ വളരെ മൗലികമായ ആലോചനകളായിരുന്നു. ആ ആലോചനകളെ ഏതാണ്ട് പൂർണമായും നമ്മുടെ കേരളീയ പൊതുജീവിതം തമസ്‌കരിക്കുകയാണ് ചെയ്തത്. ആ തമസ്‌കരണവും ഒരർത്ഥത്തിൽ ജാതിബന്ധങ്ങളുടെ തുടർച്ചയിൽ സംഭവിക്കുന്നതാണ്. അതു കൂടി വാസ്തവത്തിൽ ഈയൊരു ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. അതല്ലെങ്കിൽ വൈകാരികമായ ചില ഓർമ്മകളിൽ മാത്രം കുഞ്ഞാമൻമാഷ് തുടരുകയും അദ്ദേഹത്തിന്റെ ഗഹനമായ ആലോചനകൾ നമ്മുടെ ധാരണകളിൽ ഒട്ടുംതന്നെ ഇടം പിടിക്കാതെ പോവുകയും ചെയ്യും. അതുകൊണ്ട് അനുഭവതീവ്രമായ എതിരിനെ മുൻനിർത്തി എന്നതുപോലെ തന്നെ, അത്രമേൽ മൗലികമായ വിശകലനങ്ങളും സൂക്ഷമവിചാരങ്ങളും അവതരിപ്പിച്ച അദ്ദേഹത്തിന്റെ ഗവേഷണപഠനങ്ങളെ മുൻനിർത്തിയും കുഞ്ഞാമൻ മാഷെ നമ്മൾ ഓർമ്മിക്കേണ്ടതുണ്ട്.

കുഞ്ഞാമൻ മാഷിന്റെ ആത്മകഥയിലെ ഒരു സന്ദർഭം ഇപ്പോൾ വീണ്ടും വീണ്ടും പലരും എടുത്തുപറയുന്നുണ്ട്. പ്രൊഫ. കെ.എൻ രാജിനോട് അദ്ദേഹം പറഞ്ഞ വാക്യം: ‘‘എന്റെ സ്ഥാനത്താണെങ്കിൽ നിങ്ങൾ പത്താം തരം പാസ്സാകില്ല, നിങ്ങളുടെ സ്ഥാനത്താണെങ്കിൽ ഞാൻനോബേൽ സമ്മാനം നേടുമായിരുന്നു’’- ഈ വാക്കുകൾ ഒരുഭാഗത്ത് തന്റെ ഉന്നതമായ ആത്മവിശ്വാസത്തെ പ്രകാശിപ്പിക്കുന്നതുപോലെ മറുഭാഗത്ത് എങ്ങനെയാണ് ജാതിബന്ധങ്ങളും ജാതിയുടെ ശ്രേണീകരണവും മഹാ ഭൂരിപക്ഷം മനുഷ്യരെ വേട്ടയാടുന്നത് എന്നതിനെക്കുറിച്ച് കൂടിയുള്ള മർമസ്പർശിയായ നിരീക്ഷണവുമാണ്.

പ്രൊഫ. കെ.എൻ. രാജ്

സാംസ്‌കാരിക മൂലധനമെന്ന് പറയുന്നത് എന്താണെന്ന കാര്യം ഒരുപക്ഷേ ഇത്രയും നിശിതമായി നമ്മുടെ ഭാഷയിൽ വേറെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. ആ നിലയിൽ നമ്മുടെ ജീവിതത്തിന്റെ എല്ലാ പ്രതലങ്ങളെയും കുലുക്കിയുണർത്താൻ പോന്ന വിമോചകമായ നീതിബോധമായി നിലകൊള്ളുകയായിരുന്നു കുഞ്ഞാമൻ മാഷ്.

അദ്ദേഹത്തിന്റെ ഓർമകളിലേക്ക് സഞ്ചരിക്കുമ്പോൾ ഒരു ഭാഗത്ത് വൈകാരികമായും മറുഭാഗത്ത് അത്രതന്നെ ഗഹനമായ വൈജ്ഞാനികതയുടെ ബലത്താലും നമ്മുടെ സമൂഹത്തെ അലോസരപ്പെടുത്താനും പുതുക്കിപ്പണിയാനും അദ്ദേഹം നടത്തിയ ശ്രമങ്ങളെ നാം വീണ്ടെടുക്കേണ്ടതുണ്ട്. അത് രണ്ടും ചേരുമ്പോൾ മാത്രമേ മാഷിനെക്കുറിച്ചുള്ള നമ്മുടെ ഓർമകൾ അർത്ഥപൂർണ്ണമാകൂവെന്നാണ് ഞാൻ കരുതുന്നത്. ഓർമ്മ കേവലമായ ഭൂതകാല സ്മൃതിയ്ക്കപ്പുറം പോകുന്നതപ്പോഴാണ്. പ്രൊഫ. എം. കുഞ്ഞാമൻ്റെ ഓർമ്മ അത്തരമൊന്നാവണം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments