ടി.എം. ജയരാമൻ

ഒന്നിനും വേണ്ടിയല്ലാതെ ജ്ഞാനമന്വേഷിച്ചു നടന്ന ഒരു മനുഷ്യൻ: ടി.എം.ജയരാമനെ ഓർക്കുന്നു

ടി.എം. ജയരാമൻ നിര്യാതനായി.

അടങ്ങാത്ത വൈജ്ഞാനികതാൽപ്പര്യങ്ങളുമായി പാലക്കാട്ടെ ഗ്രന്ഥപ്പുരകളിലൊക്കെ അലഞ്ഞു നടന്ന ജീവിതത്തിന് അവസാനമായി. മിക്കവാറും നഗ്നപാദനായി ഒറ്റമുണ്ടും ഇസ്തിരിയിടാത്ത അയഞ്ഞ ഉടുപ്പും ധരിച്ച് കൈകളിൽ ഒന്നോ രണ്ടോ പുസ്തകങ്ങളുമായി പാലക്കാട്ടെ തെരുവുകളിലോ ഗ്രന്ഥശാലകളിലോ വൈജ്ഞാനിക ചർച്ചാസദസ്സുകളിലോ വച്ച് ഇദ്ദേഹത്തെ കാണാത്തവർവിരളമായിരിക്കും. അദ്ദേഹത്തെ ഒന്നിനും വേണ്ടിയല്ലാതെ ജ്ഞാനത്തെ അന്വേഷിച്ചു നടന്നിരുന്ന ഒരു മനുഷ്യൻ.

വിക്ടോറിയ കോളേജിലെ ഭൗതികശാസ്ത്രവകുപ്പിന്റെ ലൈബ്രറിയിൽ പുസ്തകങ്ങൾ തേടി വന്നിരുന്ന ഈ മനുഷ്യനെ, 2000ൽ അവിടെ അദ്ധ്യാപകനായി ചെന്ന് ഉടനെ തന്നെ ഞാൻ പരിചയപ്പെടുന്നുണ്ട്. പെട്ടെന്ന് അത് വലിയ സൗഹൃദമായി. എല്ലാ ആഴ്ചകളിലും ഒരു ദിവസമെങ്കിലും എന്നെ കാണാനായി അദ്ദേഹം ഫിസിക്സ് വകുപ്പിൽ എത്തിച്ചേർന്നിരുന്ന നാളുകളുണ്ടായിരുന്നു. ഭൗതികശാസ്ത്ര വകുപ്പിന്റെ മേശയ്ക്കു ചുറ്റും, കോളേജ് കാന്റീനിൽ, വീട്ടിൽ, ഗ്രന്ഥശാലകളിൽ, നളന്ദ ഹോട്ടലിൽ, പാലക്കാട്ടെ തെരുവുകളിലും നിന്ന് ഞങ്ങൾ ശാസ്ത്രവും ദർശനവും സാഹിത്യവും സംസാരിച്ചു. "മാത്തമറ്റിക്‌സ് ലൈബ്രറിയിൽ നിന്നും മാഹിന്റെ പുസ്തകം കിട്ടിയെടോ" എന്ന സന്തോഷം പ്രവഹിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ മറക്കാൻ കഴിയില്ല. തേടുന്ന പുസ്തകം കിട്ടിയാൽ ജീവിതസായൂജ്യമായെന്ന് അദ്ദേഹം കരുതിയിരുന്നുവെന്നു തോന്നുന്നു. ഫിസിക്‌സ് വകുപ്പിന്റെ ലൈബ്രറിയിൽ നിന്നും ഞാൻ എടുത്ത പുസ്തകങ്ങളിൽ ചിലതെങ്കിലും അദ്ദേഹത്തിനു വേണ്ടിയായിരുന്നു. കോളേജിലെ ഫിസിക്‌സ് വിദ്യാർത്ഥികളുടെ അസോസിയേഷൻ പരിപാടികളിൽ രണ്ടു പ്രാവശ്യമെങ്കിലും അദ്ദേഹം സംസാരിച്ചിരുന്നു.

ടി.എം. ജയരാമന്‍

മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ശാസ്ത്രലേഖനങ്ങളെ വിലയിരുത്തിയും വിമർശിച്ചും അദ്ദേഹം കത്തുകളെഴുതി. കമൽ റാം സജിവ് ആഴ്ചപതിപ്പിന്റെ എഡിറ്ററായിരുന്ന നാളുകളായിരുന്നു, അത്. കത്തുകൾക്കു പുറമേ അദ്ദേഹത്തിന്റെ മൂന്നോ നാലോ ലേഖനങ്ങളും കമൽറാം പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്ന്, "ക്വാണ്ടം ബലതന്ത്രത്തിലെ ദാർശനികപ്രശ്‌നങ്ങൾ" എന്ന എന്റെ പുസ്തകത്തിന്റെ നിരൂപണമായിരുന്നു. സമകാലികമലയാളം, കലാകൗമുദി ഉൾപ്പെടെ പല വാരികകളിലും അദ്ദേഹം എഴുതിയിരുന്നു. ഫിസിക്‌സ് വിഷയമാകുന്ന ഒരു ബ്ലോഗും തുടങ്ങിയിരുന്നു. സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചപ്പോൾ, മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ഒന്ന് എന്റേതും അടുത്തത് ജയരാമന്റേതുമായത് യാദൃച്ഛികമായിരിക്കാം.

ശാസ്ത്രകുതുകികളായ സുഹൃത്തുക്കൾ ചേർന്ന് വിക്‌ടോറിയ കോളേജിലെ കെമിസ്ട്രി ഹാളിൽ വച്ചു നടത്തിയ സ്റ്റീഫൻ ഹോക്കിങ് അനുസ്മരണത്തിൽ ഞങ്ങൾ ഇരുവരും സംസാരിച്ചിരുന്നു. ജയരാമൻ വലിയ പോസിറ്റിവിസ്റ്റായിരുന്നു. അനുഭവമാണ് പ്രധാനം എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. മാഹിനെ അന്വേഷിച്ച് പല ഗ്രന്ഥശാലകളും കറങ്ങിയത് വെറുതെയല്ല. സ്റ്റീഫൻ ഹോക്കിങിനെ പോലുളളവരുടെ സൈദ്ധാന്തികാന്വേഷണങ്ങളോട് അദ്ദേഹത്തിന് അധികം കൂറില്ലായിരുന്നു (അദ്ദേഹം എഴുതിയ ഹോക്കിങ് അനുസ്മരണത്തിൽ അതു വായിക്കാം). സൈദ്ധാന്തികഭൗതികത്തിലെ ഗണിതശാസ്ത്ര സിദ്ധാന്തീകരണങ്ങൾ ശാസ്ത്രത്തെ അനുഭവത്തിൽ നിന്നും പ്രയോഗത്തിൽ നിന്നും അകറ്റുകയാണെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ടായിരുന്നു. വേദാന്തത്തോട് വലിയ മമത കാണിച്ചിരുന്ന അദ്ദേഹം അതിനു വിരുദ്ധമെന്നോണം ശാസ്ത്രത്തിന്റെ പ്രയോഗത്തിനു വേണ്ടി വാദിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പാലക്കാട്ടെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനു നൽകിയത് ആ ആദർശത്തിന് അനുയോജ്യം തന്നെയാണ്. വേദാന്തത്തോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യങ്ങളെ ശാസ്ത്രത്തിലേക്കു സംക്രമിപ്പിക്കാനുള്ള ശ്രമങ്ങളോട് ഞാൻ വിയോജിച്ചു കൊണ്ടിരുന്നു. അത് ചിലപ്പോൾ തർക്കങ്ങളിലും കലഹങ്ങളിലും ഒച്ചപ്പാടുകളിലുമെത്തി. വൈജ്ഞാനികതാൽപ്പര്യങ്ങൾ ഈ വൈരുദ്ധ്യങ്ങളെ ചികിത്സിച്ചു കൊണ്ടിരുന്നു. എന്നോടു മാത്രമല്ല, ഡോ. ബാബുജോസഫ്, ഡോ. ഗിരിജാ വല്ലഭൻ, ഡോ. ടി.എൻ. വാസുദേവൻ, ഡോ. തങ്കപ്പൻ, ഡോ. നമ്പൂതിരി, ഡോ. മാധവവാര്യർ എന്നിവരുമായിട്ടെല്ലാം അദ്ദേഹം തന്റെ ശാസ്ത്രസങ്കൽപ്പനങ്ങൾ പങ്കിടുകയും സംവാദങ്ങൾ നടത്തുകയും ചെയ്തു.

ലേഖകന്‍ ടി.എം. ജയരാമനൊപ്പം

അവിവാഹിതനായിരുന്ന ജയരാമൻ, ഇപ്പോൾ എൺപതാമത്തെ വയസ്സിലായിരുന്നു. പാലക്കാട്ടെ ലയൺസ് സ്‌കൂളിനെതിർവശം അനുരാധ എന്ന വീട്ടിൽ ഒറ്റക്കായിരുന്നു താമസം. തൊട്ടടുത്ത് അനുജൻതാമസിക്കുന്നുണ്ടായിരുന്നു. പാലക്കാട് വിക്‌ടോറിയ കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു, തന്റെ പഠനകാലത്ത് ഗണിതക്ലാസുകളിൽ യൂക്ലിഡിന്റെ പുസ്തകം പഠിക്കാനുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതോർമ്മിക്കുന്നു. ഭാഭ അറ്റോമിക് റിസേർച്ച് സെന്ററിന്റെ ഐസോടോപ്പ് വിഭാഗത്തിൽ ശാസ്ത്രജ്ഞനായിരിക്കെ വോളണ്ടറി റിട്ടയർമെന്റ് നേടി നാട്ടിലേക്കു പോരികയായിരുന്നു. നമ്മുടെ ശാസ്ത്രസ്ഥാപനങ്ങളേയും ശാസ്ത്രഗവേഷണത്തേയും വിമർശപൂർവ്വം കണ്ട അദ്ദേഹം ചില ശാസ്ത്രജ്ഞരുടെ മികവുകളെക്കുറിച്ചും എന്നോടു പറഞ്ഞിരിക്കുന്നു.

പലപ്പോഴും, സദസ്സുകളിലും പുരസ്‌കാരവേദികളിലും വ്യവസ്ഥാപിതസ്ഥാപനങ്ങളിലും കൊട്ടിഘോഷിക്കപ്പെടുന്നവരിലല്ല, ടി.എം.ജയരാമനെ പോലെ വിജ്ഞാനത്വരയുമായി അലഞ്ഞു നടക്കുന്നവരിലായിരിക്കും പുതിയ ചിന്തയും ആശയങ്ങളും വിടരുക!

ടി. എം.ജയരാമന് ആദരാഞ്ജലികൾ


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments