Photo : Nitheesh Narayanan

സീതാറാം, പ്രത്യയശാസ്ത്ര വ്യക്തതയുടെ സഖാവ്

‘‘1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമിട്ട സീതാറാം യെച്ചൂരിയുടെ പിന്നീടുള്ള അഞ്ചു പതിറ്റാണ്ടിലെ ജീവിതം സോഷ്യലിസത്തോടും ജനകീയ വിമോചനത്തോടുമുള്ള അചഞ്ചലമായ പ്രതിബന്ധതയുടേതായിരുന്നു’’- യെച്ചൂരിയുമായുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിനിമയങ്ങളെക്കുറിച്ച് എഴുതുന്നു വിജൂ കൃഷ്ണൻ.

ന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഏറ്റവും സർവസമ്മതമായ മുഖമായിരുന്നു സി.പി.ഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേത്. കഴിഞ്ഞ ദശാബ്ദത്തിൽ, കോർപറേറ്റ്- വർഗീയ- സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ ഏറ്റവും ശക്തമായ എതിർപ്പുയർത്തിയവരിൽ ഒരാൾ. 1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമിട്ട അദ്ദേഹത്തിന്റെ പിന്നീടുള്ള അഞ്ചു പതിറ്റാണ്ടിലെ ജീവിതം സോഷ്യലിസത്തോടും ജനകീയ വിമോചനത്തോടുമുള്ള അചഞ്ചലമായ പ്രതിബന്ധതയുടേതായിരുന്നു.

12 വർഷം പാർലമെന്റേറിയൻ എന്ന നിലയ്ക്ക്, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വർഗീയ-കോർപറേറ്റ് ഭരണകൂടത്തിനെതിരായ ഏറ്റവും ഫലപ്രദമായ ശബ്ദങ്ങളിൽ ഒന്നായിരുന്നു സീതാറാമിന്റേത്.

ഏറെ കലുഷിതമായ 1970- കളിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങൾ കൂടുതൽ മൂർത്തമായി മാറിയത്. വിയറ്റ്‌നാമിൽ യു.എസ് സാമ്രാജ്യത്വത്തിന്റെ അപമാനകരമായ തോൽവി, സാമ്രാജ്യത്വത്തിനെതിരെ പൊതുവിലുണ്ടായ ഉണർവ്, ചിലിയിലെ പ്രതിരോധത്തോട് ആഗോളതലത്തിലുണ്ടായ ഐക്യദാർഢ്യം, പലസ്തീൻ വിമോചന പ്രസ്ഥാനം, വർണവിവേചനത്തിനെതിരായ മുന്നേറ്റങ്ങൾ, ക്യൂബൻ ജനതയുടെ ചെറുത്തുനിൽപ് തുടങ്ങിയ വിഷയങ്ങളെല്ലാം സീതാറാമിന്റെ കാലത്തെ യൗവനങ്ങളെ ഏറെ സ്വാധീനിച്ചവയാണ്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണകൂടം നടപ്പാക്കിയ സ്വേച്ഛാധിപത്യ അടിയന്തരാവസ്ഥ കത്തിനിന്ന കാലത്ത് അതിനെതിരെ പ്രതിരോധം സംഘടിപ്പിക്കുകയും 1975-ൽ അറസ്റ്റിലാവുകയും ചെയ്തു. അടിയന്തരാവസ്ഥക്കുശേഷം, 1977-78 അക്കാദമിക വർഷത്തിൽ മൂന്നു തവണ തുടർച്ചയായി സീതാറാം ജെ.എൻ.യു വിദ്യാർഥിയൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനുമാത്രം സ്വന്തമായ ഒരു സവിശേഷതയായിരുന്നു അത്. അദ്ദേഹത്തിന്റെ ജനകീയതക്കും ഒപ്പം, കാമ്പസിൽ അദ്ദേഹത്തിന്റെ കൂടി സഹായത്താൽ എസ്.എഫ്.ഐ ഉണ്ടാക്കിയെടുത്ത കരുത്തുറ്റ സാന്നിധ്യത്തിന്റെയും സാക്ഷ്യപത്രമായിരുന്നു അത്. 1984-86 കാലത്ത് അദ്ദേഹം എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി. 1984-ൽ, താരതമ്യേന ചെറിയ പ്രായത്തിൽ, 32-ാം വയസ്സിൽ സി.പി.ഐ- എം കേന്ദ്ര കമ്മിറ്റി അംഗമായി. അടുത്ത വർഷം പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1992-ൽ 14-ാം പാർട്ടി കോൺഗ്രസിലാണ്, അദ്ദേഹം പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1984-86 കാലത്ത് സീതാറാം യെച്ചൂരി എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി.
1984-86 കാലത്ത് സീതാറാം യെച്ചൂരി എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി.

സോവിയറ്റ് യൂണിയന്റെ തകർച്ചയെതുടർന്ന് സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ച് ലോകമെങ്ങും രൂക്ഷമായ സംവാദങ്ങൾ നടക്കുകയും ലിബറലിസം അതിന്റെ വിജയഭേരി മുഴക്കുകയും 'ചരിത്രം അവസാനിച്ചു' എന്ന പ്രഖ്യാപനവുമെല്ലാം നടന്ന കാലത്താണ് അദ്ദേഹം പി.ബി അംഗമാകുന്നത്. ഫാഷിസ്റ്റുകളായ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ വലതുപക്ഷ രാഷ്ട്രീയ പക്ഷം ഇന്ത്യയിൽ ആധിപത്യം നേടുന്ന കാലവുമായിരുന്നു അത്. സീതാറാം അടങ്ങുന്ന പാർട്ടി നേതൃത്വത്തിന് സി.പി.എമ്മിനെ പ്രത്യയശാസ്ത്രപരമായ വ്യക്തതയിലേക്ക് നയിക്കാൻ കഴിഞ്ഞു. അണികളുടെ ആത്മവിശ്വാസം അണയാതെ സൂക്ഷിക്കാനും അവരുടെ പ്രതീക്ഷ ജ്വലിപ്പിച്ചുനിർത്താനും അതുവഴി കഴിഞ്ഞു. സാമ്രാജ്യത്വത്തെക്കുറിച്ചും നിയോ ലിബറൽ സാമ്പത്തിക നയങ്ങളെക്കുറിച്ചും ഹിന്ദുത്വ പ്രത്യയശാസ്ത്രം അടക്കമുള്ള വർഗീയ ശക്തികളെക്കുറിച്ചും അദ്ദേഹം അക്കാലത്ത് എഴുതിക്കൊണ്ടിരുന്നു.

ഇന്ത്യയിൽ മുന്നണിരാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ അതിന്റെ നയങ്ങളും ആദ്യ യു.പി.എ സർക്കാറിന്റെ രൂപീകരണ സമയത്ത് പൊതു മിനിമം പരിപാടിയും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത്, പുരോഗമനപരമായ തൊഴിലുറപ്പ് പദ്ധതിയും വനാവകാശ നിയമവും വിവരാവകാശ നിയമവുമെല്ലാം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ ഇടതുപക്ഷത്തിന് അതിന്റെ ശേഷി പ്രയോഗിക്കാനായി.

ഇന്ത്യയിൽ മുന്നണിരാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ അതിന്റെ നയങ്ങളും ആദ്യ യു.പി.എ സർക്കാറിന്റെ രൂപീകരണ സമയത്ത് പൊതു മിനിമം പരിപാടിയും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

12 വർഷം പാർലമെന്റേറിയൻ എന്ന നിലയ്ക്ക്, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വർഗീയ-കോർപറേറ്റ് ഭരണകൂടത്തിനെതിരായ ഏറ്റവും ഫലപ്രദമായ ശബ്ദങ്ങളിൽ ഒന്നായിരുന്നു സീതാറാമിന്റേത്. അത്, നിരവധി സന്ദർഭങ്ങളിൽ സർക്കാറിനെ വിചാരണ ചെയ്യുന്നതുകൂടിയായിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെയും തൊഴിലാളി വർഗങ്ങളുടെയും കർഷകരുടെയും വിഷയങ്ങൾ പാർലമെന്റിനകത്തും തെരുവുകളിലും ഉന്നയിച്ചതിലൂടെ അദ്ദേഹം ഏറ്റവും പ്രചോദനാത്മകമായ സാന്നിധ്യമായി മാറി. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരായി നടന്ന പ്രക്ഷോഭങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. അതുപോലെ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കൊണ്ടുവന്ന കോർപറേറ്റ് അനുകൂല കർഷക നിയമങ്ങൾക്കെതിരെ കർഷകർനടത്തിയ ചരിത്രപരമായ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളെയൊന്നാകെ അണിനിരത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഈ പ്രക്ഷോഭത്തെതുടർന്ന് സർക്കാറിന് കർഷകരോട് മാപ്പു പറഞ്ഞ് കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നുവെന്നതും ശ്രദ്ധേയമാണ്. വിഭജനത്തിനിടയാക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരെ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും പക്ഷത്തുനിന്ന് പ്രതിരോധം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഏറെ പ്രധാനമായിരുന്നു. അതുപോലെ, ജമ്മു കാശ്മീർ ജനതയുടെ അവകാശങ്ങളും സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഇടപെടലുകളിലും അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിലും അദ്ദേഹത്തിന് വ്യാപകമായ ആദരവ് നേടിയെടുക്കാനായി.
നോട്ടുനിരോധനത്തിന്റെ ദുർഘടസന്ധിയിലും ജി.എസ്.ടി അടക്കമുള്ള വിഷയങ്ങളിലും ക്രോണി കാപ്പിറ്റലിസത്തിനെതിരെയും അദ്ദേഹം അതിശക്തമായ സാന്നിധ്യമായി നിലനിന്നു. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനും കാപ്പിറ്റലിസ്റ്റ് വികസനത്തിന്റെ നിയോ ലിബറൽ സഞ്ചാരഗതികൾക്കും എതിരായ പ്രത്യയശാസ്ത്രപ്രതിരോധത്തിന് ജനങ്ങളെ സജ്ജരാക്കുന്ന മികച്ച ഒരു എഡ്യുക്കേറ്റർകൂടിയായിരുന്നു സീതാറാം.

ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായും ലോക നേതാക്കളുമായുമുള്ള അദ്ദേഹത്തിന്റെ അതിവിപുലമായ വിനിമയങ്ങൾ പരക്കെ അംഗീകരിക്കപ്പെട്ടു. നേപ്പാളിൽ രാജാധിപത്യത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളിലും പിന്നീട് ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ കാലത്തും അതിനുവേണ്ടി വിവിധ കമ്യൂണിസ്റ്റ് പാർട്ടികളെ ഏകോപിപ്പിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ പങ്ക് പലപ്പോഴും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

ജമ്മു കാശ്മീർ ജനതയുടെ അവകാശങ്ങളും സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഇടപെടലുകളിലും സീതാറാം യെച്ചൂരിക്ക് വ്യാപകമായ ആദരവ് നേടിയെടുക്കാനായി.
ജമ്മു കാശ്മീർ ജനതയുടെ അവകാശങ്ങളും സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളും സംരക്ഷിക്കാനുള്ള ഇടപെടലുകളിലും സീതാറാം യെച്ചൂരിക്ക് വ്യാപകമായ ആദരവ് നേടിയെടുക്കാനായി.

നിയോ ലിബറൽ നയങ്ങൾ നടപ്പാക്കിയതിനെതുടർന്ന് കാർഷികമേഖലയിൽ ഉരുത്തിരിഞ്ഞുവന്ന വൈരുദ്ധ്യങ്ങളെക്കുറിച്ച് നല്ല ഉൾക്കാഴ്ച യെച്ചൂരിക്കുണ്ടായിരുന്നു. അത്, കർഷക മുന്നേറ്റത്തിന് കൃത്യമായ കോർപറേറ്റ് വിരുദ്ധ നിലപാട് വികസിപ്പിച്ചെടുക്കാൻ സഹായിച്ചു. ഭൂരഹിതരും കർഷക തൊഴിലാളികളും ദരിദ്ര കർഷകരും തമ്മിലുള്ള ഐക്യത്തിന്മേലാണ്, ഒരു പൊതുശത്രുവിനെ തോൽപ്പിക്കാനുള്ള വിശാലമായ ഐക്യം കെട്ടിപ്പടുക്കാനാകുക എന്ന വസ്തുതയും ഇതിലൂടെ ഉറപ്പിച്ചെടുക്കാനായി.
ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ അച്ചുതണ്ട് എന്നു പറയുന്നത് കാർഷിക വിപ്ലവവും ശക്തമായ തൊഴിലാളി- കർഷക ഐക്യവുമാണെന്ന പാർട്ടി പരിപാടിയിലൂന്നിയുള്ള ഇടപെടലുകളാണ് എല്ലാ കാലവും അദ്ദേഹം നടത്തിയത്. ആഗോള ധനമൂലധനത്തിന്റെ സ്വാധീനവും ആധിപത്യവും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ ഉയർച്ചയും തമ്മിലുള്ള ബന്ധത്തെ സീതാറാം തുടർച്ചയായി തുറന്നുകാട്ടിക്കൊണ്ടിരുന്നു. വിഭജനത്തിലൂന്നിയ ഫാഷിസ്റ്റ് ശക്തികളെ തോൽപ്പിക്കാനും പ്രതിരോധിക്കാനും തൊഴിലാളി- കർഷക സഖ്യത്തിനേ കഴിയൂ എന്നും ഇതിലൂടെ അദ്ദേഹം ഉറപ്പിച്ചുകൊണ്ടിരുന്നു.

വിഭജനത്തിലൂന്നിയ ഫാഷിസ്റ്റ് ശക്തികളെ തോൽപ്പിക്കാനും പ്രതിരോധിക്കാനും തൊഴിലാളി- കർഷക സഖ്യത്തിനേ കഴിയൂ എന്ന് അദ്ദേഹം ഉറപ്പിച്ചുകൊണ്ടിരുന്നു.
വിഭജനത്തിലൂന്നിയ ഫാഷിസ്റ്റ് ശക്തികളെ തോൽപ്പിക്കാനും പ്രതിരോധിക്കാനും തൊഴിലാളി- കർഷക സഖ്യത്തിനേ കഴിയൂ എന്ന് അദ്ദേഹം ഉറപ്പിച്ചുകൊണ്ടിരുന്നു.

വ്യക്തിപരമായി, എനിക്ക് അദ്ദേഹവുമായി മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണുള്ളത്. 1995-ൽ ജെ.എൻ.യുവിൽ വിദ്യാർഥിയായിരുന്ന സമയത്ത്, എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിൽവച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. യൂണിവേഴ്‌സിറ്റിയിലെ ഒരു ദശാബ്ദം നീണ്ട എന്റെ വാസത്തിനിടെ, കേൾവിക്കാരെ ആവേശം കൊള്ളിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് എണ്ണമറ്റ സന്ദർഭങ്ങളിൽ സാക്ഷിയായിട്ടുണ്ട്. രാഷ്ട്രീയ സംഭവവികാസങ്ങളും വിപുലമായ അനുഭവപരിസരങ്ങളിൽനിന്നുള്ള സംഭവങ്ങളും സാംസ്‌കാരികവും സാഹിത്യപരവുമായ റഫറൻസുകളുമെല്ലാം സമഞ്ജസമായി കൂടിച്ചേർന്ന, മൂർച്ചയേറിയതും ഫലിതം നിറഞ്ഞതുമായ റിപ്പോർട്ടുകളായിരുന്നു ആ പ്രസംഗങ്ങൾ. ജെ.എൻ.യു വിദ്യാർഥി യൂണിയന്റെ ഓരോ തെരഞ്ഞെടുപ്പിനുശേഷവും യെച്ചൂരി ഏറ്റവും സ്വീകാര്യനായ പ്രസംഗികനായി മാറി. ഇലക്ഷൻ കാമ്പയിന്റെ ഉച്ചസ്ഥായിയിൽ നടക്കുന്ന ജനറൽ ബോഡി യോഗങ്ങളിലെ ആ പ്രസംഗങ്ങൾ വൻതോതിൽ വിദ്യാർഥികളെ ആകർഷിക്കുകയും ഇടതുപക്ഷത്തിന് നിർണായക മുൻതൂക്കം നേടിക്കൊടുക്കുകയും ചെയ്യുന്നവയായിരുന്നു.

അടിയന്തരാവസ്ഥക്കുതൊട്ടുപുറകേയുണ്ടായ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ അദ്ദേഹത്തിന് പിഎച്ച്.ഡി പഠനം ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹം അടക്കമുള്ള നിരവധി സഖാക്കളെപ്പോലെ പിഎച്ച്.ഡി പഠനം പാതിവഴിയിൽ ഉപേക്ഷിക്കരുതെന്നും അത് പൂർത്തിയാക്കണമെന്നും അദ്ദേഹം എന്നോടും പറയാറുണ്ടായിരുന്നത് ഞാനിപ്പോൾ ഏറെ അടുപ്പത്തോടെ ഓർക്കുന്നു.

അദ്ദേഹം എന്താണ്, എങ്ങനെയാണ് പ്രസംഗിക്കാൻ പോകുന്നത് എന്നത് പല മാർഗങ്ങളിലൂടെ ഞങ്ങൾക്ക് പ്രവചിക്കാൻ കഴിയുമായിരുന്നു:
തുടക്കം ഓഡിയൻസിനോടുള്ള ഒരു ചോദ്യത്തിൽനിന്നായിരിക്കും. ഇംഗ്ലീഷിലാണോ ഹിന്ദിയിലാണോ തന്റെ മാതൃഭാഷയായ തെലുങ്കിലാണോ പ്രസംഗിക്കേണ്ടത്? നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നതിനാലാണ് ഈ ചോദ്യം. പിന്നെ, വിദ്യാർഥി പ്രസ്ഥാനത്തിലുള്ള തന്റെ അനുഭവങ്ങളെക്കുറിച്ചും ജെ.എൻ.യുവിൽ എങ്ങനെയാണ് ജനാധിപത്യം പ്രാവർത്തികമാകുന്നത് എന്ന് സൂചിപ്പിക്കാൻ, താൻ മൂന്നു തവണ യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും കോൺഗ്രസ് സർക്കാർ നടപ്പാക്കിയ അടിയന്തരാവസ്ഥയിലെ അടിച്ചമർത്തലുകളെക്കുറിച്ചും, 1977-ലെ തോൽവിക്കുശേഷവും സർവകലാശാല ചാൻസലറായി തുടർന്ന ഇന്ദിരാഗാന്ധിയോട്, സ്ഥാനം രാജിവെക്കാനാവശ്യപ്പെടുന്ന ജെ.എൻ.യു വിദ്യാർഥി യൂണിയന്റെ നിവേദനം അവർക്കുമുന്നിൽ വായിച്ചതിനെക്കുറിച്ചും ആ പ്രതിഷേധത്തെതുടർന്ന് അവർക്ക് രാജിവെക്കേണ്ടിവന്നതിനെക്കുറിച്ചും മുമ്പ് ബോയ്‌സ് ഹോസ്റ്റലായിരുന്ന ഗംഗ ഹോസ്റ്റലിൽതാമസിക്കുന്ന കാലത്ത് 'കാപ്പിറ്റലിസത്തിന് ബദലില്ല' എന്ന വാദത്തിന്റെ മുനയൊടിച്ച് 'സോഷ്യലിസമാണ് ബദൽ' എന്ന് വാദിച്ചുറപ്പിച്ചിരുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം പ്രസംഗിക്കും. പുതിയ കേൾവിക്കാരെ ആകർഷിക്കാനും അവർക്ക് അടിസ്ഥാനവിഷയങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാനും പിന്നീട് അവ പിന്തുടരണമെന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു ഈ വിഷയങ്ങൾ അദ്ദേഹം പ്രസംഗത്തിലുൾപ്പെടുത്തിയിരുന്നത്. ജാതീയമായ അടിച്ചമർത്തലിനും വർഗീയ രാഷ്ട്രീയത്തിനും എതിരായ കടുത്ത വിമർശനമായിരിക്കും പിന്നീട്. പിന്നെ ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള വിശകലനം, സാമ്രാജ്യത്വ ആക്രമണങ്ങൾ, ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങിയവും പുറകെ വരും.

സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ പ്രതിപാദനമായിരിക്കും അവസാന ഭാഗത്ത്. അത് ഏറ്റവും ഉൾക്കാഴ്ചയുള്ളതായിരിക്കും. അതായിരിക്കും പ്രസിഡൻഷ്യൽ സംവാദത്തിന്റെ ദിശ നിശ്ചയിക്കുക, ഒപ്പം, വോട്ടർമാർക്കുള്ള ഒരടയാളവും കൂടിയായിരിക്കും. പ്രസംഗത്തിലും എഴുത്തിലും അതിസങ്കീർണമായ വിഷയങ്ങൾ പോലും വളരെ ലളിതമായും ആകർഷകമായുമാണ് അദ്ദേഹം അവതരിപ്പിക്കുക.

പ്രസംഗത്തിലും എഴുത്തിലും അതിസങ്കീർണമായ വിഷയങ്ങൾ പോലും വളരെ ലളിതമായും ആകർഷകമായുമാണ് യെച്ചൂരി അവതരിപ്പിക്കുക./photo: Subin Dennis
പ്രസംഗത്തിലും എഴുത്തിലും അതിസങ്കീർണമായ വിഷയങ്ങൾ പോലും വളരെ ലളിതമായും ആകർഷകമായുമാണ് യെച്ചൂരി അവതരിപ്പിക്കുക./photo: Subin Dennis

മികച്ച അക്കാദമിക് യോഗ്യതകളുള്ള ഒരാൾ കൂടിയായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കുതൊട്ടുപുറകേയുണ്ടായ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ അദ്ദേഹത്തിന് പിഎച്ച്.ഡി പഠനം ഉപേക്ഷിക്കേണ്ടിവന്നു. അദ്ദേഹം അടക്കമുള്ള നിരവധി സഖാക്കളെപ്പോലെ പിഎച്ച്.ഡി പഠനം പാതിവഴിയിൽ ഉപേക്ഷിക്കരുതെന്നും അത് പൂർത്തിയാക്കണമെന്നും അദ്ദേഹം എന്നോടും പറയാറുണ്ടായിരുന്നത് ഞാനിപ്പോൾ ഏറെ അടുപ്പത്തോടെ ഓർക്കുന്നു.
ഞാൻ അധ്യാപക ജോലി ഉപേക്ഷിച്ച് പാർട്ടിയുടെയും അഖിലേന്ത്യ കിസാൻ സഭയുടെയും മുഴുവൻ സമയപ്രവർത്തകനായതുമുതൽ, പല സന്ദർഭങ്ങളിലും നിരവധി വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. വിശാലമായ സമവായം രൂപപ്പെടുത്തുന്നതിനെക്കുറിച്ചും മൂവ്‌മെന്റിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെയാകും സംസാരിക്കുക. ഞങ്ങളുടെ പ്രതികരണങ്ങൾക്ക് ഗുണകരമാകുന്ന വിഷയങ്ങൾ പലപ്പോഴും അദ്ദേഹം ശ്രദ്ധയിൽ പെടുത്താറുമുണ്ട്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി, നിരവധി ഡിബേറ്റുകളിൽ എതിർപക്ഷത്ത് നിൽക്കേണ്ടിവരുമ്പോൾ പോലും വളരെ ഊഷ്മളമായ സാഹചര്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു, എന്റെ ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും അത് പങ്കുവഹിച്ചിട്ടുണ്ട്.

നാഗാ ജനങ്ങൾക്കുവേണ്ടിയുള്ള സമാധാനപ്രക്രിയയുടെ പുരോഗതിയുമായി ബന്ധപ്പെട്ടായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുകൊണ്ടുവന്ന്, പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന മട്ടിൽ പ്രധാനമന്ത്രി നടത്തിയ തെറ്റായ അവകാശവാദങ്ങൾക്കെതിരെ അദ്ദേഹത്തിന് എഴുതാൻ ശ്രമം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.

റെഡ് സല്യൂട്ട്, സഖാവ് സീതാറാം.

Comments