മലയാള നാടകവേദിയുടെ വ്യാകരണം മാറ്റിയെഴിതിയ എഴുത്തുകാരൻ, വയനാട്ടിലെ ആദിവാസി കുട്ടികൾക്കായി കനവ് എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ കേന്ദ്രം തുറന്ന വിദ്യാഭ്യാസ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക മേഖലകളിലെ വെളിച്ചമായി കെ.ജെ ബേബി നിറഞ്ഞു നിൽക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ മാവിലായിൽ 1954ൽ ഫെബ്രുവരി 27ന് ആണ് ബേബി ജനിച്ചത്. 1973ൽകുടുംബം വയനാട്ടിലേക്ക് കുടിയേറിയതോടെ ബേബിയുടെ ജീവിതവും മാറുകയായിരുന്നു. ഇക്കാലത്താണ് വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ കലാ-സാംസ്‌കാരിക ജീവിതം ബേബി അടുത്തറിയുന്നത്. കെ.ജെ ബേബി എന്ന പേര് കേൾക്കുമ്പോൾ മനസിലെത്തുക കനവും നാടുഗദ്ദികയുമായിരിക്കും. ഗോത്രഗീതങ്ങളും ഗോത്ര ഐതിഹ്യങ്ങളും അന്ന് തന്നെ കെ.ജെ. ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബേബി നാടുഗദ്ദിക എഴുതുന്നത്. മലയാള നാടകവേദിയിലെ മേലാളഭാവുകത്വത്തിനെതിരായ കലാപമായിരുന്നു ഒരർത്ഥത്തിൽ നാടുഗദ്ദിക. ഗോത്രജനതയുടെ ഗദ്ദിക എന്ന അനുഷ്ഠാനമായിരുന്നു നാടകത്തിന് പ്രചോദനമായത്. കേരളത്തിലുടനീളം പ്രദർശിപ്പിച്ച നാടകം മലയാളത്തിലെ ആദ്യകാല ദലിത് സാഹിത്യത്തിലെ വലിയ ഇടപെടലായിരുന്നു.
വയനാട് സാംസ്‌കാരികവേദി എന്ന സംഘടനയായിരുന്നു 18 കലാകാരന്മാരെ അണിനിരത്തി നാടുഗദ്ദിക കേരളത്തിലുടനീളം അവതരിപ്പിച്ചത്. 1981 മേയ് 22-ന് കോഴിക്കോട് മുതലക്കുളത്തുവെച്ച്, നാടകത്തിന്റെ സംഘാടകരെ പൊലീസ് അറസ്റ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും 12 വർഷത്തിന് ശേഷം മഞ്ഞുമലൈ മക്കൾ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നാടുഗദ്ദികയുടെ നിരവധി പുനരവതരണങ്ങളും നടത്തി.
പിന്നീടുവന്ന, മാവേലിമന്റം എന്ന നോവലും ആദിവാസി ജീവിതങ്ങളെ നേരെ ചെന്ന് തൊട്ടറിയാനുള്ള ശ്രമമായിരുന്നു. അതുവരെ, നാരായനും മറ്റും മാത്രമായിരുന്നു മലയാള സാഹിത്യത്തിൽ ദലിത് ജീവിതം ചിത്രീകരിച്ചിരുന്നത്. അവിടേക്കാണ് നേർത്തഭാഷയിൽ ആദിവാസിജീവിതം അവതരിപ്പിച്ചുകൊണ്ട് ബേബി കടന്നുവന്നത്.
നാടുഗദ്ദികയുടെ തുടർച്ച തന്നെയായിരുന്നു മാവേലിമന്റെവും എന്ന് പറയാം. നോവലിന് 1994ലെ കേരള സാഹിത്യ അക്കദമി അവാർഡും, മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു.
അതേ വർഷമാണ് കനവ് എന്ന പേരിൽ വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾക്കായി ബേബിയും ഭാര്യയും ചേർന്ന് ഒരു സമാന്തര വിദ്യാഭ്യാസ സംരംഭം ആരംഭിക്കുന്നത്. ആദിവാസി കുട്ടികളെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മുന്നിലെത്തിക്കുക എന്നതായിരുന്ന കനവിന്റെ ഉദ്ദേശം. കെ.ജെ. ബേബി എന്ന മനുഷ്യസ്‌നേഹിയുടെ, എഴുത്തുകാരന്റെ, മനുഷ്യാവകാശ പ്രവർത്തകന്റെ ആദർശങ്ങളുടെയും ജീവിത ദർശനങ്ങളുടെയും ആവിഷ്‌കാരമായിരുന്നു കനവ്. പേര് സൂചിപ്പിക്കുന്നത് പോലെ, ബേബിയുടെ വിദ്യാഭ്യാസ ചിന്തകളുടെ ആവിഷ്‌കാരമായിരുന്നു ഇത്. കനവ് - അതിസുന്ദരമായ ഒരു സ്വപനം. ആദിവാസി വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയും കലയും അതേ ജീവിതപരിസരം നിലനിർത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയായിരുന്നു കനവിലേത്. ബേബിയുടെ വിദ്യാഭ്യാസ ദർശനങ്ങളുടെ പ്രതിഫലനമായിരുന്നു കനവിലെ പ്രവർത്തനങ്ങൾ. പിന്നീട്, 2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി. പിന്നീട് അവിടുത്തെ വിദ്യാർത്ഥികൾക്കായിരുന്നു കനവിന്റെ ചുമതല.
ആദിവാസി വിഭാഗത്തിൽ നിന്ന് ചലച്ചിത്ര സംവിധാനരംഗത്ത് എത്തിയ ലീല സന്തോഷ് ഉൾപ്പടെയുള്ളവർ കനവിലെ പൂർവ്വ വിദ്യാർത്ഥികളാണ്. വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃകനഷ്ടവും പ്രമേയമാക്കി നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന പേരിൽ ലീല ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. 2004ൽ, ഗുഡ എന്ന ഗോത്രഭാഷയിൽ സിനിമ നിർമിച്ചപ്പോൾ കെ.ജെ ബേബി സഹസംവിധായികയായി കൂടെക്കൂട്ടിയത് ലീലയെയായിരുന്നു. കനവിലെ അനുഭവങ്ങളും കെ.ജെ. ബേബി എന്ന ഗുരുനാഥന്റെ നിർദേശങ്ങളുമാണ് ചലച്ചിത്ര രംഗത്ത് ചുവടുറപ്പിക്കാൻ പ്രചോദനമായതെന്ന് ലീല ഓർക്കുന്നു.
എഴുത്തുകാരനായും, സാഹിത്യകാരനായും മനുഷ്യസ്‌നേഹിയായും, മനുഷ്യാവകാശ പ്രവർത്തകനുമായുമെല്ലാം തന്റെ അവസാനകാലം വരെയും പ്രവർത്തിച്ചിരുന്ന ബേബി, 70ാം വയസിൽ വിടവാങ്ങുമ്പോൾ ഒരുകാലഘട്ടം അപ്പാടെയാണ് വിടവാങ്ങുന്നത്.