പാൽ വിപണിയും വിദേശ കുത്തകകൾക്ക്,
എട്ടു കോടി കുടുംബങ്ങൾക്കാണ് നഷ്ടം
പാൽ വിപണിയും വിദേശ കുത്തകകൾക്ക്, എട്ടു കോടി കുടുംബങ്ങൾക്കാണ് നഷ്ടം
ഒട്ടേറെ വിദേശ കമ്പനികള്‍ ഇന്ത്യന്‍ ഡയറി കമ്പനികളുമായി ലയിക്കുകയും വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയുമാണ്. വിദേശ കമ്പനികള്‍ക്ക് അവരുടെ സര്‍ക്കാരുകളില്‍ നിന്ന് വന്‍തോതില്‍ സബ്‌സിഡി ലഭിക്കുന്നതിനാല്‍ ഇന്ത്യയിലെ ക്ഷീര സഹകരണസംഘങ്ങള്‍ക്ക് അവരുമായി മത്സരിക്കാനാവില്ല. സാമ്രാജ്യത്വ ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി പാലിന്റെയും പാലുത്പന്നങ്ങളുടെയുെ സ്വതന്ത്ര വിപണനത്തിനായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുകയാണ്
23 May 2022, 02:51 PM
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ തൊഴിലെടുക്കുന്ന ക്ഷീരമേഖലയില്‍ കോവിഡ് മഹാമാരിക്കാലം സൃഷ്ടിച്ചത് മുന്‍പില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ്. അതിനുപുറമേയാണ്, സ്വകാര്യ ഡയറി കോര്‍പറേറ്റ് കമ്പനികളുടെ വന്‍തോതിലുള്ള വരവും വിദേശ ഡയറി ഉത്പന്നങ്ങളുടെ ഇറക്കുമതിയും ക്ഷീര സഹകരണ മേഖലയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. ഒട്ടേറെ വിദേശ കമ്പനികള്‍ ഇന്ത്യന്‍ ഡയറി കമ്പനികളുമായി ലയിക്കുകയും വിപണിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയുമാണ്. വിദേശ കമ്പനികള്‍ക്ക് അവരുടെ സര്‍ക്കാരുകളില്‍ നിന്ന് വന്‍തോതില്‍ സബ്‌സിഡി ലഭിക്കുന്നതിനാല്‍ ഇന്ത്യയിലെ ക്ഷീര സഹകരണസംഘങ്ങള്‍ക്ക് അവരുമായി മത്സരിക്കാനാവില്ല. സാമ്രാജ്യത്വ ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി പാലിന്റെയും പാലുത്പന്നങ്ങളുടെയുെ സ്വതന്ത്ര വിപണനത്തിനായി ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് യൂണിയന്‍ ഗവണ്‍മെൻറ് അടിയന്തരമായി പിൻമാറണം.
ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതുള്‍പ്പെടെ ക്ഷീരമേഖലയെക്കുറിച്ചുള്ള സമഗ്ര ചര്‍ച്ചകളാണ് മേയ് 14, 15 തീയതികളില്‍ കോഴിക്കോട്ട് നടന്ന ക്ഷീരകര്‍കരുടെ ആദ്യത്തെ അഖിലേന്ത്യാ ശില്‍പശാലയില്‍ നടന്നത്. ക്ഷീരമേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ചും സാധ്യമായ പുതിയ ബദല്‍ നയങ്ങളെക്കുറിച്ചുമുള്ള ഒട്ടേറെ സെഷനുകള്‍ ശില്‍പശാലയുടെ ഭാഗമായി നടന്നു.
അഖിലേന്ത്യ കിസാന്‍ സഭയും പി. സുന്ദരയ്യ മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്. 17 സംസ്ഥാനങ്ങളില്‍ നിന്ന് 71 പ്രതിനിധികളാണ് പങ്കെടുത്തത്.
എട്ടുകോടി കുടുംബങ്ങളുടെ ജീവിതമാർഗം
ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങളില്‍ സുപ്രധാന സ്വാധീനമാണ് ക്ഷീരമേഖലയ്ക്കുള്ളത്. എട്ട് കോടിയിലധികം കുടുംബങ്ങളുടെ വരുമാനമാര്‍ഗമാണിത്. ക്ഷീര കാര്‍ഷിക മേഖലയിലെ തൊഴിലാളികളില്‍ 70 ശതമാനവും സ്ത്രീകളാണ്. 22 വര്‍ഷമായി ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദന രാഷ്ട്രം.
2017-18ല്‍ 7,01,530 കോടി രൂപയുടെ പാലാണ് ഇന്ത്യ ഉത്പാദിപ്പിച്ചതെന്നാണ് നാഷണല്‍ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്. തൊട്ടുപിന്നിലുള്ള വിളകളേക്കാള്‍ വളരെയേറെ ഉയര്‍ന്ന നിരക്കാണിത്. 2,72,221 കോടി രൂപയുടെ നെല്ലും 1,73,984 കോടി രൂപയുടെ ഗോതമ്പുമാണ് ഇന്ത്യ ഈ കാലയളവില്‍ ഉത്പാദിപ്പിച്ചത്. ഇന്ത്യയുടെ കാര്‍ഷിക, അനുബന്ധ മേഖലകളുടെ ആകെ ഉത്പാദനമൂല്യം 28 ലക്ഷം കോടിയോളമാണ്. ഇതില്‍ 25 ശതമാനത്തിലധികമാണ് പാലിന്റെ സംഭാവന.

കോവിഡ് കാലം ചെറുകിട, ഇടത്തരം കര്‍ഷകരെയാണ് രൂക്ഷമായി ബാധിച്ചത്. സാമൂഹത്തിന്റെ താഴേത്തട്ടിലുള്ള കര്‍ഷകരും സ്ത്രീകളുമാണ് ഏറ്റവും മോശമായി രീതിയില്‍ ബാധിക്കപ്പെട്ടത്. ഉദാഹരണത്തിന്, ലോക്ക്ഡൗണിനു മുമ്പ് മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 35 രൂപ ലഭിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ഇത് 18 രൂപ വരെയായി കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരു ലിറ്റര്‍ പാലിന്റെ ശരാശരി ഉത്പാദനച്ചെലവ് 29 രൂപയാണെന്നാണ് കണക്കാക്കുന്നത്. ഈ കഠിനമായ സാഹചര്യമാണ് പാലിന്റെ സംഭരണവും ക്ഷീരമേഖലയില്‍ കുറഞ്ഞ താങ്ങുവില (MSP) യും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകരെ നിര്‍ബന്ധിതരാക്കിയത്. അഖിലേന്ത്യ കിസാന്‍ സഭയും സമരത്തില്‍ സജീവമാണ്.
സ്വകാര്യ ഡയറികൾക്ക് കുത്തക
മഹാരാഷ്ട്രയിലേതിന് സമാനമായ പ്രതിസന്ധിയാണ് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമുള്ളതെന്നാണ് അഖിലേന്ത്യ കിസാന്‍ സഭ സെന്ററിനു ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിനും മധ്യപ്രദേശിലും പാലിന്റെ സംഭരണ വില 20 രൂപയില്‍ താഴെയാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും സ്വകാര്യ ഡയറികള്‍ക്കാണ് ആധിപത്യമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഡയറി സെക്ടറിലെ നിയന്ത്രണങ്ങള്‍ നീക്കുന്നത് ചെറുകിട ഇടത്തരം കര്‍ഷകരെ പോഷിപ്പിക്കുമെന്ന നവലിബറല്‍ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഈ പ്രതിസന്ധി. നവലിബറല്‍ നയങ്ങള്‍ ക്ഷീര കര്‍കരെ പലവിധത്തില്‍ കൊല്ലുകയാണെന്നും ലോക്ക്ഡൗണ്‍ അതിന് ആക്കം കൂട്ടിയെന്നും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും.
മിൽമ മുന്നിൽ
കേരളത്തിലെ ക്ഷീര സഹകരണ സംഘമായ മില്‍മ ലിറ്ററിന് 38 രൂപയാണ് പാലിന് നല്‍കുന്നത്. അതേസമയം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ വില 17 മുതല്‍ 35 വരെയാണ്. പാല്‍ വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 83 ശതമാനം പാല്‍ ഉത്പാദകര്‍ക്കായി നീക്കിവെച്ചിരിക്കുന്നതിനാല്‍ മില്‍മയ്ക്ക് ഇത് സാധ്യമാണ്. മറുവശത്ത്, ഭൂരിഭാഗം കര്‍ഷകര്‍ക്കും ഉത്പാദനച്ചെലവ് പോലും ലഭിക്കുന്നില്ല. പലരും നഷ്ടം താങ്ങാനാവാത്ത സ്ഥിതിയിലാണ്.
മോദി ഭരണകൂടത്തിന്റെ നയരൂപീകരണങ്ങളെല്ലാം സ്വകാര്യ മേഖലയെ സഹായിക്കുന്ന തരത്തിലുള്ളതാണ്. 15,000 കോടി രൂപയുടെ ആനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെൻറ് ഫണ്ട് (AHIDF) രൂപീകരിക്കാന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ തന്നെ ഇത് വ്യക്തമായതാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ക്ഷീര അനുബന്ധ മേഖലയുടെ വികസനത്തില്‍ സ്വകാര്യ മേഖലയ്ക്ക് ഫണ്ട് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് എന്നതിനാല്‍ ഇത് പ്രധാനമാണെന്ന് FICCI റിപ്പോര്‍ട്ടില്‍ പറയുന്നു. AHIDF പാല്‍, മാംസ സംസ്‌കരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിലും ആനിമല്‍ ഫീഡ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നുവെന്നും FICCI റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ കമ്പനികളുമായി സഹകരിക്കാന്‍ എപ്പോഴും താത്പര്യപ്പെടുന്ന വന്‍കിട മൂലധനശക്തികളുടെ സ്വാധീനവും കുത്തകയും ക്ഷീരമേഖലയില്‍ വര്‍ധിച്ചുവരുന്നത് ക്ഷീരകര്‍ഷകരുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്, ലോക്ക്ഡൗണ്‍ കാലത്ത് മഹാരാഷ്ട്രയില്‍ കണ്ടതുപോലെ.
എന്താണ് പരിഹാരം?
ക്ഷീരമേഖലയിലെ തടുക്കാനാവാത്ത കോര്‍പറേറ്റുകളുടെ സ്വാധീനത്തെ പ്രതിരോധിക്കാന്‍ ഉദ്പാദകരുടെ സഹരകരണസംഘങ്ങള്‍ സാമ്പത്തികമായും ഉദ്പാദനത്തിലും വിപണനത്തിലും എല്ലാ സാധ്യതകളും തേടണമെന്നാണ് അഖിലേന്ത്യ കിസാന്‍ സഭ കരുതുന്നത്. നലിവിലുള്ള ക്ഷീര സഹകരണസംഘങ്ങളുടെ അപര്യാപ്തതകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, വ്യാവസായിക മിച്ചം പ്രാഥമിക ഉത്പാദകരുമായി പങ്കുവെക്കുന്ന ഒരു മാതൃക രൂപീകരിക്കണമെന്നാണ് ഞങ്ങള്‍ നിര്‍ദേശിക്കുന്നത്.
ക്ഷീരസഹകരണസംഘങ്ങള്‍ സംഭരിക്കുന്ന പാലിന്റെ 45 ശതമാനവും നിയന്ത്രിക്കുന്ന അമുല്‍ പോലെയുള്ള സഹകരണസംഘങ്ങള്‍ പോലും വ്യാവസായിക മിച്ചം പ്രാഥമിക ഉത്പാദകരുമായി പങ്കുവെക്കുന്നില്ല. ന്യായമായ വില നല്‍കി പാല്‍ സംഭരിക്കുകയും ആവശ്യമായ വെറ്റിനറി, കാലിത്തീറ്റ സഹായങ്ങള്‍ നല്‍കുകയും ചെയ്ത് പരമ്പരാഗത സഹകരണസംഘങ്ങള്‍ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് സംഭരണ സംവിധാനം ഉറപ്പുവരുത്തണം. കര്‍ഷകരില്‍ നിന്ന് വിളകള്‍ വായ്പയായി എടുക്കുകയും തുടര്‍ന്ന് സംസ്‌കരണത്തിന്റെ പ്രാഥമിക ഘട്ടത്തിലും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഉയര്‍ന്ന ഘട്ടങ്ങളിലുമുണ്ടാകുന്ന മിച്ചമൂല്യം കര്‍ഷകരുമായി പങ്കുവെക്കുകയും ചെയ്യാന്‍ അമുല്‍ അല്ലെങ്കില്‍ മദര്‍ ഡയറി പോലെയുള്ള സംസ്ഥാനങ്ങളിലെ കുത്തക കമ്പനികള്‍ക്ക് സാധിക്കില്ല. കാരണം, കര്‍ഷകരില്‍ നിന്ന് വിളകര്‍ വായ്പയായി എടുക്കാനും അവരെ മൊത്ത ഉത്പാദനത്തിന്റെ ഭാഗമായ പ്രാഥമിക ഉത്പാദകരായി പരിഗണിക്കാനും പറ്റുന്ന തരത്തിലല്ല ഈ കമ്പനികളുടെ ഘടന. അവ സഹകരണസംഘങ്ങളുടെ മേലങ്കിയണിഞ്ഞ് കമ്പനികളായി പ്രവര്‍ത്തിക്കുന്നവയാണ്.
കര്‍ഷകരെ കൂട്ടായ ശക്തിയാക്കുന്നതിനും കോര്‍പറേറ്റുകളുടെ ചൂഷണം മറികടക്കുന്നതിനായി കാര്‍ഷികമേഖലയെ ആധുനികവത്കരിച്ച് ഉത്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാനും വിളകളുടെ അടിസ്ഥാനത്തില്‍ കര്‍ഷകരെ അണിനിരത്തേണ്ടത് നിര്‍ണായകമാണെന്ന് 2017-ല്‍ ഹിസാറില്‍ നടന്ന അഖിലേന്ത്യ കിസാന്‍ സഭയുടെ 34-ാമത് കോണ്‍ഫറന്‍സില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിള തിരിച്ച് കര്‍ഷകരെ അണിനിരത്തുന്നതും കര്‍ഷക സാമൂഹിക സഹകരണസംഘങ്ങളുടെ കീഴില്‍ കാര്‍ഷിക സംസ്‌കരണ വ്യസായങ്ങളും വിപണന സാധ്യതകളും സ്ഥാപിക്കുന്നതുമാണ് കര്‍ഷകരെ സംബന്ധിച്ച് പ്രധാനം. വിത്തുകളുടെ വിതരണം, കൂട്ടായ കൃഷി, സംഭരണം, ശേഖരിച്ചുവെക്കല്‍, വെയര്‍ ഹൗസിങ്, സംസ്‌കരണം, മൂല്യവര്‍ധന, വിപണനം, മിച്ചം പങ്കുവെക്കല്‍, ഗവേഷണം, വികസനം എന്നിവയിലൂടെ ഉത്പാദനം വലിയതോതിലാക്കാന്‍ ഇത് സഹായിക്കും.
ബ്രഹ്‌മഗിരി ഒരു മാതൃക
ഇത്തരമൊരു സാഹചര്യത്തില്‍ വിളകളുടെ/ മേഖലകളുടെ അടിസ്ഥാനത്തിലുള്ള പ്രതിരോധം സംഘടിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ധാരണകളുടെ അടിസ്ഥാനത്തില്‍, ഉത്പാദകര്‍ തന്നെ ഉടമകളും നടത്തിപ്പുകാരുമാകുന്ന, ഉദ്പാന വിപണന ആവശ്യങ്ങള്‍ക്ക് ഉതകുന്ന ഉത്പാദക സഹകരണസംഘങ്ങള്‍ക്കായി ഞങ്ങള്‍ ശ്രമിക്കും. വ്യാവസായിക ശേഷി മെച്ചപ്പെടുത്തുന്നതിനും മൂല്യവര്‍ധിത ഉത്പാദനത്തിനും ദേശീയതലത്തിലുള്ള സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപപ്പെടത്തുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്താനും ഇത്തരത്തിലുള്ള കര്‍ഷകരുടെ സംഘങ്ങള്‍ പ്രധാനമാണ്. വയനാട്ടില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ പിന്തുണയില്‍ കേരള സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ബ്രഹ്‌മഗിരി സോഷ്യല്‍ കോഓപ്പറേറ്റീവ് പ്രൊജക്റ്റ് മറ്റു സ്ഥലങ്ങളിലും പരീക്ഷിക്കാവുന്ന മാതൃകയാണ്.

ഗ്രാമീണ വരുമാനത്തിന്റെ 27 ശതമാനം നല്‍കുന്ന കന്നുകാലി വിപണനം ചില സംസ്ഥാനങ്ങളില്‍ വിലക്കിയ ആര്‍.എസ്.എസ്.-ബി.ജെ.പി. സര്‍ക്കാരിന്റെ വര്‍ഗീയ മനോഭാവത്തെയും വര്‍ക്ക്‌ഷോപ്പ് ശക്തമായി അപലപിച്ചു. കന്നുകാലി വിപണികള്‍ ഉടന്‍ തുറക്കണമെന്നും സംസ്ഥാനങ്ങള്‍ കന്നുകാലികളുടെ വില നല്‍കി അവരെ സംഭരിക്കണമെന്നും വര്‍ക്ക്‌ഷോപ്പ് ആവശ്യപ്പെട്ടു.
എല്ലാ ക്ഷീരകര്‍ഷകര്‍ക്കും മതിയായ വില ഉറപ്പുനല്‍കണമെന്നും വര്‍ക്ക്‌ഷോപ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷീരസംഘങ്ങളുടെയും കോര്‍പറേറ്റ് കമ്പനികളുടെയും മൂല്യവര്‍ധിത പാലുത്പന്നങ്ങളുടെ വ്യാവസായിക മിച്ചം സംഭരിക്കുന്ന പാലിന് ആനുപാതികമായി പാല്‍ ഉത്പാദകരുമായി പങ്കുവെക്കുന്നത് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ നടപ്പാക്കിയ അയ്യങ്കാളി അര്‍ബന്‍ എംപ്ലോയ്‌മെൻറ് ഗ്യാരന്റി സ്‌കീം പ്രതിവര്‍ഷം 32,400 രൂപയാണ് നല്‍കുന്നത്. ഇതിലൂടെ നഗരമേഖലയിലെ കുറഞ്ഞത് രണ്ട് കറവപ്പശുക്കളെങ്കിലുമുള്ള, ക്ഷീരസഹകരണ സംഘത്തില്‍ പാല്‍ നല്‍കുന്ന എല്ലാ കര്‍ഷകര്‍ക്കും 100 ദിവസത്തെ വേതനമാണ് ലഭിക്കുന്നത്. ഇത് അവരുടെ ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഭേദഗതി വരുത്തി രാജ്യം മുഴുവന്‍ ഈ രീതി കൊണ്ടുവരണമെന്നും വര്‍ക്ക്‌ഷോപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതിലൂടെ ക്ഷീരമേഖലയാകെ വികസിക്കുകയും പാലുത്പാദനവും ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ ജീവിതവും മെച്ചപ്പെടുകയും ചെയ്യും.
പി. കൃഷ്ണപ്രസാദ്, അജിത് നവാലെ, വി.എസ്. പദ്മകുമാര്‍, മുഹമ്മദ് അലി എന്നിവര്‍ കോ ഓര്‍ഡിനേറ്റര്‍മാരായി സംഘാടകസമിതി രൂപീകരിക്കാനും വര്‍ക്ക്‌ഷോപ്പില്‍ തീരുമാനമായി. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ക്ഷീര സഹകരണസംഘങ്ങളുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും. ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനതലത്തില്‍ സമാനമായ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഓള്‍ ഇന്ത്യ ഡയറി ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ രൂപീകരിച്ച് ക്ഷീര സഹകരണ സംഘങ്ങളെ മെച്ചപ്പെടുത്താനും കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും.
ക്ഷീരവകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിക്ക് ആവശ്യങ്ങളടങ്ങിയ പട്ടികയും ഒരു നിവേദനവും സമര്‍പ്പിക്കും. വര്‍ഗീസ് കുര്യന്റെ ജന്‍മവാര്‍ഷിക ദിനമായ 2022 നവംബര്‍ 26 ക്ഷീര കര്‍ഷക ദിനമായി ആചരിക്കും.
ഡോ. സുധീര്‍ ബാബു, ഡോ. ദിനേഷ് അബ്രോല്‍, വിജയംബ്ര ആര്‍. ഇന്ദര്‍ജിത് സിങ്, ഡോ. അജിത് നവാലെ, രഞ്ജിനി ബസു, നിധീഷ് ജോണി വില്ലാട്ട് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു.
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read
Think
Feb 03, 2023
10 Minutes Read
ഡോ. രശ്മി പി. ഭാസ്കരന്‍
Feb 03, 2023
6 Minutes Read
കെ. സഹദേവന്‍
Jan 30, 2023
8 minutes read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read