മതേതരത്വം എന്ന പദം ഒരു നുണയായി മാറിയ കാലം

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിലെത്തിനിൽക്കുന്ന ഇന്ത്യ, ബഹുസ്വരതയാർന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സെക്യുലറിസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തെയും പൗരജീവിതത്തെയും നിരന്തരം നവീകരിക്കാൻ പ്രാപ്തമായ ഈ മൂല്യം സംരക്ഷിക്കപ്പെടേണ്ടത്, നമ്മുടെ ഭാവി നിലനിൽപ്പിനും അനിവാര്യമാണ്. പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ട്രൂ കോപ്പിയുമായി അവരുടെ അഭിപ്രായം പങ്കിടുന്നു. വോട്ട് വിളിക്കുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക്, അവരേതായാലും ശരി, മതേതരത്വം പോലെ ഒരു സങ്കൽപത്തെ സത്യമായും നിലനിർത്താൻ സാധ്യമല്ലെന്ന്​ കൽപ്പറ്റ നാരായണൻ.

കേരളത്തിലെയോ ഭാരതത്തിലെയോ ഒരു രാഷ്ട്രീയപാർട്ടിയെയും ‘മതേതരം’ എന്ന് വിശേഷിപ്പിക്കാനാവില്ല. മതാതിഷ്ഠിത നിലപാടുകളാണ് തെരഞ്ഞെടുപ്പുകളിലും പ്രതിസന്ധി ഘട്ടങ്ങളിലുമൊക്കെ സ്വീകരിക്കാറ്. മതങ്ങളുടെയും ജാതികളുടെയും സ്വാധീനം അവർ നിർബാധം ഉപയോഗിക്കും. ഇക്കാര്യത്തിൽ ഈ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മൗലികമായ ഒരു അന്തരവും എനിക്ക് കാണാൻ സാധിച്ചിട്ടില്ല.

മതങ്ങളുടെയോ ജാതികളുടെയോ താത്പര്യങ്ങൾ എന്നും അവരിലൂടെ വിജയിച്ചുകൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് കാണാൻ സാധിക്കുന്നത്. മതസ്പർധയും ജാതിസ്പർധയും നാൾക്കുനാൾ വളർന്നുവരുന്നതിന്റെ അന്തരീക്ഷവും ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു. മതേതരം എന്ന പദം തന്നെ വാസ്തവത്തിൽ ഒരു സത്യാനന്തര കാലത്ത് ഒരു നുണയായി മാറുകയാണ്. മതേതരമായ ഒരു പരിഗണനയും സാധ്യമല്ലാത്ത ഒരു കാലഘട്ടത്തിൽ മതേതരത്വത്തെ മതം ഉപയോഗിക്കുന്ന രാഷ്ട്രീയകക്ഷികൾക്ക് കപട മതേതരം എന്ന് വിശേഷിപ്പിക്കാനാകും. അവർ വിജയിക്കുന്നതിൽ ഒട്ടും സന്തോഷമുള്ള ഒരാളല്ല ഞാൻ. പക്ഷേ, ഇത് കപട മതേതരമല്ല എന്ന് പറയാനുള്ള ത്രാണി നമ്മുടെ രാഷ്ട്രീയപാർട്ടികൾക്കില്ല.

ഐഡിയോളജിയെ വോട്ട് എന്നു പറയുന്ന അധികാരശക്തി തീർത്തും വിലയ്​ക്കുവാങ്ങിയിരിക്കുന്നു. വോട്ട് വിളിക്കുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക്, അവരേതായാലും ശരി, മതേതരത്വം പോലെ ഒരു സങ്കൽപത്തെ സത്യമായും നിലനിർത്താൻ സാധ്യമല്ല. അതുകൊണ്ട് അതൊരു അസത്യമായി തീരുന്നു. ഒരു സത്യാനന്തര സത്യമായി തീരുന്നു.

ഇതുമുഖേനയുള്ള ഒരു വലിയ വേദന, മതത്തെ ഉപയോഗപ്പെടുത്തുക, തുറന്നുപയോഗപ്പെടുത്തുക, മറയില്ലാതെ ഉപയോഗപ്പെടുത്തുക, ഇതൊക്കെ ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ വിജയിച്ചുകൊണ്ടിരിക്കുകയും മതേതരം എന്ന മുഖംമൂടിയിട്ട രാഷ്ട്രീയപാർട്ടികൾ പരാജയപ്പെടുകയും ചെയ്യുക എന്നതാണ്. പതുക്കെ മൂന്നോ നാലോ മതങ്ങൾ വീതം വെക്കുന്ന ഒരു നാടായി അത് മാറിയേക്കാം. അല്ലെങ്കിൽ ഭൂരിപക്ഷ മതത്തിന്റെ കീഴിലുള്ള ഒരു ഏകാധിപത്യ രാജ്യമായി മാറിയേക്കാം. അതിനെ തടയിടുവാനോ, നിയന്ത്രിക്കുവാനോ ഉള്ള ശേഷിയുള്ള ഒരു രാഷ്ട്രീയപാർട്ടിയും ഭാരതത്തിൽ ഇന്നില്ല എന്നുഞാൻ വിചാരിക്കുന്നു.


കൽപ്പറ്റ നാരായണൻ

കവി, നോവലിസ്റ്റ്, സാഹിത്യവിമർശകൻ, അധ്യാപകൻ. ഒഴിഞ്ഞ വൃക്ഷഛായയിൽ, ഒരു മുടന്തന്റെ സുവിഷേശം, കറുത്ത പാൽ (കവിതാ സമാഹാരങ്ങൾ), ഇത്രമാത്രം (നോവൽ), ഈ കണ്ണടയൊന്ന് വെച്ചുനോക്കൂ, കോന്തല, കവിയുടെ ജീവചരിത്രം, എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ ​​​​​​​

Comments