മതനിരപേക്ഷത: നമ്മുടെ പരാജയങ്ങൾ, സാധ്യതകൾ

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിലെത്തിനിൽക്കുന്ന ഇന്ത്യ, ബഹുസ്വരതയാർന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സെക്യുലറിസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തെയും പൗരജീവിതത്തെയും നിരന്തരം നവീകരിക്കാൻ പ്രാപ്തമായ ഈ മൂല്യം സംരക്ഷിക്കപ്പെടേണ്ടത്, നമ്മുടെ ഭാവി നിലനിൽപ്പിനും അനിവാര്യമാണ്. പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവർ ട്രൂ കോപ്പിയുമായി അവരുടെ അഭിപ്രായം പങ്കിടുന്നു. മതത്തിന്റെ അടിസ്ഥാനങ്ങളെ മുഴുവൻ വർഗീയവാദികൾക്ക് കൈമാറുന്ന പണിയാണ് പലപ്പോഴും നമ്മുടെ സംവാദങ്ങളിൽ ഉയർന്നുവന്നത് എന്നും അത് വലിയ തോതിൽ വിനാശകരമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കിയാൽ കാണാൻ കഴിയുമെന്നും സുനിൽ പി. ഇളയിടം.

ന്ത്യയുടെ സെക്യുലർ പാരമ്പര്യത്തെ രണ്ട് സവിശേഷമായ ധാരകളായി നമുക്ക് മനസിലാക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഒന്ന്, വ്യത്യസ്ത മതപാരമ്പര്യങ്ങളുടെ പരസ്പരാശ്രിതമായ ജീവിതത്തിലൂടെ കൈവന്ന ചരിത്രപരമായ ഒരു അടിസ്ഥാനം അതിനുണ്ട്. ആധുനിക അർഥത്തിലുള്ള സെക്യുലറിസം എന്നതിനെ പറയാൻ കഴിയില്ല എന്നത് ശരിയാണ്. പാശ്ചാത്യമായ ജ്ഞാനോദയത്തിന്റെയും ആധുനിക സമൂഹ രൂപീകരണത്തിന്റെയും പശ്ചാത്തലത്തിൽ വികസിച്ചുവന്ന മതനിരപേക്ഷതാ സങ്കൽപ്പമല്ല അതിലുള്ളത്. അതായത് മതവും രാഷ്ട്രീയാധികാരവും രണ്ട് വ്യത്യസ്ത മണ്ഡലങ്ങളായി വേർതിരിഞ്ഞ് നിൽക്കുക എന്ന നിലക്കുള്ള പടിഞ്ഞാറൻ മത നിരപേക്ഷതാ സങ്കൽപത്തെ നമുക്ക് ഇന്ത്യയുടെ ചരിത്രാനുഭവത്തിൽ കണ്ടെത്താൻ കഴിയില്ല. അതേസമയം വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തങ്ങളുടെ സാമൂഹിക ജീവിതത്തിന്റെയും ഭൗതിക ജീവിതത്തിന്റെയും ആവശ്യങ്ങളെ മുൻനിർത്തി അന്യോന്യം ഇടപഴകുകയും പരസ്പരാശ്രിതമായി ജീവിക്കുകയും ചെയ്തതിൽ നിന്നുണ്ടായിവന്ന ഒരു അന്യോന്യ സമ്മേളനത്തിന്റെയും അത് നൽകുന്ന ഒരു ബഹുഭാവ സംസ്‌കാരത്തിന്റെയും ഉള്ളടക്കം ഇന്ത്യൻ ജീവിതത്തിനുണ്ട്. പ്രത്യേകിച്ചും കേരളീയ സമൂഹത്തിനുണ്ട്.

എം.ജി.എസ്. നാരായണനെ പോലുള്ള ചരിത്രപണ്ഡിതന്മാർ പരസ്പരാശ്രിത സമൂഹം (symbiotic society) എന്ന സങ്കൽപനങ്ങളിലൂടെ കേരളത്തെ സംബന്ധിച്ച് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ കാണുന്ന അതേ അളവിൽ ഒരുപക്ഷേ ഈ പരസ്പരാശ്രിതത്വം വ്യത്യസ്ത മതങ്ങളെ സംബന്ധിച്ച് ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ കാണാൻ കഴിയില്ല. എങ്കിലും മതങ്ങളെല്ലാം അന്യോന്യം വേർതിരിഞ്ഞ് ഒറ്റതിരിഞ്ഞ കള്ളികളായി പരസ്പരം ഒഴിച്ചുനിർത്തുന്ന ഒരു പ്രവർജക സ്വഭാവമുള്ള മതജീവിതം വാസ്തവത്തിൽ ഇന്ത്യൻ അനുഭവത്തിൽ ഉണ്ടായിരുന്നില്ല. നമ്മളിന്ന് മതാത്മകമായി മാത്രം മനസിലാക്കാൻ നിർബന്ധിക്കപ്പെടുന്ന പല പാരമ്പര്യങ്ങളും വാസ്തവത്തിൽ ആ നിലയിൽ മതാത്മകമായിരുന്നില്ല.

എം.ജി.എസ്. നാരായണൻ

ഉദാഹരണത്തിന് മുകൾ കൊട്ടാരവും മുകൾ ഭരണവും, മുസ്​ലിംകളുടെ ഭരണം എന്നത് ശരിയാണെങ്കിലും മുഗൾ ഭരണക്രമം ഇസ്​ലാമികമായിരുന്നില്ല. ഇത് രണ്ടും രണ്ട് കാര്യങ്ങളാണ്. മതാത്മകമായ ഒരു ഭരണക്രമമുണ്ടാവുക, സവിശേഷമായ മതവിഭാഗത്തിൽപ്പെട്ട ആളുകൾ ഭരണാധികാരികളാവുക, എന്നത് രണ്ടും വ്യത്യസ്തമാണ്. അക്ബറിന്റെ കാലത്ത് മതപരമായ സൗഹാർദം വളരെ പ്രബലമായി അദ്ദേഹം പരിപോഷിപ്പിച്ചിരുന്നു. പലപ്പോഴും മതവിദ്വേഷത്തിന്റെ പ്രതിനിധിയായി പരിഗണിക്കപ്പെടുന്ന ഔറംഗസീബിന്റെ കൊട്ടാരത്തിൽ, ഷാജഹാന്റെ കൊട്ടാരത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉദ്യോഗസ്ഥർ ഹിന്ദുമതത്തിൽ പെട്ടവരായി ഉണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ അതേക്കുറിച്ചുള്ള പഠനങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്.

മതപരമായ അന്യോന്യ സഹവർത്തിത്വത്തിന്റെയും സഹജീവിതത്തിന്റെയും ദീർഘകാല പാരമ്പര്യം നമുക്കുണ്ട്. തീർച്ചയായും അതിനിടയിൽ വൈരുധ്യങ്ങളുമുണ്ട്. പക്ഷേ നാമിപ്പോൾ മനസ്സിലാക്കുന്നത് പോലെ പരസ്പര ശത്രുതയുടെയും വൈരുധ്യത്തിന്റെയും ഒരു പാരമ്പര്യം മാത്രമല്ല അത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ അന്യോന്യമുള്ള സഹജീവിതം, പരസ്പരാശ്രിത ജീവിതം എന്നിവ കേവലം ഭൗതിക തലത്തിൽ മാത്രമല്ല, ആശയാവലികളുടെ തലത്തിലും വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്തിപ്രസ്ഥാനവും സൂഫിസവും പോലുള്ള പാരമ്പര്യങ്ങളിലൊക്കെ നമുക്കത് കാണാൻ കഴിയും. കബീർദാസിനെ പോലുള്ള ഭക്തകവികളെ പല പാരമ്പര്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ചാരാധിച്ചിരുന്നതിന്റെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്.

അക്ബർ ചക്രവർത്തിയുടെ ചിത്രം

അങ്ങനെ അന്യോന്യമുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ വികസിച്ചുവന്ന വിജ്ഞാനത്തിന്റെ, കലയുടെ, ദർശനത്തിന്റെ, ദൈവ ഭാവനയുടെ ഒക്കെ ലോകങ്ങൾ ഇന്ത്യൻ പാരമ്പര്യത്തിലുണ്ട് എന്നത് നമുക്ക് കാണാൻ പറ്റും. നമ്മുടെ മതനിരപേക്ഷതയുടെ ചരിത്രപരമായ വംശാവലിയുടെ ഒരു ധാരയായി കാണാം ഇവയെ എന്നാണ് ഞാൻ കരുതുന്നത്. ഇത് പ്രധാനപ്പെട്ട ഒരു കാര്യമായാണ് ഞാൻ കണക്കാക്കുന്നത്. കാരണം മതനിരപേക്ഷത എന്നത് മതവും രാഷ്ട്രീയവും വേറിട്ട് നിൽക്കുക എന്ന പാശ്ചാത്യമായ അർഥവിവക്ഷയോടെ മനസിലാക്കപ്പെടേണ്ടതാണെന്നും അതിനപ്പുറമുള്ളതെല്ലാം മതപരമായ കൊടുക്കൽ വാങ്ങലുകൾ മാത്രമാണെന്നുമുള്ള ഒരു യുക്തി മതനിരപേക്ഷതയെ സംബന്ധിച്ച ചർച്ചകളിൽ പലപ്പോഴും അടിച്ചേൽപ്പിക്കപ്പെടാറുണ്ട്.

പടിഞ്ഞാറൻ ആധുനികതയുടെയും പടിഞ്ഞാറൻ മതനിരപേക്ഷതയുടെയും തനിയാവർത്തനങ്ങൾക്ക് മാത്രമേ മതനിരപേക്ഷത എന്ന അർഥസൂചന നൽകാവൂ എന്ന ദുശ്ശാഠ്യം വാസ്തവത്തിൽ യൂറോസെൻട്രിക്കായ ഒരു ചരിത്രവീക്ഷണത്തിന്റെ കൂടി ഉൽപ്പന്നമാണ്. നാമത് അതേപടി പിൻപറ്റേണ്ടതില്ല എന്നാണ് എന്റെ ഒരു തോന്നൽ. എന്റേത് മാത്രമായ അഭിപ്രായം എന്ന നിലയിലല്ല, ധാരാളം ചരിത്രകാരന്മാർ മതനിരപേക്ഷതയുടെ വംശാവലിയിൽ ഈ ഒരു അംശത്തെ വളരെ പ്രധാനമായി പരിഗണിക്കുന്നുണ്ട്.

രണ്ട്, ആധുനികമായ ഒരു മതനിരപേക്ഷ രാഷ്ട്രമെന്ന അർഥം വികസിച്ച് വരുന്നത് ദേശീയപ്രസ്ഥാനത്തോടെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആരംഭിക്കുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങൾ പിന്നിട്ടതിന് ശേഷവുമാണത്. ആദ്യ ഘട്ടത്തിൽ ദേശീയ പ്രസ്ഥാനം സമ്പൂർണമായും വർഗീയമായിരുന്നു എന്ന അർഥത്തിലല്ല. മറിച്ച് ആദ്യ ഘട്ടത്തിൽ അതിലെ മേൽക്കോയ്മയുണ്ടായിരുന്ന ആശയങ്ങൾ ഏറിയ പങ്കും ഒരു മതാത്മക മൂല്യങ്ങൾ നിറഞ്ഞതായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ബങ്കിം ചന്ദ്ര ചാറ്റർജിയെയോ, അരവിന്ദ ഘോഷിനെയോ ബാലഗംഗാധര തിലകിനെയോ ഒക്കെ പോലുള്ള നമ്മുടെ വലിയ നേതാക്കളുടെ രാഷ്ട്രഭാവനയുടെ ആധാരം മതമായിരുന്നു എന്ന് തിരിഞ്ഞുനോക്കിയാൽ കാണാൻ കഴിയും.

ബങ്കിം ചന്ദ്ര ചാറ്റർജി, അരവിന്ദ ഘോഷ്, ബാലഗംഗാധര തിലക്

ഏതാണ്ട് 1915 - 20 കൾ വരെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പിന്നിലെ ചാലകശക്തിയായി പ്രവർത്തിച്ച ഏറ്റവും പ്രധാന ഘടകം മതമാണ്. തീർച്ചയായും അതല്ലാത്ത ശ്രമങ്ങളും ദേശീയ പ്രസ്ഥാനത്തിനകത്ത് നിന്നുതന്നെ ഉണ്ടായിട്ടുണ്ട്. ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ ആർമിയുമെല്ലാം പ്രതിനിധീകരിച്ച മറ്റുധാരകളും അതിലുണ്ടായിരുന്നു. എങ്കിലും പൊതുവിൽ അന്നത്തെ ഇന്ത്യയിൽ എ.ആർ. ദേശായിയെപ്പോലുള്ള ചരിത്രകാരന്മാരൊക്കെ ചൂണ്ടിക്കാണിക്കുന്നത് പോലെ മിലിറ്റൻറ്​ ഹിന്ദു നാഷണലിസം എന്ന നിലയിലാണ് നമ്മുടെ ദേശീയതാസങ്കൽപ്പം ആദ്യ ഘട്ടത്തിൽ ഉയർന്നു വന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി ജനകീയമായ ഒരു ദേശീയതാഭാവന മതനിരപേക്ഷതയുമായി കൈകോർക്കുന്നത് 1920 കൾക്ക് ശേഷമാണ്.

ഈ ഉണർവുകളുടെ കേന്ദ്രമായി പ്രവർത്തിച്ചു എന്നതാണ് ഗാന്ധിജിയെ നമ്മുടെ ദേശീയ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സ്ഥാനത്തെത്തിക്കുന്നത്. അദ്ദേഹം ഇന്ത്യയിലെ വ്യത്യസ്ത മതപാരമ്പര്യങ്ങളെ ദേശീയ രാഷ്ട്രീയവുമായി കൂട്ടിച്ചേർക്കാൻ ആദ്യഘട്ടത്തിൽ ശ്രമിക്കുന്നു. പിന്നീട് മതപരമായ വിവക്ഷകൾക്കപ്പുറത്തേക്ക് കർഷകരുടെ വിളവിന് വില കിട്ടുക, ഉപ്പിന്റെ നികുതി കുറയ്ക്കുക, സ്വദേശി വസ്ത്രം ധരിക്കുക, അയിത്തോച്ഛാടന പ്രവർത്തനങ്ങളിൽ ഏർപ്പെടുക, തുടങ്ങിയ സാമൂഹികമായ ഭൗതിക പ്രശ്‌നങ്ങളിൽ നിന്ന് രാഷ്ട്രീയ സമരം വികസിപ്പിച്ചെടുക്കുന്നതിനായി അദ്ദേഹം ശ്രമിക്കുന്നത് കാണാം. വാസ്തവത്തിൽ ഇങ്ങനെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഭൗതിക പ്രശ്‌നങ്ങളിൽ നിന്ന് ദേശീയമായ സ്വാതന്ത്യ ബോധത്തെയും സമര സംഘാടനങ്ങളെയും രൂപപ്പെടുത്താൻ കഴിഞ്ഞു എന്നതിലാണ് 1920 കൾക്കുശേഷമുള്ള നമ്മുടെ ദേശീയ സ്വാതന്ത്യ സമരത്തിന്റെ വലിയ പ്രാധാന്യം കുടികൊള്ളുന്നത്. പിൽക്കാലത്ത് മതനിരപേക്ഷത എന്നത് നമ്മുടെ ആധുനിക രാഷ്ട്ര സങ്കൽപ്പത്തിന്റെ അടിത്തറയായി തീർന്നതും ഈ പശ്ചാത്തലത്തിലാണ് എന്ന് നമ്മൾ കാണണം.

1920 കൾ വരെ ഉണ്ടായിരുന്ന മതാത്മകമായ ദേശീയ ഭാവനയല്ല, മറിച്ച് സാമ്രാജ്യത്വ വിരുദ്ധവും മതനിരപേക്ഷവും ജനകീയവുമായ പുതിയൊരു ഭാവനാ മണ്ഡലം 1920 കൾ മുതൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ വികസിച്ചുവരുന്നുണ്ട്. രാഷ്ട്രീയമായി അത് അങ്ങേയറ്റം ഇൻക്ലൂസീവായിരുന്നു എന്നത് നമ്മൾ കാണേണ്ടതുണ്ട്. എന്നാൽ രാഷ്ട്രീയമായി ഇൻക്ലൂസീവായിരുന്ന അതേ അർഥത്തിൽ അത് സാംസ്‌കാരികമായി ഇൻക്ലൂസീവായിരുന്നില്ല. സാംസ്‌കാരികമായി സർവ്വ പാരമ്പര്യങ്ങളെയും ഒരേയളവിൽ ഉൾക്കൊള്ളാൻ ഈ ദേശീയ ഭാവനയ്ക്ക് കഴിഞ്ഞില്ല എന്ന പരിമിതി തുടരുന്നുമുണ്ട്. ആ പരിമിതി നിലനിൽക്കെത്തന്നെ നമ്മുടെ ദേശീയ പാരമ്പര്യത്തെ, മതനിരപേക്ഷമായി മനസിലാക്കാനുള്ള വലിയൊരു ശ്രമവും ആ ശ്രമത്തിന് വലിയൊരു മേൽക്കൈയും 1920 കൾ മുതൽ ലഭിക്കുന്നുണ്ട്.

ഇതെല്ലാമാണ് ഇന്ത്യൻ മതനിരപേക്ഷതയുടെ രാഷ്ട്രീയമായ അടിത്തറയായി നിലകൊണ്ടത്. അങ്ങനെ നോക്കിയാൽ ചരിത്രപരമായ രണ്ട് ധാരകൾ. ഒന്ന്, അന്യോന്യം സഹവസിച്ച് ജീവിക്കുന്ന മതങ്ങളിൽ നിന്ന് രൂപപ്പെട്ട ഒരു സഹജീവിത പാരമ്പര്യം, മറ്റൊന്ന് ബ്രിട്ടീഷ് വിരുദ്ധമായ സ്വാതന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യത്യസ്ത മതവിഭാഗങ്ങൾ, ജാതി വിഭാഗങ്ങൾ, സാംസ്‌കാരിക വിഭാഗങ്ങൾ ഭാഷാ സമൂഹങ്ങൾ എല്ലാം ഒരുമിച്ചുനിന്ന് സമരം ചെയ്ത് രൂപപ്പെടുത്തിയ ഐക്യബോധത്തിന്റെ പാരമ്പര്യം. ഈ രണ്ടു പാരമ്പര്യങ്ങളാണ് നമ്മുടെ മതനിരപേക്ഷതയുടെ അടിത്തറയായി മാറിയത്. അതുകൊണ്ട് മതനിരപേക്ഷത ഇന്ന് ഹിന്ദുത്വ ശക്തികളും മത വർഗീയവാദികളും പ്രചരിപ്പിക്കുന്നത് പോലെ നെഹ്‌റുവോ അംബേദ്ക്കറോ യൂറോപ്പിൽ നിന്ന് കടമെടുത്ത് ഇന്ത്യയിലേക്ക് കെട്ടിയിറക്കിയ ഒരു വൈദേശിക ആശയമല്ല. ഇന്ത്യൻ ജീവിതത്തിലും ചരിത്രത്തിലും രാഷ്ട്രീയാനുഭവങ്ങളിലും വേരുള്ള സാമൂഹ്യാടിസ്ഥാനമുള്ള, ഭൗതികാധാരകളുള്ള ഒരു സംഗതി തന്നെയാണ്.

പക്ഷേ ഈ വേരിനെ സംരക്ഷിക്കാനോ അവയെ നിലനിർത്താനോ നമ്മുടെ രാഷ്ട്ര ശരീരത്തിൽ അതിനെ കൂടുതൽ കൂടുതൽ ഉറപ്പിച്ചെടുക്കാനോ സ്വാതന്ത്ര്യ പ്രാപ്തിയുടെ 75 വർഷങ്ങൾക്ക് കഴിഞ്ഞില്ല എന്ന ഒരു യാഥാർഥ്യവും നിലനിൽക്കുന്നു. അംബേദ്കർ ഭരണഘടനാപരമായ ധാർമ്മികത എന്ന സങ്കൽപ്പത്തിലൂടെ അവതരിപ്പിക്കുന്ന ആശയങ്ങൾ, ഭരണഘടനാപരമായ ധാർമ്മികത എന്നത് ഭരണഘടന മുന്നോട്ട് വെക്കുന്ന ആധുനിക രാഷ്ട്രത്തിന്റെ സ്വഭാവ നിർവചനത്തിന്റെ അടിസ്ഥാനങ്ങളെന്ന് കരുതുന്ന മൂല്യങ്ങൾ, ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, മതനിരപേക്ഷത, സാഹോദര്യം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ എന്നിവയെയെല്ലാം ശക്തിപ്പെടുത്താനോ ഈ അടിസ്ഥാന മൂല്യങ്ങളെ പരമ്പരാഗത മതമൂല്യങ്ങൾക്കുപരിയായി ഉയർത്തിപ്പിടിക്കാനോ നമ്മുടെ ഭരണകൂടങ്ങൾക്കോ നമ്മുടെ രാഷ്ട്രീയ പ്രയോഗങ്ങൾക്കോ കഴിഞ്ഞില്ല. നമ്മുടെ സാമൂഹിക പ്രസ്ഥാനങ്ങൾക്കും അത് സാധിച്ചില്ല. ഭരണഘടന ഒരു സാങ്കേതിക ഭരണരേഖ എന്നതിനപ്പുറം ഒരു ധാർമ്മിക നൈതിക രേഖയായി നമ്മുടെ സാമൂഹിക ജീവിതത്തിൽ പ്രതിഫലിച്ചില്ല എന്നത് ഒരു യാഥാർഥ്യമാണ്. ആ പ്രതിഫലനം നടക്കാതെ പോയതോടെ ചരിത്രത്തിൽ വേരുള്ള ഒരു മതനിരപേക്ഷ ധാരയും ദേശീയതയുടെ ഭാഗമായി വികസിച്ചുവന്ന മതനിരപേക്ഷ ധാരയും പതിയെപ്പതിയെ ദുർബലമാകുന്നതാണ് സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം നാം കാണുന്നത്. ദേശീയതയുടെ ആധാരം ജനങ്ങളുടെ ഐക്യബോധമാണ് എന്നതിന് പകരം ഭരണകൂടപരമായ ദേശീയത എന്ന സങ്കൽപ്പത്തിലേക്ക് അതെത്തിയതോടെ വാസ്തവത്തിൽ ജനങ്ങളുടെ ഒരു മുൻകൈ ദേശീയതയിൽ നിന്ന് പിൻവാങ്ങുകയും അതൊരു ഭരണകൂട പ്രക്രിയയായി തീരുകയും ചെയ്തു. ഇങ്ങനെ ഭരണകൂട പ്രക്രിയയായി തീർന്ന ദേശീയതാ സങ്കൽപ്പത്തിലേക്കാണ് പിന്നീട് ഹിന്ദുത്വം അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ കടത്തിക്കൊണ്ടു വന്നത് എന്ന് തിരിഞ്ഞുനോക്കിയാൽ കാണാൻ പറ്റും. കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലം ഇന്ത്യൻ മതനിരപേക്ഷ അനുഭവങ്ങളെ ബലപ്പെടുത്തുന്നതിലോ അവയെ ശക്തിപ്പെടുത്തി നമ്മുടെ രാഷ്ട്രത്തിന്റെ സ്വഭാവഘടനയിൽ ആഴത്തിൽ ഉൾപ്പെടുത്തുന്നതിലോ നാം വിജയിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ആ പരാജയത്തിന് നാം കൊടുക്കുന്ന വിലകൂടിയാണ് ഒരർഥത്തിൽ ഇന്നു നാം നേരിടുന്ന വർഗീയമായ കടന്നാക്രമണങ്ങൾ.

സെക്യുലറിസത്തെ ഒരു പടിഞ്ഞാറൻ യുക്തിയിൽ കാണുകയും അതിനെ നിഷേധാത്മകമായി മാത്രം സമീപിക്കുകയും മതനിഷേധം എന്ന നിലയിൽ മാത്രം മനസ്സിലാക്കുകയുമൊക്കെ ചെയ്യുന്ന ഒരു കേവല യുക്തിവിചാരം നമ്മുടെ വിചാരാന്തരീക്ഷത്തിലുണ്ട്. അത് ചരിത്രപരമായി വേരില്ലാത്ത ഒന്നാണ് എന്നുവേണമെങ്കിൽ പറയാം. മറിച്ച്, നമ്മുടെ ചരിത്രാനുഭവമായി തീർന്ന മതനിരപേക്ഷത അങ്ങനെ കേവലമായ ഒരു താർക്കിക ബോധമല്ല. മതത്തോട് കേവലമായി തർക്കിക്കാൻ മുതിരുകയോ, അതിനെ തർക്കിച്ച് പരാജയപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്ന ഒന്നല്ല, മറിച്ച് ദീർഘമായ ചരിത്രപാരമ്പര്യം ഒരു ഭാഗത്തും ആധുനികമായ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം മറുഭാഗത്തും നിൽക്കുമ്പോൾ അവയുടെ സംയോജിതാവസ്ഥയാണ് ഇന്ത്യൻ മതനിരപേക്ഷതയുടെ അടിസ്ഥാനം. അതിനെ ഏതളവിൽ വികസിപ്പിക്കാനും മുന്നോട്ടുകൊണ്ടു പോവാനും കഴിയും എന്നതാണ് ഒരർഥത്തിൽ നാമിന്ന് നേരിടുന്ന വലിയൊരു പ്രശ്‌നം.

മതവിശ്വാസികളായ മഹാഭൂരിപക്ഷം വരുന്ന ആളുകളെ മതത്തിന്റെ ധാർമികമായ ഉള്ളടക്കത്തിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും, മതമെന്നത് ധാർമിക മൂല്യമാകുമ്പോഴാണ് മഹിമയുറ്റതാവുന്നത്, അല്ലാത്ത എല്ലാ രൂപങ്ങളിലും അത് വിനാശകരമാവാം എന്ന കാര്യം അവരോട് തന്നെ സംസാരിക്കാൻ കഴിയുന്ന, അതിന് കെൽപ്പുള്ള ഒരു രാഷ്ട്രീയഭാവന ഉണ്ടാകണം. അല്ലെങ്കിൽ മതത്തെ സമ്പൂർണമായി മതവർഗീയ വാദികളെ ഏൽപ്പിച്ചുകൊടുക്കുന്ന സ്ഥിതിയാണുണ്ടാവുക. ഇന്ത്യയിൽ ദീർഘകാലമായി ഉണ്ടായതും അതാണ്. മതത്തിന്റെ ധാർമികാടിസ്ഥാനങ്ങളെ മുൻനിർത്തി മതവിശ്വാസികളോട് സംസാരിക്കാൻ നാരായണ ഗുരുവിനോപ്പോലുള്ള ആളുകൾ രൂപപ്പെടുത്തിക്കൊണ്ടുവന്ന വലിയൊരു സംവാദപാരമ്പര്യത്തെ നിരർഥകമായ തർക്കങ്ങൾകൊണ്ട് റദ്ദാക്കി, അതിനുപകരം മതത്തിന്റെ അടിസ്ഥാനങ്ങളെ മുഴുവൻ വർഗീയവാദികൾക്ക് കൈമാറുന്ന പണിയാണ് പലപ്പോഴും നമ്മുടെ സംവാദങ്ങളിൽ ഉയർന്നുവന്നത്. അത് വലിയ തോതിൽ വിനാശകരമായിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കിയാൽ കാണാൻ കഴിയും.

മതത്തിന്റെ ധാർമികാടിസ്ഥാനങ്ങളെ മതവിശ്വാസികളുടെ തന്നെ ബോധ്യത്തിലേക്ക് കൊണ്ടുവരാനുള്ള വലിയ പരിശ്രമം വേണം. നമ്മുടെ ചരിത്രത്തിൽ മതത്തിന്റെ കൊടുക്കൽ വാങ്ങലുകളുടെയും പങ്കുവെപ്പുകളുടെയും ദീർഘപാരമ്പര്യമുള്ളതിനെ നാം കൂടുതൽ കൂടുതൽ വിപുലമായി മനസ്സിലാക്കണം. തനിമയെന്ന മിഥ്യാധാരണയിൽ നിന്ന് പങ്കുവെപ്പ് എന്ന യാഥാർഥ്യത്തിലേക്ക് നമ്മുടെ സാമൂഹ്യബോധത്തെ, ചരിത്രബോധത്തെ കൊണ്ടുവരാനായി ശ്രമിക്കണം. ഇത് ഏതളവിലാണ് ഉടനടി വിജയമുളവാക്കുക എന്ന് പറയാൻ കഴിയില്ല. പക്ഷേ ഉടനടി വിജയിച്ചാലും പരാജയപ്പെട്ടാലും ഈ പരിശ്രമം അത്യന്താപേക്ഷിതമാണ്. കാരണം അത്തരമൊരു പരിശ്രമത്തിലൂടെ മാത്രമേ നമ്മുടെ രാഷ്ട്രത്തിന്റെ, ഇന്ത്യയെന്ന ആശയത്തിന്റെ യഥാർത്ഥമായ ഉള്ളടക്കത്തെ നിലനിർത്താനാകൂ. അതായത് ഇന്ത്യയെന്നത് ഒരു ഭൂപ്രദേശത്തിന് നൽകുന്ന, ഒരു ടെറിട്ടോറിയൽ ഫ്രെയ്​മിനുള്ളിലുള്ള ഭൂപ്രദേശത്തിന്റെ പേരല്ല. മറിച്ച് അവിടെ ഉണ്ടാകേണ്ടുന്ന മനുഷ്യ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും കുറിച്ചുള്ള ആശയാവലികളെക്കൂടി, വീക്ഷണങ്ങളെക്കൂടി ആ പേര് ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയെന്ന് പറയുന്നതിനേക്കാൾ ഇന്ത്യയെന്ന ആശയം (India as an Idea) എന്ന് പലപ്പോഴും നമുക്ക് പറയേണ്ടി വരുന്നത്. അതൊരു ആശയത്തെ പ്രക്ഷേപിച്ച, ഒരു ഭൂപ്രദേശ സങ്കല്പമാണ്. ഒരാശയത്തെ ഉൾക്കൊള്ളുന്ന സ്ഥലസങ്കൽപമാണ്. അല്ലാതെ കേവലമായ ഒരു അതിർത്തിയല്ല. അപ്പോൾ ആ ആശയത്തെ ഉയർത്തിപ്പിടിക്കുക, അതിനെതിരായ ആശയങ്ങളോട് വിപുലമായ ഒരു സമര മുഖം സജീവമായി നിലനിർത്തുക എന്നതാണ് ഒരർഥത്തിൽ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാൻ നാം ചെയ്യേണ്ടുന്ന ഒരു കാര്യം എന്നാണ് എനിക്ക് തോന്നുന്നത്.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments