രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നു വിശ്വസിക്കാൻ തന്നെ വരുംതലമുറകൾക്കു പ്രയാസമാവും-ഗാന്ധിജിയെക്കുറിച്ച് ആൽബർട്ട് ഐൻസ്‌റ്റൈൻ.
എന്നാൽ അങ്ങനെയൊരാൾ ജനിച്ചു ജീവിച്ചിരുന്നു എന്ന് ഏറ്റവുമധികം ഓർമിക്കേണ്ട നാട്ടിൽ എന്താണ് സംഭവിച്ചിട്ടുണ്ടായിരിക്കുക. അവർ അങ്ങനെ വിശ്വസിക്കാൻ പറ്റാതെ വിസ്മയപ്പെട്ടു പോകുന്നുണ്ടാവുമോ. ഗാന്ധിയുടെ നൂറ്റമ്പതാം പിറന്നാളിന്റന്ന് പോർബന്തറിലേക്കു പുറപ്പെടുമ്പോൾ ഉയർന്ന ചോദ്യങ്ങൾ ഇതു മാത്രമായിരുന്നു. എന്നാൽ, നോക്കിലും വാക്കിലും രണ്ടു വട്ടക്കണ്ണടയും ദുർബലമായ ഊന്നുവടിയും ഏറെപ്പതിഞ്ഞുപോയ ഒരു ജനതയുടെ ഓർമപ്പുസ്തകത്തിൽ ഗാന്ധിയെന്നത് എന്തായിരിക്കുമെന്ന് കണ്ടെത്താൻ വിഷമിക്കും എന്നുതന്നെ തോന്നി.
അവർക്ക് കീർത്തിമന്ദിർ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഏതോ ക്ഷേത്രം. എന്നാൽ ഏറെ അകലെയല്ലാത്ത സോമനാഥ്, ദ്വാരക ക്ഷേത്രങ്ങൾ പോലെ പ്രശസ്തമല്ല അത്.
എന്നാൽ, ആ ധാരണയെ അക്ഷരാർത്ഥത്തിൽ അട്ടിമറിക്കുകയായിരുന്നു പോർബന്തർ. മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചു എന്ന ഒരൊറ്റ കാരണത്താൽ ജനകോടികളുടെ മനസിൽ ഇടം പിടിച്ച പോർബന്തർ എന്ന ഗുജറാത്ത് പട്ടണം ഗാന്ധി എന്ന ഓർമയെ ഇനി അധികകാലമൊന്നും പിന്തുടരില്ല. പോർബന്തറിന്റെ ഓർമയിൽ നിന്ന് ഗാന്ധി പതുക്കെപ്പതുക്കെ അഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നു.
ഗാന്ധി ജനിച്ചുവീണ ഇരുന്നൂറോളം വർഷം പഴക്കമുള്ള മൂന്നുനില വീടിനെ കീർത്തി മന്ദിർ എന്ന പേരിലൂടെ എന്നെന്നേക്കുമുള്ള ഓർമയാക്കിയിട്ടുണ്ടെങ്കിലും അവിടെയാണ് മോഹൻദാസ് എന്നൊരു കുഞ്ഞു പിറന്നുവീണതെന്ന് പോർബന്തറിന്റെ പുതിയ തലമുറയിൽ അധികം പേർക്കും അറിയില്ല. പട്ടണത്തിന്റെ ഏറെത്തിരക്കുള്ള തെരുവോരത്ത് കീർത്തിമന്ദിർ ഒച്ചയനക്കങ്ങളില്ലാതെ വെയിൽ കായുന്നു. പ്രധാന പാതയോരങ്ങളിലെല്ലാം കീർത്തിമന്ദിറിലേക്ക് ഇത്ര കിലോമീറ്റർ എന്നു സൂചനപ്പലക നാട്ടിയിട്ടുണ്ട്. ഏതോ ക്ഷേത്രം അവിടെയുണ്ടെന്നേ പോർബന്തറിന്റെ പുതുതലമുറ ശ്രദ്ധിക്കുന്നുള്ളൂ. മന്ദിർ എന്നാൽ ക്ഷേത്രമാണല്ലോ കർണാടകത്തിനു മുകളിലുള്ള ഹിന്ദി വായ്‌മൊഴിയിൽ.
അങ്ങനൊരാൾ അർധനഗ്‌നനായി ഇന്ത്യയുടെ മനഃസാക്ഷിക്കുമീതെ നടന്നുപോയെന്നും സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തെ അഹിംസ എന്ന കർമമാർഗം കൊണ്ട് വാരിക്കുഴിയിൽ വീഴ്ത്തിയെന്നും അവസാനം മതഭ്രാന്തന്റെ തോക്കിനുമുന്നിൽ ഹേ റാം എന്നുവിളിച്ച് അവസാനിച്ചെന്നും പുതിയ തലമുറയെ വേണ്ടത്ര ഓർമിപ്പിക്കുന്നില്ല എന്നതുതന്നെ കാരണം. ഓർമിപ്പിക്കാൻ അധികം ഒന്നും ഈടുവച്ചില്ല എന്നതും. അവർക്ക് കീർത്തിമന്ദിർ അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഏതോ ക്ഷേത്രം. എന്നാൽ ഏറെ അകലെയല്ലാത്ത സോമനാഥ്, ദ്വാരക ക്ഷേത്രങ്ങൾ പോലെ പ്രശസ്തമല്ല അത്.
അവിടെനിന്ന് എവിടേക്കും പുറപ്പെട്ടുപോയില്ല ചരിത്രത്തിലെ രഥയാത്രകളൊന്നും. അവിടെനിന്ന് കൊളുത്തപ്പെട്ടില്ല സമകാലിക ഇന്ത്യയിലെ ഒരു പ്രാർത്ഥനയും. അവിടെ നിന്നു കത്തിപ്പടർന്നില്ല ഒരു സഹനസമരവും. അത് വെയിലും മഞ്ഞും കൊണ്ടുനിന്നു കാലമിത്രയും. അല്ലെങ്കിൽ ഗാന്ധിജിക്കു ശേഷമുള്ള രാഷ്ട്രീയം അതിനെ അയിത്തം കൽപ്പിച്ചുനിർത്തി. അവിടേക്കുള്ള വഴിയരികിലൊന്നും ഗാന്ധി എന്ന ചൂണ്ടുപലക ഉണ്ടായിരുന്നില്ല.
ഭൂമിയിൽ പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം ജനിച്ച ആർക്കുതന്നെയും ഒരു വട്ടക്കണ്ണട കൊണ്ടും ചോദ്യചിഹ്നം പോലെ ഒരു കുത്തിവര കൊണ്ടും തിരിച്ചറിയാവുന്ന ഒരു ഓർമയിലേക്കു വഴിനടത്തുന്ന ഒരു സൂചന പോലും വഴിപ്പലകകൾ വരച്ചുകാട്ടിയില്ല. കീർത്തിപെറ്റ ഏതോ സന്നിധിയെന്ന തോന്നലിലേക്കു മാത്രം അവ അളവുകൾ എണ്ണിക്കുറച്ചു കടുത്ത വെയിലിൽ നിന്നു.
ശ്രീകൃഷ്ണനെക്കാണാൻ ദ്വാരകയിലേക്ക് അവിൽപ്പൊതിയുമായി പോയി ആത്മീയസാക്ഷാത്ക്കാരം നേടി തിരിച്ചുവന്ന കുചേലനു പോലുമുണ്ട് പോർബന്തറിൽ ക്ഷേത്രം. കീർത്തിമന്ദിറിൽ നിന്ന് ഏറെ അകലെയല്ല അത്. എന്നാൽ, കിലോമീറ്റർ കണക്കിൽ നിന്ന് എത്രയോ അകലെയായിരുന്നു അത്. അവിടെ കീർത്തിമന്ദിറിലേതിനേക്കാൾ ആളുകൾ തിക്കിത്തിരക്കി. അവിൽ തന്നെ അവിടെയും പ്രസാദം. അവിൽ പ്രസാദത്തിന്റെ സാക്ഷാത്ക്കാരത്തിൽ സായൂജ്യം തേടി.
പുതിയ കാലത്തിന് ഗാന്ധി വെറും കാഴ്ച മാത്രമാകുന്നുവോ? ഗാന്ധിയേക്കാൾ വലിയ കെട്ടുകാഴ്ചകൾ അവർക്കു മുന്നിലുണ്ടാക്കപ്പെട്ടു എന്നതാണ് വാസ്തവം എന്ന് കീർത്തിമന്ദിറിലേക്കുള്ള വഴിജാതകം പറഞ്ഞു.
എന്നാൽ കീർത്തിമന്ദിറിൽ പുതിയ തലമുറകൾക്ക് കൂടുതൽ സായൂജ്യമൊന്നും നേടിയ മട്ടുകണ്ടില്ല. മാഞ്ചസ്റ്ററിലെ യന്ത്രത്തറികൾക്കും അതിന്റെ സാമ്രാജ്യത്വ രാഷ്ട്രീയത്തിനും എതിരെ പിടിച്ച ചർക്ക എന്ന സമരായുധം തന്നെ കാലഹരണപ്പെട്ടുപോയി എന്ന പൊയ്ത്താരിയിൽ ആവേശം കൊള്ളിക്കാനെന്തുണ്ട് അവർക്ക്. മറ്റെന്തോ കാണാനാണ് അവർ വന്നതെന്നു കണ്ണുകൾ കൊണ്ടു മൊഴിപറഞ്ഞു. പുതിയ കാലത്തിന് ഗാന്ധി വെറും കാഴ്ച മാത്രമാകുന്നുവോ? ഗാന്ധിയേക്കാൾ വലിയ കെട്ടുകാഴ്ചകൾ അവർക്കു മുന്നിലുണ്ടാക്കപ്പെട്ടു എന്നതാണ് വാസ്തവം എന്ന് കീർത്തിമന്ദിറിലേക്കുള്ള വഴിജാതകം പറഞ്ഞു.
കീർത്തി മന്ദിറിൽ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളുണ്ടായിട്ടും അവിടെയെത്തുന്ന തീർഥാടകർ ചുരുക്കം. ഗുജറാത്തെന്നാൽ ഗാന്ധിയെന്ന പതിവുവെച്ച് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന വിനോദസഞ്ചാരികൾ ഏതോ നേർച്ചയെന്ന പോലെ കീർത്തി മന്ദിറിലെത്താറുണ്ട്. അവിടെ മലയാളം വാക്കുകൾ ഉച്ചരിക്കപ്പെടാത്ത ഉച്ചകൾ കുറവ്. എന്നാൽ, അവിടെ ഗുജറാത്തികളുടെ എണ്ണം മെലിഞ്ഞിരിക്കുന്നു. ഗുജറാത്ത് മറ്റാരുടേതോ ആയിരിക്കുന്നു.
പതിവു പോലെ ഒരു ഒക്ടോബർ രണ്ട്
1869 ലെ ആ ഒക്ടോബർ രണ്ടിനായിരുന്നു മോഹൻദാസ് ഗാന്ധിയുടെ ജനനം (അന്ന് ഗാന്ധിജി ആയിട്ടില്ല). ഇരുന്നൂറു വർഷം മുമ്പ് മോഹൻദാസിന്റെ മുതുമുത്തച്ഛൻ ഹർജീവൻ റായ്ദാസ് ഗാന്ധി വാങ്ങിയ മൂന്നു നിലക്കെട്ടിടത്തിന്റെ താഴത്തെ മുറിയിൽ ഒരു ചുവരിന്റെ ചോട്ടിൽ (ആ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തി വച്ചിട്ടുണ്ട്). കീർത്തി മന്ദിറിന്റെ വിശാലതയിൽ അത് പലപ്പോഴും തീർഥാടകരുടെ ശ്രദ്ധയിൽ പെട്ടുപോയില്ലെന്നു വരും.
ആ ഒക്ടോബർ രണ്ടിനെ യുഗപ്രഭാവദിനമായി പിന്നീട് ലോകം മുഴുവൻ ആഘോഷിക്കുമ്പോഴും പോർബന്തറിൽ അത് എന്നത്തേയും പോലെ ഒരു ദിനം, ഒടുങ്ങാത്ത പൊടി വിഴുങ്ങി ഒടുങ്ങിപ്പോകുന്ന ഒരു പകൽ. ഗാന്ധിജയന്തി ആഘോഷങ്ങൾ അധികം കണ്ടിട്ടില്ല, പോർബന്തർ. പ്രത്യേകിച്ച് അടുത്ത കാലത്ത്. രഘുപതി രാജാറാം ഭജനകളോ ചർക്ക തിരിക്കലിന്റെ മൂളക്കമോ കഞ്ഞിമുക്കിയ വെള്ള ഖദറിന്റെ ഇസ്തിരി വടിവുകളോ ഇല്ല പോർബന്തറിനെ ഇങ്ങനെയൊരു വിശേഷപ്പെട്ട ദിവസത്തിന്റെ വേവറിയിക്കാൻ.
അന്ന് ചടങ്ങു പോലെയെത്തുന്ന രാഷ്ട്രീയക്കാരുടെ ചീറിപ്പായുന്ന വാഹനങ്ങൾ പൊടി പറത്തുമ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് അടുക്കാറായോ എന്നു പുതിയ തലമുറ അത്ഭുതപ്പെടും. അത്ര മാത്രം. കീർത്തി മന്ദിറിന്റെ തറയോടുകൾ പാകിയ മുറ്റത്ത് കുറച്ചു ബഹളങ്ങളുണ്ടാവും. ഗാന്ധിജി അമർ രഹേ എന്നോ മറ്റോ ചെറിയ ആരവം. പെട്ടിപ്പാട്ട് ഭജന. തീർന്നു.
സേവന വാരമോ നിരാഹാരം കിടക്കലോ മധുരം വിളമ്പലുകളോ കേട്ടുകേൾവി പോലുമില്ല. പട്ടണത്തിൽ ഒന്നു രണ്ടിടത്തു ഗാന്ധിജിയുടെ അർധകായ പ്രതിമകളുണ്ട്. കത്തുന്ന സൂര്യനിൽ നിന്ന് ഒരു കിളിക്കു പോലും നിഴൽ കൊടുക്കാൻ പറ്റാത്തത്രയും ചെറിയ വലിപ്പത്തിൽ. പ്രതിമകളെച്ചൊല്ലിയുള്ള അവകാശപ്രഖ്യാപനങ്ങളില്ല. പ്രതിമയ്ക്കു ചുറ്റും ടൂറിസം പദ്ധതികളില്ല. ആരുടെയും മുന്നിൽ കുനിക്കാത്ത ഒരു തല ആകാശത്തോളം ഉയർന്നു നിൽക്കുന്നുമില്ല. ആരാണ് ഗാന്ധി എന്ന് ആദ്യം ചോദിക്കുക പോർബന്തർ തന്നെയാവും.
ഗാന്ധിജി പോർബന്തറിന്റെ ഓർമകളിൽ നിന്ന് പതുക്കെ അഴിഞ്ഞുതുടങ്ങിയിരിക്കുകയാണ്.
അഹിംസ എന്ന് ഓരോ ശ്വാസത്തിലും കവിൾകൊണ്ട ഗാന്ധിജിയുടെ നാട് അധോലോകങ്ങളുടെ കുടിപ്പകയിൽ ചോര വാർക്കുന്ന കാഴ്ചയാണു കണ്ടത്.
അധികാരത്തിനും സമ്പത്തിനും വേണ്ടി സ്വന്തം വാടകപ്പടയെ പോറ്റി വളർത്തിയവരുടെ നാട് എന്നായി പിന്നീടു പോർബന്തറിന്റെ വിശേഷണം.
ഗാന്ധിജി മോഡിഫൈഡ് 2.0
പതിനേഴാം നൂറ്റാണ്ടിൽ ഇരുന്നൂറിലധികം വർഷം മുമ്പായിരുന്നു ഹവേലി മാതൃകയിൽ നിർമിച്ച വീടും പറമ്പും മോഹൻദാസിന്റെ മുതുമുത്തച്ഛൻ വാങ്ങിയത്. മുകൾ നിലകൾ പിന്നീടു പല വർഷം കൊണ്ടു പണിയുകയായിരുന്നു. മോഹൻദാസിന്റെ അച്ഛൻ കരംചന്ദ്, മുത്തച്ഛൻ ഉത്തംചന്ദ്, അമ്മാവൻ തുളസീദാസ് എന്നിവരും ഇവിടെത്തന്നെയാണു താമസിച്ചിരുന്നത്. പോർബന്തർ ഭരിച്ചിരുന്ന ജേത്വ രാജ്പുത്ത് രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരായിരുന്നു മൂവരും.
ജന്മഗൃഹത്തോടു ചേർന്ന് ഒരു സ്മൃതിമന്ദിരം എന്ന ആശയം 1947 ൽ തറക്കല്ലായി വേരുപിടിച്ചു. കീർത്തി മന്ദിറിനോടു ചേർന്നുള്ള കുടുംബവീട് ഗാന്ധി കുടുംബത്തിൽ നിന്ന് വാങ്ങുകയായിരുന്നു.
ഇതിനുള്ള നിയമ രേഖകൾ ഗാന്ധിജി തന്നെയാണു കൈമാറിയത്. രജിസ്‌ട്രേഷൻ കടലാസുകളിൽ ഒപ്പുവച്ചതും സ്വന്തം കൈപ്പടയിൽ അദ്ദേഹം തന്നെയായിരുന്നു. അഹിംസയ്ക്ക് ഒരു സ്മാരകം വേണമെന്ന് ഗാന്ധിജിക്കു തോന്നിയിരിക്കണം. വരുംകാലത്ത് എന്തിനും ഒരു കല്ലുറപ്പു വേണമെന്നു വിചാരിച്ചിരിക്കാം. ശിലാഫലകങ്ങളിലും കൊത്തിവച്ച കൽപ്രതിമകളിലുമായിരിക്കും സ്വതന്ത്രമാക്കപ്പെട്ട ഒരു രാജ്യം ഇനി അതിന്റെ ഓർമയെ അടയാളപ്പെടുത്താൻ പോവുന്നതെന്നു ദീർഘദർശനം ചെയ്തിരിക്കാം. എന്നാൽ അതു പൂർത്തിയായിക്കാണാൻ ഗാന്ധിജിക്ക് അവസരമുണ്ടായില്ല. അതിനു മുമ്പുതന്നെ ഇന്ത്യൻ ചരിത്രത്തിൽ ഒരു തോക്ക് രണ്ടുവട്ടം നിറയൊഴിഞ്ഞു. ഏറ്റവും കുടിലമായ ഒരു ചൂണ്ടുവിരൽ കാഞ്ചിയിലമർന്നു.
1950 മേയ് 27 ന് അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേലായിരുന്നു കീർത്തി മന്ദിർ രാജ്യത്തിന് തുറന്നു കൊടുത്തത്.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഒരു ഉറക്കംതൂങ്ങി പട്ടണമായിരുന്നു എന്നും പോർബന്തർ. എന്നാൽ ഒരു രാജ്യത്തെ തന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ പോർബന്തറിനു കഴിഞ്ഞു. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്താനും. അതു മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നൊരാളെ കൊണ്ടു മാത്രമായിരുന്നു. ഗാന്ധി പിന്നീട് ഗാന്ധിജിയായി. മഹാത്മാവായി. താൻ സിസേറിയൻ ചെയ്‌തെടുത്ത ഒരു രാഷ്ട്രത്തിന്റെ പിതാവു തന്നെയായി. ഈ പാഠത്തെ പുതിയ പാഠങ്ങൾ കൊണ്ടു തിരുത്തുകയാണ് ഗുജറാത്ത്. പുതിയ ഐക്കണുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പുതിയ കെട്ടുകാഴ്ചകൾ ആടിത്തിമർക്കുന്നു. അപദാനങ്ങൾ അനുദിനം ഉയർത്തപ്പെടുന്നു. അതിനിടയിൽ ആരോർക്കാനാണ്, ഡൽഹിയിൽ അധികാരക്കൈമാറ്റം നടക്കാനിരിക്കുമ്പോൾ നവഖാലിയിലെ ചോരപ്പാടുകളിലേക്കു നടന്നുപോയൊരു പച്ചയായ മനുഷ്യനെ?
മാറിക്കൊണ്ടിരിക്കുന്ന പോർബന്തർ
സിംഹത്തിന്റെ തുറന്നു പിടിച്ച വായ പോലുള്ള ഗുജറാത്തിൽ കീഴ്ത്താടിയിലെ അറബിക്കടൽത്തീരമാണു പോർബന്തർ. പഴയ നാട്ടുരാജ്യം. കച്ച് ഉൾക്കടലിനു തൊട്ടടുത്ത്. കടലിൽ നിന്ന് ഏറെയകലെയല്ലാതെ രാജ്യാന്തര കടൽ അതിർത്തി. അപ്പുറം പാകിസ്ഥാൻ. സദാ കടൽനുഴഞ്ഞുകയറ്റക്കാർക്കു വേണ്ടി കണ്ണുമിഴിക്കുന്ന പട്ടണം.
സ്വാതന്ത്ര്യാനന്തരം ഐക്യഗുജറാത്ത് വിഭജനവും സംസ്ഥാനപ്പിറവിയും മദ്യനിരോധനവും കലാപങ്ങളും വംശീയഹത്യകളും ഗുജറാത്തിന്റെ മേൽവിലാസങ്ങൾ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ പോർബന്തറിന് ഗാന്ധിജിയുടെ നാട് എന്ന ചുട്ടികുത്തും ക്രമേണ മങ്ങുകയായിരുന്നു. അഹിംസ എന്ന് ഓരോ ശ്വാസത്തിലും കവിൾകൊണ്ട ഗാന്ധിജിയുടെ നാട് അധോലോകങ്ങളുടെ കുടിപ്പകയിൽ ചോര വാർക്കുന്ന കാഴ്ചയാണു കണ്ടത്.
അധികാരത്തിനും സമ്പത്തിനും വേണ്ടി സ്വന്തം വാടകപ്പടയെ പോറ്റി വളർത്തിയവരുടെ നാട് എന്നായി പിന്നീടു പോർബന്തറിന്റെ വിശേഷണം. കീർത്തി മന്ദിറിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലെ ഗുണ്ടാമടകളിൽ കയറാൻ പൊലീസ് പോലും മടിച്ചിരുന്ന ചരിത്രമുണ്ടായിരുന്നു. തീരമേഖലയിലെ ഖനനത്തിന്റെയും അതിന്റെ ഗതാഗതക്കടത്തിന്റെയും കുത്തക പിടിക്കാനായിരുന്നു ചോരക്കളികളുടെ തുടക്കം. പതിനഞ്ചു വർഷം മുമ്പു തന്നെ അഞ്ഞൂറു കോടിയോളം വിലമതിക്കുന്നതായിരുന്നു ഈ ബിസിനസ്. കുടിപ്പകകളുടെയും അധോലോക വ്യാപാരക്കുത്തക പിടിക്കലിന്റെയും ചോരക്കളികളായിരുന്നു പിന്നീടുള്ള വർഷങ്ങൾ. ഈ മാടമ്പികളുടെ സഹായമില്ലാതെ ആർക്കും ബിസിനസിലോ രാഷ്ട്രീയത്തിൽ തന്നെയോ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ഈ സംഘങ്ങളിലെ തന്നെ പല കരുത്തന്മാരും പിന്നീട് രാഷ്ട്രീയത്തിലുമെത്തി. ഒരു പ്രചാരണയോഗത്തിൽ പോലും നേരിട്ടെത്താതെ നിയമസഭയിലെത്തിയവർ പോലുമുണ്ടായിരുന്നു. അഹിംസയുടെ മൂലമന്ത്രം വിളഞ്ഞ മണ്ണിൽ തോക്കും വെടിയുണ്ടകളും കത്തിമൂർച്ചയും കണക്കുകൾ തീർത്തു.
ആ ചോരക്കൊതിയിൽ ഇപ്പോൾ കുറവു വന്നിട്ടുണ്ടെന്ന് നാട്ടുകാരിൽ ചിലർ സാക്ഷ്യം പറയുന്നു. എന്നാലും അധികാരവും പണവും രാഷ്ട്രീയശക്തിയും ഇപ്പോഴും അവസാനവാക്കാവുന്ന പോർബന്തറിൽ പല നിയമങ്ങളും കടലാസിൽ മാത്രമാവുന്നു എന്ന് ഇപ്പോൾ വിരൽക്കണക്കിലേക്ക് ഒതുങ്ങിയ മലയാളി സാന്നിധ്യവും സാക്ഷ്യപ്പെടുത്തി. പക്ഷേ, ഒരു വ്യത്യാസമുണ്ട്. സംസാരിച്ച നാട്ടുകാരിൽ ചിലർ മടിച്ചു വെളിപ്പെടുത്തി. സാധാരണക്കാർക്ക് ഇപ്പോൾ പേടിക്കാനില്ല. വലിയവർ തമ്മിൽ കണക്കു തീർത്തുകൊള്ളും.
ഇതായിരുന്നു പോർബന്തർ, ഇതാണു പോർബന്തർ.
ഗാന്ധിജിയുടെ ഭാഗമാണോ പോർബന്തർ, അതോ പോർബന്തറിന്റെ കെട്ടു പോകുന്ന ഒരോർമ മാത്രമാണോ ഗാന്ധിജി? സംശയമെന്ത്. നമ്മൾ തന്നെ മറന്നുപോവുന്ന ഒരു ഓർമ.
കസ്തൂർബ ഇന്നും നിഴലിൽ
ചരിത്രത്തിൽ ഗാന്ധിജിയുടെ നിഴലായി മാത്രം ഇന്ത്യ വരച്ച കസ്തൂർബയുടെ സ്മാരകത്തിനും അവഗണന. ഗാന്ധിജിയേക്കാൾ ആറുമാസം പ്രായക്കൂടുതലായിരുന്നു ബായ്ക്ക്. ഇരുവരുടെയും വീടുകൾ അടുത്തടുത്ത്. ഒരു കുയിൽപ്പാട്ടകലെ. അപ്പോഴും കീർത്തിമന്ദിറിന്റെ നിഴലിൽ തന്നെയാണു ബായുടെ വീട്. മന്ദിറിൽ നിന്ന് അമ്പടയാളത്തിൽ വഴി വരച്ചിരിക്കുന്നു. എന്നാൽ സന്ദർശകർ പലരുടെയും കണ്ണിൽ പെടാറില്ല ആ ഊടുവഴി. വഴി ചെന്നെത്തിയാൽ കസ്തൂർബയുടെ പിതാവ് ഗ്രാമം അധികാരി വാങ്ങിച്ച മൂന്നുനില വീട്. ഓരോ നിലയിലും അടുക്കളയും കിടപ്പുമുറിയും അങ്ങനെ. വഴി തെറ്റിയെത്തുന്ന ഏതെങ്കിലും സഞ്ചാരിയുടെ ഒരു ഓർമയിലും ബാ തങ്ങിനിൽക്കുന്നില്ല, അകവും പുറവും കണ്ടുമടങ്ങുമ്പോഴും. ▮