23 May 2020, 09:57 AM
1.
അശോകന് ടിക് ടോക്കില്‍ അത്യാവശ്യം ലൈക്കുകള്‍ കിട്ടി വരികയായിരുന്നു. അതിനിടെയാണ് ആളിനെ കാണാതാവുന്നത്. എവിടെപ്പോയെന്ന് ആര്‍ക്കും യാതൊരു പിടുത്തവുമുണ്ടായില്ല. ഭാര്യ രാജി സ്വന്തം നിലയ്ക്കും സഹോദരന്മാരെവിട്ടും നാടായ നാടുമുഴുവന്‍ അന്വേഷിച്ചു. ഫലമുണ്ടായില്ല. ഏഴാമത്തെ ദിവസമാണ് പോലീസില്‍ പരാതി നല്‍കുന്നത്. എട്ടാമത്തെ ദിവസം വിവരങ്ങള്‍ അന്വേഷിക്കാന്‍ ഒരു പോലീസുകാരന്‍ വരികയും ചെയ്തു.
രാജി വിചാരിച്ചിരുന്നത് രണ്ട് പോലീസുകാരെങ്കിലും വരുമെന്നാണ്. ഒരാള്‍ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ മറ്റേയാള്‍ എഴുതിയെടുക്കും. അങ്ങനൊരു രംഗമാണ് അവള്‍ മനസ്സില്‍ കണ്ടത്. ഇതിപ്പോ ഒരാളേയുള്ളൂ. അയാള്‍ ഇതു രണ്ടുംകൂടി എങ്ങനെ ചെയ്യും? അതോ ഇതു വെറുതേ ഒരു വഴിപാടിനു വന്നതാണോ? പോലീസുകാര്‍ വിവരം ശേഖരിക്കാന്‍ വരുന്നുവെന്നറിഞ്ഞപ്പോള്‍ത്തന്നെ അവള്‍ക്ക് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയണമല്ലോ. കഥകളിലെ കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോലെ കഥയ്ക്കു വേണ്ടതുമാത്രം പറയണം. അതും കഥാകാരന്‍ പറയുമ്പോലെതന്നെ അടുക്കും ചിട്ടയോടെയും പറയണം. അത് തന്നെക്കൊണ്ടാവുമോ? രാജി സംശയിച്ചു.
പോലീസുകാരന്‍ ഉമ്മറത്തേക്ക് കയറിയിരുന്ന് അവളോട് ഓരോ കാര്യങ്ങള്‍ ചോദിച്ചു. പരമാവധി ശ്രമിച്ചുവെങ്കിലും ഉത്തരത്തിലും അധികം കാര്യങ്ങള്‍ അവള്‍ പോലീസുകാരന്റെ മുന്നിലേക്ക് വാരിവിതറി. മറ്റാരെങ്കിലുമായിരുന്നു അങ്ങനെ ചെയ്തിരുന്നതെങ്കില്‍ "റാസ്‌കല്‍.. ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി'യെന്ന് പോലീസുകാരന്‍ വിരട്ടിയേനെ. ഇതുപക്ഷേ ദിവസങ്ങളായി ഒരാളെ കാണാനില്ലാത്ത കേസാണല്ലോ. ചോദ്യം ചെയ്യുന്നത് അയാളുടെ ഭാര്യയെയും. അവളാണെങ്കില്‍ ഇടയ്ക്കിടെ തേങ്ങിക്കൊണ്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ ആ മാതൃകാ പോലീസുകാരന്‍ എല്ലാം ക്ഷമയോടെ കേട്ടു. ഒരുപക്ഷേ, രാജിയുടെ നീണ്ട വിവരണങ്ങളില്‍ നിന്നും പോലീസുകാരന്‍ ശ്രദ്ധിച്ച കാര്യങ്ങള്‍ ഇവയാവും:
> വീട്ടില്‍ നിന്ന് മാറി നില്‍ക്കാത്തയാളാണ് അശോകന്‍.
> എവിടെപ്പോയാലും ഏഴു മണിക്കു മുമ്പേ തിരിച്ചുവരും.
> തിരികെ വരുമ്പോഴെല്ലാം കയ്യില്‍ പിള്ളേര്‍ക്കുള്ള ഏത്തയ്ക്കാ അപ്പം ഉണ്ടാവും.
> മുമ്പ് സൗദീലേക്ക് ഒരു പേപ്പറു വന്നിട്ടുപോലും പോയിട്ടില്ല.
> കുഞ്ഞുങ്ങളെ കാണാതെ ചേട്ടനു പറ്റില്ല.
> മരിച്ചു പോയാലും വൈകും നേരമാകുമ്പോ തിരിച്ചുവരുമെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നയാളാണ്.
ഏത്തയ്ക്കാ അപ്പത്തിന്റെ കാര്യം എന്തിനു ശ്രദ്ധിച്ചുവെന്ന് പോലീസുകാരനുപോലും നല്ല നിശ്ചയമില്ല. മറ്റുള്ളവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടാത്ത പല കാര്യങ്ങളും കൂടുതല്‍ ശ്രദ്ധിച്ചെന്നുവരാം. വളരെ സ്വാഭാവികമായൊരു കാര്യമാണത്.
രാജി പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ പോലീസുകാരന്‍ ചോദിച്ചു:
""അശോകന്റെ ഫോട്ടോ വല്ലതുമുണ്ടോ?''
ഫ്രിഡ്ജിനു മുകളില്‍ ഫ്രെയിം ചെയ്തു വെച്ചിരുന്ന വിവാഹ ഫോട്ടോ എടുത്തുകൊണ്ടുവന്ന് രാജി പോലീസുകാരന്റെ മുന്നിലേക്ക് നീട്ടി. അയാള്‍ അത് കയ്യില്‍ വാങ്ങി ഫോട്ടോയിലേക്കും രാജിയുടെ മുഖത്തേക്കും മാറിമാറി നോക്കി.

""ഇത് സിനിമാനടന്‍ അശോകനല്ലേ?'' - പോലീസുകാരന്‍ സംശയിച്ചു.
""അല്ല സാറേ. ഇത് എന്റെ ഭര്‍ത്താവ് അശോകനാണ്.'' രാജി തിരുത്തി.
പോലീസുകാരന്‍ കുറേ നേരം കൂടി ആ ഫോട്ടോയിലേക്ക് നോക്കി. സിനിമാ നടന്‍ അശോകന്റെ അതേ മുഖഛായ. ഒരു വ്യത്യാസവുമില്ല. അശോകന്റെ നാലോ അഞ്ചോ സിനിമകള്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ. അതിലെല്ലാം അശോകന്‍ ഇതുപോലെതന്നെയെന്ന് പോലീസുകാരന്‍ ഓര്‍ത്തു. സിനിമകളില്‍ മുഴുനീളം അശോകന് ഉന്തിയ കണ്ണുകളല്ല ഉള്ളത്. "ഒ' എന്ന ഭാവവുമല്ല. പക്ഷേ അശോകനെ അങ്ങനെമാത്രമേ ആളുകള്‍ക്കെല്ലാം ഓര്‍ക്കാന്‍ കഴിയൂ. പോലീസുകാരന്റെ കയ്യിലിരിക്കുന്ന ചിത്രത്തിലും അശോകന് ഉന്തിയ കണ്ണുകളില്ല. ഒ- എന്ന ഭാവവുമില്ല. ഉണ്ടെങ്കില്‍ത്തന്നെ ഒരു പൊടിക്കേ ഉള്ളൂ. പക്ഷേ ഫോട്ടോയില്‍ നിന്ന് കണ്ണെടുത്താലുടനേ അശോകന്‍ മനസ്സിലേക്ക് ചാടി വീഴുകയും ലോകപ്രശസ്തമായ അശോകഭാവം കൈവരിക്കുകയും ചെയ്യുന്നു. ഇമവെട്ടുന്ന സമയത്തിനുള്ളില്‍ വളരെ പെട്ടെന്നാണ് ആ പ്രക്രിയ നടക്കുന്നത്.
നടന്‍ അശോകന്‍ അയാളുടെ ചെറുപ്പകാലത്ത് എങ്ങനെയായിരുന്നു എന്നറിയാന്‍ പോലീസുകാരന് വെറുതേ ജിജ്ഞാസ തോന്നി. അയാള്‍ തന്റെ പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വലിച്ചൂരി ഗൂഗിളില്‍ സര്‍ച്ചു ചെയ്തു: "Ashokan Film Actor'. റിസള്‍ട്ടില്‍ രണ്ട് അശോകന്മാരുണ്ടായിരുന്നു. ഒന്ന് പഴയൊരു തമിഴ് നടനും രണ്ടാമത്തേത് നമ്മുടെ അശോകനും. നടന്മാരായി ഇങ്ങനെ രണ്ട് അശോകന്മാരുണ്ടെന്ന കാര്യം പോലീസുകാരന് ആദ്യത്തെ അറിവായിരുന്നു. അതു കണ്ടപ്പോള്‍ രണ്ടു മോഹന്‍ലാലും രണ്ട് മമ്മൂട്ടിയും ഉണ്ടോ എന്ന് പോലീസുകാരന് സംശയം തോന്നി. തമിഴ് അശോകനെ കണ്ടതായി നടിക്കാതെ പോലീസുകാരന്‍ നമ്മുടെ അശോകന്റെ വിക്കി പീഡിയ പേജില്‍ കയറി അയാളുടെ ആദ്യത്തെ സിനിമയായ "പെരുവഴിയമ്പല'ത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു.
പേജ് തുറക്കുമ്പോള്‍ അതില്‍ അശോകനും ഭരത് ഗോപിയും കെ പി എ സി ലളിതയും ഒരുമിച്ചുള്ളൊരു ഫോട്ടോ ഉണ്ടായിരുന്നു. സിനിമയില്‍ നിന്നുള്ളൊരു കഥാമുഹൂര്‍ത്തം. അതില്‍ അശോകന്‍ ആകെ മെലിഞ്ഞിരുന്നു. 1979-ലെ അശോകന്‍. പതിനാറു വയസ്സോ മറ്റോ ഉണ്ടാവും. കെ പി എ സി ലളിത അവനോട് എന്തോ പറയുന്നു. "ഒ' എന്നു പറയാന്‍ തയ്യാറെടുത്തിട്ടെന്നവണ്ണം അശോകന്‍ തന്റെ കഴുത്ത് മുന്നിലേക്ക് നീട്ടി നില്‍ക്കുന്നു. ഭരത്‌ഗോപി അശോകനെ ഉറ്റുനോക്കിക്കൊണ്ട് ഒരു കല്‍ ബഞ്ചിലോ മറ്റോ കൈകള്‍ ഊന്നി ഇരിക്കുന്നു. പത്മരാജന്റെ സിനിമയാണ്. തിരക്കഥയില്‍ അദ്ദേഹം ഈ സീന്‍ ഇതേപടി എഴുതി ആണിയടിച്ചു വെച്ചിരിക്കുമെന്നുതന്നെ പോലീസുകാരന്‍ കരുതി. പശ്ചാത്തലത്തില്‍ ചക്രവാളത്തോളം പരന്നുകിടക്കുന്ന ആ തെങ്ങിന്‍ തോപ്പിനെക്കുറിച്ചും പത്മരാജന്‍ പറഞ്ഞിരുന്നിരിക്കണം.

വിക്കിയിലെ ഫോട്ടോ കണ്ടപ്പോള്‍ പോലീസുകാരന് വീണ്ടുമൊരു കൗതുകം. രാജിയുടെ ഭര്‍ത്താവ് അശോകന്റെ രൂപം പണ്ട് എങ്ങനെ ആയിരുന്നിരിക്കും? ഇതുപോലെ കഴുത്തും കൈകളും നീണ്ടിട്ടായിരുന്നോ?
""അശോകന്റെ പഴയ ഫോട്ടോ വല്ലതുമുണ്ടോ?'' - പോലീസുകാരന്‍ ചോദിച്ചു.
""പഴയതെന്നു പറയുമ്പോ?''
"'ഒരു പതിനാറു പതിനേഴു വയസ്സിലെയോ മറ്റോ?''
അതെന്തിനായിരിക്കുമെന്ന് രാജി സംശയിച്ചു. കാണാതെ പോയിരിക്കുന്നത് പുതിയ അശോകനെയല്ലേ, അല്ലാതെ ചെറുപ്പത്തിലെ അശോകനെയല്ലല്ലോ. എങ്കിലും അതേപ്പറ്റി അവള്‍ ഒന്നും ചോദിക്കാന്‍ പോയില്ല. പോലീസുകാരല്ലേ എന്തേലും കാര്യമുണ്ടാവും.
രാജി പറഞ്ഞു: ""നോക്കട്ടെ സാര്‍''
അവള്‍ അകത്തേക്കു പോയി.
പോലീസുകാരന്‍ വീണ്ടും അശോകന്റെ ഫോട്ടോയില്‍ കണ്ണുനട്ടു. അയാള്‍ക്ക് അത്ഭുതം മാറിയിരുന്നില്ല. ഒരാള്‍ക്ക് മറ്റൊരാളുടെ അതേ മുഖഛായ ഉണ്ടാവുക. രണ്ടുപേരുടേയും പേരുകള്‍ ഒന്നുതന്നെ ആയിരിക്കുക. അത്ഭുതം തന്നെ.
കുറച്ചു സമയത്തിനുള്ളില്‍ രാജി ഒരു പഴയ ഫോട്ടോയുമായി പുറത്തുവന്നു. പഴയതെങ്കിലും കേടുപാടുകളൊന്നുമില്ലാത്തൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. പോലീസുകാരന്‍ അതു വാങ്ങി നോക്കി. ഫോട്ടോയില്‍ മൂന്നുപേരുണ്ട്. വലതു വശത്തായി അശോകന്‍ നില്‍ക്കുന്നു. പെരുവഴിയമ്പലത്തിലെ അശോകനെപ്പോലെതന്നെ മെലിഞ്ഞുനീണ്ട രൂപം. നടുവിലായി അവനെ നോക്കിക്കൊണ്ട് പുള്ളിസാരിയും ബ്ലൗസുമിട്ട ഒരു സ്ത്രീ നില്‍ക്കുന്നു. ഇടതുവശത്തായി ഒരു കഷണ്ടിത്തലയന്‍ അശോകനെ ഉറ്റുനോക്കിക്കൊണ്ട് ഒരു കല്‍ ബഞ്ചിലോ മറ്റോ കൈകള്‍ ഊന്നി ഇരിക്കുന്നു. പശ്ചാത്തലത്തില്‍ ചക്രവാളം വരെ നീണ്ടുകിടക്കുന്ന വിശാലമായ തെങ്ങിന്‍ തോപ്പ്.
പോലീസുകാരന് അത്ഭുതം ഏറി. ആ ഫോട്ടോയും വിക്കിപീഡിയയിലെ ഫോട്ടോയും തമ്മില്‍ ഒരു വ്യത്യാസവുമില്ലായിരുന്നു. കെ പി എ സി ലളിതയ്ക്കും ഭരത് ഗോപിക്കും പകരം മറ്റാരോ ആയിരുന്നുവെന്നതല്ലാതെ.
ഫോട്ടോയിലെ പുള്ളിസാരി ചുറ്റിയ സ്ത്രീയിലേക്ക് ചൂണ്ടി പോലീസുകാരന്‍ ചോദിച്ചു:
""ഇതാരാണ്?''
ഫോട്ടോയിലേക്ക് എത്തി നോക്കിക്കൊണ്ട് രാജി പറഞ്ഞു: ""അത് ലളിത ചേച്ചി. അശോകന്റെ മൂത്ത പെങ്ങളാണ്''
""ഇതോ?''.
""അത് ഗോപിച്ചേട്ടന്‍. ലളിതേച്ചിയുടെ ഭര്‍ത്താവ്''
പോലീസുകാരന്‍ തന്റെ ഇടതുകയ്യില്‍ വെറുതേ നുള്ളിനോക്കി. നോവുന്നുണ്ട്.
അയാള്‍ കൈകള്‍ കോര്‍ത്ത് തലയ്ക്ക് പിന്നില്‍ പിടിച്ച് ഒന്നു ഞെളിഞ്ഞു നിവര്‍ന്നു. കുറച്ചുനേരം അതേപടി കസേരയില്‍ ചാരിയിരുന്നശേഷം എഴുന്നേറ്റുനിന്നു തറയില്‍ മൂന്നാല് ചവിട്ടുചവിട്ടി. സ്വപ്നമല്ല. കാലുറയ്ക്കുന്നുണ്ട്. വീണ്ടും അയാള്‍ കസേരയിലേക്ക് ചാരിയിരുന്നു.
""ആട്ടെ, അശോകന് എന്തായിരുന്നു ജോലി?''
രാജി തന്റെ ദു:ഖങ്ങളുടെ കൂടുതുറന്നു.
""ഓ.. എന്തു പറയാനാ സാര്‍. മില്‍മായില്‍ നല്ലൊരു ജോലി ഉണ്ടായിരുന്നതാ. അതു കളഞ്ഞിട്ട് മിമിക്രിയെന്നുപറഞ്ഞ് കുറേക്കാലം നടന്നു. സിനിമാനടന്‍ അശോകനെ നല്ലതുപോലെ ചെയ്യുമായിരുന്നു. സ്വന്തം ട്രൂപ്പില്‍ മാത്രമല്ല; വേറേ ട്രൂപ്പിലൊക്കെ പോയി കളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ കൊച്ചിന്‍ കലാഭവനിലെ അശോകന് പനിപിടിച്ചു കിടന്നപ്പോള്‍ അവിടെയും പോയി അഭിനയിച്ചിട്ടുണ്ട്.
അവിടെവെച്ച് നടന്‍ അശോകന്‍ ചേട്ടനെക്കണ്ട് "എന്നേക്കാള്‍ നല്ല അശോകന്‍ നീയാണ്' എന്നുപറഞ്ഞ് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്തു. ചേട്ടന്‍ അത് ഇവിടെ വന്നു പറഞ്ഞപ്പോ ഞാന്‍ പറഞ്ഞു: "ഓ.. അത് അവിടെ വന്ന വേറേ വല്ല ഡ്യൂപ്ലിക്കേറ്റ് അശോകനുമായിരിക്കും'. ഇപ്പോ എല്ലായിടത്തും ഡ്യൂപ്ലിക്കേറ്റല്ലേ സാര്‍. ഡ്യൂപ്ലിക്കേറ്റ് തന്നെ ഇപ്പോ ഒരു കലയാണ്. ഞങ്ങള് പുറത്തൊക്കെ പോകുമ്പോള്‍ നടന്‍ അശോകനാണെന്നു കരുതി ചില ആളുകളൊക്കെ വന്ന് പരിചയപ്പെടും. ഇപ്പോ സാറുതന്നെ ചോദിച്ചില്ലേ, നടന്‍ അശോകനാണോന്ന്? അതുപോലെ എല്ലാവരും ചോദിക്കും. ചേട്ടന് അതൊക്കെ വലിയ ഇഷ്ടമാണ്. എനിക്കെന്തോ അതു കേള്‍ക്കുമ്പോള്‍ മേലുപെരുക്കും. എന്നോടൊപ്പം വേറേതോ അശോകനാണോ പൊറുക്കുന്നതെന്നുപോലും തോന്നും. ഒന്നാമത്തേന് എനിക്ക് മറ്റേ അശോകനെ കണ്ണെടുത്താല്‍ കണ്ടൂടാ. കണ്ണും തെള്ളിച്ച് ഒരുമാതിരി ഒ ഒ-ന്ന്. കുറേ സ്റ്റേജിലൊക്കെ അഭിനയിച്ചു കഴിഞ്ഞപ്പോഴേക്ക് അശോകനെ ചേട്ടനും മടുത്തതാണ്. പക്ഷേ ആളുകള്‍ ചുറ്റും കൂടുമ്പം ചേട്ടന് ഹരം കേറും. വേറൊരാളിന്റെ പേരിലാണെങ്കിലും നമ്മളെ പത്തുപേരറിയുക എന്നുവെച്ചാല്‍ അതൊരിതല്ലേ? ചെലപ്പഴൊക്കെ ചേട്ടന്‍ എന്നോടു ചോദിക്കും: "എടീ മറ്റേ അശോകന്‍ കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ ഫലം നമ്മള് പറ്റുന്നത് ശരിയാണോടീ'ന്ന്. ഇതിനൊക്കെ ഞാനെന്തോ പറയാനാ സാര്‍. പിന്നെ ഈ മിമിക്രികൊണ്ടൊന്നും വല്യ കിട്ടപ്പോരില്ല. എന്റെ കുടുംബത്തൂന്ന് അച്ഛനും ആങ്ങളമാരുമൊക്കെ സഹായിക്കുന്നതുകൊണ്ട് ഇങ്ങനെ പോകുന്നു. ഞാന്‍ ചേട്ടനോട് എപ്പഴും പറയും ആരുടെയെങ്കിലും കയ്യോ കാലോ പിടിച്ച് ആ മില്‍മായിലെ പണിക്ക് തിരിച്ചു കയറാന്‍. ആരു കേള്‍ക്കുന്നു? കഴിഞ്ഞുപോകണ്ടേ സാര്‍. ഇവിടുത്തെ മൂത്തവന് ബാറ്ററി മേടിക്കാന്‍ മാത്രം വേണം ദിവസം മുപ്പതു രൂപ. കഴിഞ്ഞ കൊല്ലം ഉത്സവത്തിനു മേടിച്ചൊരു ട്രെയിനുണ്ടവന്. ദോ ആ കെടക്കുന്നത്. രാവിലെയൊന്നും അവനത് കൈകൊണ്ട് തൊടത്തില്ല. പക്ഷേ രാത്രി ഉറങ്ങുന്നതിനു മുമ്പ് അവനത് ഓണ്‍ ചെയ്ത് മലത്തിയിടണം. അതിന് ബാറ്ററിയിട്ട് ഓണ്‍ ചെയ്തു കൊടുത്തിട്ട് ചേട്ടന്‍ ടിക്ടോക്കിന്റെ പിറകേയിരിക്കും. ട്രെയിനിന്റെ വീലു കറങ്ങുന്ന കിരികിരി ശബ്ദം കേട്ടാണ് മോന്‍ ഉറങ്ങുന്നത്. ഞാനും അതേ. ഇടയ്ക്കുവെച്ച് ട്രെയിന്‍ ഓഫാക്കാനൊന്നും പറ്റത്തില്ല. അവന്‍ ഉണര്‍ന്നെഴുന്നേറ്റ് കരയും. എന്തൊരു പിള്ളേരാണോ ഭഗവാനേ.. രാവിലെ നോക്കുമ്പം ചാകാറായ പഴുതാരയെപ്പോലെ ട്രെയിന്‍ മലന്നുകിടന്ന് ഞെരങ്ങുന്നുണ്ടാവും. ബാറ്ററി തീരാറായ വലിവാണേ.. ആ സൗണ്ട് കേട്ടാണ് ഞാന്‍ എണീക്കുന്നത്. രാത്രി മൂന്നുമൂന്നര മണിവരെ മൊബൈലില്‍ കുത്തിയിരുന്നുംവെച്ച് ചേട്ടന്‍ പിന്നെ ഉച്ചയാകും വരെ ഉറക്കത്തോടുറക്കം തന്നെ. ആരും ഇടയ്ക്കുചെന്ന് വിളിക്കുന്നതൊന്നും ഇഷ്ടമല്ല. നേരത്തേ കടലിലെ പണിക്കു പോകുമായിരുന്നു. എന്നെ കല്യാണം കഴിക്കുന്ന ആദ്യവര്‍ഷമൊക്കെ. പിന്നത് നിര്‍ത്തി. മിമിക്രിയിലൂടെ സിനിമായില്‍ കേറാമെന്നായിരുന്നു ചേട്ടന്റെ വിചാരം. എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ ഒള്ളതു പറയും. "മനുഷ്യാ, സിനിമയില്‍ ഒരു അശോകന്റെ ഒഴിവുണ്ടായിരുന്നു. അത് നടന്‍ അശോകന്‍ കൊണ്ടുപോയി. പത്മരാജന്‍ ഉണ്ടായിരുന്നെങ്കില്‍ ജയറാമിനും അശോകനുമൊക്കെ ഇപ്പഴും നല്ല കോളായിരുന്നു. പറഞ്ഞിട്ടെന്താ, പപ്പേട്ടന്‍ പോയില്ലേ.. അപരനിലൂടല്ലേ ജയറാമൊക്കെ സിനിമയില്‍ വന്നതുതന്നെ.'
അടുക്കും ചിട്ടയുമില്ലാത്ത രാജിയുടെ വര്‍ത്തമാനത്തില്‍ പോലീസുകാരന് മുഷിപ്പു തോന്നി. ഇത്രയും വര്‍ത്താനം പറഞ്ഞിട്ടും ചോദിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം അയാള്‍ക്ക് കിട്ടിയില്ല. പറഞ്ഞ കാര്യങ്ങളില്‍ അധികവും കേസുമായി ബന്ധമില്ലാത്തതുമാണുതാനും. ഇത്തരം വര്‍ത്താനങ്ങള്‍ കേസിനെ വഴിതെറ്റിക്കാന്‍ പോലും സാധ്യതയുണ്ട്. നേരത്തേ പറഞ്ഞതുപോലെ, കേള്‍ക്കാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ അവിചാരിതമായി അറിയുന്ന കാര്യങ്ങളോട് താല്പര്യം തോന്നാം. അതുവഴി ഒരു പോലീസുകാരന്റെ ഫോക്കസ് പോലും മാറിപ്പോയേക്കാം. ഇത്രയും പറഞ്ഞതില്‍ നിന്നുതന്നെ മലര്‍ന്നുകിടന്നു കറങ്ങുന്ന ട്രെയിനിലാണ് പോലീസുകാരന്റെ ചിന്ത ഉടക്കിയത്. ഈ കേസ് കഴിഞ്ഞുപോയാലും ആ ട്രെയിന്‍ അയാളുടെ ഉള്ളിലൂടെ വല്ലപ്പോഴുമെങ്കിലും ജീവന്‍ വെച്ച് ഓടാന്‍ സാധ്യതയുണ്ട്. ചോദിക്കാതെ കയറിവരുന്ന ഇത്തരം കാര്യങ്ങള്‍ നിത്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പ്രയാസം തന്നെ. സോഷ്യല്‍ മീഡിയാക്കാലത്ത് പ്രത്യേകിച്ചും. ഒരു മനുഷ്യന് യാതൊരു ആവശ്യവുമില്ലാത്ത എത്രയോ കാര്യങ്ങളാണ് ദിവസവും തലയിലേക്ക് അള്ളിക്കയറുന്നത്.
""ആട്ടെ, അശോകന് ഇപ്പോ എന്താണ് ജോലി?''- പോലീസുകാരന്‍ തന്റെ ചോദ്യം മറ്റൊരു രീതിയില്‍ ആവര്‍ത്തിച്ചു.
""ഓ.. ഇപ്പോള്‍ എന്തുപണി? രാപ്പകല്‍ ടിക്-ടോക്കിന്റെ പിറകേയാണ്. അവിടെയാകുമ്പോള്‍ എത്ര അശോകന്മാര്‍ക്കു വേണമെങ്കിലും പണി ഉണ്ടല്ലോ..'' - രാജി കണ്ണുതുടച്ചു.
*
അശോകന്റെ ടിക് ടോക് പേജിലെ അവസാനത്തെ വീഡിയോയുടെ ലൈക്കുകള്‍ കണ്ട് പോലീസുകാരന്റെ കണ്ണുതള്ളി. 2.3 മില്യണ്‍. സംഗതി പോസ്റ്റു ചെയ്തിട്ട് പത്തു ദിവസങ്ങളേ ആകുന്നുള്ളൂ. അത്രയും ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും ലൈക്ക് ഒരു മലയാളിക്ക് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. വീഡിയോ ആകട്ടെ അത്ര കേമമെന്ന് പറയാനായി ഒന്നുമില്ലതാനും. അശോകന്‍ കടപ്പുറത്തിരിക്കുന്നു. കയ്യില്‍ കടലിലേക്കെറിഞ്ഞ ഒരു ചൂണ്ടനൂലിന്റെ അറ്റം. പൊടുന്നനെ ചൂണ്ടനൂല്‍ അനങ്ങുന്നു. പെട്ടെന്നുതന്നെ അവന്‍ അതു വലിക്കുന്നു. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ധ്രുതതാളത്തിലാവുന്നു. ചൂണ്ടനൂലിന്റെ മറ്റേ തല വെളിവാകാന്‍ തുടങ്ങുന്നു. അവിടെ വെള്ളിനിറമുള്ളൊരു കോരമീന്‍ പിടയ്ക്കുന്നു. മീനിനെ കൈകളിലാക്കുമ്പോള്‍ അതിന്റെ പിടച്ചില്‍ സ്ലോമോഷനിലാകുന്നു. സംഗീതം മറ്റൊരു മൂഡിലേക്ക് മാറുന്നു.
"നല്ല പെടയ്ക്കണ മീന്‍' എന്ന് ക്യാപ്ഷന്‍.

പോലീസുകാരനും ടിക് ടോക് ചെയ്യാറുണ്ടായിരുന്നു. നൂറില്‍പ്പരം വീഡിയോകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പതിനായിരം ലൈക്ക് കടന്നത്. ബാക്കിയൊക്കെ 5, 102, 21, 3, 503 ഇങ്ങനെയൊക്കെയാണ്. കൂരമ്പാറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അമ്മമനസ്സ് പരിപാടിക്ക് മിയ ഐ.എ.എസ് സ്റ്റേജിലേക്ക് കടന്നുവരുമ്പോള്‍ പോലീസുകാരന്‍ സല്യൂട്ടടിച്ച് നില്‍ക്കുന്ന വീഡിയോ ആണ് പതിനായിരം കടത്തിയത്. അത് പോലീസുകാരന്റെ കഴിവൊന്നുമല്ല. അയാള്‍ വീഡിയോ എടുക്കാന്‍ ഏല്‍പ്പിച്ചുകൊടുത്തവന്റെ കഴിവ്. ഇടതുവശത്തുനിന്ന് എടുത്തതുകാരണം മിയ ഐ എ എസ്സിന്റെ അല്പം വയറും മാറിടത്തിന്റെ തള്ളലും പൊക്കിള്‍ച്ചുഴിയും ചെറിയ രീതിയില്‍ ദൃശ്യമായിരുന്നു.
വീഡിയോ പോസ്റ്റുചെയ്യേണ്ട താമസം ലൈക്കുകള്‍ മഴപോലെ പെയ്യാന്‍ തുടങ്ങി. ഏതൊക്കെയോ ഭാഷയില്‍ നിന്നുള്ളവര്‍.. ഏതൊക്കെയോ ലോകത്തുനിന്നുള്ളവര്‍. കമന്റ് ചെയ്തവര്‍ മിയയുടെ പൊക്കിളിനേയും വയറിനേയും മാറിടത്തേയും ആക്രമിച്ചുകൊണ്ടിരുന്നു. അതുകണ്ട്, ലോകത്ത് ഇതിനൊക്കെ ഇത്ര ക്ഷാമമോ എന്നുപോലും പോലീസുകാരന്‍ സംശയിച്ചു. കമന്റ് ചെയ്തവരില്‍ കുറച്ചുപേരെയെങ്കിലും പോലീസുകാരന്‍ വിരട്ടാന്‍ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. സോഷ്യല്‍ മീഡിയ എന്നുപറയുന്നത് ലോക്കപ്പല്ലല്ലോ.
വീഡിയോയും അതിലെ കമന്റുകളും കണ്ണില്‍പ്പെട്ട സര്‍ക്കിള്‍ ദേഷ്യപ്പെട്ട് എസ് ഐയെ വിളിച്ച് ശാസിച്ചു. എസ് ഐ പോലീസുകാരനെ വിളിച്ച് ശാസിച്ചു. അതോടെ അയാള്‍ വീഡിയോയുടെ പ്രൈവസി സെറ്റിംഗ് തനിക്കു മാത്രമാക്കി. വീഡിയോയില്‍ അവസാനമായി വീണ കമന്റ് "ഇതുകണ്ടാല്‍ ആരായാലും സല്യൂട്ടടിച്ചുപോകും' എന്നതായിരുന്നു.
അശോകന്റെ വീഡിയോയില്‍ ഇത്രയധികം ലൈക്ക് വീഴാന്‍ എന്താവും കാരണം? പോലീസുകാരന്‍ ഒരു മിനി വില്‍സ് എടുത്തു കത്തിച്ചു. മിനി വില്‍സിന് കേസില്‍ എന്തെങ്കിലും സഹായിക്കാന്‍ പറ്റുമെന്നുള്ളതുകൊണ്ടല്ല. അത് പോലീസുകാരന്റെ ഒരു ശീലമായതുകൊണ്ടു മാത്രം. കേസിനെപ്പറ്റി കാര്യമായിത്തന്നെ അന്വേഷിച്ചേക്കാം എന്നൊരു തീരുമാനത്തിലേക്ക് എത്തുമ്പോള്‍ അയാള്‍ ഒരു സിഗററ്റ് എടുത്ത് കത്തിക്കും. അങ്ങനെയൊരു ശീലം.
അശോകന്റെ വീഡിയോയ്ക്ക് ഇത്രയധികം ലൈക്കു കിട്ടാനുള്ള കാരണമെന്താണെന്ന് പോലീസുകാരന്‍ ചിന്തിച്ചു. ചിലപ്പോള്‍ ടൈമിംഗ് ആവാം. ഇതുപോലൊരു വീഡിയോ എടുക്കണമെങ്കിലുള്ള ബുദ്ധിമുട്ടും കാത്തിരിപ്പും ആളുകള്‍ കണക്കിലെടുത്തിട്ടുണ്ടാവാം. എന്നാല്‍ ഇതൊന്നും ആകണമെന്നുമില്ല. വെറുതേ കേറി ഹിറ്റാകുന്നതുമാവാം. ടിക് ടോക്കില്‍ ഒരാളുണ്ട്. വെറുതേയിരുന്ന് ബിരിയാണി തിന്നുന്ന വീഡിയോസ് മാത്രമാണ് അയാള്‍ പോസ്റ്റ് ചെയ്യുക. മട്ടന്‍, ചിക്കന്‍, ബീഫ്.. പ്രത്യേകിച്ചൊരു കഴിവെന്നു പറയാനൊന്നുമില്ല. ബിരിയാണി തിന്നുന്നത് ഒരു കഴിവല്ലല്ലോ. പറഞ്ഞിട്ടെന്ത്?, അയാള്‍ക്കും ഇതുപോലെ മില്യണ്‍ കണക്കിനാണ് ലൈക്കുകള്‍.
ആലോചനകള്‍ക്കിടെ പോലീസുകാരന് മറ്റൊരു സംശയം തികട്ടിവന്നു. വീഡിയോ വൈറലായിക്കൊണ്ടിരിക്കുമ്പോള്‍ അത് ആസ്വദിക്കാതെ അശോകന്‍ എവിടെപ്പോയി?
""ഈ വീഡിയോയ്ക്ക് ഇത്രയും ലൈക്കുകള്‍ കിട്ടുന്നത് അശോകന്‍ കണ്ടിരുന്നോ?'' - പോലീസുകാരന്‍ ചോദിച്ചു.
""അതേ സാര്‍. ഇതിന് ലൈക്ക് കയറുന്നതുകണ്ട് ചേട്ടന് ഭ്രാന്തുപിടിച്ചെന്നു വേണമെങ്കില്‍ പറയാം. ആദ്യമായിട്ടാണ് ഇങ്ങനെ ലൈക്ക് കിട്ടുന്നത്. മുപ്പതിനായിരം കടന്നപ്പോള്‍ "എടീ ഇതു കണ്ടോടീ, മക്കളേ.. ഡാ.. ഇതു കണ്ടോടാ..' എന്നെല്ലാം പറഞ്ഞ് എന്നേം മക്കളേം കെട്ടിപ്പിടിച്ചു കരഞ്ഞു. അതുകഴിഞ്ഞ് ചേട്ടന്‍ തെക്കേ മുറിക്കകത്തു കയറി കതകടച്ചു. പിന്നെ ഊണും ഉറക്കോം ഇല്ലാതെ രണ്ടു ദിവസം. മൂന്നാമത്തെ ദിവസം അതിരാവിലെ കതക് തുറക്കുന്ന സൗണ്ട് കേട്ട് ഞാന്‍ എഴുന്നേറ്റു. ചെന്നു നോക്കുമ്പോഴേക്ക് ചേട്ടന്‍ പോയിരുന്നു. ഞാന്‍ മൊബൈലില്‍ നോക്കി. അപ്പോ 92K ലൈക്കുണ്ട്.''
92K യില്‍ ഒരാളെ കാണാതാവുക. പോലീസുകാരന് അത് വിശ്വസിക്കാന്‍ പറ്റിയില്ല. അശോകന്‍ എന്തുകൊണ്ടാവും 100K ആകുംവരെ കാത്തിരിക്കാഞ്ഞത്? ഉറപ്പായും അവന്‍ 100K ആയതും അതിനു മേലെ ആയതും കണ്ടിട്ടുണ്ടാവും. 2.3m ആയതും കാണുന്നുണ്ടാവണം. പക്ഷേ 92Kയില്‍ ഒരാള്‍ എന്തിനു വീടുവിട്ട് ഇറങ്ങിപ്പോകണം? 100K ആകുന്നത് ആഘോഷിക്കാന്‍ അവന്‍ കൂട്ടുകാരുടെ വീട്ടിലോ മറ്റോ പോയതാകുമോ? ഏയ്, ആ ലെവലിലുള്ള അന്വേഷണങ്ങള്‍ വീട്ടുകാര്‍ ഇതിനകം നടത്തിയിട്ടുണ്ടാവുമല്ലോ. എങ്കിലും രാജി പ്രതീക്ഷിക്കുന്നൊരു ചോദ്യമെന്ന നിലക്ക് പോലീസുകാരന്‍ അതു ചോദിച്ചു:
"കൂട്ടുകാരുടെ വീട്ടിലൊക്കെ അന്വേഷിച്ചോ?'
"എല്ലാവന്മാരുടെ വീട്ടിലും തെരക്കി. ഇടക്കിടക്ക് ഒരു ഗോവേപ്പോക്കൊണ്ട്. അവന്മാരേം വിളിച്ചു നോക്കി. ആര്‍ക്കും അറിയില്ല സാര്‍.'
"ഹ്ം..' പോലീസുകാരന്‍ തലയാട്ടി. ""ടിക് ടോക്കിലെ മറ്റ് അശോകന്മാരുടെ ഭീഷണിയോ മറ്റോ ഉണ്ടായിട്ടുണ്ടോ?''
""ഇതുവരെ ഇല്ല സാര്‍.''
ഒരു നിമിഷം മറ്റൊരു അശുഭചിന്തകൂടി പോലീസുകാരനിലൂടെ കടന്നുപോയി. ലൈക്കുകളുടെ പ്രഷര്‍ താങ്ങാനാവാതെ അശോകന്‍ ആത്മഹത്യ ചെയ്യുകയോ മറ്റോ? മില്യണ്‍ കണക്കിനു ലൈക്ക് കിട്ടുന്നവര്‍ അതിനോട് മാനസികമായി എങ്ങനെ പ്രതികരിക്കുന്നു എന്നത് പോലീസുകാരനെ എന്നും ചിന്തിപ്പിച്ച വിഷയം കൂടിയാണ്. തന്റെ ഒരു പോസ്റ്റിലെ ലൈക്ക് പതിനായിരത്തിലേക്ക് കുതിക്കുമ്പോഴുണ്ടായ ആകാംഷയും ഉത്സാഹവും ഉറക്കമില്ലായ്മയും പോലീസുകാരന്‍ ഓര്‍ത്തുവെങ്കിലും അശോകന്‍ ആത്മഹത്യ ചെയ്തിരിക്കുമോ എന്ന ചിന്തയില്‍ നിന്ന് എന്തുകൊണ്ടോ പെട്ടെന്ന് വിമുക്തനായി.
കേസിന്റെ സ്വഭാവം കണ്ടിട്ട് ഷെര്‍ലക് ഹോംസ് സ്‌റ്റൈലില്‍ അന്വേഷിക്കേണ്ട ഒരു കേസായിട്ടാണ് അയാള്‍ക്ക് തോന്നിയത്. ടിക്-ടോക്ക് വീഡിയോയില്‍ എവിടെയോ അശോകന്റെ പുറപ്പെടലിന്റെ കാരണം കിടപ്പുണ്ട്. അത് കണ്ടെത്തണം.. പോലീസുകാരന്‍ എരിഞ്ഞുതീര്‍ന്ന മിനിവില്‍സ് കളഞ്ഞ് മറ്റൊരു മിനി വില്‍സ് എടുത്തു കത്തിച്ചു.
2.3m ലൈക്കുകളുള്ള വീഡിയോയ്ക്ക് 22K കമന്റുകളുണ്ട്. കണ്ടവരുടെ എണ്ണം ലൈക്ക് ചെയ്തവരുടെ എണ്ണത്തിന്റെ പത്തിരട്ടിവരും. വീഡിയോ ആകെ പതിനഞ്ച് സെക്കന്റേയുള്ളൂ. അതിനുള്ളിലെ രംഗങ്ങളില്‍ പ്രത്യക്ഷത്തില്‍ എന്തെങ്കിലും കാരണങ്ങള്‍ കാണുന്നില്ല. 92K വരെ ആകുമ്പോഴേക്ക് അശോകന്‍ തന്റെ വീഡിയോ ആയിരം പ്രാവശ്യമെങ്കിലും കണ്ടിരിക്കാം. അപ്പോള്‍ വീഡിയോ അല്ല പ്രശ്‌നം. ഇടതടവില്ലാതെ വീണുകൊണ്ടിരിക്കുന്ന കമന്റുകളാവാം. അതിലാവും ഈ പുറപ്പെടലിന്റെ കാരണം കിടക്കുന്നത്. എന്നാല്‍, ഇരുപത്തി രണ്ടായിരം കമന്റുകളിലൂടെ ആണ്ടിറങ്ങി തലപുകയ്ക്കുകയെന്നാല്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. രാജിയുടെ വര്‍ത്താനത്തില്‍ നിന്നും വേണ്ടതുമാത്രം അരിച്ചെടുക്കുന്നതുപോലെ എളുപ്പമല്ല അത്. എന്നിരുന്നാലും, ഒരു പോലീസുകാരന്‍ ചിലപ്പോഴെങ്കിലും ഒരു ഹോംസ് ആയേ പറ്റൂ. അതിനുവേണ്ടി അല്പം മെനക്കെടാന്‍ തന്നെ അയാള്‍ തീരുമാനിച്ചു.
ആദ്യത്തെ 90K ലൈക്കൊക്കെ മലയാളി മേഖലകളില്‍ നിന്നുതന്നെ കിട്ടും. ആ ഭാഗത്തുള്ള കമന്റുകളില്‍ അധികവും മലയാളമായിരിക്കുകയും ചെയ്യും. നാലു ദിവസങ്ങള്‍ക്ക് മുമ്പുവരെ വന്നിട്ടുണ്ടാവാന്‍ ഇടയുള്ള കമന്റുകളിലേക്ക് പോലീസുകാരന്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും തുരന്നുതുരന്നു ചെന്നു.
മലയാളം കമന്റുകളില്‍ അധികവും നടന്‍ അശോകനെ അഭിസംബോധന ചെയ്തിട്ടെന്നവണ്ണം ഉള്ളതായിരുന്നു. അതില്‍ത്തന്നെ ചില കമന്റുകള്‍ പോലീസുകാരന്‍ പ്രത്യേകം ശ്രദ്ധിച്ചു. ""അശോകാ, ചൂണ്ടയിട്ടിട്ട് നിനക്ക് ഈ കോരയെയാണോ കിട്ടിയത്? നീ കൊമ്പനെ കണ്ടിട്ടൊണ്ടാ? ധൈര്യമുണ്ടെങ്കില്‍ പുറംകടലില്‍ പോയി കൊമ്പനെ പിടിച്ചുകൊണ്ടുവാ, അപ്പോ തരാം ലൈക്ക്.''
ഇതേ കമന്റ് ഒട്ടേറേപ്പേര്‍ കോപ്പി പേസ്റ്റ് ചെയ്തതായി പോലീസുകാരന്‍ ശ്രദ്ധിച്ചു. ചിലയിടങ്ങളില്‍ തുടരെത്തുടരെ. ചിലയിടങ്ങളില്‍ അവിടവിടെ. മീനുമായി വന്ന അശോകനെ കളിയാക്കുന്ന അച്ചൂട്ടിമാര്‍. അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍. വെല്ലുവിളി മാത്രം ശീലിച്ചവര്‍.
ഈ കമന്റുകള്‍ വായിച്ചപ്പോള്‍ അശോകന് എന്തു തോന്നിയിരിക്കും? അശോകന്‍ എന്തു ചെയ്തിരിക്കും? മലയാളം അറിയാത്ത ഇംഗ്ലീഷുകാര്‍ പോലും കമന്റ് ചെയ്തിരിക്കുന്നു: ഗോ, ഗെറ്റ് എ ഷാര്‍ക്ക്, ഗോ ഗെറ്റ് എ വെയില്‍, ഗോ, ഗെറ്റ് സംതിംഗ് ബിഗ്. ചൈനീസിലും തെലുങ്കിലും അറബിയിലുമെല്ലാം ആളുകള്‍ അതുതന്നെയാവണം എഴുതിയിരിക്കുന്നത്. ലോകം മുഴുവനുമുള്ള ജനങ്ങള്‍ ഒരേപോലെ ചിന്തിക്കുന്നു:
"കൊമ്പനെ പിടിച്ചുകൊണ്ടുവാ'.
അശോകന്റേയും രാജിയുടേയും വീടിന്റെ ഉമ്മറത്തിരുന്ന് പോലീസുകാരന്‍ പടിഞ്ഞാറേക്ക് നോക്കി. ചുവന്നു പരന്നുകിടക്കുന്ന ആകാശം. അതിനെ തൊട്ടുകിടക്കുന്ന കടല്‍. മനോഹരമായ ആ സന്ധ്യയെ പശ്ചാത്തലമാക്കിക്കൊണ്ട് ഒരു മത്സ്യബന്ധന ബോട്ട് കരയിലേക്ക് അടുക്കുന്നു. ഇടയ്ക്കിടെ അതിലേക്ക് നോക്കിക്കൊണ്ട് പോലീസുകാരന്‍ ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം ഒരു പോസ്റ്റിട്ടു:
"അശോകനെ കാണ്മാനില്ല'.
2
വ്‌ളോഗര്‍ ഷൈനിന് കര മടുത്തിരുന്നു.
വ്യത്യസ്തമായ രുചികളെ തേടി, ചരിത്രങ്ങളെ തേടി, സംസ്‌കാരങ്ങളെത്തേടി അയാള്‍ കരയായ കരമുഴുവന്‍ തന്റെ ക്യാമറയുമായി അലഞ്ഞു നടന്നിട്ടുണ്ട്. യു ട്യൂബില്‍ സക്‌സസ്സ് ആയപ്പോള്‍ ഒരുപാട് ആളുകള്‍ തന്നെ കോപ്പി ചെയ്യുന്നതായി ഷൈന്‍ മനസ്സിലാക്കി. താന്‍ ഉപയോഗിക്കുന്ന സങ്കേതങ്ങളും ഭാഷയും മാനറിസവുമെല്ലാം കോപ്പി ചെയ്യപ്പെട്ടു. അതില്‍ ചിലര്‍ തന്നേക്കാള്‍ കൂടുതല്‍ ലൈക്ക് വാങ്ങുന്നവരായി. അങ്ങനെയാണ് ഷൈനിന് കര മടുത്തുപോയത്. തന്നെത്തന്നെ മടുത്തുപോയത്. "ഇനിയും കരയില്‍ക്കിടന്ന് കുരച്ചിട്ടു കാര്യമില്ല. വ്യത്യസ്തത. വ്യത്യസ്തമായി എന്തെങ്കിലും ചെയ്‌തെങ്കിലേ ഇനി കാര്യമുള്ളൂ'.
കരയില്‍ നിന്ന് വ്യത്യസ്തമാണ് കടല്‍. കടലില്‍ എന്താണുള്ളത്? കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ജലനീലിമ. നീല. നീല. നീല. അതിനടിയിലാണ് അസംഖ്യം മീനുകള്‍ ഉള്ളത്. പല വലുപ്പത്തിലും പല വര്‍ണ്ണങ്ങളിലും ഉള്ളവ. അവ പോലും കരയിലെ ജീവികളോളം സങ്കീര്‍ണ്ണമല്ല. ഒരു കുമ്പിള്‍ വെള്ളം പോലെ ലഘുവും ലളിതവുമാണ് കടല്‍. അതിനുള്ളിലെ മീനുകളും അതേ.
മീനുകളെ രൂപകല്പനചെയ്യുമ്പോള്‍ ദൈവത്തിന് ഒരു കൊച്ചുകുഞ്ഞിന്റെ മനസ്സായിരുന്നിരിക്കണം. മുകളിലും താഴെയുമായി രണ്ടു ചാപങ്ങള്‍ വരച്ച് ഒരറ്റത്ത് വാലിണക്കി മറ്റേ തലയ്ക്കല്‍ കണ്ണും ചെകിളകളും നല്‍കി ദൈവം വിളിച്ചു: "മീനേ മീനേ, എഴുന്നേല്‍ക്ക് മീനേ'. ദൈവത്തിന്റെ ക്യാന്‍വാസില്‍ നിന്ന് മീന്‍ പിടഞ്ഞെഴുന്നേറ്റ് കടലിലേക്ക് ചാടി. അന്നേ ദിവസം വെറും ചാപങ്ങള്‍ കൊണ്ട് ദൈവം പല വലിപ്പത്തിലുള്ള മീനുകളെ സൃഷ്ടിച്ചു. ചെറിയ പരല്‍ മീന്‍ മുതല്‍ വലിയ തിമിംഗലം വരെ. ദൈവത്തിന് അതില്‍ ഹരം കയറിയിട്ടുണ്ടാവും. ലളിതമായിരിക്കുന്നതിന്റെ ഹരം. എന്നാല്‍ കാലക്രമത്തില്‍ മീനുകള്‍ എന്തുചെയ്തു? ലളിതമായി ജീവിച്ചു മടുത്ത് സങ്കീര്‍ണ്ണമാകുവാന്‍ കരയിലേക്ക് കയറിവന്നു. ശേഷം പരിണമിച്ചു പരിണമിച്ച് മനുഷ്യനായി. ഇപ്പോള്‍ സങ്കീര്‍ണ്ണ ജീവിതം ജീവിച്ചുകൊണ്ടിരിക്കുന്നു.
ഇവിടെ, ഷൈന്‍, കരയുടെ സങ്കീര്‍ണ്ണതകളില്‍ അഭിരമിച്ചു മടുത്തപ്പോള്‍ കടലിന്റെ ലാളിത്യത്തിലേക്ക് ക്യാമറ ചലിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്. അയാളുടെ ലക്ഷ്യം വ്യത്യസ്തത മാത്രമായിരിക്കണമെന്നില്ല. അതേപ്പറ്റിയും ഷൈന്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.
ആദ്യ ദിവസത്തെ കുറച്ചു ഭാഗം ലൈവ് വിടാനായിരുന്നു ഷൈനിന്റെ തീരുമാനം.
ബോട്ടിന്റെ കൊമ്പത്തു നിന്നുകൊണ്ട് ഷൈന്‍ ക്യാമറ തിരിച്ചു. സ്രാങ്കും ഷൈനും മറ്റു രണ്ടുപേരും ആ ബോട്ടിലുണ്ടായിരുന്നു. ക്യാമറ അവരിലേക്ക് തിരിഞ്ഞപ്പോള്‍ അവരെല്ലാം കൈവീശിക്കാണിച്ചു. ഓളത്തില്‍ ബോട്ട് നന്നായി ഉലഞ്ഞുകൊണ്ടിരുന്നു. ഷൈന്‍ തന്റെ മുഖം ക്യാമറയിലേക്ക് കൊണ്ടുവന്ന് പറയാന്‍ ആരംഭിച്ചു:
""പ്രിയപ്പെട്ട കൂട്ടുകാരേ, കരയുടെ സങ്കീര്‍ണ്ണതകള്‍ വിട്ട് നമ്മളിന്ന് കടലിന്റെ ലാളിത്യത്തിലേക്ക് വന്നിരിക്കുകയാണ്. ഈ വൈകും നേരം വളരെ വ്യത്യസ്തമായൊരു പ്രദേശത്തിന്റെ കാഴ്ചകളാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ ഉദ്ദേശിക്കുന്നത്. ദിവസങ്ങളോളം ഇവിടെ ചെലവഴിച്ച് കടലിലെ പകലും സന്ധ്യയും രാത്രിയുമൊക്കെ എങ്ങനെയായിരിക്കും എന്ന് നിങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. അതിനുവേണ്ടിയുള്ള ഭക്ഷണവും മറ്റു സജ്ജീകരണങ്ങളുമായാണ് ഞാന്‍ ഈ കടലിലേക്കിറങ്ങിയിരിക്കുന്നത്. നമുക്ക് ഇവിടുത്തെ കാറ്റിനോടു മിണ്ടാം, ഓളങ്ങളോട് കിന്നാരം പറയാം. കടലിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍, ലോകത്തിലെ ഏതു ഭാഗത്തുപോയാലും കടല്‍ ഇങ്ങനെതന്നെയാണ് ഉണ്ടാവുക എന്നതാണ്. ഇതുപോലെ ഓളങ്ങളും ഇതുപോലെ മുകളില്‍ ഒരു ആകാശവും, ഇതുപോലെ നീലിമയും ഒക്കെയായി ഇങ്ങനെ പരന്നുകിടക്കുന്ന കാഴ്ചകളാണ് നിങ്ങള്‍ക്ക് കാണാനാവുക. കടലുപോലെ കടല്‍ എന്നൊക്കെ കേട്ടിട്ടില്ലേ? അക്ഷരാര്‍ഥത്തില്‍ അങ്ങനെയൊരു കടലിനെയാണ് എനിക്ക് ഇവിടെയും കാണാനാവുന്നത്. ഇതാ കാണൂ.. ചുറ്റിനും കടലല്ലാതെ മറ്റൊന്നുമില്ല. കരയുടെ ഒരംശം പോലും ഇവിടെ നിന്നും നമുക്ക് കാണാനാവുന്നില്ല. നമ്മുടെ നാടന്‍ ഭാഷയില്‍ ഈ കടലിന് "പുറംകടല്‍' എന്നു പറയും. നമ്മുടെ സ്രാങ്കു ചേട്ടന്‍ ഈ കടലിനെപ്പറ്റി കൂടുതല്‍ പറയും. അദ്ദേഹം ഈ കടലുമായി നല്ല ബന്ധമുള്ള ആളാണ്.''
സ്രാങ്കുചേട്ടന്‍ മുക്കിയും മൂളിയും അയാള്‍ക്കറിയാവുന്ന രീതിയില്‍ കടലിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. കടലിനെപ്പറ്റി അഗാധമായി അറിയാവുന്നൊരാള്‍ എന്ന നിലയില്‍ അയാളുടെ വിവരണങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഷൈനിനും കൂടെയുള്ള മറ്റു രണ്ടുപേര്‍ക്കും കടല്‍ ചൊരുക്ക് ഉണ്ടാവാഞ്ഞത് ഭാഗ്യമാണെന്ന് അയാള്‍ പറഞ്ഞു. അല്ലെങ്കില്‍ അവര്‍ മൂന്നുപേരും ഛര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു കിടപ്പിലാകുമായിരുന്നു എന്നു വിശദീകരിച്ചു.
സ്രാങ്കിന്റെ ഊഴം കഴിഞ്ഞു. കരയിലായിരിക്കുമ്പോള്‍ സാധാരണ കടലുപോലെ സംസാരിക്കുന്ന ഷൈനിന് കടലിലായിരിക്കുമ്പോള്‍ പക്ഷേ അധികം സംസാരിക്കാനാവാത്തതുപോലെ തോന്നി. ചുറ്റും പരന്നു കിടക്കുന്ന നീലജലത്തെ നോക്കി എന്തു പറയാനാണ്? എത്രത്തോളം പറയാനാണ്?. കടല്‍പ്പാട്ടുകള്‍ പാടി കാഴ്ചക്കാരന്റെ സ്മരണകള്‍ ഉണര്‍ത്താനാവുമായിരിക്കും. അതുകൊണ്ട് അയാള്‍ കടലുമായി ബന്ധപ്പെട്ട ചില സിനിമ പാട്ടുകള്‍ പാടി. കടലിലെ ഓളങ്ങള്‍ തന്റെ പാട്ടിനൊത്ത് താളം തുള്ളുന്നതായി അയാള്‍ ഇടയ്ക്കിടെ പറഞ്ഞു.
കടല്‍ കാണുമ്പോള്‍ വിവരണങ്ങള്‍ അധികം നല്‍കിയില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് ഷൈനിനു തോന്നി. നിശബ്ദമായിരുന്ന് കടല്‍ കാണുന്നതിന്റെ സുഖം ഒന്നു വേറേ തന്നെയാണല്ലോ. ""കടല്‍ കാണുമ്പോള്‍ നമുക്ക് സന്തോഷം തോന്നുന്നത് എന്താണെന്നറിയുമോ? നമ്മുടെയെല്ലാം ഉത്ഭവം കടലില്‍ നിന്നാണെന്നതുകൊണ്ട്. അതുകൊണ്ട് ഇനി കുറച്ചു നേരം നമുക്ക് കടല്‍ കണ്ടിരിക്കാം. നമ്മള്‍ ഉരുവം കൊണ്ട കടലാഴത്തിലേക്ക് നമുക്കൊന്ന് ഊളിയിട്ടുനോക്കാം'' - ഇതു പറഞ്ഞുകൊണ്ട് ഷൈന്‍ കുറേ നേരം നിശബ്ദനായി.
ലോകം എമ്പാടുമുള്ള ഷൈനിന്റെ ഫോളോവേഴ്‌സും അല്ലാത്തവരും അയാളോടൊപ്പം കടല്‍പ്പരപ്പിന്റെ ആഴം നിശബ്ദം കണ്ടുകൊണ്ടിരുന്നു. ഒരു വ്‌ളോഗര്‍ നിശബ്ദനാകുന്നതും കാഴ്ചകള്‍ വാചാലമാകുന്നതും അവര്‍ക്കൊക്കെ പുതിയ അനുഭവമായിരുന്നു. ആ നിമിഷങ്ങളില്‍ കടല്‍ തങ്ങളുടെ ഉള്ളിലാകെ പരന്നുവെന്ന് ആയിരക്കണക്കിന് ആളുകള്‍ കമന്റ് ചെയ്തു. മറ്റു വ്‌ളോഗറന്മാരില്‍ നിന്നും ഷൈന്‍ വ്യത്യസ്തനാവുന്നത് ഇങ്ങനെയാണെന്നുള്ള അഭിനന്ദനങ്ങളും പ്രവഹിച്ചുകൊണ്ടിരുന്നു.
കടല്‍ക്കാഴ്ച നിശബ്ദമായി പുരോഗമിക്കവേ അല്പം ദൂരെയായി വെളുത്ത പൊട്ടുപോലെ എന്തോ കടലില്‍ പൊങ്ങിക്കിടന്ന് ഓളങ്ങള്‍ക്കൊപ്പം ഉലയുന്നത് ഷൈനിന്റെ ശ്രദ്ധയില്‍ പെട്ടു. ശൂന്യമായ കടല്‍പ്പരപ്പില്‍ എന്തോ നിധി കണ്ടെത്തിയവണ്ണം അയാള്‍ അതിനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. എന്താണത്? തന്റെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാവുന്ന എന്തെങ്കിലുമാകുമോ? തന്നെ വാചാലനാക്കാനാവുന്ന ഏതെങ്കിലും കൗതുക വസ്തു? "നമുക്ക് അതെന്താണെന്നു നോക്കാം' എന്നു പറഞ്ഞുകൊണ്ട് അവിടേക്ക് ബോട്ട് അടുപ്പിക്കാന്‍ ഷൈന്‍ സ്രാങ്കിനോട് നിര്‍ദ്ദേശിച്ചു.
ബോട്ട് അവിടേക്ക് അടുക്കും തോറും വെളുത്ത പൊട്ടിന് രൂപം വെച്ചു തുടങ്ങി. കുറച്ച് അടുത്തപ്പോള്‍ അതൊരു പൊങ്ങുവള്ളത്തിന്റെ രൂപം പ്രാപിച്ചു. കുറച്ചുകൂടി അടുത്തപ്പോള്‍ അതിനു മുകളില്‍ ഒരാള്‍ ഉണ്ടെന്നു കണ്ടു. കുറച്ചുകൂടി അടുത്തപ്പോള്‍ അയാളുടെ ഒരു കൈ ഉയര്‍ന്നിരിക്കുന്നതായി കണ്ടു.
സ്രാങ്ക് ബോട്ടിനു വേഗത കൂട്ടി. അതാ, പൊങ്ങുവള്ളത്തില്‍ ഒരാള്‍ അവശനായി കമിഴ്ന്നു കിടക്കുന്നു.
അയാളുടെ സമീപം ചൂണ്ടയില്‍ അകപ്പെട്ട ഒരു കൂറ്റന്‍ സ്രാവ്. അത് വാലില്‍ മാത്രം അവശേഷിച്ച തന്റെ ജീവന്‍ ഇളക്കിക്കൊണ്ടിരിക്കുന്നു. ഒരു മൊബൈല്‍ ഫോണും കടിച്ചുപിടിച്ചിട്ടുണ്ട്.

ഷൈന്‍ തന്റെ മൊബൈല്‍ കൂട്ടുകാരില്‍ ഒരാളെ ഏല്‍പ്പിച്ചിട്ട് ബോട്ടില്‍ നിന്ന് എടുത്തുചാടി. പൊങ്ങുവള്ളത്തിനുള്ളില്‍ നിന്ന് ആളിനെ വലിച്ച് ബോട്ടിനുള്ളില്‍ കൊണ്ടുവന്നു. മലര്‍ത്തിക്കിടത്തി അയാളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ഷൈനിനും മറ്റുള്ളവര്‍ക്കും വിശ്വസിക്കാനായില്ല.
""ദേ ഡാ, സിനിമാ നടന്‍ അശോകന്‍!''
3.
പോലീസുകരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഷൈനിന്റ ലൈവ് വീഡിയോയുടെ ലിങ്കുകള്‍ കമന്റായി വീഴാന്‍ തുടങ്ങി.
അശോകന്റെ ടിക് ടോക്കില്‍ ലൈക്കുകളുടെ എണ്ണം 2.4m ആയി.
പോലീസുകാരന്‍ ബോട്ട് കരയ്ക്കടുക്കുന്നതും കാത്തിരുന്നു.
Abdul Jaleel K
2 Jun 2020, 12:46 AM
നല്ല ഒന്നാന്തരം ന്യൂ ജെന്‍ കഥ.. 30 രൂപക്ക് ബാറ്ററി വാങ്ങുന്ന പയ്യന്‍ വലുതാവമ്പൊ ടിക് ടോക് ഉണ്ടാവുമൊ?അതൊ ഈ ന്യൂ ജെന്‍ ആപുകളും ആന്‍ഡ്രോയിഡ് തന്നെയും വിസ്മൃതിയിലാവുമൊ?
Raseena Mohiudheen
31 May 2020, 02:51 AM
👌👌അടിപൊളിയായി എഴുതി
മൻസൂർ
30 May 2020, 02:54 PM
സിനിമയ്ക്കുള്ളിലെ സിനിമ പോലെ കഥക്കുള്ളിലെ കഥയെ വളരെ അടിപൊളിയായി എഴുതി 👍👍
Maryam Afsal
27 May 2020, 08:55 AM
Life ഉള്ള കഥകൾ ആണ് പുള്ളിടെ main.വായനക്കാരനെ മലയാള സാഹിത്യ ത്തിലെ അക്ഷര ശ്ലോകങ്ങൾ കൊണ്ട് ആലോസരപ്പെടുത്താതെ ഉള്ള approach... വായിക്കപ്പെടുന്നവ തരുന്ന ഭാവന ആണ് വായനക്കാരന്റെ സംതൃപ്തി.. അങ്ങനെ നോക്കുമ്പോൾ പുള്ളിടെ മിക്ക കഥകളും ഒരു vishual treat തന്നെ ആണ്..💕
ഷബീർ കളിയാട്ടമുക്ക്
26 May 2020, 09:15 PM
ഒരേ നിറമുള്ള കടലുകൾ. വളരെ വ്യത്യസ്തവും,പുതുമയുള്ളതുമായ പ്രമേയം, ഭാഷ, പരിചരണം. കടൽ ജലം പോലെ ലളിതമായി കഥ പറഞ്ഞ് പോകുന്നു. ഒന്നും മുഴച്ചുനിൽക്കുന്നില്ല. ഒട്ടും സങ്കീർണ്ണമല്ല. വായനക്കാരന്റെ മനസ്സിനെ ഒരു കടൽപ്പരപ്പിന്റെ വിഹായസ്സിലേക്കു കൊണ്ടുപോകുന്ന കഥ. ഇവിടെയാണ് കഥാകാരൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്.
Mohammed Ashraf
26 May 2020, 07:11 PM
എങ്ങിനെ ആളെ വിസ്മയ ലോകത്തേക്ക് നയിക്കാം എന്നുള്ളതിന്ന് നിങ്ങളെ എഴുത്തുകൾ തന്നെ ധാരാളമാണ്, അതിൽ എപ്പോഴും വിടർന്ന കണ്ണുമായി അങ്ങിനെ അവസാനം വരെ പോകും.... ഇതിൽ അങ്ങിനെയൊക്കെ പോയിട്ടും ആദ്യത്തിൽ പിടിച്ചു വെച്ച ആ "ഓ" ഭാവം പോയിട്ടില്ലായിരുന്നു 👍
ഷമീം കല്പന
26 May 2020, 05:05 AM
ഷെഫീക് മുസ്തഫയുടെ അതുല്യമായ രചനാവൈഭവം ഇവിടെയും അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകൾക്കായി അക്ഷമയോടെ കാത്തിരിക്കുന്ന അനേകരിൽ ഒരാളാണ് ഞാനും. വരികളിൽ ഏത് നിമിഷവും സംഭവിച്ചേക്കാവുന്ന ഒരു നർമ്മസാധ്യതയാണ് വായനക്ക് ആകാംക്ഷയും ആർത്തിയും നൽകാറുണ്ട്. വായനക്കൊടുവിൽ നമുക്കും അശോകന്റെ ' ഓ ' ഭാവം വരും. എഴുത്തുകാരൻ ചിന്തിച്ച് കൂട്ടിയ നർമ്മ സങ്കേതങ്ങൾ വായനക്കിടയിൽ പലയിടത്തും നമ്മെ അശോകനാക്കി മാറ്റും.
Sidheeq Pattathodi
25 May 2020, 03:57 PM
സൂപ്പർ
V VIJAYAKUMAR
25 May 2020, 02:45 PM
നന്നായി
അനിൽകുമാർ എം ആർ
26 Aug 2020, 03:05 PM
പുതുമയുള്ള നല്ല കഥ , നന്നായി എഴുതി