ജൂണ്‍ ഒന്നിന് തുറന്നില്ലെങ്കിലും
നമ്മുടെ വിദ്യാഭ്യാസത്തിന്
ഒന്നും സംഭവിക്കുമായിരുന്നില്ല!
ജൂണ്‍ ഒന്നിന് തുറന്നില്ലെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന് ഒന്നും സംഭവിക്കുമായിരുന്നില്ല!
''എത്രയോ കാലമായി നാം ബലപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ സംവിധാനങ്ങള്‍, സാമൂഹിക ഭദ്രത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍, എന്തും ഏറ്റെടുക്കാന്‍ തക്കവണ്ണം വളര്‍ത്തിയെടുത്ത പൊതുബോധം ഇതെല്ലാമാണ് ഈ നേട്ടത്തിന്റെ പടവുകള്‍. അതിന്റെ ബലം പക്ഷേ പെട്ടെന്ന് നടപ്പിലാക്കാന്‍ തീരുമാനിക്കുന്ന ഓണ്‍ലൈന്‍ പഠനരീതിക്ക് ഇല്ല. സ്‌കൂളില്‍ പോലും പാഠഭാഗങ്ങള്‍ അധ്യാപകന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനില്‍ കാല്‍ ഭാഗമെങ്കിലും എത്തിക്കാന്‍ നമുക്കായിട്ടില്ല. ചില സംവിധാനങ്ങള്‍ വികസിപ്പിച്ചെങ്കിലും അവ പ്രവര്‍ത്തന പഥത്തില്‍ എത്തിയില്ല. വിക്‌റ്റേര്‍സ് ചാനലിനെ ഇന്നുവരെ ഗൗരവത്തില്‍ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കിയിട്ടുണ്ടോ? സോഷ്യല്‍ മീഡിയയെ കുട്ടികള്‍ക്ക് തൊടാന്‍ പറ്റുന്ന ഒന്നായി ഇന്നുവരെ കണ്ടിട്ടുണ്ടോ? അതെല്ലാം ചുരുക്കം ദിവസം കൊണ്ട് കെട്ടിപ്പൊക്കി അതിലും ഒന്നാം സ്ഥാനം നേടാം എന്ന ചിന്ത ഉണ്ടായാല്‍ അത് എടുത്തുചാട്ടമെന്നേ പറയാന്‍ കഴിയൂ. ''
3 Jun 2020, 04:52 PM
ഒരു ആവാസവ്യവസ്ഥപോലെ ജൈവികമായ ഇടമാണ് സര്‍ഗ്ഗാത്മകമായ ക്ലാസ് മുറിയും. ക്ലാസ് മുറികള്‍ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ പുറം ലോകത്തിന്റെ കണ്ണില്‍ കോമാളിത്തരമാകാം. അത് ചിലപ്പോള്‍ അനൗചിത്യവും സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കാത്തതും ഒക്കെ ആയിരിക്കും. അവിടുത്തെ സംവാദങ്ങള്‍ കൂടിച്ചേരലുകള്‍ പ്രവര്‍ത്തനങ്ങള്‍ അതില്‍ ഇടപെടുന്ന ആളുകള്‍ക്ക് മാത്രം തിരിച്ചറിയാവുന്നതാണ്. അവര്‍ തമ്മിലുള്ള പൊരുത്തത്തിലാണ് അത് ജീവനുള്ളതാകുന്നത്. ക്ലാസ് മുറിയെ ജൈവികവും ചടുലവും ആക്കിത്തീര്‍ക്കുന്നതും അതാണ്. ചാനലിലൂടെ ക്ലാസെടുക്കുന്ന അധ്യാപകരെ വിമര്‍ശിക്കുന്നവര്‍ രണ്ടുതരത്തിലും ഇക്കാര്യം മനസ്സിലാവാത്തവരാണ്. അത് അവര്‍ക്ക് കാണാനായി സംവിധാനം ചെയ്യപ്പെട്ടതല്ലെന്ന് മാത്രമല്ല, അവര്‍ കാണുമ്പോള്‍ മാത്രം നഷ്ടമാകുന്ന പലതും അതിലുണ്ട് താനും. ആരാണോ ആ ക്ലാസുകള്‍ കേള്‍ക്കാനും കാണാനും നിര്‍ദ്ദേശിക്കപ്പെട്ടവര്‍ അവര്‍ കാണുമ്പോള്‍ മാത്രം അര്‍ത്ഥം വെക്കുന്ന ഭാഷയാണ് അതിലുടനീളം ഉള്ളത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ് മുറിയുടെ മാതൃകയായി നാം കാണിക്കേണ്ടിയിരുന്നത്, അപ്രകാരം ക്ലാസ് മുറിക്കകത്ത് മാത്രം പൂര്‍ണ്ണമാവുന്ന ഒരു പ്രവര്‍ത്തനത്തെ അതിന്റെ ഒരു ചിഹ്നങ്ങളും തിരിച്ചറിയാത്ത പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചു കൊണ്ട് വേണമോ എന്നത് മറ്റൊരു വിഷയമാണ്.
സമൂഹത്തിന്റെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കാണാതെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെ ഒരു ചുവടു പോലും നമുക്ക് ആത്മവിശ്വാസത്തോടെ വെക്കാന്‍ കഴിയില്ല.
പഠനവസ്തു വിനിമയം ചെയ്യാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ വിഷയങ്ങള്‍ തമ്മില്‍ മാത്രമല്ല ക്ലാസുകള്‍ തമ്മിലും അദ്ധ്യാപകര്‍ തമ്മിലും എന്തിന് കുട്ടികള്‍ തമ്മില്‍ പോലും മാറ്റമുണ്ടാകാറുണ്ട്. ചില സ്‌കൂളുകളില്‍, ചില സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള കുഞ്ഞുങ്ങളെ ഒരു പ്രത്യേക ഗ്രൂപ്പ് ആക്കുകയും വലിയ പിന്തുണ ആവശ്യമുള്ള കുട്ടികളെ മറ്റൊരു ഗ്രൂപ്പ് ആക്കി തിരുത്തുകയും ചെയ്യുന്ന പതിവ്, അത് ഒട്ടും ശരിയായ രീതി അല്ലെങ്കിലും കണ്ടിട്ടുണ്ട്. ഒരു അദ്ധ്യാപിക ഒരേ വിഷയം രണ്ടിടത്ത് വിനിമയം ചെയ്യുന്നതും രണ്ടു രീതിയിലാണ്. രണ്ടു തരത്തിലുള്ള അന്തരീക്ഷമാണ് രണ്ടിടത്തും ബോധപൂര്‍വ്വം സൃഷ്ടിക്കുന്നത്. ഒരിടത്തെ ഭാഷ, ചലനങ്ങള്‍, പ്രക്രിയകള്‍ എന്നിവ മറ്റൊരിടത്ത് പരിഹാസ്യമാവും. ഓണ്‍ ലൈനും ഓഫ് ലൈനും ഒന്നെന്ന് ധരിക്കുമ്പോള്‍ ഈ പിഴവിന് കൂടുതല്‍ വഴി വെക്കുകയാവും വിദ്യാഭ്യാസ വകുപ്പും ചെയ്യുക.

സിനിമയില്‍ സ്വാഭാവിക രീതിയില്‍ ചിത്രീകരിക്കാന്‍ ഏറ്റവും പ്രയാസകരമായത് ക്ലാസ് മുറിയാണ്. എങ്ങിനെ ചെയ്താലും അത് കൃത്രിമമാവും. സിനിമ കൃത്രിമമായി സൃഷ്ടിക്കുന്ന പരിസരത്തിന് വഴങ്ങാന്‍ കൂട്ടാക്കാത്ത ഒരു സ്വാഭാവികഘടകം ക്ലാസ് മുറിക്കുണ്ട്. ഏതു തരത്തിലുള്ള ക്ലാസ് റൂം അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടേണ്ടത് എന്നതിന് വ്യത്യസ്തമായ അനുഭവങ്ങളാണ് സിനിമക്ക് മുന്നിലും പിന്നിലും ഉള്ളവര്‍ക്ക് ഉണ്ടാവുക. അതുകൊണ്ട് തന്നെയാണ് ലൈവ് ക്ലാസ് റൂം അനുഭവങ്ങള്‍ പകര്‍ത്തി കാണിക്കുന്നതോളം ബോറായി ലോകത്ത് മറ്റൊന്ന് ഇല്ലാത്തത്. കൃത്രിമമായ ഒരന്തരീക്ഷം ക്ലാസില്‍ വരുമ്പോള്‍ നഷ്ടമാവുന്നത് അതിന്റെ സ്വഭാവികവും ജൈവികവുമായ വ്യവസ്ഥയാണ്. ഒരു സി സി ടി വി ക്യാമറ ക്ലാസില്‍ വെക്കുമ്പോഴും എന്തിന് ഒരു ഉദ്യോഗസ്ഥന്‍ ക്ലാസ് നിരീക്ഷിക്കാന്‍ പിന്നില്‍ ഇരിക്കുമ്പോള്‍ പോലും ആ സ്വാഭാവികത അന്യമാവും.
ഒന്നോ രണ്ടോ മാസം ക്ലാസ് മുടങ്ങിയാല്‍ തുലഞ്ഞു പോകുന്നതാണ് ഒരു നാടിന്റെ വിദ്യാഭ്യാസ ബലമെങ്കില്‍ അത് ആരോഗ്യകരമല്ല. ക്ലാസിനകത്ത് നിന്നല്ല പുറത്തു നിന്നാണ് ഇന്ന് നമ്മെ നയിക്കുന്നവര്‍ പഠിച്ചു കയറിയത്.
ക്യാമറക്ക് മുന്നിലെ അധ്യാപകരുടെ പ്രകടനത്തെ അതുകൊണ്ടു തന്നെ ക്ലാസ് റൂം വിനിമയവുമായി ബന്ധപ്പെട്ടല്ല വിലയിരുത്തേണ്ടത്. അങ്ങനെ കരുതിയല്ല, അധ്യാപകര്‍ അതില്‍ പങ്കെടുക്കേണ്ടത്. അത് മറ്റൊരു തരത്തിലുള്ള വിനിമയ രീതിയാണ്. ഓണ്‍ലൈന്‍ ക്ലാസ്മുറി എന്ന സങ്കല്പം സ്‌കൂളിലെ ക്ലാസ് മുറിയിലെ പ്രവര്‍ത്തനത്തിന്റെ ആവര്‍ത്തനമോ തുടര്‍ച്ചയോ ആയി കണ്ടുകൊണ്ടുള്ള അഭ്യാസങ്ങള്‍ അത് കൊണ്ടുതന്നെ പാഴാണ്. അതിനെ മറ്റൊരു വിനിമയമായി കണ്ട് അതിന്റെ തുടര്‍ച്ചയേയും വളര്‍ച്ചയെയും കുറിച്ചാണ് ആലോചിക്കേണ്ടത്. വിവര്‍ത്തനം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതാണ് കവിത എന്നത് ഓണ്‍ലൈനില്‍ ആകുമ്പോള്‍ ക്ലാസ് മുറിക്കും ബാധകമാവുന്നതാണ്. അവിടെ നഷ്ടപ്പെടുന്നതാണ് ക്ലാസ് മുറിയുടെ ജീവന്‍. എന്നാല്‍ ആ അന്തരീക്ഷം ഈ സന്ദര്‍ഭത്തില്‍ അല്‍പ്പകാലത്തേക്കെങ്കിലും സ്വപ്നം കാണാനേ കഴിയൂ എന്നത് എല്ലാവര്‍ക്കും അറിയാം. അതിന്റെ ബദല്‍ പെട്ടെന്ന് ഉരുത്തിരിച്ചെടുക്കാന്‍ കഴിയുന്നതല്ല.

സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസമാണ് ഭാഗ്യവശാല്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ പ്രബലമായി നിലനില്‍ക്കുന്നത്. മുഴുവന്‍ കുട്ടികളെയും ഹയര്‍സെക്കന്‍ഡറി വരെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ വിജ്ഞാനം നേടാന്‍ പ്രാപ്തരാക്കുന്ന ഒരു സംവിധാനത്തില്‍ ഏതു തരത്തിലുള്ള പരിഷ്‌കരണങ്ങളും നടപ്പിലാക്കുക പ്രയാസമാണ്. പ്രവര്‍ത്തനാധിഷ്ഠിത രീതിശാസ്ത്രം ലോകത്തെമ്പാടും
ഉല്‍കൃഷ്ടമായ വിദ്യാഭ്യാസ മാതൃകയായി നിലനില്‍ക്കുമ്പോഴും അവിടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ നമ്മുടേതില്‍നിന്നും എത്രമാത്രം വ്യത്യസ്തമാണെന്ന് കാണാതിരുന്നുകൂടാ. ക്ലാസ് മുറിയിലെ കുട്ടികളുടെ എണ്ണത്തിലുള്ള കുറവ്, അത്യാധുനികമായ ഭൗതിക സൗകര്യങ്ങള്‍ എന്നിവ അവിടുത്തെ ഗുണങ്ങളാവുമ്പോള്‍ അത് സ്വകാര്യവും പണം കൊടുത്തു നേടേണ്ടതും കൂടിയാണ് എന്നത് നാം മറന്നു പോകരുത്.
സൈദ്ധാന്തികതയുടെ കാല് ഒരു തോണിയിലും പ്രായോഗികതയുടെ കാല് മറ്റേ തോണിയിലും. ഈ സൈദ്ധാന്തികയുടെയും പ്രായോഗികതയുടെയും പ്രശ്‌നങ്ങള്‍ തന്നെയാണ് തീര്‍ച്ചയായും ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്നത്.
വിദ്യാലയത്തിന്റെ ഗ്രേഡ് അനുസരിച്ച് നല്‍കപ്പെടുന്ന അറിവിന്റെ മൂല്യം വര്‍ദ്ധിക്കുന്നു എന്ന ധാരണ അവിടെ സാധാരണമാണ്. വിദ്യാഭ്യാസ പ്രക്രിയയുടെ മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ചെലവും സ്വാഭാവികമായും അത്തരം സ്ഥാപനങ്ങളില്‍ വളരെ വലുതാണ്. മഹാ ഭൂരിപക്ഷവും ഈ മികച്ച വിദ്യാഭ്യാസത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു. അവിടുത്തെ രീതിശാസ്ത്രം നാം സ്വീകരിക്കുമ്പോള്‍ നമ്മള്‍ നേരിട്ട പ്രതിസന്ധി അതിന്റെ സൈദ്ധാന്തികമായ അടിത്തറയുടെ ഉറപ്പില്ലായ്മയല്ല, മറിച്ച് നിബിഡമായ ക്ലാസ് മുറിയില്‍ ആ രീതിശാസ്ത്രമനുസരിച്ച് സംവിധാനങ്ങള്‍ ഒരുക്കാനുള്ള പ്രയാസങ്ങളാണ്. പ്രത്യേകിച്ചും പൊതു വിദ്യാഭ്യാസത്തിലെ ഉയര്‍ന്ന പടവുകളില്‍ എത്തുമ്പോള്‍.
ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ 65 മുതല്‍ 70 വരെ കുട്ടികളാണ് ഇപ്പോള്‍ ഒരു ക്ലാസിലുള്ളത്. ഒരു ബെഞ്ചില്‍ അഞ്ചും ആറും കുട്ടികള്‍ ഞെരുങ്ങിയിരിക്കുന്ന അവസ്ഥ. എങ്കിലും നാം അറിവ് നിര്‍മ്മാണത്തെയും പ്രവര്‍ത്തനാധിഷ്ഠിതമായ പഠനരീതിയേയും സൈദ്ധാന്തികമായി സ്വീകരിച്ചിട്ടുണ്ട്. ആകാവുന്നത്രയും ചര്‍ച്ചയും സംവാദങ്ങളും സംഘപ്രവര്‍ത്തനങ്ങളും നല്‍കിക്കൊണ്ട് അതിനെ സ്വാംശീകരിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു എന്നേയുള്ളൂ. ഒന്നുമില്ലെങ്കിലും ക്ലാസ് മുറിയിലെ ജനാധിപത്യത്തെ സ്ഥാപിക്കാനെങ്കിലും അത് ഗുണം ചെയ്യുമല്ലോ. വ്യവഹാര മനശാസ്ത്രത്തെയും ബ്ലൂമിന്റെ ടാക്‌സോണമിയേയും അടിസ്ഥാനമാക്കിയുള്ള പഠനവും പരീക്ഷയും മാത്രമാണ് കുട്ടികള്‍ നിറഞ്ഞ ഇത്തരം ക്ലാസ് മുറിയില്‍ കരണീയമായിട്ടുള്ളത് എന്ന വാദം പ്രബലമാണ്. എളുപ്പം ചെലവാകുന്നത് അതാണ്. ഈയൊരു പൊരുത്തക്കേട് വലിയ രീതിയില്‍ പരിഗണിക്കപ്പെടാതെ നമ്മുടെ പൊതു വിദ്യാഭ്യാസത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സൈദ്ധാന്തികതയുടെ കാല് ഒരു തോണിയിലും പ്രായോഗികതയുടെ കാല് മറ്റേ തോണിയിലും. ഈ സൈദ്ധാന്തികയുടെയും പ്രായോഗികതയുടെയും പ്രശ്‌നങ്ങള്‍ തന്നെയാണ് തീര്‍ച്ചയായും ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞത്.

50 ലക്ഷത്തോളം വരുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളെ കുട്ടികളെ പരിഗണിച്ചുകൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പോലുള്ള ഒരു സംവിധാനം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കൊടുക്കേണ്ടിവന്ന വലിയ വിലയാണ് ദേവികയുടെ ജീവന്‍. തീര്‍ച്ചയായും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കൊടിക്കൂറകള്‍ ആകാശത്തോളം ഉയരത്തില്‍ തൂക്കിയിടുകയും കൊട്ടും കുരവയും വെടിക്കെട്ടും കാതടപ്പിക്കുന്ന വിധം ചുറ്റുമുയരുകയും ചെയ്യുമ്പോള്‍, സാര്‍വ്വത്രികതയുടേയും പൊതു എന്ന അവസ്ഥയുടെയും കടയ്ക്കല്‍ കത്തി വീഴുകയാണോ എന്ന സംശയം ഉണ്ടാകാം. ട്രയല്‍ ആണ്, ആവര്‍ത്തിക്കും, പാഠം തുടങ്ങിയിട്ടില്ല എന്നൊക്കെ നാമെത്ര തലോടിയാലും
ഇവ പെട്ടെന്ന് പ്രാപ്യമല്ലാത്ത ഒരു വിഭാഗത്തിന്റെ നെഞ്ച് പിടയും. അങ്ങിനെ നെഞ്ചു പിടയുന്ന കുഞ്ഞുങ്ങള്‍ പഠനത്തോട് അങ്ങേയറ്റം താല്‍പര്യമുള്ളവരും ഹൃദയംകൊണ്ട് അറിവ് നേടുന്നവരും ആയിരിക്കും. ടിവിയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലെങ്കില്‍ രക്ഷയായി എന്ന് വിചാരിക്കുന്ന കുട്ടികളും പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ഇതിലുണ്ടാകും.
ട്രയലും യഥാര്‍ത്ഥവും തമ്മിലുള്ള അന്തരം മുതിര്‍ന്നവര്‍ക്ക് മനസ്സിലാകും. യഥാര്‍ത്ഥ ക്ലാസ് മുറിയുടെ പകരമല്ല ഈ ഓണ്‍ലൈന്‍ പരിപാടികള്‍ എന്ന് അധ്യാപകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്കും അറിയാം. ജൂണ്‍ ഒന്നിന് കാലവര്‍ഷത്തോടൊപ്പം തുടങ്ങിയാല്‍ മാത്രമേ ഇക്കൊല്ലം വിദ്യാഭ്യാസം വിളയൂ എന്ന അന്ധവിശ്വാസം നമ്മളെ വേറെ പാളയങ്ങളിലാണ് എത്തിക്കുക. ഒരാഴ്ചയോ രണ്ടാഴ്ചയോ ഒരു മാസമോ കഴിഞ്ഞാലും ഈ ഓണ്‍ലൈന്‍ പരിപാടി എത്രത്തോളമുണ്ട്, അവ എത്ര മുന്നോട്ടു പോകും എന്ന് അറിയാത്തവരല്ലല്ലോ തലയില്‍ ആള്‍താമസമുള്ള ആള്‍ക്കാര്‍. "ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിനൊക്കെ വളരെയേറെ പരിമിതിയുണ്ട് നമുക്ക്. ഹൈബാന്‍ഡ് നെറ്റ് കണക്റ്റിവിറ്റിയോ സ്മാര്‍ട്ട് ഫോണോ ഒക്കെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. അതുകൊണ്ട് ഓണ്‍ലൈന്‍ ഒരു പരിഹാരമായി പറയാന്‍ പറ്റില്ല, ഒരു അനുബന്ധ വിദ്യാഭ്യാസ രീതിയായി പറയാം. ക്ലാസ് മുറി അധ്യാപനത്തിന് പകരമാവില്ല. ആഡ് ഓണ്‍ ആയി പറയാം' പ്ലാനിംഗ് ബോര്‍ഡ് അംഗവും കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനും ആയ ഡോ. ബി. ഇക്ബാല്‍ ട്രൂ കോപ്പി തിങ്കില്‍, എഡിറ്റര്‍ കമല്‍റാം സജീവുമായുള്ള അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിട്ട് രണ്ടാഴ്ച പോലും ആയില്ല.
ട്രയല്‍ ആണ്, ആവര്‍ത്തിക്കും, പാഠം തുടങ്ങിയിട്ടില്ല എന്നൊക്കെ നാമെത്ര തലോടിയാലും ഇവ പെട്ടെന്ന് പ്രാപ്യമല്ലാത്ത ഒരു വിഭാഗത്തിന്റെ നെഞ്ച് പിടയും. അങ്ങിനെ നെഞ്ചു പിടയുന്ന കുഞ്ഞുങ്ങള്‍ പഠനത്തോട് അങ്ങേയറ്റം താല്‍പര്യമുള്ളവരും ഹൃദയംകൊണ്ട് അറിവ് നേടുന്നവരും ആയിരിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ തെളിയിക്കപ്പെട്ടത് പലതിലും നമ്മള്‍ മുന്നിലാണ് എന്നു തന്നെയാണ്. മുന്നിലെത്തിയത് ആ ദിവസങ്ങളില്‍ മാത്രം നടപ്പിലാക്കിയ ചില തന്ത്രങ്ങള്‍ കൊണ്ടല്ല. എത്രയോ കാലമായി നാം ബലപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ സംവിധാനങ്ങള്‍, സാമൂഹിക ഭദ്രത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍, എന്തും ഏറ്റെടുക്കാന്‍ തക്കവണ്ണം വളര്‍ത്തിയെടുത്ത പൊതുബോധം ഇതെല്ലാമാണ് ഈ നേട്ടത്തിന്റെ പടവുകള്‍.
അതിന്റെ ബലം പക്ഷേ പെട്ടെന്ന് നടപ്പിലാക്കാന്‍ തീരുമാനിക്കുന്ന ഓണ്‍ലൈന്‍ പഠനരീതിക്ക് ഇല്ല. സ്‌കൂളില്‍ പോലും പാഠഭാഗങ്ങള്‍ അധ്യാപകന്റെ സാന്നിധ്യത്തില്‍ ഓണ്‍ലൈനില്‍ കാല്‍ ഭാഗമെങ്കിലും എത്തിക്കാന്‍ നമുക്കായിട്ടില്ല. ചില സംവിധാനങ്ങള്‍ വികസിപ്പിച്ചെങ്കിലും അവ പ്രവര്‍ത്തന പഥത്തില്‍ എത്തിയില്ല. വിക്‌റ്റേര്‍സ് ചാനലിനെ ഇന്നുവരെ ഗൗരവത്തില്‍ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കിയിട്ടുണ്ടോ? സോഷ്യല്‍ മീഡിയയെ കുട്ടികള്‍ക്ക് തൊടാന്‍ പറ്റുന്ന ഒന്നായി ഇന്നുവരെ കണ്ടിട്ടുണ്ടോ? അതെല്ലാം ചുരുക്കം ദിവസം കൊണ്ട് കെട്ടിപ്പൊക്കി അതിലും ഒന്നാം സ്ഥാനം നേടാം എന്ന ചിന്ത ഉണ്ടായാല്‍ അത് എടുത്തുചാട്ടമെന്നേ പറയാന്‍ കഴിയൂ.

യഥാര്‍ത്ഥത്തില്‍ വരുന്ന അക്കാദമിക വര്‍ഷത്തിന്റെ ഘടനയെത്തന്നെ പുനര്‍വിചിന്തനം നടത്തേണ്ട ഘട്ടമാണിത്. വീണ്ടും ഇക്ബാല്‍ സാറിനെ ഉദ്ധരിക്കുകയാണ്."എന്റെ ഊഹം വെച്ച്, അല്ലെങ്കില്‍ ഒരു ആശങ്ക പറയുകയാണെങ്കില്‍ ഒരു അക്കാദമിക് വര്‍ഷമെങ്കിലും കുട്ടികള്‍ക്ക് നഷ്ടപ്പെട്ടേക്കും എന്നെനിക്ക് പേടിയുണ്ട്. ഒരു ആറുമാസം കൊണ്ട് ഇപ്പോഴത്തെ അവസ്ഥ മാറുകയാണെങ്കില്‍ നമുക്ക് കോഴ്‌സുകളുടെ വലിപ്പം കുറയ്ക്കാം'. ഈ യാഥാര്‍ഥ്യത്തെ ഓണ്‍ലൈന്‍ മെഴുക്കുപുരട്ടി അടക്കാന്‍ കഴിയുന്നതല്ല. അടുത്ത വര്‍ഷം ലഭ്യമാകുന്ന സമയം എങ്ങിനെ ഫലപ്രദമാക്കാം? അതിന് കരിക്കുലം എങ്ങിനെ മാറണം? സിലബസ്സില്‍ എന്ത് ചുരുക്കലുകളാണ് വേണ്ടത്? പൊതു പരീക്ഷകള്‍ എങ്ങിനെ മാറ്റിത്തീര്‍ക്കാം? എന്നൊക്കെ ആലോചിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്. മുഴുവന്‍ കുട്ടികളെയും ഒരുമിച്ച് സ്‌കൂളില്‍ എത്തിക്കാതെ സാമൂഹിക അകലത്തിന്റെ സുരക്ഷിതത്വം നില നിര്‍ത്തിക്കൊണ്ട് ഓഫ് ലൈനായും ഓണ്‍ലൈനായും നിശ്ചയിച്ച പഠനപ്രവര്‍ത്തനങ്ങള്‍ എങ്ങിനെ പൂര്‍ത്തീകരിക്കാം എന്നാണ് ആലോചിക്കേണ്ടത്. വിക്‌റ്റേര്‍സ് ചാനലില്‍ വീഡിയോ കാണിക്കുന്നതിനപ്പുറം എന്തെന്ത് സാധ്യതകള്‍ ആരായാം എന്ന ഗവേഷണവും നടക്കണം. ദേശീയതലത്തില്‍ തന്നെ സിലബസുകള്‍ ചുരുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ ആവണം. പരന്ന പഠിപ്പല്ല ആഴത്തില്‍ അറിയാനാണ് ഇപ്പോള്‍ നമുക്ക് സാധിക്കേണ്ടത്.

ഒരു ദിവസം പോലും നഷ്ടപ്പെട്ടില്ല എന്ന് മേനി നടിക്കേണ്ട ആവശ്യം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇനി നമുക്കില്ല. നമ്മുടെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം ഇവിടെ നിലനിന്ന ശക്തമായ പൊതുവിദ്യാഭ്യാസമാണെന്ന് നാം ലോകത്തിന് മുന്നില്‍ തെളിയിച്ചു കഴിഞ്ഞു. ഒന്നോ രണ്ടോ മാസം ക്ലാസ് മുടങ്ങിയാല്‍ തുലഞ്ഞു പോകുന്നതാണ് ഒരു നാടിന്റെ വിദ്യാഭ്യാസ ബലമെങ്കില്‍ അത് ആരോഗ്യകരമല്ല. ക്ലാസിനകത്ത് നിന്നല്ല പുറത്തു നിന്നാണ് ഇന്ന് നമ്മെ നയിക്കുന്നവര്‍ പഠിച്ചു കയറിയത്. മാസങ്ങള്‍ നീണ്ട പഠിപ്പ് മുടക്ക് സമരങ്ങളും അധ്യാപക സമരങ്ങളും ഉണ്ടായപ്പോള്‍ തകര്‍ന്നു പോയിരുന്നില്ല നമ്മുടെ വിദ്യാഭ്യാസ നിലവാരം.
ദേവികയുടെ ആത്മഹത്യ വലിയ പാഠമാണ് നമുക്ക് നല്‍കുന്നത്. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കാണാതെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെ ഒരു ചുവടു പോലും നമുക്ക് ആത്മവിശ്വാസത്തോടെ വെക്കാന്‍ കഴിയില്ല. ഇല്ലാതായത് പഠനത്തില്‍ മികവ് പുലര്‍ത്തിയ, പഠിക്കാന്‍ അത്യധികം ആഗ്രഹിച്ച ഒരു കുഞ്ഞുമോള്‍ മാത്രമല്ല, സാമൂഹിക സുരക്ഷയെക്കുറിച്ചും കരുതലിനെക്കുറിച്ചും നാം അഭിമാനത്തോടെ കൊട്ടിഘോഷിച്ച സങ്കല്പനങ്ങളുടെ സാധുതയുമാണ്.
കെ സുരേന്ദ്രന്‍ അടുത്തില
4 Jun 2020, 08:29 PM
പ്രേമന്‍ മാഷിന്റെ ആശയത്തോട് ചില വിയോജിപ്പുകള്‍. ജൂണ്‍ ഒന്ന് എന്ന അനുഷ്ഠാനമല്ല നിര്‍വഹിക്കപ്പെട്ടത്, മറിച്ച് പരീക്ഷപോലും നടത്താതെ, പരസ്പരം കണ്ട് പിരയാനാവാതെ സ്കൂള്‍ മധ്യവേനലവധിക്ക് അടക്കപ്പെടുകയും, കുറേക്കാലത്തെ ലോക്ഡൗണ്‍ കുട്ടികളെ മാനസീകമായി തളര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ നാമെല്ലാം തിരിച്ചുപിടിക്കും എന്ന സന്ദേശം കുട്ടികള്‍ക്ക് കെെമാറാന്‍, ഒട്ടകലെയങ്കിലും ഞാനുണ്ട് നീയുണ്ട്, നമ്മളുണ്ട് എന്ന ബോധം കുട്ടികളിലെത്തിക്കാനുള്ള ഒരു പുതുശ്രമമാണ് നടന്നത്. മാത്രവുമല്ല ചില പരീക്ഷണങ്ങള്‍ ഈ രംഗത്ത് ആവശ്യമാണ് താനും. കുട്ടികളെ പുതു വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ചു എന്ന തോന്നലുണ്ടാക്കി പഠനകാര്യത്തില്‍ ഉത്സാഹമുള്ളവരാക്കി മാറ്റിയത് വലിയ അപരാധമൊന്നുമല്ല. ദേവികയും സഹലുയുമൊക്കെ ചില നൊമ്പരങ്ങളാണ്. പക്ഷേ കരഞ്ഞിരിക്കാന്‍ എപ്പോഴും പറ്റില്ലല്ലോ. ഓണ്‍ലെെന്‍ വിദ്യാഭ്യാസത്തിന്റെ ഭാവി ആലോചിച്ച് ഇപ്പോഴേ പ്രയാസപ്പെടേണ്ടതില്ല. ഇന്നത്തെ സാഹചര്യത്തില്‍ ചില സാധ്യതകള്‍ പരിഗണിച്ചു എന്നേ ഉള്ളൂ. സ്കൂള്‍ ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെയോ രക്ഷിതാവിന്റെയോ ഓണ്‍ലെെന്‍ ക്ലാസ് അഭിപ്രായം അന്വേഷിച്ച ശേഷമായിരുന്നു പ്രേമന്‍മാഷ് എഴുത്തിനിരുന്നത് എങ്കില്‍ ഇതാവില്ലായിരുന്നു വീക്ഷണം. പ്രേമന്‍ മാഷിന്റെ നിര്‍ദ്ദേശങ്ങളോട് യോജിക്കാം, പക്ഷേ വിമര്‍ശനങ്ങള്‍ അനാവശ്യം.
മുഹമ്മദ് ഫായിസ്
4 Jun 2020, 04:18 PM
ഉഷാറായിട്ടുണ്ട്, ഇനിയും ഇതുപോലോത്തെ നല്ല എഴുത്തുകാരെ സംഭവനചെയ്യാൻ ഈ മൊബൈൽ യുഗത്തിന് കരുത്തുണ്ടാകട്ടെ
സചിന്ത്
4 Jun 2020, 03:38 PM
കോവിഡ് കാലഘട്ടത്തിൽ പരിശോധിക്കപ്പെടേണ്ടുന്ന/ ഡീൽ ചെയ്യേണ്ടുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന് ആണ് കുട്ടികളുടെ മനോനില.നിരന്തരം ആയി അവർക്ക് ചുറ്റും വരുന്ന വാർത്തകളിലൂടെ, മഹാ വിപത്തിനെ സംബന്ധിക്കുന്ന സത്യ/മിഥ്യാ പ്രചരണങ്ങളിലൂടെ കടന്ന് പോകുമ്പോൾ അവരുടെ മാനസിക നില കടന്ന് പോകുന്ന വഴികൾ അപ്രവചനീയം ആണ്. അത്തരം ഒന്നിനെ ഡീൽ ചെയ്യുമ്പോൾ അവരെ എൻഗേജ്ഡ് ആക്കുക എന്നത് വളരെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രക്രിയ തന്നെ ആണ്... വിദ്യാഭ്യാസ മേഖല "ഇനി എപ്പോൾ..." എന്ന ഒരു അനിശ്ചിതത്വത്തിൽ നിന്നാണ് "ഇങ്ങനെ ഒന്ന് ശ്രെമിക്കാം.." എന്ന അർദ്ധ വിരാമത്തിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ "മുന്നൊരുക്കങ്ങൾ ഇല്ലാത്ത..." എന്ന് പറയുമ്പോൾ ഏപ്രിൽ മുതൽ തന്നെ tv അടക്കം ഇത്തരം സൗകര്യങ്ങൾ ലഭ്യമാണോ എന്ന് വിളിച്ചന്വേഷിച്ച അധ്യാപക സർവേകളെ, ഓൺലൈൻ ക്ളാസുകൾ വളരെ ഫലവത്തായി നടപ്പാക്കാൻ അധ്യാപകരെ സ്ക്രീൻ ചെയ്ത് എടുത്ത പ്രവർത്തികളെ ആകെ നിരാഗരിക്കും പോലെ തോന്നുന്നു..! ഇന്സ്ടിട്യൂഷനൽ മർഡർന്റെ "ന്യൂനപക്ഷ പ്രീണനം" എന്ന ഒറ്റ നുകത്തിൽ രോഹിത് വെമുലയെയും ഫാത്തിമ ലത്തീഫ്നെയും കെട്ടി വച്ചപ്പോൾ , അന്ന് അഡ്രസ് ചെയ്യപ്പെടാതെ പോയ ഒരു യഥാർത്ഥ പ്രശ്നം ഉണ്ട്.. ഫാത്തിമ ഇന്ത്യയിലെ എഡ്യൂക്കേഷൻ സിസ്റ്റത്തിന്റെയും രോഹിത് ഈ രംഗത്തെ ന്യൂനപക്ഷ വിരുദ്ധ അഡ്മിനിസ്‌ട്രേറ്റീവ്സ് പൊളിറ്റിക്സ് ന്റെയും ഇരകൾ ആണെന്ന വ്യത്യാസം. എഡ്യൂക്കേഷൻ സിസ്റ്റത്തിന്റെ പാളിച്ചകൾ ഏതെങ്കിലും ഒരു ഘട്ടത്തിൽ ചർച്ച ആയിരുന്നെങ്കിൽ ഒരു പക്ഷെ കടന്ന് വരുമായിരുന്ന വിഷയം ആയിരുന്നു ഇൻക്ലൂഷൻ... കടന്ന് പോകുന്ന ഘട്ടം അനിതര സാധാരണം ആണ്. ഇതുവരെ ചെയ്യാൻ സാധിക്കാത്തത് തിരഞ്ഞു പിടിച്ചു നടപ്പിലാക്കുക എന്നത് ഭരണ വർഗ്ഗത്തിന്റെ ഉത്തരവാദിത്തം തന്നെ ആണ്...അതിൽ ഒന്നും തർക്കമോ ന്യായീകരണങ്ങളോ ഇല്ല.. പക്ഷെ, ഏതു തരം ചർച്ചകളും യഥാർത്ഥ പ്രതിസന്ധിയെ കൂടെ പരിഗണിക്കട്ടെ.
പ്രദീപ് കുമാർ
4 Jun 2020, 01:28 PM
പ്രേമചന്ദ്രൻ മാഷിന്റെ അഭിപ്രായം വളരെ പ്രസക്തവും ചർച്ച െചെയ്യെപടേണ്ടതുമാണ്
sivadasan nalambron
4 Jun 2020, 12:35 PM
ജൂൺ ഒന്നാം തീയ്യതി തന്നെ കാലവർഷം എത്തി! നമ്മൾ അധ്യയനം തുടങ്ങി എന്ന അനുഷ്ടാനബോധം വേണ്ടിയിരുന്നില്ല എന്ന ശ്രീ പ്രേമൻ ആശയം ശരിയെന്നു തോന്നുന്നു.ലേഖകന്റെ പഠനകാലത്തു തന്നെ പ്രീഡിഗ്രി ബോർഡ്,പ്രൈവറ്റ് പോളി തുടങ്ങി മാസങ്ങൾ നഷ്ടപ്പെട്ട അധ്യയന വർഷം ഉണ്ടായിരുന്നുഎന്നു ഞാൻ ഓർക്കുന്നു.ഇന്നത്തേതിനേക്കാൾ പരിമിതമായ വിറ്റ്നജ്ഞാന രീതികൾ മാത്രം ഉണ്ടായിരുന്നപ്പോളും പൊതു താല്പരിയതിനായി മാസങ്ങൾ നീണ്ട സമരത്തിനോട് രക്ഷകർത്താക്കൾ സഹിഷ്‌ണുത കാട്ടി എങ്കിൽ കോവിഡ് കാലത്തു നാം എന്തിനു ഇത്രയും ആശങ്ക പെടണം?നമുക്കു ഹൈസ്കൂൾ ക്ലാസ് വരെ അക്കാഡമിക് കലണ്ടർ ബന്ധം ഇല്ലാത്ത ടീവി പരിപാടികൾ നടത്തി വരാനിരിക്കുന്ന പുതിയ പഠനരീതികളിലേക്കു കുട്ടികളെ തയ്യാറാകുകയും ഒപ്പം തന്നെ അടിസ്ഥാന സൗകര്യാമൊരുക്കമായിരുന്നു. ജനാധിപത്യം എന്ന സംസ്കാരം ബോധനരീതിയിലൂടെ കുട്ടികലെത്തിക്കാൻ ഓൺലൈൻ പഠനത്തിന് പറ്റുമോ? TTT (teacher talk time )vs STT(student talk time). ബഹുമാനപെട്ട CM ചില വിഖ്യാത വിദേശ സർവ്വകലാശാലകൾ നടത്തുന്ന സൗജന്യ ഓൺലൈൻ കോഴ്സ് കളെ കുറിച്ച്, നമ്മുടെ യുവാക്കൾക്ക് അതു ഉപയോഗപ്പെടുത്താനുള്ള അവസരങ്ങളും ഉപദേശ രൂപേണ മാർച്ച് മാസം ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഉന്നത വിദ്യാഭാസ രംഗത്ത് താഴ്ന്നവരുമാനക്കാര്കും വിദേശ സർവ്വകലാശാലകൾ നടത്തുന്ന കോഴ്സ് തിരഞ്ഞെടുക്കാൻ പുതിയ സാഹചര്യം പ്രാപ്തമാക്കിയേക്കാം. നമ്മുടെ ഭരണാധികാരികൾ പുതിയ സാഹചര്യം തുടക്കത്തിൽ തന്നെ മനസിലാക്കിയെങ്കിലും എന്തുകൊണ്ട് പ്രവർത്തീകമാക്കിയില്ല എന്നത് നമ്മുടെ പരിമിതി അല്ലേ? ശ്രീ പ്രേമന്റെ കാഴചപ്പാടുകൾ ഹൃദ്യമായി .
രവി
4 Jun 2020, 10:39 AM
പറയേണ്ടത് പറയേണ്ടുന്ന രീതിയിൽ പറഞ്ഞ പ്രിയ പ്രേമന് അഭിവാദനങ്ങൾ
Muralidharan
4 Jun 2020, 10:24 AM
ദേവിക ഒരു നൊമ്പരമായി മനസ്സിലുണ്ട്. 41 ലക്ഷം വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ള ഒരു ബൃഹത് പദ്ധതി പരിമിത വിഭവശേഷി മാത്രമുള്ള ഒരു സംസ്ഥാനം ആരംഭിക്കുമ്പോൾ സംഭവിച്ച ഒരു നോട്ടപിശക് വെച്ച് ആ ഉദ്യമത്തെ അപ്പാടെ വിലയിരുത്തുന്നത് ശരിയല്ല. ഒരധ്യാപകനൊ, വാർഡ് മെമ്പറോ വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നു ഈ ദുരന്തം. ചെറിയ ക്ലാസുകളിലെ പഠനം ഒരിക്കലും പൂർണമായി ഡിജിറ്റൽ ആക്കാൻ പറ്റില്ല. കുട്ടിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരു സിനിമ ചിത്രീകരണത്തിന്റെ അത്രയും തയ്യാറെടുപ്പ് ഓരോ ക്ലാസ്സിനും വേണ്ടിവരും.എല്ലാ വലിയ ഉദ്യമങ്ങളും ആരംഭിക്കുന്നത് ചെറിയ ചില കാൽവെപ്പുകളിലൂടെ ആണെല്ലോ. എല്ലാ സാമ്പത്തിക ഉച്ചനീചത്വങ്ങളും ഒടുങ്ങിയിട്ടു മതി കേരളത്തിലെ ഡിജിറ്റൽ ശ്രമങ്ങൾ എന്ന് വാദിക്കുന്നത് ശരിയല്ല.
Jayaprakas.K
4 Jun 2020, 07:41 AM
വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.ഇതൊന്നും അറിയാതെ ,അറിഞ്ഞിട്ടും മാറ്റാൻ തയ്യാറാവാതെ ചില ''ആറാട്ടുമുണ്ടന്മാർ ''നമ്പർ 1കേരളത്തിന് വേണ്ടിയുള്ള ഓട്ടത്തിലാണ്
പപ്പൻകാവുമ്പായി
3 Jun 2020, 10:58 PM
ക്ളാസ് മുറിയിൽ മാത്രമേ ജീവിതം എന്ന അനുഭവം ഉള്ളു എന്നത് സത്യം .ഒരു ചുമ, തൊണ്ടയനക്കൽ, നോട്ടം എന്തിന് ഏമ്പക്കം പോലും അവിടെ ഒരു പക്ഷെ വലിയ ആഹ്ളാദം ഉണ്ടാക്കാറുണ്ട്. പരസ്പര്യവും അനുഭവപഠനമാകുന്നു. ഒരിക്കലും അതിന് സമമാകാൻ മറ്റൊരു രീതിക്കും പറ്റില്ല. ചിലപ്പോൾ ക്ളാസിലെ എണ്ണം പോലും കുറയാതിരിക്കലാണ് ഗുണകരം. ഇപ്പോൾ തുടങ്ങിയ ഡിജിറ്റൽ മാർഗ്ഗങ്ങൾ വസ്തുതകൾ മനസ്സിക്കുവാനുള്ള സമാന്തര വഴി തന്നെയാണ്.പ്രാധാന്യമുള്ളത് തന്നെയാണ്. കുട്ടികൾക്കും മറ്റുള്ളവർക്കും ഭേദമന്യേ പഠിക്കാനാകുന്നത് തന്നെയാണ്. കര്യങ്ങൾ സമൂഹം ഉറപ്പുവരുത്തണം. അധ്യാപകരും സൂക്ഷ്മതലത്തിൽ കുട്ടികളെ പഠിക്കണം. - ജൂൺ 1 എന്നത് ഒരാത്മവിശ്വാസം വീണ്ടെടുക്കലിന്റെ കാര്യം കൂടിയായി കാണാലോ.
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read
വേണുഗോപാലൻ
5 Jun 2020, 03:38 PM
ഇനി മുതൽ ഇവിടെ ഓൺലൈൻ വിദ്യഭ്യാസമേയുള്ളു എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട് എന്ന അടിസ്ഥാനധാരണയിലാണ് ലേഖനം എന്ന് തോന്നും. അങ്ങനെയല്ലല്ലോ. ആരും പരസ്പരം ഇടപഴകിക്കൂടാ എന്ന് കൽപ്പിക്കുന്ന ഒരു രോഗം പടർന്നുകൊണ്ടിരിക്കുന്ന, കാര്യങ്ങൾ എന്ന് പൂർവസ്ഥിതി പ്രാപിക്കും എന്ന് ആർക്കും നിശ്ചയമില്ലാത്ത ഒരു സാഹചര്യത്തിൽ സ്വീകരിച്ച ഒരു ഉപാധി മാത്രമല്ലേ ഇത്? എന്ന് തുടങ്ങുമെന്ന് ഒരു ഉറപ്പുമില്ലാതിരിക്കെ ജൂണിൽ തുടങ്ങിയത് നന്നായെന്ന് വേണം നിരീക്ഷിക്കാൻ. തുടക്കത്തിലേ നടത്തുന്ന സൈദ്ധാന്തികവിമർശനം അപക്വമായിപ്പോകും