ഇതായിരിക്കും നിങ്ങൾ
എഴുതാൻ പോകുന്ന
ഏറ്റവും എളുപ്പമുള്ള പരീക്ഷ
ഇതായിരിക്കും നിങ്ങൾ എഴുതാൻ പോകുന്ന ഏറ്റവും എളുപ്പമുള്ള പരീക്ഷ
ഫോക്കസ് ഏരിയയില്‍ ഊന്നുക, അവ നന്നായി മനസ്സിലാക്കുക, പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക എന്നീ കാര്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും മുഴുവന്‍ സ്‌കോറും ലഭിക്കും എന്ന് ഉറപ്പാണ്- ഏപ്രിൽ എട്ടിന് തുടങ്ങുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയും മൂല്യനിർണയവും ഇക്കൊല്ലം കുട്ടികൾക്കുണ്ടായ നഷ്ടങ്ങളെല്ലാ പരിഗണിക്കുന്നതും തീർത്തും വിദ്യാർഥി സൗഹൃദപരവുമായിരിക്കുമെന്ന് ലേഖകൻ
7 Apr 2021, 09:52 AM
എസ്.എസ്.എല്‍.സിക്കും ഹയര്‍ സെക്കന്ററിക്കും നാളെ (ഏപ്രിൽ 8) പൊതു പരീക്ഷ ആരംഭിക്കുകയാണ്. ഇരുകൂട്ടര്‍ക്കും അവരുടെ വിദ്യാഭ്യാസകാലത്തിന്റെ ഒരുഘട്ടം അവസാനിച്ച് മറ്റൊരുഘട്ടം ആരംഭിക്കേണ്ട നിര്‍ണായക സന്ദര്‍ഭം. അതുകൊണ്ടുതന്നെ വലിയ ഉത്കണ്ഠയും ആകാംക്ഷയും കേരളത്തിലെ പത്തുലക്ഷത്തോളം കുടുംബങ്ങള്‍ ഈ ദിവസങ്ങളില്‍ പേറുന്നുണ്ട്. എന്നാല്‍ മറ്റെന്തൊക്കെ നഷ്ടങ്ങളുണ്ടായാലും പൊതുപരീക്ഷ, അതിലെ വിജയം, സ്‌കോര്‍ തുടങ്ങിയവയെ സംബന്ധിച്ച് ഉത്കണ്ഠപ്പെടാനില്ലാത്തതും ഏറ്റവും അനുകൂലവുമായ ഒരവസരമാണ് ഇതെന്ന് ആ ക്ലാസുകളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളും അവരുടെ രക്ഷകര്‍ത്താക്കളും പ്രാഥമികമായി തിരിച്ചറിയേണ്ടതുണ്ട്.
ശൂന്യമായ ക്ലാസ് മുറികള്‍
തീര്‍ച്ചയായും നഷ്ടഭാഗ്യങ്ങളുടെ വലിയ കണക്കുകള്‍ നിരത്താനുണ്ടാകും പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഇക്കൊല്ലം പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക്. കൂട്ടുകാരെ ചേര്‍ത്തുപിടിക്കാനോ കൂട്ടംകൂടി ആര്‍ത്തുചിരിക്കാനോ അവര്‍ക്ക് പറ്റിയില്ല. സ്‌കൂളിലേക്കുള്ള യാത്രകള്‍, അധ്യാപകരുടെ നിരന്തര സാന്നിധ്യം, പഠനയാത്രകള്‍, കലോത്സവങ്ങള്‍, മേളകള്‍ അങ്ങനെ നീളുന്നു സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സവിശേഷമായ ഒരു ഘട്ടത്തിന്റെ അവസാനപടവില്‍ അവര്‍ക്കുണ്ടായ വിലമതിക്കാന്‍ കഴിയാത്ത നഷ്ടങ്ങള്‍.
അതിനും മുകളിലാണ് അക്കാദമികമായ ചുരുങ്ങലുകള്‍. ഓരോ ഘട്ടത്തിലും കുട്ടികള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന അറിവുകള്‍ പോലും മുഴുവന്‍ പേരിലും ഉറപ്പിക്കാന്‍ ഇക്കൊല്ലം സാധിച്ചില്ല. നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങള്‍ പോലും ആഴത്തില്‍ മനസിലാക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയായില്ല. സ്‌കൂളില്‍ എത്താന്‍ കഴിഞ്ഞ ചുരുക്കം ദിവസങ്ങളില്‍ ഉള്ളടക്കങ്ങളുടെ വേഗത്തിലുള്ള റിവിഷന്‍ അല്ലാതെ വിശദപഠനം സാധ്യമായുമില്ല. സ്‌കൂള്‍ എങ്ങനെയാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇത്രയും കാലം ഒരനുഭവമായിരുന്നത്, അതെല്ലാം പൂര്‍ണമായോ ഭാഗികമായോ വറ്റിപ്പോയ ഒരു ശൂന്യപാത്രം പോലെയാണ് ഇക്കൊല്ലത്തെ അക്കാദമിക വര്‍ഷം കടന്നുപോകുന്നത്.
നഷ്ടങ്ങളിലെ നേട്ടങ്ങള്‍
കോവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും മികച്ച നിലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടന്നത് കേരളത്തിലാണെന്ന് പല ദേശീയ പഠന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. സംസ്ഥാനം നേരിട്ടു നടത്തിയത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമല്ല എന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ടെലിവിഷനിലൂടെ പാഠഭാഗങ്ങള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യുന്ന സംവിധാനമാണ് ഇവിടെ സ്വീകരിച്ചത്. എന്നാല്‍ ഇതിന് തുടര്‍ച്ചയായി സ്‌കൂള്‍ മുന്‍കൈയെടുത്ത് ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ച് പാഠഭാഗങ്ങളുടെ വിനിമയവും കുട്ടികളുടെ സംശയ നിവാരണവും നടന്നു. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും ഓരോ സ്‌കൂളിലും നിരവധിയെണ്ണമുണ്ടായി.

ഗൂഗ്ള്‍ മീറ്റും സൂമും വ്യാപകമായി ക്ലാസുകള്‍ക്ക് ഉപയോഗിക്കപ്പെട്ടു. കൂടാതെ വിഷയതലത്തിലും അല്ലാതെയുമുള്ള അധ്യാപക കൂട്ടായ്മകള്‍ പല രീതിയിലുള്ള ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ തയ്യാറാക്കി സൗജന്യമായി ലഭ്യമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവരും പുതിയ സാങ്കേതികത വഴങ്ങുന്നവരുമായ അധ്യാപകര്‍ സ്വയം ഒട്ടേറെ പഠനവിഭവങ്ങള്‍ ഉണ്ടാക്കി. പലരും യുട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളും ഉണ്ടാക്കി. ഇവ സംസ്ഥാനത്താകെ ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ വിക്‌റ്റേര്‍സ് ചാനല്‍ വഴി സംപ്രേഷണം ചെയ്ത വീഡിയോ ക്ലാസുകള്‍ മൊത്തം ഈ ഓണ്‍ലൈന്‍ പ്രക്രിയയ്ക്ക് അടിസ്ഥാനമായി വര്‍ത്തിച്ചു എന്നുമാത്രമേയുള്ളൂ. ഇതെല്ലാം ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ക്ക് നാളിതുവരെയില്ലാത്ത പഠനപിന്തുണ നല്‍കി.
പാഠപുസ്തകങ്ങളും അധ്യാപകര്‍ നല്‍കുന്ന നോട്ടും കുട്ടികള്‍ തയ്യാറാക്കുന്ന രചനകളും മാത്രമായിരുന്നു ഇന്നലെവരെ കുട്ടികളുടെ പഠനവിഭവങ്ങള്‍. ക്ലാസ് മുറിയാണ് ഇതിനെയെല്ലാം പരസ്പരം ബന്ധിപ്പിച്ചിരുന്നത്. പാഠപുസ്തകങ്ങള്‍ കുട്ടികളോട് നേരിട്ടു സംവദിക്കണമെന്ന കാഴ്ചപ്പാടില്‍ വിഭാവനം ചെയ്യപ്പെട്ടവയല്ല. ഒരു മെന്ററുടെ തൊട്ടടുത്തു നിന്നുള്ള അനുഭവപ്പെടുത്തല്‍ അത് ആവശ്യപ്പെടുന്നുണ്ട്. കൃത്യമായ പഠനപ്രവര്‍ത്തനങ്ങളിലൂടെയോ ലളിതമായ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നല്‍കിയോ ഉചിതമായ ഉദാഹരണങ്ങള്‍ സമീപത്തുനിന്ന് കണ്ടെടുത്തോ അവര്‍ അത് നിര്‍വ്വഹിക്കുമ്പോഴേ പാഠപുസ്തകം കുട്ടിയില്‍ നിറയൂ. അതിന്റെ അഭാവത്തില്‍ പാഠപുസ്തകം ഒരു പൊതിയാതേങ്ങയാണ് അവര്‍ക്ക്.
എന്നാല്‍ ഇക്കുറി പഠനവിഭവങ്ങളുടെ ഒരു കുത്തോഴുക്കുതന്നെ കുട്ടിയിലേക്ക് ഉണ്ടായി. പാഠഭാഗങ്ങളുടെ വിശദീകരണവും വ്യാഖ്യാനവുമായി വിക്‌റ്റേര്‍സ് വീഡിയോകള്‍ അവരുടെ കയ്യില്‍ എപ്പോഴും നോക്കത്തക്ക നിലയില്‍ ഉണ്ടായിരുന്നു. അധ്യാപകര്‍ തുടര്‍ന്ന് നല്‍കിയോ ഓഡിയോ- വീഡിയോ ഉള്ളടക്കങ്ങള്‍ അവരുടെ കൈയിലുണ്ട്. യുട്യൂബ് ചാനലുകള്‍ വഴി കിട്ടിയ വീഡിയോകള്‍, അധ്യാപക ഗ്രൂപ്പുകളും കൂട്ടായ്മകളും തയ്യാറാക്കിയ പി.ഡി.എഫ് നോട്ടുകള്‍, കുറിപ്പുകള്‍, ചോദ്യോത്തരങ്ങള്‍ എന്നിവയും അവരില്‍ എത്തിയിരുന്നു. ഇങ്ങനെ ഏതുതരം പഠനസാമഗ്രികളും കൈയ്യെത്തിപ്പിടിക്കാന്‍ അവര്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഒരു പരിധിവരെ ഉണ്ടായിരുന്നു. ഇത് കഴിഞ്ഞകാലം വരെ കടന്നുപോയ എസ്.എസ്.എല്‍.സിക്കാര്‍ക്കോ പ്ലസ് ടു ക്കാര്‍ക്കോ സ്വപ്നം കാണാന്‍ കഴിയുന്നതായിരുന്നില്ല.
ഇക്കൊല്ലക്കാരുടെ രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു ഭാഗ്യം, ഏകദേശം പകുതിയായി ചുരുക്കിയ സിലബസാണ്. പലപ്പോഴും സി.ബി.എസ്.ഇയും മറ്റും നടത്തുന്ന ദേശീയതല പരീക്ഷകളില്‍ പോലും സിലബസിന്റെ അവസാനഭാഗങ്ങളിലെ അധ്യായങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പൊതുപരീക്ഷ നടക്കുമ്പോള്‍ കേരളത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകാര്‍ക്ക് ജൂണ്‍ മുതല്‍ പഠിപ്പിച്ചുതുടങ്ങിയ പാഠഭാഗങ്ങൾ പബ്ലിക് പരീക്ഷയ്ക്ക് ആവശ്യമായിരുന്നു. എടുത്താല്‍ പൊന്താത്ത ഈ കനപ്പെട്ട സിലബസ് കുട്ടികള്‍ക്ക് പൊതുപരീക്ഷാ സമയത്ത് ഉണ്ടാക്കാറുള്ള സംഘര്‍ഷം ചില്ലറയല്ല. എന്നാല്‍ ഇക്കൊല്ലം പഠിക്കുന്നവര്‍ അക്കാര്യത്തില്‍ ഭാഗ്യമുള്ളവരാണ്. ഓരോ വിഷയത്തിനും കൃത്യമായ ഫോക്കസ് ഏരിയ നിശ്ചയിക്കുകയും അവ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തു. പല വിഷയങ്ങളും പകുതിയോളം ചുരുക്കി. കുട്ടികള്‍ക്ക് എളുപ്പം സ്വായത്തമാക്കാവുന്ന പാഠഭാഗങ്ങളാണ് ഇങ്ങനെ ഉള്‍പ്പെടുത്തപ്പെട്ടവയില്‍ ഏറിയകൂറും. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങള്‍ മാത്രം പഠിച്ച് തയ്യാറായി പോയാല്‍ പോലും മുഴുവന്‍ സ്‌കോറും നേടാവുന്ന രീതിയില്‍ പരീക്ഷയും പരിഷ്‌കരിച്ചു.
മുന്‍പ് മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത മറ്റൊരു സൗഭാഗ്യവും ഇക്കൊല്ലക്കാര്‍ക്കുണ്ട്. അത് തിരിച്ചറിയുക എന്നത് പ്രധാനമാണ്. പൊതുപരീക്ഷ ചോദ്യങ്ങളില്‍ വരുത്തിയ മാറ്റമാണ് അത്. നേരത്തെ ഇരുപത് ശതമാനം ചോദ്യങ്ങള്‍ അധികമായി നല്‍കാറുണ്ട്. പക്ഷേ അവ ഓരോരോ വിഭാഗങ്ങളിലായി വീതിച്ചിരിക്കും. ഉദാഹരണത്തിന്, മൂന്ന് ഉപന്യാസ ചോദ്യങ്ങള്‍ നല്‍കി അതില്‍ രണ്ടെണ്ണം എഴുതുക അല്ലെങ്കില്‍ ആറു മാര്‍ക്കിനുള്ള അഞ്ചു ചോദ്യങ്ങള്‍ നല്‍കി അവയില്‍ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുതുക എന്നിങ്ങനെ. മൂന്ന് ഉപന്യാസവും അറിയുമെങ്കിലും രണ്ടെണ്ണത്തിന് മാത്രമേ അപ്പോള്‍ ഉത്തരം എഴുതാന്‍ കഴിയൂ. എന്നാല്‍ ആറുമാര്‍ക്കിനുള്ള ചോദ്യങ്ങളില്‍ അഞ്ചില്‍ മൂന്നിന് മാത്രമേ അവിടെ ഉത്തരമറിയൂ എങ്കില്‍ ആറുമാര്‍ക്ക് പോയതുതന്നെ. അധികമായി നല്‍കുന്ന ചോദ്യങ്ങളെ ഇങ്ങനെ വ്യത്യസ്ത വിഭാഗം ചോദ്യങ്ങള്‍ക്കായി വീതിച്ചുനല്‍കുന്ന രീതി ഇത്തവണ ഉണ്ടാകില്ല. മാത്രമല്ല അധികമായി നല്‍കുന്ന ചോദ്യങ്ങളുടെ എണ്ണവും സ്‌കോറും ഉയര്‍ത്തുകയും ചെയ്തു.
ഏകദേശം നൂറു ശതമാനം ചോദ്യങ്ങള്‍ തന്നെ ഓപ്ഷന്‍ ആയി ഇക്കുറി ഉണ്ടാവും. നാല്‍പ്പത് സ്‌കോറിന് പരീക്ഷ എഴുതേണ്ട വിഷയങ്ങള്‍ക്ക് എണ്‍പത് സ്‌കോറിനുള്ള ചോദ്യങ്ങള്‍ നല്‍കും. മാത്രമല്ല ഇവയില്‍ നിശ്ചിതമാര്‍ക്കിനുള്ള ചോദ്യം ഏതു വിഭാഗത്തില്‍ നിന്നും കുട്ടിക്ക് എഴുതാം. അഞ്ചില്‍ നാലെണ്ണത്തിന് ഉത്തരമെഴുതുക, മൂന്നില്‍ രണ്ടെണ്ണത്തിന് ഉത്തരമെഴുതുക എന്നിങ്ങനെ നേരത്തെ പറഞ്ഞ വിഭാഗം തിരിക്കല്‍ ഉണ്ടാകില്ല. ഏതാണോ നല്‍കിയ ചോദ്യങ്ങളില്‍ എഴുതാന്‍ കഴിയുക അത് എഴുതാം. അതില്‍ തന്നെ 80 ശതമാനത്തോളം ചോദ്യവും ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. സമയമുണ്ടെങ്കില്‍ കുട്ടിക്ക് എല്ലാ ചോദ്യത്തിനും ഉത്തരം എഴുതാം. എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തുകയും ചെയ്യും. പരമാവധി നിശ്ചയിച്ച സ്‌കോറിനെക്കാള്‍ അധികം ലഭിക്കുകയാണെങ്കില്‍ പരമാവധി സ്‌കോര്‍ നല്‍കും.
നേരത്തെ നന്നായി പഠിക്കുന്ന കുട്ടികള്‍ക്കടക്കം ചില ഉത്തരങ്ങള്‍ തെറ്റിദ്ധാരണ മൂലം മാറിപ്പോകാറുണ്ട്. അവയുടെ സ്‌കോര്‍ പൂര്‍ണമായും നഷ്ടപ്പെടും. എന്നാല്‍ ഇക്കുറി ഒന്നോ രണ്ടോ ചോദ്യങ്ങള്‍ തെറ്റിപ്പോയാലും മുഴുവന്‍ മാര്‍ക്കും നഷ്ടപ്പെടില്ല, പകരം കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ അവ മൂല്യനിര്‍ണയം ചെയ്യുകയും സ്‌കോറുകള്‍ നല്‍കുകയും ചെയ്യും. ഏറ്റവും ഉചിതമായും ചുരുക്കിയും ഉത്തരങ്ങള്‍ എഴുതാനും പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശരാശരിക്കാര്‍ക്ക് പോലും മുഴുവന്‍ സ്‌കോറും കരസ്ഥമാക്കാന്‍ ഇക്കുറി സാധിക്കും എന്നാണ് കുട്ടികള്‍ തിരിച്ചറിയേണ്ട പ്രധാനവസ്തുത.
നാലാമത്തെ കാര്യം, ഇക്കുറി കുട്ടികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞു മാത്രമേ ചോദ്യങ്ങള്‍ നിര്‍മിക്കാന്‍ കഴിയൂ എന്നതാണ്. നേരിട്ട് പഠനാനുഭവങ്ങള്‍ ലഭിച്ചവരോ കൃത്യമായ പഠനപ്രക്രിയയിലൂടെ കടന്നുപോയവരോ അല്ല ഇക്കുറി പരീക്ഷ എഴുതുന്നവർ എന്നത് ചോദ്യനിര്‍മാതാക്കള്‍ക്ക് അറിയാത്തതല്ലല്ലോ. കുട്ടികളെ മറ്റൊരു പരീക്ഷണത്തിന് കൂടി വിട്ടുകൊടുക്കുന്ന കഠിനമായതും കുഴപ്പിക്കുന്നതും സങ്കീര്‍ണവും ആയ ചോദ്യങ്ങള്‍ കുറവായിരിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. അത്തരം ചോദ്യങ്ങള്‍ ഒന്നോ രണ്ടോ വന്നാലും അവ മാറ്റിനിര്‍ത്തി ഉത്തരമെഴുതാന്‍ വേണ്ട അധിക ചോദ്യങ്ങള്‍ നിരവധി ഉണ്ടാവും എന്ന് സൂചിപ്പിക്കുകയും ചെയ്തല്ലോ.
അതുപോലെ പൊതുപരീക്ഷയുടെ മൂല്യനിര്‍ണയവും കുട്ടികളുടെ പക്ഷത്ത് നിന്നാവും എന്നുതന്നെ വിചാരിക്കാം. സ്‌കോര്‍ എവിടെയൊക്കെ കുറയ്ക്കാം എന്നാവില്ല എവിടെയൊക്കെ നല്‍കാം എന്നുതന്നെയായിരിക്കും മൂല്യനിര്‍ണയ സന്ദര്‍ഭത്തിലും അധികാരികള്‍ ആലോചിക്കുന്നത്. കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കാത്തത് കുട്ടികളുടെ മാത്രം കുഴപ്പമായി ഒരിക്കലും വിലയിരുത്തപ്പെടില്ല. അനുഭാവപൂര്‍വ്വം തന്നെ നിങ്ങളുടെ ഉത്തരക്കടലാസുകള്‍ ഇക്കുറി മൂല്യനിര്‍ണ്ണയം ചെയ്യപ്പെടും എന്നു പ്രതീക്ഷിക്കാം.
ഇതെല്ലാം ഇക്കുറി ഈ പരീക്ഷകള്‍ എഴുതുന്നവരുടെ മാത്രം ഭാഗ്യമാണ്. കൊറോണ വരുത്തിയ നഷ്ടങ്ങള്‍ക്കുള്ള ചെറിയൊരു പരിഹാരം എന്ന് കരുതിയാല്‍ മതി. അതുകൊണ്ട് ഫോക്കസ് ഏരിയയില്‍ ഊന്നുക, അവ നന്നായി മനസ്സിലാക്കുക, പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക എന്നീ കാര്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും മുഴുവന്‍ സ്‌കോറും തന്നെ ലഭിക്കും എന്ന് ഉറപ്പാണ്.
എ പ്ലസ്സുകള്‍ക്കപ്പുറം സ്വായത്തമാക്കിയ മികവുകള്‍
കൊറോണ പഴയ പഠനരീതികളെ അപ്പാടെ ഒഴുക്കിക്കളഞ്ഞു. ക്ലാസില്‍ അധ്യാപകര്‍ പാഠഭാഗം വായിച്ച് വിശദമാക്കി, നോട്ടുകള്‍ കുറിച്ചുതന്ന്, നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചു പഠിച്ചു എന്നുറപ്പുവരുത്തി, ഇടയ്ക്കിടെ പരീക്ഷകള്‍ വെച്ച് അവ ആവര്‍ത്തിച്ചുറപ്പിച്ച് മുന്നോട്ടുപോകുന്ന രീതിശാസ്ത്രം എന്തൊക്കെ പരിഷ്‌കാരങ്ങള്‍ പറഞ്ഞാലും ഇവിടെ നിലനിന്നിരുന്നു. അത് കാലഹരണപ്പെട്ടതാണെന്നും കുട്ടിക്ക് സ്വയം പഠിക്കുന്നതിന്, അറിവിലേക്ക് ആനന്ദത്തോടെ കടന്നുപോകുന്നതിന് ആവശ്യമായ സന്ദര്‍ഭങ്ങള്‍ ഒരുക്കുകയാണ് പ്രധാനമെന്നുമാണ് പുതിയ പഠനരീതികള്‍ ആവശ്യപ്പെട്ടിരുന്നത്. അവ പക്ഷെ മഹാഭൂരിപക്ഷവും പ്രാവര്‍ത്തികമാക്കിയില്ല.
എന്നാല്‍ സ്വയംപഠനത്തിന്റെ രീതിശാസ്ത്രം കൊറോണക്കാലം നമ്മെ പഠിപ്പിച്ചു. ആരും നോട്ടുകള്‍ എഴുതിപ്പിക്കാനും കണ്ണുരുട്ടാനും നിരന്തരം ഭീഷണിപ്പെടുത്താനും ഇല്ലെങ്കിലും സ്വന്തം ഉള്ളില്‍ നിന്നുള്ള തോന്നലാല്‍ പലവിധത്തിലുള്ള അറിവിന്റെ വഴികളിലേക്ക് ഇറങ്ങാന്‍ കുട്ടികള്‍ സ്വയം തയ്യാറായി. നേരത്തെ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം സ്വന്തം ജ്ഞാനത്തെ മുന്‍നിര്‍ത്തിയാണ് നടന്നിരുന്നത്. അവിടെ അറിവ് ആര്‍ജ്ജിക്കുക തന്റെ വ്യക്തിത്വത്തിന്റെ സ്വത്വത്തിന്റെ പ്രശ്‌നം ആയിരുന്നു. സ്വയംപഠനത്തിന്റെ ആ വഴിയിലേക്കാണ് ഇക്കാലത്ത് ചെറിയ ക്ലാസുകളില്‍ നിന്നെ നാം ഇറങ്ങിയത്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സ്വയം അന്വേഷിച്ചു ചെല്ലുന്ന ഒരു രീതി ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും കയ്യിലെത്തിയ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായി.
നാളെയുടെ പഠനത്തിന്റെ വഴി ഇതാണ്. നമ്മള്‍ ഏറ്റെടുക്കയും അന്വേഷിക്കുകയും കണ്ടെത്തുകയും അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരുവഴിയിലേക്ക് നമ്മള്‍ തീര്‍ച്ചയായും കാല്‍വെച്ചു കഴിഞ്ഞു. അത് കേവലം ഇപ്പോള്‍ ലഭിക്കുന്ന പരീക്ഷാ മാര്‍ക്കുകള്‍ക്കപ്പുറത്തേക്ക് നിങ്ങളെ വളര്‍ത്തുകതന്നെ ചെയ്യും. നമ്മള്‍ നേടുന്ന മികവുകള്‍ ഹ്രസ്വകാല ഉപയോഗത്തിനുള്ള നിക്ഷേപങ്ങള്‍ മാത്രമാകുമ്പോഴാണ് ദീര്‍ഘകാല ജീവിതത്തില്‍ പലരും പരാജയമാകുന്നത്. നമ്മള്‍ അറിവ് നേടിയെടുക്കുന്ന ഇക്കാലം പരിചയപ്പെട്ട രീതിയില്‍ നിങ്ങള്‍ കൗതുകമുള്ളവരാണെങ്കില്‍ താത്കാലികമായി നേടുന്ന സ്‌കോറിന് അപ്പുറത്തേക്ക് നാളെ നിങ്ങള്‍ വളരുക തന്നെ ചെയ്യും.
പരീക്ഷയെ എത്രമാത്രം കുട്ടികളുടെ പ്രിയമിത്രമാക്കാം എന്ന നേരത്തെ നടക്കുന്ന ആലോചനകളുടെ ഭാഗമാണ് ഇത്തവണത്തെ പരീക്ഷാ മാറ്റങ്ങള്‍. ഭയരഹിതമായി, അറിയുന്ന കാര്യങ്ങള്‍ വ്യക്തമായി, ഒട്ടും വേവലാതിയില്ലാതെ എഴുതിയാല്‍ മാത്രം മതി നിങ്ങള്‍. ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. അവ ശ്രദ്ധാപൂര്‍വ്വം വീണ്ടും വീണ്ടും വായിച്ചുനോക്കൂ. (ചോദ്യങ്ങള്‍ വായിച്ച് മനസിലാക്കാനുള്ള കൂള്‍ ഓഫ് ടൈമും വര്‍ധിപ്പിച്ചിട്ടുണ്ട്). അവ എന്തുചെയ്യാനാണ് ആവശ്യപ്പെടുന്നത് എന്ന് ആലോചിക്കൂ. അപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ കേട്ടതോ, വിക്‌റ്റേര്‍സില്‍ കണ്ടതോ ആയ ചില കാര്യങ്ങള്‍ ഓര്‍മയില്‍ തെളിയും. അതുതന്നെയാവും ഉത്തരങ്ങള്‍. ആത്മവിശ്വാസത്തോടെ അവ എഴുതിവെക്കൂ. അങ്ങിനെ പരമാവധി എണ്ണം. മറ്റൊരിക്കലും ലഭിച്ചിട്ടില്ലാത്ത സ്‌കോറുകള്‍ ആയിരിക്കും ഇക്കുറി നിങ്ങള്‍ക്ക് ലഭിക്കുക. നിങ്ങളെക്കുറിച്ച് ഇന്നുവരെ ആരും പറഞ്ഞിട്ടില്ലാത്ത അത്രയും അഭിമാനം തുളുമ്പുന്ന അഭിനന്ദനങ്ങള്‍ ഇക്കുറിയാണ് നിങ്ങള്‍ കേള്‍ക്കുക. അതിനായി വിട്ടുപോയ വല്ല പാഠഭാഗങ്ങളും ഉണ്ടെങ്കില്‍ അവ പൂരിപ്പിക്കാന്‍ ഇനിയും ദിവസങ്ങളുണ്ട്.

Gauri nandha. G. S
7 Apr 2021, 09:40 PM
Although it was such a hard time we have gone through it with great Codination and each and every teachers were trying to help us students and they were really supporting. We are so thankful for helping us even in such a condition. And this notes are truly helping me to believe more in myself and I feel like I can pull it off in a good way.
Kalidas K. A
7 Apr 2021, 08:34 PM
👍 👍supe sir. This will help us to write exam easily
എം.സി.പ്രമോദ് വടകര
7 Apr 2021, 08:22 PM
പ്രിയ പ്രേമചന്ദ്രൻ ,നല്ലെഴുത്ത്!
Thasliya
7 Apr 2021, 07:38 PM
Good 👍
Abhinand kr
7 Apr 2021, 07:22 PM
🔥
Ps Somaraj
7 Apr 2021, 06:23 PM
വളരെ സുന്ദരമായ അവതരണം. സ്വീകരിച്ച പഠനരീതിയും - സാധ്യതകളും - അനന്തതയും - ചൂണ്ടിക്കാട്ടി - നിലപാടുകളുടെ വ്യക്തതകൾ / സാധ്യതകൾ - അനാവരണം ചെയ്യപ്പെടുന്നു. ഒത്തിരി സന്തോഷത്തോടെ.....
ലീന
7 Apr 2021, 03:59 PM
കുട്ടികൾക്ക് ഷെയർ ചെയ്തു കൊടുത്തു. മോഡൽ എക്സാം സമയത്തും അവർക്ക് പല സംശയങ്ങളുമുണ്ടായിരുന്നു. പേപ്പർ നോക്കുകയും അവരുടെ സംശയം തീർത്തു കൊടുക്കുകയും ചെയ്തു.. സാറിന്റെ വാക്കുകൾ അവരിൽ ആത്മവിശ്വാസം ഉണർത്തും. നാളെ മുതൽ എക്സാമിന് തയ്യാറെടുക്കുന്ന മുഴുവൻ കുട്ടികൾക്കും വിജയാശംസകൾ
Ravendran
7 Apr 2021, 12:42 PM
സന്ദർഭോചിതമായ ലേഖനം കുട്ടികൾക്ക് പ്രചോദനവും ആത്മവിശ്വാസവും ആശ്വാസവും നൽകും
എസ്. ഗോപാലകൃഷ്ണന്‍
Apr 19, 2021
4 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Apr 18, 2021
16 Minutes Read
വി.അബ്ദുള്‍ ലത്തീഫ്
Apr 13, 2021
9 Minutes Read
ഡോ. ഷാൽജൻ അരീപ്പറ്റമണ്ണിൽ
Mar 21, 2021
27 Minutes Listening
ഡോ. മനോജ് വെള്ളനാട്
Mar 03, 2021
5 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Feb 22, 2021
5 minutes read
Ashmi fathima s
8 Apr 2021, 07:23 AM
As i wish its really improve in my confidence