യു.ഡി.എഫിലെ സഹതാപ നടന്മാരാണ് എന്റെ രക്തത്തിനുവേണ്ടി സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത്

‘‘സംഘപരിവാറിന്റെ തന്ത്രം പൊളിഞ്ഞപ്പോൾ അവരൊന്ന് സ്തംഭിച്ചുനിന്നു. അവർക്ക് അതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. അതുകൊണ്ടാണ്, മുജാഹിദ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ അവർ മൗനികളായിരുന്നത്. അപ്പോഴാണ് ഈ പറഞ്ഞ സഹതാപനടന്മാരിറങ്ങി, നിങ്ങളെന്താണ് ബ്രിട്ടാസിന്റെ രക്തത്തിന് വേണ്ടി പോവാത്തത്? നിങ്ങൾ പോയി ബ്രിട്ടാസിന്റെ രക്തം കുടിക്ക് എന്ന് ആഹ്വാനം ചെയ്യുന്നത്. തന്ത്രം പൊളിഞ്ഞ് സ്തംഭിച്ചു നിന്ന സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത് ഈ പറഞ്ഞ സഹതാപനടന്മാരാണ്''- ജോൺ ബ്രിട്ടാസ്​ എം.പി സംസാരിക്കുന്നു.

കോഴിക്കോടുനടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ സംഘ്പരിവാറിന്റെ ഗൂഢതന്ത്രത്തെക്കുറിച്ചും മുസ്‌ലിംകൾക്കും പിന്നാക്കക്കാർക്കും ലഭിക്കേണ്ട പ്രാതിനിധ്യത്തെക്കുറിച്ചും പ്രസംഗിച്ചതിന് തനിക്കെതിരെ തിരിഞ്ഞ യു.ഡി.എഫ് നേതാക്കളുടെ നിലപാട് നടുക്കമുണ്ടാക്കുന്നതാണെന്ന് ജോൺ ബ്രിട്ടാസ് എം.പി.

ട്രൂ കോപ്പി തിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി. മോഹനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം യു.ഡി.എഫിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ചത്.

‘‘ഈ സംഭവത്തിൽ എനിക്ക് സഹതാപം തോന്നുന്ന ‘ആർട്ടിസ്റ്റുകളാ'ണ് യു.ഡി.എഫിന്റെ ചില ആളുകൾ. സഹനടന്മാർ, ഉപനടന്മാർ, എന്നതിനുപകരം സഹതാപ നടന്മാർ എന്നൊരു പുതിയ വിഭാഗത്തെ ഞാൻ സൃഷ്ടിക്കുകയാണ്. അതിലാണ് ബഷീറും ഫിറോസുമെല്ലാം വരുന്നത്. ആ വേദിയിൽ മുസ്‌ലിംലീഗിനെകുറിച്ചോ, യു.ഡി. എഫിനെകുറിച്ചോ കോൺഗ്രസിനെക്കുറിച്ചോ ഞാൻ ഒരക്ഷരം പറഞ്ഞില്ല. സംഘപരിവാറിന്റെ ഗൂഢതന്ത്രത്തെകുറിച്ചും, മുസ്‌ലിംകൾക്കും പിന്നാക്കക്കാർക്കും കിട്ടേണ്ട പ്രാതിനിധ്യത്തെ കുറിച്ചുമാണ്. എന്തുകൊണ്ട് ഇവർ എനിക്കെതിരെ തിരിഞ്ഞു. ഇവർ അവിടെ എന്റെ പേരെടുത്ത് പല തവണ പ്രസംഗിച്ചു. അതെന്നെ നടുക്കുന്നു. ഇവർക്ക് ചിന്താശീലം ഇത്ര നഷ്ടപ്പെട്ടോ. രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ഇവർ ഇത്ര അജ്ഞരാണോ? എനിക്കവരോട് ദേഷ്യമല്ല, സഹതാപമാണ്. അതുകൊണ്ടാണ് ഞാനവരെ സഹതാപനടന്മാരെന്ന് വിളിച്ചത്.''

Photo: John Brittas FB Page

‘‘പ്രതിനിധ്യത്തെക്കുറിച്ചും പ്രാതിനിധ്യമില്ലായ്മയെക്കുറിച്ചും പാർലമെന്റിൽ ഞാനടക്കമുള്ളവർ ചർച്ച ചെയ്യുന്നതാണ്. ഇന്ത്യപോലൊരു രാജ്യത്ത് ഒരു പിന്നാക്ക- ദലിത്- ന്യൂനപക്ഷ ജഡ്ജി ഉന്നത നീതിപീഠത്തിൽ വരാൻ 80 കൾ വരെ കാത്തുനിൽക്കേണ്ടിവന്നു എന്നുപറയുന്നത് നമുക്ക് അപമാനകരമല്ലേ എന്ന് ഞാൻ എടുത്തെടുത്ത് പാർലമെന്റിൽ ചോദിച്ചിട്ടുണ്ട്. അതിനപ്പുറമല്ലല്ലോ ഇത്.യൂണിഫോം സിവിൽ കോഡ് എന്നുപറഞ്ഞ് ഏത് കോഡാണ് അടിച്ചേൽപ്പിക്കുന്നത്? എന്തുകൊണ്ടാണ് 21-ാം ലോ കമീഷൻ ഇങ്ങനെയൊരു യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല, അതിന്റെ പ്രസക്തിയില്ല എന്നുപറഞ്ഞത് എന്തുകൊണ്ട് എന്ന് ഞാൻ എത്രയോ തവണ അവിടെ ചോദിച്ചിട്ടുള്ളതാണ്. ഇതെല്ലാം ഞാനവിടെ ഉയർത്തുന്ന വിഷയങ്ങളാണ്. ഡൽഹിയിലില്ലാത്ത തർക്കം യു.ഡി.എഫുകാർക്ക് എന്തുകൊണ്ടാണ് ഇവിടെയുണ്ടായതെന്ന് മനസിലാവുന്നില്ല.''

‘‘സംഘപരിവാറിന്റെ തന്ത്രം പൊളിഞ്ഞപ്പോൾ അവരൊന്ന് സ്തംഭിച്ചുനിന്നു. അവർക്ക് അതിനോട് എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. അതുകൊണ്ടാണ്, മുജാഹിദ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ അവർ മൗനികളായിരുന്നത്. അപ്പോഴാണ് ഈ പറഞ്ഞ സഹതാപനടന്മാരിറങ്ങി, നിങ്ങളെന്താണ് ബ്രിട്ടാസിന്റെ രക്തത്തിന് വേണ്ടി പോവാത്തത്? നിങ്ങൾ പോയി ബ്രിട്ടാസിന്റെ രക്തം കുടിക്ക് എന്ന് ആഹ്വാനം ചെയ്യുന്നത്. തന്ത്രം പൊളിഞ്ഞ് സ്തംഭിച്ചു നിന്ന സംഘ്പരിവാറിനെ പ്രചോദിപ്പിച്ചത് ഈ പറഞ്ഞ സഹതാപനടന്മാരാണ്.’’

‘‘വിവാദവുമായി ബന്ധപ്പെട്ട് മുജാഹിദ് സംഘടനയുടെ ഭാഗത്തുനിന്ന് ഒരാളും എന്നെ വിളിച്ചിട്ടില്ല, എന്നാൽ അണികളിൽ പലരും വിളിച്ച് അഭിനന്ദിച്ചു. ശക്തമായി നിലപാട് പറയുമെന്നതുകൊണ്ടാണ് നിങ്ങളെ ഞങ്ങൾ ക്ഷണിച്ചത്, അത് ശക്തമായി പറഞ്ഞു, അത് കേൾക്കാൻ തന്നെയാണ് ഞങ്ങളും വന്നത് എന്നാണ് അവരെന്നോടു പറഞ്ഞത്. എന്നാൽ, ഇത് വളച്ചൊടിച്ച് അവർക്കെതിരെയാണ് ഞാൻ സംസാരിച്ചെതെന്ന് വരുത്തിത്തീർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നത് ശരിയാണ്. ഇങ്ങനെയുള്ള വേദികളിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ മാത്രമാണ് ഞാൻ സംസാരിച്ചത്. അവ വളരെ പ്രസക്തമാണ്.’’- ബ്രിട്ടാസ്​ പറഞ്ഞു.

ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.

Comments