എനിക്ക് നഷ്ടപ്പെട്ടത് ആ കുഞ്ഞിക്കാലിന്റെ പിങ്കുനിറം

ദിവ്യത്വം സൂചിപ്പിക്കുന്ന ‘തേജോവലയം' എന്നാണ് കൊറോണ എന്ന വാക്കിനർത്ഥം. എന്നാൽ ഇന്നത്തെ അവസ്ഥയിൽ നിന്ന് പറയുകയാണെങ്കിൽ, ഈ തേജോവലയം നമ്മുടെ പഴയകാല ജീവിതത്തിനുള്ള മരണമണിയിൽ കുറഞ്ഞത് ഒന്നുമല്ല. ഇതുവരെയുണ്ടായിരുന്ന അവസ്ഥക്ക് മാറ്റം വരുത്തിയ ഒരു വർഷമായാണ് 2020 ചരിത്രരേഖകളിൽ അടയാളപ്പെടുത്തപ്പെടുത്തപ്പെടുക. ജീവന്റെ ഏറ്റവും ആദിമരൂപമായ ഒരു വൈറസ്, ഭൂമിയിൽ വളരെയേറെ പരിണാമങ്ങൾക്ക് വിധേയമായ ഒരു ജീവിവർഗത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി മാറിയ കാലം. പഴയ ലോകക്രമങ്ങൾ തകർക്കപ്പെടുകയും അതിന്റെ സ്ഥാനത്ത് തീർത്തും പുതിയ ക്രമം രൂപപ്പെടുകയും ചെയ്തു. മനുഷ്യവംശത്തിന്റെ ചരിത്രം നോക്കുകയാണെങ്കിൽ ഇതുപോലുള്ള സംഭവങ്ങൾ ഒരുപാടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന രണ്ട് ലോകമഹായുദ്ധങ്ങൾ മികച്ച ഉദാഹരണങ്ങളാണ്.

ഈ കുഞ്ഞൻ വൈറസ് തകർത്തത്...

കൊറോണ വൈറസ് ലോകത്തെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി, ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചില ചിന്തകൾ മുന്നോട്ടുവെച്ചു. തീർത്തും പുതിയ വീക്ഷണകോണിലൂടെ ജീവിതത്തെ നോക്കിക്കാണാൻ അത് നമ്മളെ നിർബന്ധിതരാക്കി. നമ്മുടെ അജയ്യതയെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകളെ ഈ കുഞ്ഞൻ വൈറസ് തകർത്തു. നമ്മൾ വിലമതിക്കാതിരുന്ന പല കാര്യങ്ങളുടെയും വില എന്തായിരുന്നുവെന്ന് അത് നമ്മളെ ഓർമ്മിപ്പിച്ചു. ഇന്നത്തെ ജീവിതം ജീവിക്കാനും പലപ്പോഴും വീണുകിട്ടുന്ന കൊച്ചുകൊച്ചു സന്തോഷ നിമിഷങ്ങൾ ഉള്ളുതുറന്ന് ആസ്വദിക്കാനും അത് പഠിപ്പിച്ചു. മുമ്പ് അത്തരം സന്തോഷങ്ങൾക്കൊന്നും നമ്മൾ ഒട്ടും വിലകൊടുത്തിരുന്നില്ല.

മുമ്പെങ്ങുമുണ്ടാവാത്തത്ര വലിയ നാശമാണ് ഈ മഹാമാരി വിതച്ചത്. നിരവധി മരണങ്ങൾക്കു കാരണമായി, ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതത്തിലാഴ്ത്തി. 2020ൽ ജീവിച്ച ഒരോ വ്യക്തിയുടെ മനസിലും എക്കാലത്തും ആ വർഷത്തിന്റെ ഓർമ നിലനിൽക്കും, അതിനെക്കുറിച്ച് ഓരോരുത്തർക്കും ഓരോ കഥ പറയാനുണ്ടാവും.

ഒബ്സ്റ്റട്രിക്സ്; എന്റെ ആത്മസംതൃപ്തി

ഞാനൊരു ഒബ്സ്റ്റട്രിഷ്യനാണ്. പ്രസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഒബ്സ്റ്റട്രിക്സ്. ഡോക്ടർമാർക്കിടയിൽ അത്ര പ്രിയപ്പെട്ട മേഖലയൊന്നുമല്ല ഇത്. അതിന് കാരണങ്ങൾ പലതാണ്. അപ്രവചനീയമാംവിധം നീണ്ടുപോയേക്കാവുന്ന ജോലിസമയവും അതിനിടയിലുണ്ടാവുന്ന അങ്ങേയറ്റത്തെ സ്ട്രസും മെഡിക്കോ- ലീഗൽ പ്രശ്നങ്ങൾക്കുള്ള സാധ്യതയും ചില കാരണങ്ങളാണ്. എന്തുകൊണ്ടാണ് ഒരു പ്രഫഷനായി ഒബ്സ്റ്റട്രിക്സ് തെരഞ്ഞെടുത്തെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.

എല്ലായ്പ്പോഴും എനിക്ക് ഒരു ഉത്തരമേയുള്ളൂ. പലതരത്തിലുള്ള വൈദ്യശാസ്ത്ര മേഖലങ്ങളിൽ ഏറ്റവും ആത്മസംതൃപ്തി നൽകുന്ന ഒന്നായി എനിക്കു തോന്നിയത് ഒബ്സ്റ്റട്രിക്സാണ്. ഇവിടെ, ഒരു രോഗത്തെയല്ല, ഒരു സാധാരണ ജീവശാസ്ത്ര പ്രക്രിയയെയാണ് ഡോക്ടർ കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ, ഗർഭിണിയായ ഒരു രോഗിക്കും അവളുടെ ഒബ്സ്റ്റട്രീഷ്യനും ഇടിയിലുണ്ടാവുന്ന ബന്ധം അതിമനോഹരമായ ഒന്നാണ്. പ്രസവത്തിന്റെ ആദ്യം കാലം മുതലുള്ള അവളുടെ ഓരോ സന്ദർശനത്തിലും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുന്നു. ആദ്യ സന്ദർശനത്തിൽ അവൾക്കുണ്ടാവുന്ന ഒരുതരം പേടി ഇല്ലാതാവുകയും അവൾ പതിയെ നമ്മളെ വിശ്വസിക്കാൻ തുടങ്ങുകയും ചെയ്യും. ഒരു ഡോക്ടർ എന്നതിനപ്പുറം നമ്മൾ അവളുടെ സുഹൃത്തും മാർഗദർശിയുമായി മാറുന്നു. ഗർഭിണിയായ ഒരുവൾ ഒ.പി.ഡിയിലേക്ക് ആദ്യമായി കടന്നുവരുന്ന നിമിഷം മുതൽ പ്രസവത്തിന്റെ അവസാനഘട്ടത്തിലേക്കെത്തുംവരെ, അവളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനവും പ്രയാസകരവുമായ ഒരു യാത്രയിൽ അവളുടെ കൂട്ടാളിയാണ് ഞങ്ങൾ.

നിങ്ങളുമായി ഇടപഴകിയ പത്തുമാസത്തിനിടയിൽ അവർ നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ടാവുക സംശയങ്ങളും ആശങ്കകളും ചെറിയ ചെറിയ പേടികളും മാത്രമല്ല, മാതൃത്വത്തിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളും രസങ്ങളും കൂടിയാണ്. ആദ്യമായി കുഞ്ഞിന്റെ ചലനം അനുഭവപ്പെടുമ്പോൾ വലിയ അതിശയത്തോടെ അവരത് നിങ്ങളോട് പറയും. കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേൾക്കുമ്പോഴുള്ള അവളുടെ സന്തോഷം കാണേണ്ട കാഴ്ചയാണ്. ഒബ്സ്റ്റട്രിഷ്യനെ സംബന്ധിച്ച് ഇതിലേറെ ആത്മസംതൃപ്തി നൽകുന്ന ഒന്നാണ് പ്രസവമെന്ന ഘട്ടം. ജീവിതമെന്ന ഈ മഹാനാടകത്തിൽ ഒരു പുതുജീവന്റെ തുടിപ്പ്, ഒരു പുതിയ യാത്രയുടെ, ഒരു പുതിയ അധ്യായത്തിന്റെ ആരംഭം കാണുന്നതിലും വലിയ സന്തോഷമൊന്നുമില്ല. ലോകത്തെ ശബ്ദങ്ങളിൽ ഏറ്റവും സംഗീതാത്മകമായ ശബ്ദം നവജാതശിശുവിന്റെ ആദ്യ കരച്ചിലാണെന്നും, നിറങ്ങളിൽ ഏറ്റവും മനോഹരം അവരുടെ കാലുകളുടെ പിങ്ക് നിറമാണെന്നും, ചലനങ്ങളിൽ ഏറ്റവും സുന്ദരം അവരുടെ ആദ്യ ചലനമാണെന്നും അതുകാണാൻ ഭാഗ്യം ലഭിച്ചവർക്കുമാത്രമേ അറിയൂ.

ഒരു അമ്മ അവളുടെ കുഞ്ഞിനെ ആദ്യമായി ചുംബിക്കുന്ന കാഴ്ചയാണ് ഒരു ഒബ്സ്റ്റട്രീഷ്യനെ സംബന്ധിച്ച് ഏറ്റവും മഹത്തായ അനുഭവം. അത്ര ആകർഷണീയമല്ലാത്ത എന്റെ ജോലിയുടെ സ്ട്രസിനും ഉറക്കമില്ലാത്ത രാത്രികൾക്കും പകരമെന്നതിനേക്കാളേറെയാണത്.

നട്ടെല്ലിലൂടെ ഒരു വിറയൽ...

ജീവിതത്തിന്റെ മറ്റെല്ലാ മേഖലയിലുമെന്ന പോലെ, എന്റെ പ്രൊഫഷന്റെയും സാധാരണ ജീവിതത്തിന്റെയും അടിത്തറയെ തന്നെ ഈ മഹാമാരി പിടിച്ചുകുലുക്കിയിട്ടുണ്ട്. മഹാമാരിക്കുമുമ്പ്, എന്റെ ഒ.പി.ഡിയിലേക്ക് കടന്നുവരുന്ന ഒരു രോഗിയെ ആത്മാർത്ഥമായ ചിരിയോടെയായിരുന്നു ഞാൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, ചിരിക്കും ഗോഷ്ടിക്കും ഇടയിലുള്ള എന്തോ ഒന്ന് മാത്രമാണ് എനിക്ക് പരമാവധി അവർക്കു നൽകാനാവുന്നത്. ഓരോ രോഗിയും വരുമ്പോൾ ഇവരെന്റെ ജീവന് ഭീഷണിയാവുമോയെന്ന തോന്നലാണ്. മഹാമാരിക്കുമുമ്പ്, തമാശകളൊക്കെ പറഞ്ഞാണ് ഞങ്ങൾക്കിടയിലെ സംഭാഷണം തുടങ്ങാറ്. ഇപ്പോൾ, ദൗർഭാഗ്യവശാൽ, നമുക്ക് ചോദിക്കേണ്ടിവരുന്ന ആദ്യ ചോദ്യം, വരുന്നത് കൊറൊണയുള്ളിടത്തുനിന്നാണോ അല്ലെങ്കിൽ കൊറോണ ഉള്ളിടത്ത് യാത്ര ചെയ്തിട്ടുണ്ടോയെന്നാണ്. ചെറിയ പനി, തലവേദന, അല്ലെങ്കിൽ വയറിളക്കം ഒരു ഒബ്സ്റ്റട്രീഷ്യനെ സംബന്ധിച്ച് അത്ര ഭയപ്പെടാനില്ലാത്ത, ദോഷകരമല്ലാത്ത ലക്ഷണങ്ങളാണ്. എന്നാൽ കൊറോണ വ്യാപനത്തോടെ, ഈ ലക്ഷണങ്ങൾ ഒന്ന് സൂചിപ്പിക്കുമ്പോൾ തന്നെ നട്ടെല്ലിലൂടെയൊരു വിറയലാണ്.

ഗർഭാവസ്ഥയിലെ സന്ദർശനം പരമാവധി കുറയ്ക്കാനും പറ്റാവുന്നിടത്തോളം ആശുപത്രി സന്ദർശനം ഒഴിവാക്കാനും രോഗിയോട് പറയേണ്ടിവരുന്നു. ഒബ്സ്റ്റട്രീഷ്യനെയും രോഗിയെയും സംബന്ധിച്ച് ഭയമെന്ന വികാരമായിരിക്കും എല്ലാത്തിനും മുമ്പിൽ. ഈ പ്രൊഫഷന്റെ ഏറ്റവും സുപ്രധാന ഭാഗമായ സ്നേഹത്തോടെയുള്ള കെയറിങ്ങായ ഒരു സ്പർശനം പോലും പറ്റാവുന്നത്ര ചുരുക്കേണ്ടിവരുന്നു.

ശൂന്യതയിൽ

പ്രസവ പ്രക്രിയയെയാണ് കോവിഡ് സാഹചര്യം ഏറ്റവുമധികം ബാധിച്ചത്. ലേബർ വാർഡിലെത്തിയാൽ, രോഗിയെ ചുറ്റിവരിഞ്ഞ് സംരക്ഷണ വസ്ത്രങ്ങളുടെ ഒരു നിരയുണ്ടാവും. ഇതുതന്നെ, പരിചരണം കൊടുക്കുന്നവരിൽ നിന്ന് അവളെ അകറ്റിനിർത്തുന്ന ഒന്നായി പ്രവർത്തിക്കുന്നു. അവരിൽ നിന്ന് കിട്ടുമെന്ന് കരുതിയ സ്നേഹോഷ്മളതയും കൂട്ടുമെല്ലാം വൈറസ് തട്ടിപ്പറിച്ചതായി അവൾ തിരിച്ചറിയുന്നു.

തനിക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന അവളുടെ ചിന്തയും ആധിയും ഇരട്ടിക്കുന്നു, സ്വയം അപരിചിതമായ അന്തരീക്ഷത്തിലകപ്പെട്ടതുപോലെ അനുഭവപ്പെടുന്നു. ഡോക്ടറുടെയും രോഗിയുടെയും മുഖത്തുള്ള, മര്യാദയ്ക്കൊന്ന് ശ്വസിക്കാൻ പോലും അനുവദിക്കാത്ത, മാസ്‌കിന്റെ കാര്യം പോട്ടെയെന്നുവെയ്ക്കാം. അതിന്റെയും മുകളിൽ ഒരു പ്ലാസ്റ്റിക് ഷീൽഡ് കൂടിയുണ്ടാവും, വൈറസിൽ നിന്നും കണ്ണിനെ രക്ഷിക്കാൻ വേണ്ടി. ആ ഷീൽഡ് ധരിച്ചാൽ പിന്നെ അവളുടെ കണ്ണിലെ വിഷമം എനിക്കു കാണാനോ എന്റെ കണ്ണിലെ സഹാനുഭൂതി അവൾക്കു തിരിച്ചറിയാനോ കഴിയില്ല. എന്നിൽനിന്നും അവൾക്ക് ഏറ്റവും പ്രധാനമായി വേണ്ടത് വൈകാരികമായ പിന്തുണയാണ്. എന്നാൽ, അവൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോയെന്ന് ഓർത്ത് മാനസികമായി തളരുകയാണ് ഞാൻ, ഒരു തരം ശൂന്യത അനുഭവിക്കുയാണ്.

കൊറോണ കവർന്ന സന്തോഷങ്ങൾ

ഒരു ഒബ്സ്റ്റട്രീഷ്യനെ സംബന്ധിച്ച്, ഇത് നഷ്ടപ്പെട്ടുപോയ വീരകഥങ്ങളാണ്. നവജാതശിശുവിന്റെ കരച്ചിലിനു പകരം എനിക്കിപ്പോൾ കേൾക്കാനാവുന്നത് എന്റെ തന്നെ ഹൃദയത്തിന്റെ പെടപ്പാണ്. ഫോഗും വിയർപ്പുകാരണം എന്റെ കാഴ്ച തന്നെ ഏറെ അവ്യക്തമാണ്. കുഞ്ഞിക്കാലിന്റെ പിങ്ക് നിറം കാണുന്നത് പോയിട്ട് സഹായിയായ സർജന്റെ മുഖംപോലും എനിക്ക് വ്യക്തമായി കാണാൻ കഴിയാറില്ല. മാസ്‌കും, തൊപ്പിയും മേലങ്കിയും ഷൂ കവറും, വേറെന്തൊക്കെയോ സാമഗ്രികളുമൊക്കെ ധരിക്കുമ്പോഴേക്കും ബഹിരാകാശ സഞ്ചാരിയപ്പോലെയാവും എന്റെ കോലവും നടത്തവും. പ്രസവമെടുക്കുമ്പോഴുള്ള എന്റെ ഒരേയൊരു പ്രാർത്ഥന ഒരു കേടുപാടും കൂടാതെ കുഞ്ഞിനെ അമ്മയ്ക്കു കൈമാറാൻ സാധിക്കേണമേ എന്നതു മാത്രമാണ്. ഇതെല്ലാം കാരണം ഏറ്റവുമധികം സഹിക്കേണ്ടിവരുന്നത് പ്രസവിച്ച പെൺകുട്ടിയാണ്. കുഞ്ഞ് ജനിച്ചതുകൊണ്ടും അവളുടെ കഷ്ടപ്പാട് തീരാൻ പോകുന്നില്ല. തന്റെ കുഞ്ഞിനെക്കാണാനുള്ള മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം, ആ കുഞ്ഞിനെ ഒന്നു കയ്യിലെടുക്കാൻ അവൾ വീണ്ടും കാത്തിരിക്കേണ്ടിവരികയാണ്.

ഒരു ഒബ്സ്റ്റട്രീഷൻ എന്ന നിലയിൽ എനിക്ക് ഒന്നേ പറയാനുള്ളൂ, ഈ ജോലി ഏറ്റെടുക്കാനും എന്റെ ജീവിതംകൊണ്ട് ചില പ്രയോജനങ്ങളുണ്ടെന്ന തോന്നൽ എന്നിലുണ്ടാക്കാനും കാരണമായ ആ കൊച്ചുകൊച്ചു സന്തോഷങ്ങളെയെല്ലാം കൊറോണ കവർന്നെടുത്തിരിക്കുകയാണ്.
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് ഏഴിൽ വന്ന ലേഖനം

Comments