ഞങ്ങൾക്ക്
സാമൂഹ്യ പ്രതിബദ്ധതയുടെ
അതിഭാവുകത്വം വേണ്ട
ഞങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ അതിഭാവുകത്വം വേണ്ട
1 Jul 2022, 10:42 AM
കോവിഡ്-19 സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ല, ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഒരു വ്യക്തി തന്റെ മോശപ്പെട്ട ആരോഗ്യാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് ഡോക്ടര്‍മാരെ സമീപിക്കാന്‍ തയാറാവുക. എന്നാല്‍ കോവിഡിനുശേഷം, ചികിത്സ കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കാനോ, ഓണ്‍ലൈന്‍ സംരംഭങ്ങളെ ആശ്രയിച്ച് ഡോക്ടറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതെ ചികിത്സ തേടാനോ നിര്‍ബന്ധിതരാവുകയാണ് സാധാരണ ജനം.
മറ്റു മാധ്യമങ്ങളിലൂടെ ചികിത്സ തേടുമ്പോള്‍, ഒരു ഡോക്ടറുമായി നേരിട്ട് സംവദിക്കുമ്പോള്‍ ഉണ്ടാകുന്ന സാധ്യതകള്‍ ഇല്ലാതാവുകയാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള പരസ്പര ആശയ വിനിമയം (Interpersonal Communication) വളരെ പ്രധാനമാണെന്നിരിക്കെ, രോഗാവസ്ഥയെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും ശരിയായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി പലപ്പോഴും സാധിക്കാതെ വരാം. ചികിത്സ മറ്റൊരു സമയത്തേക്ക് മാറ്റിവെക്കുന്നത് രോഗാവസ്ഥ ഗുരുതരമാവുന്നതിനും, ഫലപ്രദമായ ചികിത്സ ലഭ്യമാവാതിരിക്കുന്നതിനും കാരണമാവാം
അകലം ഒരു പ്രശ്നമാണ്
രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമിടയില്‍ കോവിഡ് സൃഷ്ടിച്ച അനേകം മറകളും അകലങ്ങളുമുണ്ട്. ആലങ്കാരികമായവയേക്കാളുപരി അക്ഷരാര്‍ഥത്തിലുള്ളവ. പുഞ്ചിരിക്കുന്ന മുഖത്തോടെ രോഗാവസ്ഥയെക്കുറിച്ച് ചോദിച്ചറിയാനും, രോഗികള്‍ക്ക് പ്രത്യാശ നല്‍കാനും പി.പി.ഇ കിറ്റിന്റെയും, മാസ്‌കുകളുടേയും പരിമിതി ആരോഗ്യപ്രവര്‍ത്തകരെ അനുവദിക്കുന്നില്ല. ഇതുമൂലം ചികിത്സയുടെ പ്രാരംഭഘട്ടത്തില്‍ രോഗിക്ക് ലഭിക്കേണ്ട ആത്മവിശ്വാസം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കാതെ പോകുക മാത്രമല്ല, അവരില്‍ പിരിമുറുക്കം ഉണ്ടാക്കാനും സാധ്യതയുണ്ട്.
ഡോക്ടറും രോഗിയും പങ്കിടുന്ന പൊതു ഇടം തുടങ്ങി, അവര്‍ക്കിടയിലുള്ള അകലം പോലും ചികിത്സയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. രോഗികളും, ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധത്തെ (rapport) ഇത് പ്രതികൂലമായി ബാധിക്കും.
പേടിപ്പിക്കുന്ന ചോദ്യങ്ങൾ
പൊതു ഗതാഗത മാര്‍ഗങ്ങളുടെ ലഭ്യതക്കുറവ്, രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നതിനു വേണ്ട സമയവും ചെലവും വര്‍ധിപ്പിച്ചു. ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിയാല്‍ രോഗപ്രതിരോധത്തിനായുള്ള മുന്നൊരുക്കളുമായി രോഗികള്‍ തീര്‍ച്ചയായും സഹകരിക്കേണ്ടതുണ്ട്. പരിചരണം ആവശ്യമായ രോഗാവസ്ഥയെക്കുറിച്ച് ചോദിച്ചറിയുന്നതിനുമുമ്പ്, എവിടെ നിന്ന് വരുന്നു, കണ്ടയ്ന്‍മെന്റ് സോണിലാണോ താമസം, വീട്ടില്‍ ആര്‍ക്കെങ്കിലും കോവിഡ് ഉണ്ടോ, വിദേശ യാത്ര നടത്തിയിട്ടുണ്ടോ, നടത്തിയവരുമായി സമ്പര്‍ക്കമുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുന്നു.
പ്രസ്തുത ചോദ്യങ്ങള്‍ക്കുള്ള സത്യസന്ധമായ ഉത്തരങ്ങള്‍ തങ്ങളുടെ ചികിത്സയെ ബാധിക്കുമെന്ന പേടി, വിവരങ്ങള്‍ നല്‍കാതിരിക്കാനും, തെറ്റായ വിവരങ്ങള്‍ നല്‍കാനും ആളുകളെ പ്രേരിപ്പിക്കും. അടിയന്തര ശസ്ത്രക്രിയക്കുമുമ്പ് സാധാരണ സമ്മതപത്രത്തിനു പുറമേ, കോവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന പ്രത്യേക സമ്മതപത്രവും ഇപ്പോള്‍ നല്‍കേണ്ടതുണ്ട്. ഇത് പലരേയും അലോസരപ്പെടുത്തുന്നുണ്ട്, പ്രത്യേകിച്ച് പിഞ്ചു കുഞ്ഞുങ്ങളുടെ കാര്യത്തില്‍.

മാറ്റിവെക്കേണ്ടിവരുന്ന അടിയന്തര ശസ്ത്രക്രിയകൾ
പ്ലാസ്റ്റിക് സർജന്‍ എന്ന നിലക്ക് അടിയന്തര സ്വഭാവമുള്ള പല ശസ്ത്രക്രിയകളും കെെകാര്യം ചെയ്യേണ്ടി വരാറുണ്ട്. തല മുതല്‍ കാല്‍പാദം വരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിയായി പലവിധം ശസ്ത്രക്രിയകള്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ ഭാഗമാണ്. പുനര്‍നിര്‍മാണ ശസ്ത്രക്രിയ (reconstructive surgery), സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ (cosmetic surgery) എന്നിവ ഇതിന്റെ ഉപവിഭാഗങ്ങളാണ്. അപകടങ്ങളില്‍ അറ്റു പോയ വിരലുകള്‍, കൈപ്പത്തി, കാലുകള്‍ തുടങ്ങിയ അവയവങ്ങള്‍ മൂന്നു നാല് മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ജറി നടത്തി രക്തയോട്ടം പുനഃസ്ഥാപിക്കേണ്ടതുണ്ട്. കോവിഡ് ടെസ്റ്റിന്റെ റിസള്‍ട്ടിന് കാത്തിരിക്കാനുള്ള സാഹചര്യമായിരിക്കില്ല അപ്പോള്‍. രോഗി വന്നയുടന്‍ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇത്തരം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ചെയ്യുന്നത്. ശസ്ത്രക്രിയക്കിടയില്‍ രോഗി കോവിഡ് പോസിറ്റിവ് ആണെന്ന വിവരം ആശങ്കയോടെ കേള്‍ക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ട്.
ജന്മനാ ഉണ്ടാവുന്ന മുറിച്ചുണ്ട്, മുറിഅണ്ണാക്ക് എന്നിവ സമയബന്ധിതമായി ഒരു വയസ്സിനുള്ളില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയാല്‍ മാത്രമേ കുഞ്ഞിന് ശരിയായ സംസാരശേഷിയും മുഖഘടനയും ലഭിക്കൂ. പ്രസവത്തോനടനുബന്ധിച്ചും അല്ലാതെയും നവജാത ശിശുക്കളുടെ കൈകളിലേക്കുള്ള നാഢീവ്യൂഹത്തിന് സംഭവിക്കുന്ന ക്ഷതങ്ങള്‍ (brachial plexus injury) മൂലം ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ശസ്ത്രക്രിയ ആവശ്യമായ കേസാണെങ്കില്‍ ഇത് പരിഹരിക്കാന്‍ ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മണിക്കൂറുകളോളം നീളുന്ന സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ആവശ്യമായി വരും. ഇത് ചെയ്യുന്നതില്‍ വരുന്ന കാലതാമസം കുട്ടിയുടെ ചലനശേഷിയെ തന്നെ ബാധിച്ചേക്കും. കോവിഡ് ഭീതി മൂലം പലരും ഇത്തരം അടിയന്തരശ്രദ്ധ ആവശ്യമായ ശസ്ത്രക്രിയകള്‍ പോലും നീട്ടിവെക്കുന്ന സ്ഥിതിവിശേഷമാണ്.

ചില പുനര്‍നിര്‍മാണ ശസ്ത്രക്രിയകള്‍ പല ഘട്ടങ്ങളിലായാണ് ചെയ്യുന്നത്. ആക്‌സിഡന്റില്‍ പെട്ട് കൈയിന്റെ പുറകു വശത്തെ ദശ മുഴുവനായി നഷ്ടപ്പെട്ട ഒരു രോഗി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. എല്ലുകള്‍ പുറത്തു കാണുന്ന അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ കൈ പൂര്‍വസ്ഥിതിയിലാക്കാന്‍ വയറിന്റെ അടിവശത്തു നിന്നുള്ള ദശയാണ് ഉപയോഗിക്കുക. ചികിത്സയുടെ ആ ഘട്ടത്തില്‍ കൈ വയറിനോട് ഒട്ടിച്ചേര്‍ന്നിരിക്കും. ദശ പിടിക്കുന്നത് വരെ, മൂന്നാഴ്ചത്തോളം കൈ പോക്കറ്റില്‍ വെക്കുന്നതുപോലെ വയറിനോട് ചേര്‍ത്ത് അനങ്ങാതെ പിടിക്കണം. ചികിത്സയുടെ ആദ്യ ഘട്ടത്തിനുശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ രണ്ടാഴ്ചക്കു ശേഷം രോഗിക്ക് കോവിഡ് പിടിപെട്ടു. രണ്ടാം ഘട്ട ശസ്ത്രക്രിയ, അതായത് കൈ വയര്‍ ഭാഗത്തു നിന്ന് വേര്‍പെടുത്തുന്ന ശസ്ത്രക്രിയ ഒരു മാസത്തിലധികം മാറ്റി വേക്കേണ്ട സാഹചര്യമുണ്ടായി. അപ്രതീക്ഷിതമായ ഇത്തരം സംഭവങ്ങള്‍ രോഗികളെ ശാരീകമായി മാത്രമല്ല, മാനസികമായും ബുദ്ധിമുട്ടിക്കും.
ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൈത്തണ്ടയിലെ അത്ര മാരകമല്ലാത്ത മാലിഗ്നന്റ് ട്യൂമര്‍ നീക്കി, പുനര്‍നിര്‍മാണ ശസ്ത്രക്രിയക്ക് വിധേയയായ ഒരു പേഷ്യന്റ് ഉണ്ടായിരുന്നു. കൃത്യമായ ഇടവേളകളില്‍ തുടര്‍പരിശോധനക്ക് അവരെത്താറുണ്ടായിരുന്നു. എന്നാല്‍ കോവിഡിനുശേഷം അവര്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചു. ഓപറേഷന്‍ നടന്ന ഭാഗത്തെ ഫോട്ടോ അയക്കും. കെെ തടവി നോക്കി മുഴകള്‍ ഒന്നും ശ്രദ്ധയില്‍ പെടുന്നില്ലെന്നും, മറ്റു രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അവരറിയിച്ചു. എന്നാല്‍ പിന്നീട് ഓപറേഷന്‍ നടന്ന ഭാഗത്ത് ചെറിയ വേദനയുണ്ടെന്നും, പാരസെറ്റമോള്‍ കഴിച്ചപ്പോള്‍ അത് മാറിയെന്നും അവര്‍ പറഞ്ഞു. വളരെയധികം നിര്‍ബന്ധിച്ച ശേഷമാണ് അവര്‍ ഒ.പിയില്‍ റിവ്യൂവിന് വരാന്‍ തയ്യാറായത്. പ്രാഥമിക പരിശോധന കഴിഞ്ഞ് എം.ആര്‍.ഐ സ്‌കാന്‍ ചെയ്തപ്പോഴാണ് രോഗം വീണ്ടും വരുന്നതിന്റെ ലക്ഷണം കണ്ടത്. Online consultation delays the diagnosis. ഇത്തരം സന്ദര്‍ഭത്തില്‍ നാം ആരെ പഴിക്കും, രോഗത്തെയല്ലാതെ!
ആശുപത്രികളുടെ അടിസ്ഥാനം സ്വഭാവം പുനഃക്രമീകരിക്കുന്നതിലും കോവിഡ് വലിയ പങ്കുവഹിച്ചതായി കാണാം. പുതുതായി ആരംഭിച്ച റിസപ്ഷന്‍ ഏരിയ, വെയ്റ്റിങ് ഏരിയ, കോവിഡ് രോഗികള്‍ക്കായുള്ള പ്രത്യേകം വാര്‍ഡുകള്‍, ഐ.സി.യു, ലേബര്‍ റൂം, അണുനശീകരണത്തിന് വേണ്ടി വരുന്ന അധിക ചെലവ് തുടങ്ങി കോവിഡ് സൃഷ്ടിച്ച അപ്രതീക്ഷിത സാമ്പത്തിക ചെലവുകള്‍ ആത്യന്തികമായി സാധാരണക്കാര്‍ക്ക് തന്നെയാണ് ഭാരമായിത്തീരുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ഇന്ന് 10- 20 ശതമാനം വരെ അധിക ചെലവ് വരുന്നുണ്ട്.
ആരോഗ്യപ്രവർത്തകരും സമ്മർദത്തിലാണ്
ആരോഗ്യപ്രവര്‍ത്തകരില്‍ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിട്ടുണ്ട്. ജോലിക്കിടയിലുള്ള ചെറിയ വിശ്രമവേളകള്‍, സഹപ്രവര്‍ത്തകരുമായുള്ള ഒത്തു ചേരലുകള്‍, അവരുമൊന്നിച്ചുള്ള ലഘുഭക്ഷണം എന്നിവ തരുന്ന സന്തോഷങ്ങള്‍ കോവിഡിനു പിന്നാലെ ഇല്ലാതായി. ഇത് ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക പിരിമുറുക്കം കൂട്ടാനും ഒറ്റപ്പെടലിനും കാരണമായി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീട്ടുകാരുമായി ഇടപഴകുന്നതിന് ഒട്ടേറെ തടസ്സങ്ങളുണ്ട്. കുട്ടികളും, പ്രായമായവും വീട്ടിലുണ്ടെങ്കില്‍ അധിക ശ്രദ്ധ നല്‍കേണ്ടി വരും. കോവിഡ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഉള്ളതിനാല്‍, സുഹൃത്തുക്കളും, അയല്‍ക്കാരും, ബന്ധുക്കളും തങ്ങളില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നുണ്ടെന്ന് ചില സഹപ്രവര്‍ത്തകരെങ്കിലും പരാതിപ്പെടാറുണ്ട്.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മറ്റ് തൊഴില്‍ രംഗങ്ങളിലുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധത ആവശ്യമാണെന്നാണ് പൊതുബോധം. ചെയ്യുന്ന തൊഴിലിന്റെ സ്വഭാവം കൊണ്ടാണത്. എന്നാല്‍ കോവിഡ് ആരോഗ്യമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ നേരിടുന്നത് മേല്‍ പറഞ്ഞ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നും, അതില്‍ അസ്വാഭാവികത ഒന്നും ഇല്ലെന്നുമുള്ള ആഖ്യാനങ്ങള്‍ അനീതിയാണ്. മണിക്കൂറുകളോളം മാസ്‌ക്, പി.പി.ഇ കിറ്റ് എന്നിവ ധരിച്ച്, സമയത്ത് ഭക്ഷണം കഴിക്കാതെയും, വെള്ളം കുടിക്കാതെയും, ടോയ്‌ലറ്റില്‍ പോകാതെയും, വിശ്രമിക്കാതെയും ജോലി ചെയ്യേണ്ടി വരുന്നത് ഒട്ടും സ്വാഭാവികമല്ല. ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ അതിഭാവുകത്വം നല്‍കുന്നതിനുപകരം തൊഴില്‍ സുരക്ഷിതത്വവും അര്‍ഹിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിലാണ് ശ്രദ്ധയൂന്നേണ്ടത്.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് ഏഴില്‍ വന്ന ലേഖനം
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. മനോജ് വെള്ളനാട്
Nov 24, 2022
5 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read