"ഭരണവർഗ്ഗകേന്ദ്രങ്ങൾക്ക് രസിക്കുന്നതരത്തിൽ ആഗോളവത്ക്കരണപ്രക്രിയയെ കൈകാര്യം ചെയ്യുന്ന പുസ്തകമാണ് “എംപയർ”. ജോൺ ബെല്ലാമി ഫോസ്റ്റർ, 2001.
"പുതിയ കാലഘട്ടത്തിലെ മുഖ്യമായ ലെനിനിസ്റ്റ് പാഠം ഇതാണ്: പാർട്ടിയുടെ സംഘടനാപരമായ രൂപമാതൃകകൾ ഇല്ലാത്ത രാഷ്ട്രീയം രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയമാണ്". സ്ലാവോയ് സിസെക്ക്, 2001.
"സമകാലിക ലോകത്തെക്കുറിച്ചുള്ള യഥാർത്ഥ പ്രശ്നമണ്ഡലങ്ങളെ അഭിസംബോധന ചെയ്യുന്നതിന് നെഗ്രിയും ഹാർത്തും മുന്നോട്ടുവയ്ക്കുന്ന ലിബറൽ വ്യവഹാരങ്ങളെ സമ്പൂർണ്ണമായി തള്ളി ക്കളയേണ്ടതുണ്ട്". സമിർ അമിൻ, 2004.
"ആഗോളവത്ക്കരണം പ്രാവർത്തികമാക്കുന്നതിൽ ഭരണകൂടങ്ങൾക്കുള്ള, പ്രത്യേകിച്ച് അമേരിക്കൻ ഭരണകൂടത്തിനുള്ള പങ്കിനെ നിഷേധിക്കുകയെന്നാൽ മുതലാളിത്തത്തെ മേൽവിലാസമില്ലാത്ത ഒരു സങ്കല്പനമാക്കി ചുരുക്കിക്കെട്ടുക എന്നാണർത്ഥം". ലിയോ പാനിച്ച്, 2008.
"സമകാലിക ആഗോളവത്ക്കരണത്തിനും അപ്പുറത്തേയ്ക്ക് പോകുന്നതിനുള്ള ഹാർത്തിന്റെയും നെഗ്രിയുടെയും പ്രായോഗിക നിർദ്ദേശം ഒരു നനഞ്ഞ പടക്കമാണ് ". പ്രഭാത് പട്‌നായിക്, 2010.
"ഭരണകൂടത്തെ അതിജീവിച്ചുകൊണ്ട്, ഭരണകൂടത്തിൽ നിന്നും ഒരുവിധ കൊടുക്കൽ - വാങ്ങലുകളും കൂടാതെ, സർവ്വതന്ത്രസ്വതന്ത്രമായാണ് ഫിനാൻസ് മൂലധനം പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുന്നതെന്ന ആശയം ശുദ്ധ അസംബന്ധമാണ് ". താരിഖ് അലി, 2013.
"വിപ്ലവദേശീയതയുടെ പതനവും ഉത്തരാധുനികതയുടെ ഉദയവും ഒരേ ചരിത്രസന്ദർഭത്തിൽ നിന്നുമാണ് രൂപം കൊണ്ടത്". ടെറി ഈഗിൾടൺ, 2014
"ഭരണകൂടത്തിൻ്റെ അടിസ്ഥാന പ്രകൃതത്തെയും അതിൻ്റെ കേന്ദ്രീകൃത സ്വഭാവത്തെയും അവഗണിച്ചുകൊണ്ടാണ് നെഗ്രിയുടെയും ഹാർത്തിന്റെയും സൈദ്ധാന്തിക പരികല്പനകൾ മുന്നേറുന്നത് ". പ്രബീർ പുർകായസ്ത, 2017.
ഒന്ന്
ഇറ്റാലിയൻ ചിന്തകനായ അന്റോണിയോ നെഗ്രിയുടെ ആശയപരിസരങ്ങൾ കേരളത്തിൻ്റെ ബൗദ്ധികമണ്ഡലങ്ങളിൽ ആശയസംവാദങ്ങൾ കെട്ടഴിച്ചുവിട്ടിരിക്കുകയാണ്.
മുൻ നക്സലൈറ്റുകളും അതിതീവ്ര ഇടതുപക്ഷക്കാരും മുതൽ ഉത്തരാധുനിക - സ്വത്വരാഷ്ട്രീയ ആശയാവലികൾ തലച്ചോറുകളിൽ ആവാഹിച്ചിട്ടുള്ളവർ വരെ അന്റോണിയോ നെഗ്രിയുടെ ആശപരിസരങ്ങളിൽ ആവേശഭരിതരായിക്കൊണ്ടിരിക്കുന്നു. കൃത്യമായ മാർക്സിസ്റ്റ് നിലപാട് സ്വീകരിക്കുന്നവരിൽ പോലും നെഗ്രി മുന്നോട്ടുവയ്ക്കുന്ന ആശയപരികല്പനകളെ വിമർശനരഹിതമായി വാരിപ്പുണരാനുള്ള പ്രവണതകളും ഏറിക്കൊണ്ടിരിക്കുന്നു. ചില ബുദ്ധിജീവികളെ ബാധിച്ച എഎപി (ആം ആദ്മി പാർട്ടി) ബാധ അന്റോണിയോ നെഗ്രിയുടെ “കത്തുന്ന പുസ്‌തകങ്ങ" ളെക്കുറിച്ച് അവരെ വാചാലരാക്കുന്നുണ്ട്. ലോകത്തുള്ള സർവ്വവിധ ഇടതുപക്ഷ ബൗദ്ധികവൃന്ദങ്ങളും അന്റോണിയോ നെഗ്രിയെ കെട്ടിപ്പുണരുകയാണെന്ന അസംബന്ധങ്ങൾവരെ അത്തരക്കാർ കെട്ടഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു.
സാമ്രാജ്യത്വ മത്സരങ്ങളൊക്കെ അവസാനിച്ചിരിക്കുന്നുവെന്നും സാമ്രാജ്യത്വാധിനിവേശം എന്നത് വെറും മിഥ്യയാണെന്നും ലോകം ഇതൊന്നുമില്ലാത്ത “സാമ്രാജ്യം” (Empire) എന്ന പുതിയൊരു ഘട്ടത്തിലേക്ക് പരിവർത്തനം ചെയ്തിരിക്കുന്നു എന്നുമാണ് ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ അന്റോണിയോ നെഗ്രിയും അമേരിക്കൻ സാഹിത്യവിമർശകനായ മിഷേൽ ഹാർത്തും പറഞ്ഞുറപ്പിക്കാൻ ശ്രമിച്ചത്. കോർപ്പറേറ്റ് ആധിപത്യത്തിന്റെ പുതിയഘട്ടത്തിൽ ദേശരാഷ്ട്രങ്ങൾക്ക് ഒരു പ്രസക്തിയുമില്ലെന്നും ഇതിനെയെല്ലാം അതിവർത്തിച്ചുകൊണ്ടാണ് പുതുലോകം പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുന്നതെന്നും അവർ വാദിച്ചു. തൊഴിലാളി വർഗ്ഗത്തെയും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ആൾക്കൂട്ട രാഷ്ട്രീയത്തിനാണ് (Multitude) ഇനി ഭാവികാലമുള്ളതെന്നും അവർ പ്രവചിച്ചു. വർഗ്ഗസമരവും വർഗ്ഗരാഷ്ട്രീയവും കടലെടുത്തുപോയിരിക്കുന്നു. പകരം വ്യക്തികളുടെ അന്തഃസ്ഥിതമായ (immanent) ജൈവശക്തികളെ (biopower) കെട്ടഴിച്ചുവിട്ടുകൊണ്ടുള്ള ജൈവരാഷ്ട്രീയത്തിനു (biopolitics) മാത്രമേ ഇനി പ്രസക്തിയുള്ളൂ എന്നും അവർ സിദ്ധാന്തിച്ചു. സാമ്രാജ്യം, ജനസഞ്ചയം, ജൈവാധികാരം, ജൈവരാഷ്ട്രീയം തുടങ്ങിയ പരികല്‌പനകൾ കോർപറേറ്റ് മാധ്യമങ്ങളുടെ സർവ്വവിധ സഹായസഹകരണങ്ങളോടും കൂടി നിയോലിബറൽ കാലഘട്ടത്തിലെ ബൗദ്ധിക ഫാഷനുകളായികൊണ്ടാട പ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ അന്റോണിയോ നെഗ്രിയും മിഷേൽ ഹാർത്തും മുന്നോട്ടുവയ്ക്കുന്ന ആശയാവലികളെയും രാഷ്ട്രീയപ്രരൂപങ്ങളെയും വിമർശനാത്മകമായി പരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
വർഗ്ഗരാഷ്ട്രീയത്തെയും തൊഴിലാളിപ്രസ്ഥാനങ്ങളെയും അതിൻ്റെ സമഗ്രതയിലും സൂക്ഷ്‌മതയിലും ഉൾക്കൊണ്ടിട്ടുള്ള ധൈഷണികരെല്ലാംതന്നെ അന്റോണിയോ നെഗ്രിയുടെ സൈദ്ധാന്തിക വിചാരങ്ങളെ അതിരൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രബന്ധങ്ങളും പുസ്‌തകങ്ങളും ഇതിനകം തന്നെ പുറത്തുവന്നിട്ടുമുണ്ട്. പ്രമുഖ ബ്രിട്ടീഷ് മാർക്‌സിസ്റ്റ് ചിന്തകനായ അലക്സ് കാലിനിക്കോസിന്റെ Toni Negri in Perspective എന്ന പ്രബന്ധം അന്റോണിയോ നെഗ്രിയുടെ ആശയരൂപങ്ങളെ അതിന്റെ ചരിത്രപരതയിൽവെച്ച് അഭിസംബോധന ചെയ്യുന്ന ഗംഭീരമായ ഒരു പ്രബന്ധമാണ്. The Resources of Critique എന്ന പുസ്‌തകത്തിൽ കാലിനിക്കോസ് പ്രസ്തുത വിമർശനങ്ങളെ പിന്നീട് അതിസൂക്ഷ്‌മമായി വികസിപ്പിക്കുന്നുണ്ട്.
ലോകപ്രശസ്ത ഈജിപ്ഷ്യൻ മാർക്സിസ്റ്റ് ചിന്തകനായ സമിർ അമിൻ്റെ "Empire" and "Multitude" എന്ന പ്രബന്ധം നെഗ്രിയുടെ ആശയമണ്ഡലങ്ങളെ സമ്പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് മുന്നേറുന്നത്. സമിർ അമിന്റെ From Capitalism to Civilization എന്ന പുസ്തകം നെഗ്രിയുടെ ആശയമണ്ഡലങ്ങളെ സമഗ്രമായ വിമർശനത്തിന് വിധേയമാക്കുന്നുണ്ട്. Contra Hardt and Negri എന്ന പ്രബന്ധത്തിൽ നെഗ്രിയൻ വിമർശനത്തെ സമിർ അമിൻ കൂടുതൽ തീവ്രമാക്കുന്നുണ്ട്. നെഗ്രിയുടെ ആശാവലികളെ ആദ്യഘട്ടങ്ങളിൽ അഭിവാദ്യം ചെയ്‌തിരുന്നെങ്കിലും പിന്നീട് നെഗ്രിയുടെ ഒരു സമ്പൂർണ്ണ വിമർശകനായി സ്ലാവോയ് സിസെക്ക് എന്ന ചിന്തകൻ മാറിത്തീരുന്നുണ്ട്. Violence, In Defence of Lost Causes എന്നീ പുസ്തങ്ങളിൽ നിയോലിബറലിസത്തെ കെട്ടിപ്പുണരുന്ന ഒരു ലിബറലായിട്ടാണ് നെഗ്രിയെ സിസക്ക് വിലയിരുത്തുന്നത്. ഫിദൽ കാസ്ട്രോയുടെ ബൗദ്ധികസുഹൃത്തും അർജന്റീനിയൻ മാർക്സിസ്റ്റ് ചിന്തകനുമായ അന്റീലിയോ എ ബറോൺ (Atilio A Boron) Empire and Imperialism എന്ന ഗ്രന്ഥത്തിൽ നെഗ്രിയെ തൊലിയുരിച്ചു കാണിക്കുന്നുണ്ട്.
2013-ലെ സോഷ്യലിസ്റ്റ് രജിസ്റ്ററിലുള്ള ( The Question of Strategy ) പ്രബന്ധങ്ങൾ മിക്കതും നെഗ്രിയുടെ പരിമിതികളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകയായ എലൻ മീക്സിൻസ് വുഡ് (Ellen Meiksins Wood) "Empire" എന്ന പുസ്‌തകത്തെ മുതലാളിത്ത മാനിഫെസ്റ്റോ എന്ന നിലയിലാണ് വിലയിരുത്തിയിട്ടുള്ളത് (Debating Empire, Verso, 2004). ജെയിംസ് പെട്രാസ്, ഹെൻ്റി വെൽറ്റ് മേയർ. ലിയോ പാനിച്ച്, ജോൺ ബെല്ലമി ഫോസ്‌റ്റർ, താരിഖ് അലി, സാം ഗിഡിൻ, ഡേവിഡ് ഹാർവി, ജോൺ മോളിനീക്സ്, ക്രിസ് ഹാർമൻ, ഡാനിയേൽ ബെൻസെയ്‌ദ്, ജോസഫ് ചുനാര, പ്രഭാത് പട്നായിക്, പ്രബീർ പുർകായസ്‌ത, ഐജാസ് അഹമ്മദ് തുടങ്ങി മാർക്‌സിസ്ററ് വിപ്ലവരാഷ്ട്രീയത്തെ മാറോട് ചേർത്തു പിടിച്ചിട്ടുള്ള ബുദ്ധിജീവികളെല്ലാം നെഗ്രിയൻ ആശയമണ്ഡലങ്ങളോട് അതിനിശിതമായ അകലം പാലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടതുപക്ഷചിന്തകരെല്ലാം അന്റോണിയോ നെഗ്രിയെ പിന്താങ്ങിക്കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്ന നിലപാട് അതിൻ്റെ പ്രാഥമികമായ അർത്ഥത്തിൽ പോലും നിലനിൽക്കുന്നില്ലെന്ന് കാണാൻ കഴിയും. നെഗ്രിയുടെ പുസ്തകങ്ങളുടെ പുറംചട്ടകളിൽ പുസ്തകത്തെ അവതരിപ്പിച്ചുകൊണ്ട് പ്രശസ്ത ഇടതുപക്ഷ ചിന്തകരായ ഫ്രെഡറിക് ജയിംസന്റെയും നവോമി ക്ലെയ്നിന്റെയും ഒന്ന് രണ്ട് വാചകങ്ങൾ കൊടുത്തിട്ടുള്ളത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്. എന്നാൽ ഈ 'പുറം എഴുത്തല്ലാതെ' മറ്റ് വിലയിരുത്തലുകളൊന്നും നെഗ്രിയുടെയും ഹാർത്തിന്റെയും ആശയപരിസരങ്ങളെ വിശകലനം ചെയ്തുകൊണ്ട് അവരിൽ നിന്നും പുറത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ട്
അന്റോണിയോ നെഗ്രിയുടെയും മിഷേൽ ഹാർത്തിന്റെയും Empire (2000), Multitude: War and Democracy in the Age of Empire (2004), Commonwealth (2009) എന്നീ പുസ്തകങ്ങൾ പോസ്റ്റ് - മാർക്സിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യവഹാരരമണ്ഡലങ്ങൾക്കുള്ളിൽ പുതിയതരത്തിലുള്ള ഒരു അവസ്ഥാവ്യതിയാനത്തെയാണ് യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത്. ഈയൊരു അവസ്ഥാവിശേഷത്തെ പരിശോധിക്കുന്നതിനു മുന്നോടിയായി പോസ്റ്റ് - മാർക്‌സിസം എങ്ങനെയാണ് രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യവഹാരമണ്ഡലങ്ങളിലേയ്ക്ക് കടന്നുകയറിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു സൈദ്ധാന്തിക പരിപ്രേക്ഷ്യമെന്ന നിലയിൽ പോസ്റ്റ് - മാർക്സിസം മാർക്സിസത്തെ ഉത്തരാധുനികമണ്ഡലവുമായി അനുരഞ്ജിപ്പിക്കാനാണ് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുതലാളിത്തം അനീതികൾകൊണ്ട് അടിമുടി അഴുകിനാറിയ ഒരു ഭ്രാന്തൻ വ്യവസ്ഥയാണെന്ന ആശയപ്രരൂപത്തെ മാർക്‌സിസത്തിൻ്റെ ദാർശനികരാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്നും പോസ്റ്റ്-മാർക്സിസ്റ്റുകളും കടംകൊള്ളുന്നുണ്ട്. അതേ അവസരത്തിൽ തന്നെ, ഉത്തരാധുനികതയുടെ ദാർശനികവ്യവഹാരങ്ങളിൽ നിന്നും മാർക്സിസം ഉൾപ്പെടെയുള്ള സർവ്വവിധ ബൃഹദാഖ്യാനങ്ങളും അന്തമില്ലാത്ത ദുരന്തങ്ങളിലേയ്ക്കാണ് നയിക്കപ്പെടുകയെന്ന അചരിത്രപരമായ സങ്കല്പനത്തെയും അവർ മാറോട് ചേർത്തുപിടിക്കുന്നു.
പോസ്റ്റ് മോഡേണിസ്റ്റുകളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഴാങ് ലോത്യാർഡിന്റെ (Jean-Francois Lyotard) Postmodern Condition: A Report on Knowledge എന്ന പുസ്തകം1979 ലാണ് ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിക്കപെടുന്നത്. മാർക്‌സിസ്റ്റ് സൈദ്ധാന്തിക പ്രയോഗവുമായി (Marxist Praxis) ഉത്തരാധുനിക ചിന്താമേഖല പുലർത്തിപ്പോന്നിരുന്ന അടുപ്പമില്ലായ്‌മയും അതിയാഥാസ്തിതികത്വവും സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർത്തെറിയലിനെത്തുടർന്ന് അതിന്റെ പാരമ്യത്തിലെത്തുകയാണുണ്ടായത്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർന്നടിയൽ പ്രധാനമായും രണ്ടുതരത്തിലുള്ള ചിന്താക്കുഴപ്പങ്ങളിലേയ്ക്ക് ഉത്തരാധുനിക ചിന്താലോകത്തെ കൊണ്ടെത്തിച്ചു. അവർ ആഗ്രഹിച്ചതുപോലെ, ക്ലാസ്സിക്കൽ മാർക്സിസത്തിൻ്റെ മരണമണി മുഴങ്ങിയതായി അവർ ആർത്തുവിളിക്കാൻ തുടങ്ങി. അതോടൊപ്പം, ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സോഷ്യലിസ്റ്റ് സംഘാടനത്തിന്റെ 'അസംബന്ധങ്ങളെ'ക്കുറിച്ചും അവർ തീസീസുകൾ രചിക്കാൻ തുടങ്ങി. ദേശരാഷ്ട്രങ്ങളുടെ അടിത്തറയിൽ സോഷ്യലിസ്റ്റ് സംഘാടനം പടുത്തുയർത്താനാവില്ലെന്ന ചിന്താസരണി ദേശരാഷ്ട്രങ്ങൾ തന്നെ മരണണപ്പെട്ടിരിക്കുന്നു എന്ന നിരീക്ഷണത്തിലേക്കാണ് ഉത്തരാധുനികരെ കൊണ്ടെത്തിച്ചത്. 'ആഗോളവത്കരിക്കപ്പെട്ട' സമ്പദ്ഘടനാരൂപങ്ങൾ ദേശരാഷ്ട്രങ്ങളെ വംശനാശം സംഭവിച്ച സ്പീഷീസുകളാക്കി കാഴ്ചബംഗ്ലാവിലേക്ക് അയച്ചിരിക്കുന്നു എന്നാണവർ സിദ്ധാന്തിച്ചത്. ഉത്തരാധുനികതയെ പുണർന്ന ഇറ്റാലിയൻ ഇടതുപക്ഷക്കാരനായിരുന്ന റോജർ ബർബാക്കിന്റെ (Roger Burbach) വാക്കുകൾ ഈയൊരു ചിന്താപദ്ധതിയുടെ സമൂർത്തതയെ അതിന്റെ സൂക്ഷ്‌മതയിൽ വെളിപ്പെടുത്തുന്നുണ്ട്. 1997-ൽ റോജർ ബർബാക്കിന്റെ “ആഗോളവത്ക്കരണവും അസംതൃപ്‌തികളും : ഉത്തരാധുനിക സോഷ്യലിസങ്ങളുടെ ഉദയം" (Globalisation and its Discontents: The Rise of Postmodernist Socialisms) എന്ന പുസ്തകം പുറത്തുവന്നു. പ്രസ്തുത പുസ്തകത്തിൽ റോജർ ബർബാക്ക് ഇങ്ങനെ പ്രഖ്യാപിച്ചു: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ മാർക്‌സ് വരച്ചുകാട്ടിയ വിപ്ലവപദ്ധതി പരാജയപ്പെട്ടതായി ഇടതുപക്ഷക്കാർ അംഗീകരിക്കേണ്ടതുണ്ട്. വിപ്ലവങ്ങൾ ഉണ്ടാകും. പക്ഷേ, അതൊന്നും മാർക്സിസ്റ്റ് പാരമ്പര്യത്തെ ഉൾക്കൊള്ളുന്നവയായിരിക്കില്ല. അതുകൊണ്ടുതന്നെ സോഷ്യലിസ്റ്റുകൾ അവരുടെ പ്രതീക്ഷകളെ താഴ്ത്തിക്കെട്ടേണ്ടതുണ്ട്. തൊഴിലാളിവർഗ്ഗ വിപ്ലവത്തിനുപകരം അവർ ഊന്നൽ നൽകേണ്ടത് റാഡിക്കലായിട്ടുള്ള ചില പരിഷ്ക്കാരങ്ങൾക്കാണ്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും വളരെ വിപുലമായതരത്തിലുള്ള ആവശ്യങ്ങളും താല്പര്യങ്ങളുമാണ് നിരന്തരം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്കൂളുകളുടെയും റോഡുകളുടെയും സാമൂഹ്യസേവനങ്ങളുടെയും നിർമ്മാണവും പുനർനിർമ്മാണവുമാണ് അവഗണിക്കപ്പെട്ടുകിടക്കുന്ന അവശ്യതാല്പര്യങ്ങളിൽ പ്രധാനപ്പെട്ടവ. ദേശീയവും തദ്ദേശീയവുമായ വിഭവസമാഹരണത്തിന് ഊന്നൽ നൽകികൊണ്ടുള്ള പുതിയൊരു സന്നദ്ധപ്രവർത്തനവും സാമുദായികമായ ഇടപെടലുമാണ് (community participation) ഇന്നിന്റെ അടിയന്തിര ആവശ്യം. ഇത് പുതിയതരത്തിലുള്ള തൊഴിൽ കമ്പോളങ്ങളെയും തൊഴിൽ മേഖലയെയും തുറന്നിടും. അതുകൊണ്ട് തൊഴിലാളിവർഗ്ഗവിപ്ലവമെന്ന പതാകയെ ചവിട്ടിതാഴ്ത്തി റാഡിക്കലായ ചില പരിഷ്കാരങ്ങളുടെ കൊടിക്കൂറയെ ഉയർത്തിക്കെട്ടണം." റോജർ ബർബാക്കിനെപ്പോലുള്ള പുത്തൻ ഉത്തരാധുനിക വായാടികളുടെ അക്കാദമികവും സൈദ്ധാന്തികവുമായ അഭ്യാസങ്ങളുടെ പൊതുയുക്തി ഇതായിരുന്നു. മാർക്സിസത്തിന്റെ വിപ്ലവപരിപ്രേക്ഷ്യത്തിനും രാഷ്ട്രീയമുദ്രാവക്യങ്ങൾക്കും എതിരെയായിരുന്നു ഉത്തരാധുനികത ഉൾപ്പെടെയുള്ള സർവ്വവിധ പോസ്റ്റ് - സിദ്ധാന്തങ്ങളും പാഞ്ഞടുത്തത്.
യഥാർത്ഥത്തിൽ റോജർ ബർബാക്കിനെപ്പോലുള്ളവരുടെ ആശയപരിസരങ്ങളുടെ തണലിൽ അടിയുറപ്പിച്ചുകൊണ്ടാണ് അന്റോണിയോ നെഗ്രിയും മിഷേൽ ഹാർത്തും തങ്ങളുടെ ആശയലോകത്തെ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Hardt- Negri's Empire: A Marxist Critique എന്ന പ്രബന്ധം കാണുക ). ബർബാക്കിന്റെ സാമുദായിക ഇടപെടലെന്ന സങ്കല്‌പനത്തോടല്ല ; മറിച്ച് ആഗോളവത്കരണമെന്ന പരികല്‌പനയുമായി ബന്ധപ്പെട്ട് ബർബാക്ക് ഉയർത്തുന്ന സങ്കല്‌പനങ്ങളോടായിരുന്നു നെഗ്രിയും ഹാർത്തും അത്യഗാധമായ അഭിനിവേശം പ്രകടിപ്പിച്ചത്. ബർബാക്കിൻ്റെ ആശയപരിസരത്തിൻ്റെ പിന്തിരിപ്പൻ മണ്ഡലങ്ങളെയാകെ പിൻതുടർന്നുകൊണ്ടാണ് തങ്ങളുടെ സങ്കല്പനത്തിന് അവർ 'സാമ്രാജ്യം' (Empire) എന്ന പേരു നൽകിയത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന സ്വയം പ്രഖ്യാപിത ബൗദ്ധികനാട്യത്തോടെയായിരുന്നു “Empire" എന്ന പുസ്തകം പുറത്തുവന്നത്. ബൂർഷ്വാ - വലതുപക്ഷ മാധ്യമങ്ങൾ വമ്പൻപ്രചാരവേലയാണ് ഈ പുസ്‌തകത്തിന് നൽകിയത് എന്ന കാര്യവും അതീവശ്രദ്ധേയമാണ്. രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും മണ്ഡലങ്ങളിൽ അന്നുവരെയുണ്ടായിട്ടുള്ള എല്ലാ തിരിച്ചറിവുകളെയും ജ്ഞാനരൂപങ്ങളെയും രാഷ്ട്രീയ സമഗ്രതയിലേയ്ക്ക് ഉൾച്ചേർത്തുകൊണ്ടാണ് മാർക്സും എംഗൽസും തങ്ങളുടെ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത്. മുതലാളിത്തത്തിന്റെ വളർച്ചാരൂപങ്ങളിലുണ്ടായ പുതിയ ചലനസാമഗ്രികളെയും മാറ്റങ്ങളെയും ലെനിൻ അതിന്റെ വസ്തുനിഷ്ഠതയിൽ പരിശോധിച്ചത് സാങ്കൽപ്പിക സങ്കല്‌പനങ്ങളുടെ ആകാശങ്ങളിൽ ആറാടിക്കൊണ്ടായിരുന്നില്ല. മറിച്ച് അക്കാലത്ത് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ നൂറുകണക്കിന് പുസ്തകങ്ങളും പ്രബന്ധങ്ങളും രേഖകളും നേരിനുവേണ്ടിയുള്ള അടങ്ങാത്ത നീറ്റലോടെ അപഗ്രഥിച്ച് പഠിച്ചുകൊണ്ടായിരുന്നു. പൊള്ളിമുറിയുന്ന നിരന്തരമായ വിപ്ലവരാഷ്ട്രീയപ്രവർത്തനത്തിന്റെ സമൂത്തതകൾക്ക് വസ്തുനിഷ്ഠമായി നേരിടേണ്ടിവന്ന സമകാലികാവസ്ഥയുടെ പ്രത്യക്ഷ ചിത്രത്തെയാണ് സൈദ്ധാന്തികമായി വരച്ചുകാട്ടാൻ ലെനിൻ പണിപ്പെട്ടത്. അതുകൊണ്ടുതന്നെ “സാമ്രാജ്യത്വം: മുലാളിത്തത്തിൻ്റെ പരമോന്നതഘട്ടം" എന്ന ഗ്രന്ഥം അക്കാദമിക ബൗദ്ധികാഭ്യാസങ്ങളുടെ അനുഭൂതികളിലല്ല ആറാടിത്തിമിർത്തത്. മറിച്ച് തിളച്ചുമറിയുന്ന വിപ്ലവരാഷ്ട്രീയപ്രവർത്തനത്തിന്റെ സൈദ്ധാന്തികശരികളുടെ ഗരിമയാണ് അതിൽനിന്നും ചിറകുകൾ വിടർത്തിപ്പറന്നത്.
എന്നാൽ സമകാലിക രാഷ്ട്രീയ സമ്പദ്ഘടനയുടെ ഒരുതരത്തിലുള്ള അപഗ്രഥനസാമഗ്രികളെയും അത് പകർന്നുതരുന്ന സമൂർത്തമായ തിരി ച്ചറിവുകളെയും അടിസ്ഥാനപ്പെടുത്തിയല്ല നെഗ്രിയും ഹാർത്തും തങ്ങളുടെ ആശയപ്രരൂപങ്ങളെ കെട്ടിപ്പടുത്തിട്ടുള്ളത്. മറിച്ച് സാമ്രാജ്യം (Empire) എന്ന സങ്കല്പനത്തിന്റെ വിശദീകരണത്തിന് ആധാരമാക്കിയെടുത്തിട്ടുള്ളത് ചില ഉത്തരാധുനിക ചിന്തകരുടെ ആകാശകോട്ടകളെ മാത്രമാണ്. സമകാലിക സാമ്രാജ്യത്വത്തിന്റെ പ്രവർത്തന പന്ഥാവിനെക്കുറിച്ച് മാർക്സിസ്റ്റുകാരും മാർക്സിസ്റ്റ് ഇതരരും ആധികാരികമായ നിരവധി പഠനങ്ങൾ പലനിലകളിൽ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എന്നാൽ നെഗ്രിക്കും ഹാർത്തിനും അവരൊന്നും ബാധകമല്ല. അവർക്ക് ആവേശമായി തീർന്നിട്ടുള്ളത് തനിപിന്തിരിപ്പന്മാരായ ചില ലിബറൽ ബുദ്ധിജീവികളാണെന്ന് സമിർ അമിൻ വളരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ("Empire" and "Multitude", Monthly Review, 2005).
മൂന്ന്
അമേരിക്കൻ ഐക്യനാടുകൾ അതിന്റെ അധീശത്വത്തെയും അധികാരബന്ധങ്ങളെയും അരക്കിട്ടുറപ്പിച്ചുകൊണ്ട് ലോകപൊലീസായി ആടിത്തിമിർത്തുകൊണ്ടിരുന്ന ചരിത്രസന്ദർഭത്തിലാണ് “എംപയർ" എന്ന പുസ്തകം പുറത്തുവരുന്നത്. ലോകത്താകമാനം പടർന്നുപന്തലിച്ചുകിടക്കുന്ന അഞ്ഞൂറിലധികം കുറ്റൻ ബഹുരാഷ്ട്രകുത്തക കമ്പനികളിൽ പകുതിയിലധികവും അമേരിക്കൻ നിയന്ത്രിതവും അമേരിക്കൻ കേന്ദ്രീകൃതവുമായി തുടരുകയും ലോകത്തെയാകമാനം സംഘടിതമായി കൊള്ളയടിക്കുകയും ചെയ്‌തുകൊണ്ടിരുന്ന രാഷ്ട്രീയസമൂർത്തയുടെ പശ്ചാത്തലത്തിലാണ് “എംപയർ" രചിക്കപ്പെടുന്നത്. ബാൽക്കൻ രാജ്യങ്ങളിലും മധ്യഅമേരിക്കൻ രാഷ്ട്രങ്ങളിലും കരീബിയൻ പ്രദേശങ്ങളിലും കൊളംബിയ, അംഗോള, മൊസാംബിക്, നിക്കരാഗ്വ എന്നീ ദേശരാഷ്ട്രസംവിധാനങ്ങൾക്കുള്ളിലും അമേരിക്കൻ സാമ്രാജ്യത്വം അതിൻ്റെ താണ്ഡവനടനം തിമിർത്താടിക്കൊണ്ടിരുന്ന ഒരു ചരിത്രസംന്ദർഭം കൂടിയായിരുന്നു അത്.
ഇങ്ങനെ, സോവിയറ്റ് - സോഷ്യലിസ്റ്റ് ചേരിയുടെ തകർത്തെറിയലിനെ തുടർന്ന്, അമേരിക്കൻ സാമ്രാജ്യത്വം അതിൻ്റെ സർവ്വവിധാനത്തിലുമുള്ള സാമ്പത്തിക-രാഷ്ട്രീയ- പ്രത്യയശാസ്ത്ര അധീശത്വത്തെ ലോകത്താകമാനം അടിച്ചുകയറ്റിക്കൊണ്ടിരുന്ന ചരിത്രസമൂർത്തതയ്ക്കകത്തു നിന്നുകൊണ്ടാണ് അന്റോണിയോ നെഗ്രിയും മിഷേൽ ഹാർത്തും "എംപയറി" ലൂടെ സാമ്രാജ്യത്വം കാലഹരണപ്പെട്ട ഒരു ആശയാവലിയാണെന്ന് പ്രഖ്യാപിച്ചത്! സാമ്രാജ്യത്വം (imperialism) കാലഹരണപ്പെട്ടിരിക്കുന്നു; അത് ഭൂതകാലത്തിലെ ഒരു യാഥാർത്ഥ്യം മാത്രമാണ്; ഇന്നിൻ്റെ സമൂർത്തകൾക്കുള്ളിൽ അതിന് ഒരു പ്രസക്തിയുമില്ല. ഇന്ന് ലോകം ഒരു ആഗോളസാമ്രാജ്യമായി (empire) പരിവർത്തിക്കപ്പെട്ടിരിക്കുന്നു. ഈ പുതിയ ആഗോളസാമ്രാജ്യവ്യവസ്ഥയാകട്ടെ ഒരു സാമ്രാജ്യത്വാനന്തരപ്രതിഭാസമാണ് (Empire is a post-imperialist phenomenon). അതായത് സാമ്രാജ്യത്വമില്ലാത്ത അതിനൂതനമായ ഒരു അവസ്ഥാവിശേഷത്തിലേക്ക് ലോകം മാറ്റപ്പെട്ടിരിക്കുന്നു. ഈ ആഗോള സാമ്രാജ്യവ്യവസ്ഥയ്ക്കുള്ളിൽ അധികാരം ചിതറിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു രാഷ്ട്രത്തിന് ഈ സാമ്രാജ്യവ്യവസ്ഥയെ നിയന്ത്രിക്കാനാവില്ല. ഇപ്രകാരം ലോകക്രമം ഒരു ആഗോളസാമ്രാജ്യ വ്യവസ്ഥയായി പരിവർത്തിക്കപ്പെട്ടത് ലോകചരിത്രത്തിലെ സുപ്രധാനമായ ഒരു മുന്നേറ്റമാണെന്നും നെഗ്രിയും ഹാർത്തും വാദിക്കുന്നു. ഇങ്ങനെ രൂപപ്പെട്ടിട്ടുള്ള ആഗോളസാമ്രാജ്യത്തിൻ്റെ ചലനാത്മകയാകട്ടെ വളരെ സുഗമമായിട്ടുള്ളതാണ്. അവിടെ അധികാരത്തിന് ഒരു സ്ഥാനവുമില്ല. അവിടത്തെ അധികാരമാകട്ടെ എല്ലായിടത്തുമുണ്ട്; എന്നാൽ ഒരി ടത്തുമില്ല. ഈ ആഗോളസാമ്രാജ്യം ഒരു യുട്ട്യോപ്യയാണ്; അത് യഥാർത്ഥത്തിൽ സ്ഥലരഹിതമാണ് (In this smooth space of Empire there is no place of power - it is everywhere and nowhere. Empire is an Uttopia or really a non-place).
അമേരിക്കൻ ഭരണഘടനയെ ജനാധിപത്യപ്രക്രിയയുടെ ഏറ്റവും ഉദാത്തമായ മാതൃകയായും നെഗ്രിയും ഹാർത്തും കൊണ്ടാടുന്നുണ്ട്. ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായ ആഗോളസാമ്രാജ്യവ്യവസ്ഥയെന്നത്, ജനാധിപത്യപ്രക്രിയയുടെ ഉദാത്തമാതൃകയായ അമേരിക്കൻ ഭരണഘടനാപ്രക്രിയയുടെ ആഗോളവികാസ പ്രക്രിയയെയാണ് അടയാളപ്പെടുത്തുന്നതെന്നും നെഗ്രിയും ഹാർത്തും വാചാലമാകുന്നുണ്ട് (The contemporary idea of Empire is born through the global expansion of the internal US constitutional project). യഥാർത്ഥത്തിൽ സാമ്രാജ്യം (Empire) എന്ന വ്യവസ്ഥയെക്കുറിച്ചുള്ള ഇത്തരം വാചാലതയിലൂടെ നഗ്നമായി പുറത്തു വരുന്നത് അമേരിക്കൻ ഭരണഘടനാ സംവിധാനങ്ങളുടെ ആഘോഷമാണെ വസ്തുതുതയെ തിരിച്ചറിയേണ്ടതുണ്ട്. പ്രശസ്‌ത മാർക്സിസ്റ്റ് ചിന്തകനായ ജെയിംസ് പെട്രാസ് വളരെ കൃത്യമായി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട് (Empire without Imperialists? എന്ന പ്രബന്ധം കാണുക).
ഇങ്ങനെ സാമ്രാജ്യത്വം (imperialism) മരണപ്പെട്ടിരിക്കുന്നുവെന്നും ലോകം ഒരു ആഗോളസാമ്രാജ്യവ്യവസ്ഥയായി (Empire) രൂപാന്തരപ്പെട്ടിരിക്കുന്നുവെന്നും പ്രഖ്യാപിച്ച നെഗ്രിയുടെയും ഹാർത്തിന്റെയും തലച്ചോറുകളിൽ ഇടിത്തീപോലെയാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അഫ്‌ഗാൻ അധിനിവേശവും ഇറാക്കിലേയ്ക്കുള്ള കടന്നാക്രമണവും ചെന്നുവീണത്. ദേശരാഷ്ട്രങ്ങളെല്ലാം ചത്തൊടുങ്ങിയിരിക്കുന്നുവെന്നും ആ സ്ഥാനങ്ങളെ ആകമാനം ഒരു കേന്ദ്രവുമില്ലാത്ത സാമ്രാജ്യം എന്ന അവസ്ഥ കൈയ്യടക്കിയിരിക്കുകയാണെന്നും ഉള്ള ബൗദ്ധികഫാഷനുകൾ തിമിർത്തുകൊണ്ടിരുന്ന അവസ്ഥാതലങ്ങളിലേക്കാണ് ചരിത്രത്തിന്റെ വസ്തുനിഷ്ഠത അതിന്റെ വസ്തുനിഷ്ഠതയിൽതന്നെ മറുപടി നൽകിയത്. യഥാർത്ഥത്തിൽ 2001 സെപ്തംബർ 11-നുശേഷമുള്ള ലോകചരിത്രം അതിൻ്റെ ചരിത്രത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത അതിഭയാനകമായ സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. അതുകൊണ്ടുതന്നെ “എംപയറി”ലൂടെ അവതരിപ്പിക്കപ്പെട്ട സാങ്കല്‌പിക സൈദ്ധാന്തിക കസർത്തുകളെ അന്റോണിയോ നെഗ്രിക്കുതന്നെ പുനഃപരിശോധിക്കേണ്ടിവന്നു. അങ്ങനെയാണ് 2004-ൽ ജനസഞ്ചയം: സാമ്രാജ്യയുഗത്തിലെ യുദ്ധവും ജനാധിപത്യവും (Multitude: War and Democracy in the Age of Empire) എന്ന പുസ്തകം പുറത്തുവരുന്നത്.
എന്നാൽ അഫ്ഗാനിസ്ഥാനിലേയ്ക്കും ഇറാക്കിലേയ്ക്കുമുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കടന്നാക്രമണങ്ങളോട് ഹാർത്തിന്റെയും നെഗ്രിയുടെയും നിലപാടുകൾ വൈരുദ്ധ്യങ്ങൾ കൊണ്ട് മുഖരിതമായിരുന്നു. ചില ഘട്ടങ്ങളിൽ പ്രസ്തുത സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ സമാധാനപരമായി വികസിച്ചുകൊണ്ടിരിക്കുന്ന “ആഗോളസാമ്രാജ്യ വ്യവസ്ഥയ്ക്കെതിരായ അട്ടിമറി" (coup against Empire) ആയിട്ടാണ് അവർ വിശകലനം ചെയ്തത്. ഈയൊരു അസംബന്ധവിശകലനം, യൂറോപ്യൻ യൂണിയൻ്റെ ഭരണഘടനയ്ക്കനുകൂലമായ നിലപാടെടുക്കുന്നതിലേയ്ക്കാണ് അന്റോണിയോ നെഗ്രിയെ കൊണ്ടെത്തിച്ചത്. ഈയൊരു നിയോലിബറൽ തീട്ടൂരത്തിനുമുമ്പിൽ വിനീതവിധേയനായി ഒപ്പുചാർത്തിക്കൊടുക്കാൻ നെഗ്രിക്ക് ഒരു മടിയുമില്ലായിരുന്നു.
യൂറോപ്യൻ യൂണിയന്റെ ഇത്തരത്തിലുള്ള പുതിയൊരു ഭരണഘടന അമേരിക്കയുടെ ഏകപക്ഷീയതയെ തകിടം മറിക്കുമെന്നായിരുന്നു (counterweight against US Unilateralism) നെഗ്രി വിലയിരുത്തിയത്. ചില ഘട്ടങ്ങളിലാകട്ടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഗോളസാമ്രാജ്യവ്യവസ്ഥയുടെ താല്പര്യങ്ങളാണ് അമേരിക്കൻ പട്ടാളം നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്ന അറുപിന്തിരിപ്പൻ നിലപാടിലേയ്ക്കുവരെ അവർക്ക് കൂപ്പുകുത്തേണ്ടിവന്നു. ഇറാക്ക് അധിനിവേശത്തെ പരിവർത്തനത്തിന്റെ കാഹളമായിട്ടാണ് അവർ വിശകലനം ചെയ്തത്. അതൊരിക്കലും കൊളോണിയൽ ആധിപത്യത്തിൻ്റെ രൂപമാതൃകകൾ പേറുന്നില്ലെന്നായിരുന്നു അവരുടെ നിലപാട് (an attempt at transition, not at colonisation).
നാല്
അന്റോണിയോ നെഗ്രി എന്ന ചിന്തകനെ പരുവപ്പെടുത്തിയ ചരിത്രസന്ദർഭങ്ങളുടെ സമൂർത്തതയെ അതിൻ്റെ ചരിത്രപരതയിൽവെച്ച് വിശകലനം ചെയ്യേണ്ടത് നെഗ്രി മുന്നോട്ടുവയ്ക്കുന്ന പരികല്പനകളെയും സങ്കല്പനങ്ങളെയും അതിന്റെ വസ്‌തുനിഷ്‌ഠതയിൽ വായിച്ചെടുക്കാൻ അനിവാര്യമാണ്. വ്യത്യസ്ത വിതാനങ്ങളിലുള്ള ആഗോളവിരുദ്ധ സമരങ്ങളുടെ പ്രചോദനകേന്ദ്രമായി തീർന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയധാരയാണ് ഓട്ടോണമിസം (Autonomism). ഈയൊരു രാഷ്ട്രീയചിന്താധാരയുടെ ആണികല്ലായി വർത്തിക്കുന്നത്, ലെനിനിസ്റ്റ് സംഘടനാതത്വങ്ങളെ ആധാരമായെടുത്തിട്ടുള്ള രാഷ്ട്രീയപാർട്ടികളോടുള്ള അറപ്പും വെറുപ്പുമാണ്. ജനസമൂഹത്തിനുള്ളിലെ ഉന്നത ബൗദ്ധികധാരയുള്ള ഏതാനും പേരുടെ തത്വനിർദ്ദേശങ്ങളെ മാത്രമേ അവർ ആശ്രയിക്കുകയുള്ളൂ. 1999 നവംബർ മാസത്തിൽ ലോകവ്യാപാരസംഘടനയ്‌ക്കെതിരെ സിയാറ്റിലിൽ നടന്ന കൂട്ടപ്രകടനങ്ങളിൽ ഓട്ടോണമിസ്റ്റ് ചിന്താധാരയുടെ സജീവസാന്നിദ്ധ്യമുണ്ടായിരുന്നു. 2001 ജൂലൈയിൽ ജനോവയിലും 2002 സെപ്‌തംബറിൽ ഫ്ളോറൻസിലും അരങ്ങേറിയ പ്രകടനപരമ്പരകൾ ഈയൊരു ധാരയെ അതിന്റെ സജീവതയിൽ നിലനിറുത്തുകയുണ്ടായി. യഥാർത്ഥത്തിൽ ഓട്ടോണമിസ്റ്റ് ചിന്താധാരയുടെ അടിവേരുകൾ ആഴ്ന്നുകിടക്കുന്നത് മരിയ ട്രോന്റി (Mario Tronti), അന്റോണിയോ നെഗ്രി എന്നിവരുടെ ഇറ്റാലിയൻ രാഷ്ട്രീയ പരിസരത്താണ്. മാർക്സിസ്റ്റ് ചിന്താധാരയുടെ ഒരു വകഭേദമെന്ന നിലയിലാണ് ട്രോന്റിയിലൂടെയും നെഗ്രിയിലൂടെയും ഓട്ടോണമിസം പുറത്തുവരുന്നത്. ആദ്യകാലങ്ങളിൽ അന്റോണിയോ നെഗ്രി വ്യത്യസ്‌ത തലങ്ങളിലുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പുകളിൽ സജീവമായിരുന്നു. 1960-കളുടെ അവസാനത്തോടെ തീവ്ര ഇടതുപക്ഷഗ്രൂപ്പായ Potere Peraio-യുടെ (Worker's Power) സൈദ്ധാന്തികനെന്ന അവസ്ഥയിലേക്ക് നെഗ്രിയുടെ രാഷ്ട്രീയ-ബൗദ്ധിക മണ്ഡലം മാറ്റിപ്പണിയപ്പെട്ടു. ഓട്ടോണമിസത്തിൻ്റെ (ആദ്യകാലത്ത് വർക്കറിസം - workerism - എന്ന പേരിലാണത് അറിയപ്പെട്ടിരുന്നത്) രാഷ്ട്രീയ-സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിന് മാർക്സിസ്റ്റ് സൈദ്ധാന്തിക പ്രയോഗത്തെക്കാൾ അനാർക്കിസ്റ്റ് ധാരകളോടായിരുന്നു കൂടുതൽ അടുപ്പമുണ്ടായിരുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ് ഇടതുപക്ഷ ചിന്തകനായ ജോൺ മോളിനിക്‌സ് ( John Molyneux, Anarchism: A Marxist Criticism, Page : 58) നിരീക്ഷിക്കുന്നുണ്ട്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനായ ഡോ. ഐജാസ് അഹമ്മദും നെഗ്രിയുടെ ആശയപരിസരങ്ങളെ അനാർക്കിസം എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (Frontline , July 21, 2019 ).
വ്യാവസായിക തൊഴിലാളികളെ (industrial workers) ഉല്പാദനകേന്ദ്രത്തിനുള്ളിൽ തന്നെ സ്ഥാനപ്പെടുത്തുകയും ഉല്പാദനകേന്ദ്രങ്ങൾക്കുള്ളിൽ അതിതീവ്രമായ പോരാട്ടരൂപങ്ങൾക്ക് ഇടം നൽകുകയും ചെയ്‌തുകൊണ്ടാണ് 1960-കളിൽ Autonomism അതിൻ്റെ പ്രവർത്തനപരിസരങ്ങളെ അടയാളപ്പെടുത്തിയത്. മുഖ്യധാരാ ഇടതുപക്ഷത്തിനെതിരെയും ട്രേഡ്‌യൂണിയൻ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി സംഘടനാ സംവിധാനങ്ങൾക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങളും ഏറ്റുമുട്ടലുകളും അവർ കെട്ടഴിച്ചുവിട്ടു. യൂറോപ്യൻ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പുകാരും പരിഷ്ക്കരണവാദികളുമായിട്ടാണ് ഓട്ടോണമിസ്റ്റുകൾ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരുന്നത്. തൊഴിലിടങ്ങളിൽ അനൗദ്യോഗിക പണിമുടക്കങ്ങൾക്കും പലനിലകളിലുള്ള അരാജകത്വ- അട്ടിമറികൾക്കും അവർ നേതൃത്വം നൽകി. ഇത് ഭരണകൂടത്തിന്റെ മർദ്ദകോപകരണങ്ങളെ പ്രകോപിപ്പിച്ചു മൂർച്ചകൂട്ടുകയും തൊഴിലാളികളെയാകമാനം അടിച്ചമർത്തുന്നതിലേയ്ക്ക് അത് വഴിതെളിക്കുകയും ചെയ്തു.
ഇറ്റാലിയൻ മുതലാളിത്തം അതിന്റെ ആഭ്യന്തര വൈരുദ്ധ്യങ്ങളിൽപ്പെട്ട് വല്ലാത്തൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയും തൊഴിലാളിവർഗ്ഗത്തിന്റെ അടിസ്ഥാനജീവിതാവസ്ഥകളാകമാനം അടിച്ചുതകർക്കപ്പെടുകയും ഇറ്റാലിയൻ ഇടതുപക്ഷം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ആക്രമണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്‌ത 1970 കാലഘട്ടങ്ങളിൽ, അന്റോണിയോ നെഗ്രി തൻ്റെ മുൻനിലപാടുകളെ ഉപേക്ഷിക്കുന്ന തിരക്കിലായിരുന്നു. വ്യാവസായിക തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും മുഖ്യധാരാ ഇടതുപക്ഷത്തോടൊപ്പം അണിചേർന്നുനിന്നതു കൊണ്ട് ഓട്ടോണമിസ്റ്റ് സൈദ്ധാന്തികധാരയ്ക്ക് വ്യാവസായിക തൊഴിലാളികൾക്ക് പുറത്തുനിൽക്കുന്ന പുതിയ വിഭാഗങ്ങളെ തങ്ങളുടെ രാഷ്ട്രീയധാരയിലേക്ക് ആനയിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ഉല്പാദനകേന്ദ്രങ്ങളിലെ വ്യവസായിക തൊഴിലാളി എന്ന പരികല്പനയ്ക്കുപകരം സാമൂഹ്യവത്ക്കരിക്കപ്പെട്ട തൊഴിലാളി (Socialised Worker) എന്നൊരു പുതിയ സങ്കല്‌പനം അന്റോണിയോ നെഗ്രി മുന്നോട്ടുവയ്ക്കുന്നത്.
തൊഴിൽരഹിതരെയും മറ്റ് വ്യത്യസ്‌ത തലങ്ങളിലുള്ള പ്രാന്തവത്കൃതരെയുമാണ് സാമൂഹ്യവത്ക്കരിക്കപ്പെട്ട തൊഴിലാളി എന്ന പരികല്പനയിലൂടെ വ്യവസായിക തൊഴിലാളിക്ക് ബദലായി നെഗ്രി ഉയർത്തിക്കാട്ടിയത്. തൊഴിൽരഹിത വിഭാഗങ്ങൾക്ക് നൽകിയ അതിയായ ഊന്നലിനെ തുടർന്ന് കൂലിത്തൊഴിലാളികളെ (waged workers) പിന്തിരിപ്പൻ വിഭാഗങ്ങളായിട്ടാണ് നെഗ്രി അവതരിപ്പിച്ചത്. ഈ കൂലിത്തൊഴിലാളികൾ മൂലധനത്തിന്റെ കൂട്ടിക്കൊടുപ്പുകാരാണ്. അതുകൊണ്ട് കൂലിത്തൊഴിലാളികളെ തൊഴിൽരഹിതസേന ഏറ്റവും അക്രമാസക്തമായി തന്നെ നേരിടണം. ഓട്ടോണമിസ്റ്റ് ധാരയുടെ ഈ സൈദ്ധാന്തികതലം തൊഴിലാളിവിഭാഗങ്ങളെയും തൊഴിൽരഹിതരെയും പരസ്‌പരം വെട്ടിപ്പിളരുന്ന എതിർചേരികളിലാക്കി പ്രതിഷ്‌ഠിക്കുകയും ഭരണവർഗങ്ങൾക്ക് തൊഴിലാളികളെ വെട്ടിക്കീറാൻ അനുകുലമായ ഭൗതികപ്രേരണകൾക്ക് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്‌തു. സ്വയം പ്രഖ്യാപിത ഓട്ടോണമിസ്റ്റുകളും ഇടതുപക്ഷ ട്രേഡ് യൂണിയൻ പ്രവർത്തകരും തമ്മിലുള്ള ഉഗ്രമായ ശാരീരികാക്രമണങ്ങൾക്കും അത് വഴിവെച്ചു. തൊഴിൽരഹിതരും തൊഴിലാളികളും തമ്മിലുള്ള രൂക്ഷമായ സംഘർഷങ്ങളിലേക്കും സംഘട്ടനങ്ങളിലേക്കും അത് മൂർച്ചിക്കുകയും ചെയ്തു. ക്രമേണ പരിഹരിക്കാനാവാത്തത്ര ആഴത്തിലുള്ള വിള്ളലുകൾ തൊഴിലാളി വിഭാഗങ്ങൾക്കിടയിലും തൊഴിൽരഹിതരിലും വന്നുവീണു.
സാമൂഹ്യവത്ക്കരിക്കപ്പെട്ട തൊഴിലാളി എന്ന സൈദ്ധാന്തിക പരികല്‌പനയിൽ നിന്നും പിന്നീട് നെഗ്രി ചെന്നടുത്തത് ജനസഞ്ചയമെന്ന (multitude) അതികാല്‌പനികവും അമൂർത്തവും അവ്യക്തവുമായ ആശയപരിസരത്തിലേയ്ക്കാണ്. യഥാർത്ഥത്തിൽ ബഹുജനം (the masses), തൊഴിലാളിവർഗ്ഗം (working class) എന്നീ സമൂർത്തതകളുടെ എതിർപക്ഷത്താണ് ജനസഞ്ചയമെന്ന പരികല്‌പനയെ നെഗ്രി സ്ഥാനപ്പെടുത്തുന്നത്. ജനതതി (the people), ബഹുജനം തുടങ്ങിയ പരികല്പനകൾ ജനജീവിതത്തിന്റെ വൈവിധ്യങ്ങളെക്കാൾ ഏകത്വത്തെയാണ് ഉയർത്തിപ്പിടിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ബഹുത്വങ്ങളെയും വെട്ടിനുറുക്കി ഒരൊറ്റ സ്വത്വസംവിധാനത്തിലേക്ക് വെട്ടിച്ചുരുക്കുകയാണ് പരമ്പരാഗതമായി ഇത്തരം പരികല്‌പനകൾ ചെയ്‌തുവരുന്നത്. ബഹുജനങ്ങൾക്കിടയിൽവെച്ച് സർവ്വവിധ വ്യത്യസ്‌തതകളും മുങ്ങിതാഴ്ന്ന് ചത്തൊടുങ്ങുകയാണ്. വ്യത്യസ്‌തങ്ങളായ സർവ്വവിധനിറമേഖലകളും മങ്ങിമങ്ങിപ്പോകുന്നു. എന്നാൽ ജനസഞ്ചയമാകട്ടെ (multitude) വ്യത്യസ്‌തതകളെയൊന്നും മങ്ങിപ്പോകാൻ അനുവദിക്കാത്ത സർവ്വവിധ വ്യത്യസ്തതകളെയും ആഘോഷത്തിമിർപ്പോടെ അഭിവാദ്യം ചെയ്യുന്ന ഒരു പരികല്പനയാണ്. വ്യത്യസ്‌തങ്ങളായ സാംസ്കാരിക താല്പര്യങ്ങളുടെയും വംശീയവീക്ഷണങ്ങളുടെയും ലിംഗപരതയുടെയും ലൈംഗികതാല്പര്യങ്ങളുടെയും ഒരു കൂട്ടമാണത്. അധ്വാനപ്രക്രിയയുടെ വ്യത്യസ്‌തതകളെയും വ്യത്യസ്ത ജീവിതരീതികളെയും വ്യത്യസ്‌ത ലോകവീക്ഷണങ്ങളെയും വ്യത്യസ്ത താല്പര്യങ്ങളെയും അത് കെട്ടിപ്പുണരുന്നു. ജനസഞ്ചയത്തിൽ സാമൂഹ്യവ്യത്യസ്‌തകൾ സാമൂഹ്യവ്യത്യസ്‌തകളായിത്തന്നെ തുടരും. വ്യത്യസ്‌തങ്ങളായ നിറഭേദങ്ങളുടെ ആഘോഷമാണത് (The multitude, in contrast, is many different cultures, races, ethnicities, genders and sexual orientations; different forms of labour, different ways of living; different views of the world; and different desires.... In the multitude social differences remain different. The multitude is many coloured, like Joseph's magical coat).
ബഹുജനം, ജനതതി തുടങ്ങിയ പരികല്പനകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നതുപോലെ തൊഴിലാളിവർഗ്ഗം എന്ന പരികല്പനയിൽ നിന്നും ജനസഞ്ചയം വ്യത്യാസപ്പെട്ടിരിക്കുന്നതായും ഹാർത്തും നെഗ്രിയും അടിവരയിട്ട് പറയുന്നുണ്ട്. തൊഴിലാളിവർഗ്ഗമെന്ന പരികല്‌പന ഒരു ഉൾചേർക്കൽ സങ്കല്പനമെന്ന നിലയിലല്ല ഉപയോഗിച്ചു വരുന്നത്. അത് വ്യവസായതൊഴിലാളികളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. കാർഷിക, സേവനമേഖലയിലുള്ള തൊഴിലാളികളെയും കൂലിത്തൊഴിലാളികളെയൊന്നും ആ പരികല്പന ഉൾക്കൊള്ളുന്നില്ല. പാവപ്പെട്ടവരെയും കൂലിരഹിത ഗാർഹിക തൊഴിലാളികളെയും അത് ഉൾച്ചേർക്കുന്നില്ല. എന്നാൽ ജനസഞ്ചയമെന്ന പരികല്പനയാകട്ടെ സർവ്വവിധസന്നാഹങ്ങളെയും ഉൾക്കൊള്ളാൻ നിരന്തരം അതിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. ഇപ്രകാരമാണ് ജനസഞ്ചയത്തെക്കുറിച്ചുള്ള നെഗ്രിയുടെയും ഹാർത്തിന്റെയും വാദമുഖങ്ങൾ മുന്നേറുന്നത്.
അഞ്ച്
വ്യത്യസ്‌തതകളുടെ ആനന്ദനൃത്തത്തിലൂടെ പുതിയൊരു സാമൂഹ്യവിപ്ലവം സാധിച്ചെടുക്കാമെന്നതാണ് എല്ലാതരത്തിലുള്ള ഉത്തരാധുനിക-സ്വത്വരാഷ്ട്രീയ പരികല്പനകളുടെയും അകക്കാമ്പായി വർത്തിക്കുന്ന ആശയാവലി. വ്യത്യസ്‌ത ജാതിമതവിഭാഗങ്ങൾക്കും എത്തിനിക് ഗ്രൂപ്പുകൾക്കും ലൈംഗികപരിഗണനകൾക്കും ഒരേ ഇടം നൽകിക്കൊണ്ടാണ് അതിൻ്റെ സൈദ്ധാന്തിക പരിസരങ്ങൾ കൊഴുക്കുന്നത്. വർഗ്ഗത്തെയും ഇത്തരം വ്യത്യസ്‌തതകളുടെ ആഘോഷത്തിമിർപ്പിലേയ്ക്ക് ഉൾചേർക്കാൻ കഴിയുന്ന ഒരു സ്വത്വരൂപമായിട്ടാണ് അത്തരക്കാർ കണക്കാക്കുന്നത്. അതായത് തൊഴിലാളിവർഗ്ഗത്തിനും മുതലാളിവർഗ്ഗത്തിനും ഈ വ്യത്യസ്‌തകളുടെ ആടിത്തിമിർക്കലുകളിൽ ഒരേ ഇടമുണ്ടായിരിക്കുമെന്നാണ് അവർ പറയാതെ പറയുന്നത്. ചൂഷണം അടിച്ചേൽപ്പിക്കുന്നവരും ചൂഷണം അനുഭവിക്കുന്നവരും തുല്യതയോടെ വർത്തിക്കണമെന്നാണ് പ്രസ്‌തുത സൈദ്ധാന്തികപരിസരം ആവശ്യപ്പെടുന്നത്! വൈവിധ്യങ്ങളുടെയും വ്യത്യസ്തതകളുടെയും അപാരമായ സാധ്യതകളെക്കുറിച്ച് വായാടിത്തം നടത്തുമ്പോൾ അവർക്ക് കമ്മ്യൂണിസത്തോടൊപ്പം ഫാസിസത്തെയും മതേതരത്വത്തോടൊപ്പം മതമൗലികവാദങ്ങളെയും ചേർത്തുപിടിക്കേണ്ടിവരും.
എല്ലാവർക്കും ഇടം നൽകുന്ന വൈവിധ്യങ്ങളെ ആഘോഷപൂർവ്വം നെഞ്ചിലേറ്റുമ്പോൾ, ചൂഷണത്തെയും അതിനെ സൃഷ്ടിക്കുകയും നിലനിറുത്തകയും ചെയ്യുന്ന സാമൂഹ്യബന്ധങ്ങളെയും ആകമാനം മറച്ചുപിടിക്കാനാണ് ഉത്തരാധുനിക-സ്വത്വരാഷ്ട്രീയ പരിസരങ്ങൾ വെമ്പൽകൊള്ളുന്നത്. മുതലാളിത്ത വിമർശനം അതിൻ്റെ പരിധിയിൽപ്പോലും പെടുന്നില്ല. മുതലാളിത്തവ്യവസ്ഥയുടെ ഉദയത്തോടെ രംഗപ്രവേശം ചെയ്യുകയും മുതലാളിത്തവ്യവസ്ഥ വളർന്നുപെരുകുന്നതിനനുസരിച്ച് എണ്ണത്തിൽ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തൊഴിലാളിവർഗ്ഗമാകട്ടെ എന്നേ ചത്തൊടുങ്ങിക്കഴിഞ്ഞ അസംബന്ധങ്ങളായിട്ടാണ് ഉത്തരാധുനിക-ഘടനാവാദാനന്തര - സ്വത്വരാഷ്ട്രീയമണ്ഡലങ്ങൾ കണക്കാക്കുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ മിച്ചമൂല്യത്തെയും പ്രകൃതിയെയും ഊറ്റിക്കുടിച്ചുകൊണ്ടാണ് മുതലാളിത്തം ചീർത്തുവീർത്തു കൊണ്ടിരിക്കുന്നതെന്ന അടിസ്ഥാനസത്യംപോലും ഇത്തരം ചിന്താപരിസരങ്ങൾക്കുള്ളിൽവെച്ച് നിരന്തരം നിരസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുതലാളിത്തം ചീർത്തുപെരുകിക്കൊണ്ടിരിക്കുകയാണെന്ന് അവരും സമ്മതിക്കും. എന്നാൽ തൊഴിലാളിവർഗ്ഗം ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്നതായും അവർ ആർത്തുവിളിക്കും! കാരണം മുതലാളിത്തം ചീർത്തു പെരുകിക്കൊണ്ടിരിക്കുന്നതിൽ അവർക്ക് പരാതിയില്ല. എന്തുകൊണ്ടെന്നാൽ ഈ വ്യവസ്ഥയ്ക്കപ്പുറം പോകുന്ന മറ്റൊരു വ്യവസ്ഥയെക്കുറിച്ചുള്ള ആലോചനകൾക്കുപോലും അവരുടെ ചിന്താമണ്ഡലങ്ങളിൽ ഒരു സ്ഥാനവുമില്ല. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിലെ ചില പൗരസമൂഹതാല്‌പര്യങ്ങളല്ലാതെ ആ വ്യവസ്ഥയെ വിപ്ലവാത്മകമായി അട്ടിമറിച്ച് പുതിയൊരു ലോകാവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അത്തരം ചിന്താപദ്ധതികൾക്ക് ഒരു താല്പര്യവുമില്ല. താല്‌പര്യമില്ലെന്ന് മാത്രമല്ല വിപ്ലവാത്മകമായ അത്തരം സൈദ്ധാന്തികചിന്തകൾക്കും പ്രയോഗരൂപങ്ങൾക്കും എതിർപക്ഷത്താണ് അവർ സ്വന്തം സ്ഥാനം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്തവ്യവസ്ഥയുടെ ശവക്കുഴിതോണ്ടുന്നവരായി മാർക്സും എംഗൽസും ലെനിനും ഗ്രാംഷിയും മാവോയും മുതൽ ലോകവിപ്ലവത്തെ സ്വപ്നം കാണുന്ന ലോകത്താകമാനമുള്ള തൊഴിലാളിവർഗ്ഗ പാർട്ടികളും ട്രേഡ്‌യൂണിയനുകളും മനസ്സിലാക്കുന്ന തൊഴിലാളിവർഗ്ഗത്ത അവർക്ക് മറച്ചുപിടിക്കേണ്ടതുണ്ട്. തൊഴിലാളിവർഗ്ഗമെന്നൊരു വർഗ്ഗത്തിന് മുതലാളിത്തത്തെ കടപുഴക്കിയെറിയാനുള്ള വർഗ്ഗക്കരുത്തില്ലെന്നും ആ സ്ഥാനത്ത് ആൾക്കൂട്ടങ്ങളെയോ വ്യത്യസ്‌ത ജാതിമത വിഭാഗങ്ങളെയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഐക്യമുന്നണിയെയോ പ്രതിഷ്ഠിച്ചാൽ മതിയെന്നുമാണ് മുഖ്യധാരാ സൈദ്ധാന്തിക വായാടിത്തങ്ങളിലൂടെ അത്തരക്കാർ പറഞ്ഞുറപ്പിക്കാൻ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിലാളിവർഗ്ഗത്തിനെതിരെ മുതലാളിത്തവ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന സർവവിധ ചൂഷണങ്ങൾക്കും കടന്നാക്രമണങ്ങൾക്കും എതിരെ കടുത്ത പോരാട്ടങ്ങൾ കെട്ടഴിച്ചുവിടുന്നതുപോലെ, അധ്വാനം വിറ്റുജീവിക്കുന്ന എല്ലാ വിഭാഗങ്ങളും തൊഴിലാളിവർഗ്ഗമാണെന്ന പരികല്പനയ്ക്കെതിരെ ഉയർന്നുവരുന്ന എല്ലാവിധ ബൗദ്ധികാക്രമണങ്ങളെയും പ്രതിരോധിക്കേണ്ടതും അനിവാര്യമാണ്. കാരണം തൊഴിലാളിവർഗ്ഗമില്ലെന്ന് വാദിച്ചുറപ്പിച്ചുകഴിഞ്ഞാൽ മുതലാളിത്തവ്യവസ്ഥയെ അടിച്ചുതകർക്കാൻ ആർക്കുമാവില്ലെന്ന പരോക്ഷസന്ദേശമാണ് അതിലൂടെ പ്രക്ഷേപിക്കപ്പെടുന്നത്. അതുമാത്രമല്ല, തൊഴിലാളിവർഗ്ഗമില്ലെന്ന പറഞ്ഞുറപ്പിക്കലിലൂടെ മുതലാളിത്തവ്യവസ്ഥതന്നെ നിലനിൽക്കുന്നില്ലെന്ന പരോക്ഷ സൂചനകളാണ് സൂക്ഷ്‌മാർത്ഥത്തിൽ ഉല്പാദിപ്പിച്ചെടുക്കുന്നത്. തൊഴിലാളിവർഗ്ഗത്തിനെതിരെ ഉയർന്നുവരുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ വ്യത്യസ്ത വിതാനങ്ങളിലുള്ള ആക്രമണങ്ങൾക്കുള്ളിൽ ഇത്തരമൊരു പ്രത്യയശാസ്ത്രം അതിഗൂഢമായി ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കാനാവും.
ഇന്നുകാണുന്ന ലോകത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള യഥാർത്ഥ സാമൂഹ്യശക്തി ഏതെന്ന് സ്ഥാനപ്പെടുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യേണ്ടത് ഏതൊരു വിപ്ലവകാര്യ പരിപാടിയുടെയും പരമപ്രധാനമായ ആദ്യപടിയാണ്. അത്തരമൊരു സാമൂഹ്യശക്തിയെ നിർണ്ണയിക്കാനാവുന്നില്ലെങ്കിൽ തലച്ചോറിനുള്ളിൽ കിടന്നുറങ്ങുന്ന ഉദാത്തമായ ലക്ഷ്യവിചാരങ്ങൾക്കും തത്വബോധ്യങ്ങൾക്കും തലച്ചോറിനുള്ളിൽ കിടന്നുതന്നെ നട്ടം തിരിയേണ്ടിവരും. മുതലാളിത്തലോകക്രമത്തിന്റെ തലമണ്ടയെ അടിച്ചുതകർക്കാൻ ശേഷിയുള്ള യഥാർത്ഥ സാമൂഹ്യശക്തിയെ അതിന്റെ സമഗ്രതയിലും വിശാലതയിലും അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിലാണ് മാർക്സിസ്റ്റ് സൈദ്ധാന്തികപ്രയോഗത്തിൻ്റെ വിപ്ലവവീര്യം കുടികൊള്ളുന്നത്. മാർക്സിസം തിരിച്ചറിഞ്ഞ ആ സാമൂഹ്യശക്തി സാർവ്വദേശീയ തൊഴിലാളിവർഗ്ഗമാണ്. സാർവ്വദേശീയ തൊഴിലാളിവർഗ്ഗത്തെ മുതലാളിത്തക്രമത്തെ അട്ടിമറിച്ച് പുതിയൊരു ലോകക്രമത്തെ കെട്ടിപ്പടുക്കാൻ ശേഷിയുള്ള വർഗ്ഗമായും സാമൂഹ്യശക്തിയായും ചരിത്രപരമാമായി നിർവ്വചിച്ചെടുത്തതാണ് മാർക്സിസ്റ്റ് സൈദ്ധാന്തിക വിചാരത്തിൻ്റെ ഏറ്റവും മൗലികമായിട്ടുള്ള പ്രമേയങ്ങളിലൊന്ന്. ഈയൊരു പ്രമേയത്തെ അതിന്റെ സൂക്ഷ്മതയിലും സങ്കീർണ്ണതയിലും തിരസ്ക്കരിക്കുകയെന്നാൽ മാർക്സിസത്തിന്റെ ഏറ്റവും മൗലികമായ ഒരു വിചാരലോകത്തെ തിരസ്ക്കരിക്കുക എന്നാണർത്ഥം. തൊഴിലാളിവർഗ്ഗത്തിന് ബദലായി ആൾക്കൂട്ടങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് നെഗ്രി അതാണ് ചെയ്തത്.
സ്വന്തം അധ്വാനശക്തി വിറ്റുജീവിക്കുന്ന സർവ്വവിധ ജനവിഭാഗങ്ങളെയും തൊഴിലാളിവർഗത്തിൻ്റെ പരികല്പനയിലേയ്ക്കാണ് മാർക്സ് ഉൾച്ചേർക്കുന്നത്. തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ സമൂർത്തതിയിലൂന്നാൻ മാർക്‌സിനെ പ്രേരിപ്പിക്കുന്ന ഘടകം തൊഴിലാളിവിഭാഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതക്കയങ്ങളോ അടിച്ചമർത്തലുകളോ അല്ല. മറിച്ച്, മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ തൊഴിലാളിവർഗ്ഗം കയ്യാളുന്ന അധികാരശക്തി (power) യെയാണ് മാർക്‌സ് അടിസ്ഥാനമായി സ്വീകരിക്കുന്നത്. തൊഴിലാളികളനുഭവിക്കുന്ന ദുരിതങ്ങളും ചൂഷണങ്ങളും തീർച്ചയായും നിലനിൽക്കുന്ന വ്യവസ്ഥയ്ക്കെതിരെ മുഷ്ടിചുരിട്ടിയടിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ, നൂറ്റാണ്ടുകളോളം, അടിമകളും കർഷകരും മറ്റു ജനവിഭാഗങ്ങളും ഇതേ ദുരിതങ്ങളും ചൂഷണങ്ങളും പേറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ എന്താണ് ഈ ജനവിഭാഗങ്ങളിൽ നിന്നും ആധുനിക തൊഴിലാളിവർഗ്ഗത്തെ വ്യത്യസ്‌തരാക്കിതീർക്കുന്നത്? മാർക്സ് വളരെ കൃത്യമായി രണ്ട് കാര്യങ്ങൾ എടുത്തുകാണിക്കുന്നുണ്ട്; (1) മുതലാളിത്തക്രമത്തെ അടിച്ചുതകർക്കാനുള്ള തൊഴിലാളിവർഗ്ഗത്തിന്റെ അധികാരശക്തി (2) പുതിയൊരു സാമൂഹ്യവ്യവസ്ഥ പടുത്തുയർത്താൻ അതിനുള്ളശേഷി.
തൊഴിലാളിവർഗ്ഗമെന്നത് മുതലാളിത്ത ഉല്പ്പാദന-വിതരണക്രമത്തിന്റെ സവിശേഷ സന്തതിയാണെന്ന് തിരിച്ചറിയാൻ കഴിയും. മുതലാളിത്തവ്യവസ്ഥ വികസിതമാകുന്നതിനോടൊപ്പം തന്നെ തൊഴിലാളിവർഗ്ഗത്തിൻ്റെ എണ്ണവും പെരുകിക്കൊണ്ടിരിക്കും. തൊഴിലാളിവർഗ്ഗത്തിൻ്റെ സമരപോരാട്ടങ്ങളെയും പ്രക്ഷോഭങ്ങളെയും പണിമുടക്കങ്ങളെയും ഒന്നിനുപുറകേ ഒന്നായി വെട്ടിനുറുക്കാൻ മുതലാളിത്തത്തിന് കഴിഞ്ഞേക്കാം. എന്നാൽ തൊഴിലാളിവർഗ്ഗത്തിന്റെ അധ്വാനശക്തിയെ ചൂഷണം ചെയ്യാതെ മുതലാളിത്തത്തിന് അതിൻ്റെ ലാഭത്തെ കുന്നുകൂട്ടാനാവില്ലെന്നതാണ് അടിസ്ഥാനവസ്തുത. തൊഴിലാളികൾ സമരപോരാട്ടങ്ങൾ കെട്ടഴിച്ചുവിടും; മുതലാളിത്തത്തിന് അതിനെ ഞെക്കിക്കൊല്ലാം. എന്നാൽ മുതലാളിത്തത്തിന് ലാഭം കൊയ്തുകൂട്ടണമെങ്കിൽ തൊഴിലാളിവർഗ്ഗം കൂടിയേതീരൂ. തൊഴിലാളികളില്ലാതെ തൊഴിലിടങ്ങളൊന്നും അനങ്ങില്ല. ട്രെയിനും ബസും ലോറിയും വിമാനവും ഒന്നും ഓടില്ല. കൽക്കരിയും എണ്ണയും ഇരുമ്പയിരും തുടങ്ങി എല്ലാവിധത്തിലുള്ള ധാതുക്കളും ഭൂമിക്കടിയിൽതന്നെ അടഞ്ഞുകിടക്കും. ഒരു പത്രക്കടലാസും അച്ചടിക്കപ്പെടില്ല. ഒരു ടി.വി.സ്റ്റേഷനും പ്രവർത്തിക്കില്ല. ഒരു ബാങ്കും ഒരു സ്കൂളും തുറക്കില്ല. എല്ലാ ഫാക്ടറികളും അടഞ്ഞുതന്നെ കിടക്കും. ഒരു തരത്തിലുള്ള ഉല്പാദനവിതരണപ്രവർത്തനവും നടക്കില്ല. ഇതാണ് തൊഴിലാളിവർഗ്ഗത്തിൻ്റെ അധികാരശക്തി. ലോകചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തിയുറ്റ (the most powerful oppressed class) അടിച്ചമർത്തപ്പെട്ട വർഗ്ഗത്തെയാണ് തൊഴിലാളിവർഗ്ഗത്തിലൂടെ മുതലാളിത്തം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
തൊഴിലാളിവർഗ്ഗത്തിൻ്റെ വിപ്ലവകരമായ കർതൃത്വം മാർക്സിസത്തിൻ്റെ അകക്കാമ്പാണ്. പെറ്റിബൂർഷ്വാ ബുദ്ധിജീവിവൃന്ദവും ഉത്തരാധുനിക-സ്വത്വരാഷ്ട്രീയ - ബഹുത്വവാദികളും നിരന്തരം കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു പരികല്പന കൂടിയാണിത്. എത്രതന്നെ കടന്നാക്രമണങ്ങളെ നേരിട്ടാലും, മാർക്സിന്റെ കാലത്ത് ഏറിയകൂറും പാശ്ചാത്യ യൂറോപ്യൻ പരിസരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തൊഴിലാളിവർഗ്ഗം, ഇന്ന്, ലോകത്തിന്റെ അഞ്ചു വൻകരകളിലും പിറവിയെടുത്തു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന തൊഴിലാളിവർഗ്ഗത്തിലും അതിൻ്റെ ചോരവാർന്നൊഴുകുന്ന വർഗ്ഗസമര പോരാട്ടങ്ങളിലുമാണ് ലോകത്തിൻ്റെ വിപ്ലവഭാഗധേയം കുടികൊള്ളുന്നത്.