ഹേബർമാസ്:
ജ്ഞാനോദയം
പൂർത്തീകരിക്കപ്പെടാത്ത
പദ്ധതിയാണ്

‘‘പ്രത്യക്ഷവസ്തുവാദത്തിനു കീഴിൽ, തത്വചിന്ത ഏതാണ്ട് ശാസ്ത്രത്തിന്റെ സേവകനായി മാറി. അത് അറിവിനെ അനുഭവപരമായി പരിശോധിക്കാവുന്ന പ്രസ്താവനകളിലേക്കു ചുരുക്കി. ഈ നീക്കം വിജ്ഞാനത്തിന്റെ സാമൂഹികവും ചരിത്രപരവും പ്രായോഗികവുമായ മാനങ്ങൾ അവഗണിച്ചുകൊണ്ട് അറിവ് എന്ന ആശയത്തെ ന്യൂനീകരിച്ചുവെന്ന് ഹേബർമാസ് കരുതുന്നു’’- വി. വിജയകുമാർ എഴുതുന്നു.

ജ്ഞാനശാസ്ത്രത്തിൽ നിന്ന് ശാസ്ത്രത്തിന്റെ തത്വചിന്തയിലേക്കുള്ള മാറ്റത്തെ ആധുനിക ചിന്തയിലെ ഒരു പ്രധാന പരിവർത്തനമായിട്ടാണ് ജർഗൻ ഹേബർമാസ് കണ്ടത്. വിജ്ഞാനവും മാനവിക താൽപര്യങ്ങളും (Knowledge and Human Interests) എന്ന കൃതിയിലെ വിശകലനത്തിൽ തത്വചിന്ത വൈജ്ഞാനികാവസ്ഥകളെക്കുറിച്ച് ചിന്തിക്കുക എന്ന ക്ലാസിക്കൽ ദൗത്യം ഉപേക്ഷിച്ച് ക്രമേണ ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിൽ മുഴുകിയതായി അദ്ദേഹം എഴുതി. ഈ മാറ്റം പ്രത്യക്ഷവസ്തുവാദ (Positivism) ത്തിന്റെ വരവോടെ ഗുരുതരമായ ചില വൈകല്യങ്ങളിലേക്കു നയിക്കുന്നു. ഇമ്മാനുവൽ കാന്റ്, ഹെഗൽ, കാൾ മാർക്സ് എന്നിവരിലൂടെ ഹേബർമാസ് ഈ മാറ്റത്തെ ചരിത്രപരമായി എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്ന് നോക്കുക.

ജ്ഞാനശാസ്ത്രം പരമ്പരാഗതമായി അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു - അറിവ് എന്താണ്?

വിജ്ഞാനത്തെ സാദ്ധ്യമാക്കുന്ന സാഹചര്യങ്ങൾ എന്താണ്? ജ്ഞാനവിഷയവും വസ്തുവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഈ ചോദ്യങ്ങളുടെ പ്രതിഫലനപരമായ ദൗത്യത്തെ ശാസ്ത്രത്തിന്റെ തത്വചിന്ത കൊണ്ട് മാറ്റിസ്ഥാപിക്കപ്പെട്ടതായിട്ടാണ് ഹേബർമാസ് പറയുന്നത്. അത് പ്രധാനമായും ശാസ്ത്രസിദ്ധാന്തങ്ങളുടെ യുക്തിസഹമായ ഘടനയിലും അനുഭവാധിഷ്ഠിതപരിശോധനയിലും ശാസ്ത്രത്തിനു വേണ്ടിയുള്ള രീതിശാസ്ത്രനിയമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രത്യക്ഷവസ്തുവാദത്തിനു കീഴിൽ, തത്വചിന്ത ഏതാണ്ട് ശാസ്ത്രത്തിന്റെ സേവകനായി മാറി. അത് അറിവിനെ അനുഭവപരമായി പരിശോധിക്കാവുന്ന പ്രസ്താവനകളിലേക്കു ചുരുക്കി. ഈ നീക്കം വിജ്ഞാനത്തിന്റെ സാമൂഹികവും ചരിത്രപരവും പ്രായോഗികവുമായ മാനങ്ങൾ അവഗണിച്ചുകൊണ്ട് അറിവ് എന്ന ആശയത്തെ ന്യൂനീകരിച്ചുവെന്ന് ഹേബർമാസ് കരുതുന്നു.

വിമർശാത്മകജ്ഞാനശാസ്ത്രത്തിന്റെ ആരംഭസ്ഥാനങ്ങൾ ഇമ്മാനുവൽ കാൻറിലാണെന്നും ജ്ഞാനശാസ്ത്രത്തിന്റെ ക്ലാസിക്കൽ പദ്ധതി കാന്റ് സൃഷ്ടിച്ചതാണെന്നും ഹേബർമാസ് പറയുന്നുണ്ട്.

ശാസ്ത്രീയമായ അറിവ് എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന് കാൻറ് ഉത്തരമായി കണ്ടെത്തിയത് അതീന്ദ്രിയതത്വചിന്തയെ ആയിരുന്നു. മനസ്സിന്റെയും ലോകത്തിന്റെയും പരസ്പരം പ്രതിപ്രവർത്തനങ്ങളിലൂടെ, അവബോധത്തിന്റെ രൂപങ്ങളിലൂടെയും അനുഭവത്തിന്റെ വിഷയ ഘടനകളിലൂടെയും വിജ്ഞാനം ഉണ്ടാകുന്നു. അറിവ് സാദ്ധ്യമാക്കുന്ന സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ തത്വചിന്തയ്ക്ക് ശാസ്ത്രത്തെ വിമർശനാത്മകമായി അടിസ്ഥാനപ്പെടുത്താൻ കഴിയുമെന്ന് കാന്റ് വിശ്വസിച്ചിരുന്നതായി ഹേബർമാസ് കരുതുന്നു. എന്നാൽ, കാന്റിന്റെ ചട്ടക്കൂട് അറിവിനെ സൈദ്ധാന്തികയുക്തിക്കുള്ളിൽ മാത്രമായി നിലനിർത്തി.

വിമർശാത്മകജ്ഞാനശാസ്ത്രത്തിന്റെ ആരംഭസ്ഥാനങ്ങൾ ഇമ്മാനുവൽ കാൻറിലാണെന്നും ജ്ഞാനശാസ്ത്രത്തിന്റെ ക്ലാസിക്കൽ പദ്ധതി കാന്റ് സൃഷ്ടിച്ചതാണെന്നും ഹേബർമാസ് പറയുന്നുണ്ട്.
വിമർശാത്മകജ്ഞാനശാസ്ത്രത്തിന്റെ ആരംഭസ്ഥാനങ്ങൾ ഇമ്മാനുവൽ കാൻറിലാണെന്നും ജ്ഞാനശാസ്ത്രത്തിന്റെ ക്ലാസിക്കൽ പദ്ധതി കാന്റ് സൃഷ്ടിച്ചതാണെന്നും ഹേബർമാസ് പറയുന്നുണ്ട്.

സാമൂഹികവും ചരിത്രപരവുമായ മാനങ്ങളെ അത് പരിഗണിക്കുകയുണ്ടായില്ല. ഹെഗൽ കാൻറിനെ വിമർശിക്കുന്നു. ''വൈജ്ഞാനികപാടവത്തെ കുറിച്ചുള്ള അന്വേഷണം തന്നെ അറിവിനെ കുറിച്ചുള്ള അന്വേഷണമാണ്, ഇതിന് അതിന്റെ ലക്ഷ്യത്തിലെത്താൻ കഴിയില്ല. കാരണം ഇതു തന്നെയാണ് അതിൻറെ ലക്ഷ്യം'' എല്ലാ ജ്ഞാനശാസ്ത്രവും ഈ വൃത്തത്തിനുള്ളിൽ കറങ്ങുന്നു. ഹെഗൽ വാദിച്ചു: അറിവ് സ്ഥിരമല്ല, ചരിത്രപരമായി വികസിക്കുന്നതാണ്. ബോധം വൈരുദ്ധ്യാത്മകമായ പ്രക്രിയകളിലൂടെയാണ് പരിണമിക്കുന്നത്. ഹെഗൽ അറിവിന്റെ ചരിത്രവൽക്കരണത്തിലൂടെ കാന്റിന്റെ പദ്ധതിയെ കൂടുതൽ സമൂലമാക്കി. ഹേബർമാസിനെ സംബന്ധിച്ച് യുക്തിചരിത്രപരമാണെന്ന് കാണിച്ചുവെന്നതായിരുന്നു ഹെഗലിന്റെ സംഭാവന. എങ്കിലും, ഹെഗൽ ജ്ഞാനശാസ്ത്രത്തെ കേവല തത്വചിന്തയിലേക്ക് ആഗിരണം ചെയ്യുകയായിരുന്നു. ചരിത്രത്തെ കേവലാത്മാവിന്റെ സ്വയം വികാസമായി അദ്ദേഹം കണക്കാക്കി. ഹെഗലിന്റെ ചരിത്രപരമായ ഉൾക്കാഴ്ചയെ സ്വീകരിച്ച ഹേബർമാസ് അദ്ദേഹത്തിന്റെ അതിഭൗതികമായ കേവലവൽക്കരണത്തെ നിരസിച്ചു.

കാൾ മാർക്സ് ഹെഗലിന്റെ വിമർശത്തിലൂടെ സാമൂഹികപ്രയോഗമായി അറിവിനെ കാണുന്നു. മാർക്സ് ഹെഗലിന്റെ വൈരുദ്ധ്യാത്മകതയെ ഭൗതികവാദപരമായ വിമർശനമാക്കി മാറ്റുന്നു.

ഹെഗലിനു വിരുദ്ധമായി മാർക്സിൽ സംഭവിക്കുന്ന പ്രധാന മാറ്റം അറിവിനെ മനുഷ്യാദ്ധ്വാനവുമായി ബന്ധിപ്പിച്ചതാണ്. ആശയങ്ങൾ ഭൗതികവും സാമൂഹികബന്ധങ്ങളിൽ നിന്നും ഉത്ഭവിക്കുന്നതാണെന്നും അത് മനുഷ്യന്റെ ഇച്ഛകൾ, താൽപര്യങ്ങൾ, വിമോചനസങ്കൽപ്പനങ്ങൾ എന്നിവയെല്ലാമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും മാർക്സ് വാദിച്ചു. അറിവിനെ മനുഷ്യതാൽപ്പര്യങ്ങളുമായി ബന്ധിപ്പിക്കുന്ന മാർക്സിന്റെ സമീപനത്തെ ഹേബർമാസ് ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നു. എന്നാൽ, ആശയവിനിമയം പോലുള്ള ഇതര യുക്തിസഹരൂപങ്ങളെ അവഗണിച്ചുകൊണ്ട് മാർക്സ് എല്ലാ അറിവിനെയും ഉൽപാദനത്തിലേക്കും അദ്ധ്വാനത്തിലേക്കും ചുരുക്കുന്ന പ്രവണത കാണിക്കുന്നു.

കാൾ മാർക്സ് ഹെഗലിന്റെ വിമർശത്തിലൂടെ സാമൂഹികപ്രയോഗമായി അറിവിനെ കാണുന്നു. മാർക്സ് ഹെഗലിന്റെ വൈരുദ്ധ്യാത്മകതയെ ഭൗതികവാദപരമായ വിമർശനമാക്കി മാറ്റുന്നു.
കാൾ മാർക്സ് ഹെഗലിന്റെ വിമർശത്തിലൂടെ സാമൂഹികപ്രയോഗമായി അറിവിനെ കാണുന്നു. മാർക്സ് ഹെഗലിന്റെ വൈരുദ്ധ്യാത്മകതയെ ഭൗതികവാദപരമായ വിമർശനമാക്കി മാറ്റുന്നു.

ഇതിനിടയിൽ മറ്റൊരു ദിശയിൽ മാർട്ടിൻ ഹൈഡഗർ ആധുനികശാസ്ത്രചിന്തയുടെ വിമർശനം നിർവ്വഹിക്കുന്നുണ്ട്. സത്യത്തെ ശാസ്ത്രീയ വസ്തുനിഷ്ഠതയിലേക്ക് ചുരുക്കിയതിന് ഹൈഡഗർ ആധുനികതത്വചിന്തയെയും വിമർശിക്കുന്നു. ആധുനികശാസ്ത്രം ലോകത്തെ വസ്തുക്കളുടെ ഒരു സ്ഥിരം കരുതൽ ശേഖരമായി കാണുന്നു. ഈ ചിന്തയെ സ്വീകരിക്കുന്ന തത്ത്വചിന്ത അസ്തിത്വത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യം മറന്നുവെന്ന് ഹൈഡഗർ. ഹേബർമാസ് ഹൈഡഗറുടെ ശാസ്ത്രമാത്രവാദത്തെ കുറിച്ചുള്ള വിമർശനത്തെ സ്വീകരിക്കുമ്പോഴും യുക്തിസഹമായ വിമർശനം ഉപേക്ഷിച്ചു കൊണ്ട് സാമൂഹിക വിശകലനത്തേക്കാൾ അസ്തിത്വപരമായ സത്തയിലേക്ക് തിരിയുന്നതിനെ നിരസിക്കുന്നു.

പ്രത്യക്ഷവസ്തുവാദത്തിൽ അറിവ് അനുഭവപരമായ ശാസ്ത്രീയവിജ്ഞാനം മാത്രമാകുന്നു. തത്വചിന്തയോ? അത് ശാസ്ത്രഭാഷയുടെയും രീതിശാസ്ത്രത്തിന്റെയും വിശകലനം മാത്രമായി ന്യൂനീകരിക്കപ്പെടുന്നു. ഇവയുടെ പരിണതഫലമെന്നോണം യുക്തിചിന്ത സാങ്കേതികനിയന്ത്രണത്തിലേക്കു ചുരുങ്ങുകയും വിമർശനാത്മകമായ സ്വയംപ്രതിഫലനം നിഹനിക്കപ്പെടുകയും തത്വചിന്തയുടെ വിമോചനപരമായ പങ്ക് നഷ്ടപ്പെട്ട് വിമർശത്തിനു പകരം ഒരു രീതിശാസ്ത്രമായി അതു മാറുകയും ചെയ്യുന്നു.

ഈ ദുരന്തത്തിനു പ്രതിവിധിയെന്നോ ബദലെന്നോ പറയാവുന്ന രീതിയിൽ അറിവ്- ഘടന താൽപര്യങ്ങളെ ഉണർത്തുന്ന ജ്ഞാനശാസ്ത്രത്തിന്റെ പുനർനിർമ്മാണം ഹേബർമാസ് നിർദ്ദേശിക്കുന്നു. അദ്ദേഹം മൂന്നു തരത്തിൽ അറിവുകളെ വേർതിരിക്കുന്നു: സാങ്കേതികമായ അറിവ് - പ്രകൃതിയെ നിയന്ത്രിക്കൽ (പ്രകൃതിശാസ്ത്രങ്ങൾ), പ്രായോഗികമായ അറിവ് - സാമൂഹിക ഇടപെടലുകളും മനസ്സിലാക്കലും (മാനവികശാസ്ത്രങ്ങൾ), വിമോചകാത്മകമായ അറിവ് - വിമർശാത്മക സ്വയംപ്രതിഫലനം (വിമർശാത്മക സിദ്ധാന്തം).

തത്വചിന്ത ശാസ്ത്രത്തെ വിശകലനം ചെയ്യുക മാത്രമല്ല, അറിവിന്റെ താൽപ്പര്യങ്ങളെ വിമർശാത്മകമായി പരിശോധിക്കുകയും വേണം. നാം പഠിക്കുന്നതിന്റെയും എങ്ങനെ പഠിക്കുന്നുവെന്നതിന്റെയും താൽപ്പര്യങ്ങളിൽ നിന്നാണ് അറിവ് വളരുന്നത്. ഈ ധാരണ പഴയകാലത്തെ ചുമടുകളെ ഇറക്കിവച്ച് ഹേബർമാസിന്റെ പിൽക്കാല ആശയവിനിമയപ്രവർത്തനസിദ്ധാന്തത്തിലേക്ക് എങ്ങനെ നയിക്കുന്നുവെന്നാണ് ഇനി നോക്കേണ്ടത്.

ഹേബർമാസ് മുന്നോട്ടുവയ്ക്കുന്ന, മുന്നേ സൂചിപ്പിച്ച അറിവ്-ഘടന താൽപ്പര്യങ്ങളെ ഓരോന്നായെടുത്തു പരിശോധിക്കാം.

1. സാങ്കേതികമായ അറിവിനുള്ള താൽപര്യം:

പ്രകൃതിയെക്കുറിച്ച് ഗ്രഹിക്കുന്നതിനും അതിനെ നിയന്ത്രിക്കുന്നതിനും ഭാവിയെ പ്രവചിക്കുന്നതിനുമാണ് സാങ്കേതികവിജ്ഞാനം താൽപ്പര്യപ്പെടുന്നത്. അനുഭവങ്ങളിലൂടെയും നിരീക്ഷണ-പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയും പ്രകൃതിയുടെ നിയമങ്ങൾ തേടുകയാണ് ഇതു ചെയ്യുന്നത്.

സാധാരണശാസ്ത്രങ്ങളായ ഭൗതികശാസ്ത്രം, ജീവശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയെല്ലാം ഈ താൽപ്പര്യങ്ങളെ വഹിക്കുന്നു. ഇവയെല്ലാം ആധുനികശാസ്ത്രവിപ്ലവത്തിൽ വേരൂന്നിയവയാണ്. ഫ്രാൻസിസ് ബേക്കനെ പോലുള്ള ചിന്തകരും പിൽക്കാല പ്രത്യക്ഷവാദികളുമാണ് ഇവയുടെ രീതിശാസ്ത്രം ചിട്ടപ്പെടുത്തിയത്. പ്രത്യക്ഷവസ്തുവാദം ആധിപത്യം സ്ഥാപിക്കുന്നതോടെ ഈ സാങ്കേതികതാൽപ്പര്യം എല്ലാ അറിവുകൾക്കും സാമൂഹികജീവിതത്തിനു പോലും മാതൃകയും രീതിശാസ്ത്രവുമായി മാറുന്നു. ഇത് അപകടകരമായ സ്ഥിതിയാണെന്ന് ഹേബർമാസ് കാണുന്നു.

2. പ്രായോഗികമായ അറിവിനുള്ള താൽപര്യം:

മനുഷ്യർ തമ്മിൽ തമ്മിലും പ്രകൃതിയോടും നടത്തുന്ന ആശയവിനിമയത്തിൽ നിന്നും ഇടപെടലുകളിൽ നിന്നുമാണ് ഈ താൽപര്യം ഉണ്ടാകുന്നത്. മനുഷ്യർ പ്രകൃതിയെ നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്, അവ പരസ്പരം മനസ്സിലാക്കുകയും വേണം. അർത്ഥത്തിന്റെ വ്യാഖ്യാനം, സാംസ്കാരികപാരമ്പര്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യം, ചരിത്രം, ഹെർമെന്യൂട്ടിക്‌സ്, സാംസ്കാരിക പഠനങ്ങൾ, നരവംശശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങൾക്കിടയിലെ ആശയവിനിമയങ്ങൾ എന്നിവയിലൂടെയെല്ലാം സാമൂഹികജീവിതത്തിൽ പരസ്പരധാരണ കൈവരിക്കുന്നതിനാണ് ഇതു ലക്ഷ്യമാക്കുന്നത്. ഹേബർമാസ് ഇതിനെ വ്യാഖ്യാനാത്മകജ്ഞാനം എന്നു വിളിക്കുന്നു. സാങ്കേതികമായ അറിവിൽ നിന്നു വ്യത്യസ്തമായി ഇത് വസ്തുക്കളെ നിയന്ത്രിക്കുന്നില്ല, മറിച്ച് അർത്ഥങ്ങളെ വ്യാഖ്യാനിക്കുന്നു.

3. വിമോചനാത്മകമായ അറിവിനുള്ള താൽപര്യം:

ഹേബർമാസിൽ മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായി കാണുന്ന ഒരു ഘടകമാണിത്. ആധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിലും മനുഷ്യർക്ക് താൽപ്പര്യമുണ്ടെന്ന് ഹേബർമാസ് പറയുന്നു. ഈ താൽപ്പര്യത്തിൻറെ സ്വഭാവങ്ങൾ വിമർശാത്മകമായ സ്വയംപ്രതിഫലനം, പ്രത്യയശാസ്ത്രത്തിൻറെ വിശകലനം, ദമിതമായ അധികാരബന്ധങ്ങളെ വെളിപ്പെടുത്തൽ എന്നിവയാണ്. കാൾ മാർക്സ്, സിഗ്മണ്ട് ഫ്രോയിഡ് എന്നിവർ ഈ താൽപ്പര്യത്തിൻറെ പ്രധാന ബൗദ്ധികസ്വാധീനങ്ങളാണ്. മാർക്സ് മുതലാളിത്തചൂഷണത്തെ വിമർശിക്കുന്നതും ഫ്രോയിഡ് അടിച്ചമർത്തൽ അബോധപരമായി പെരുമാറ്റത്തെ രൂപപ്പെടുത്തുന്നതിനെ കുറിച്ചു പറയുന്നതും ഉദാഹരണങ്ങളായി പറയാം. വികലബോധത്തിൽ നിന്നും സാമൂഹികാധിപത്യത്തിൽ നിന്നുമുള്ള മോചനമാണ് ഹേബർമാസിൻറെ വിമർശാത്മകസിദ്ധാന്തത്തിന്റെ അടിസ്ഥാനം.

സിഗ്മണ്ട് ഫ്രോയിഡ്
സിഗ്മണ്ട് ഫ്രോയിഡ്

ഹേബർമാസ് പ്രത്യക്ഷവസ്തുവാദത്തിന്റെ വിമർശകനാണെന്നു പറഞ്ഞല്ലോ, പോസിറ്റിവിസം ശാസ്ത്രീയമായ അറിവിനെ മാത്രമേ സാധുവായ അറിവായി കണക്കാക്കുന്നുള്ളൂ. അറിവ് അനുഭവപരമായി പരിശോധിക്കാവുന്നതും മൂല്യരഹിതവും താൽപ്പര്യരഹിതവും ആയിരിക്കണമെന്നു നിഷ്ക്കർഷിക്കുന്ന പ്രത്യക്ഷവസ്തുവാദം ശാസ്ത്രം നിഷ്പക്ഷ (Neutral) മാണെന്ന് പറയുന്നു. ഹേബർമാസ് വിയോജിക്കുന്നു. ശാസ്ത്രത്തെ താൽപ്പര്യങ്ങൾ നയിക്കുന്നുണ്ടെന്നും സാമൂഹികശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രരീതികളിലേക്കു ചുരുക്കാൻ കഴിയില്ലെന്നും വിമോചനത്തിന് വിമർശാത്മകപ്രതിഫലനം ആവശ്യമാണെന്നും പോസിറ്റിവിസം നിഷ്പക്ഷത (Neutrality) അവകാശപ്പെടുമ്പോൾ തന്നെ സ്വന്തം താൽപ്പര്യങ്ങളെ മറയ്ക്കുന്നുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

അദ്ദേഹത്തിന്റെ അറിവ്- ഘടന താൽപര്യങ്ങളെ കുറിച്ചുള്ള സിദ്ധാന്തത്തിന് പോലും ആഴത്തിലുള്ള അടിത്തറ ആവശ്യമാണെന്ന് ഹേബർമാസ് തിരിച്ചറിയുന്നുണ്ട്. ഈ അടിത്തറ ആശയവിനിമയമാണ്. ആശയവിനിമയപ്രവർത്തനസിദ്ധാന്തം രൂപീകരിക്കുന്നതിലേക്കു ഹേബർമാസിനെ നയിക്കുന്നത് ഇതാണ്. മനുഷ്യസമൂഹം പ്രധാനമായും രണ്ടുതരം യുക്തി കൊണ്ടു നിർമ്മിതമാണെന്ന് ഹേബർമാസ് വാദിക്കുന്നു. ആദ്യത്തേത്, സാങ്കേതികവിദ്യയും ബ്യൂറോക്രസിയും വിപണികളും ഭരണവ്യവസ്ഥയും പിന്തുടരുന്ന ആധിപത്യയുക്തിയാണ്. രണ്ടാമത്തേത്, ഭാഷയിലൂടെയുള്ള പരസ്പരധാരണയുടെ യുക്തിയാണ്. ആശയവിനിമയയുക്തി. നിയന്ത്രിക്കുന്നതിനുപകരം പങ്കെടുക്കുന്നവരെ ഒരു പൊതുസമ്മതത്തിലെത്താൻ സഹായിക്കുന്നതാണിത്. ആശയവിനിമയത്തിൽ അവകാശവാദങ്ങൾ, ലോകത്തെക്കുറിച്ചുള്ള ധാരണകൾ, ഉദ്ദേശ്യലക്ഷ്യങ്ങൾ എല്ലാം വെളിപ്പെടുന്നതാണ്. ആശയവിനിമയയുക്തി കൊണ്ട് ഇവയെയെല്ലാം വിമർശിക്കാനോ ന്യായീകരിക്കാനോ കഴിയും. ഹേബർമാസ് രണ്ടു മേഖലകളിലൂടെ ആധുനിക സമൂഹത്തെ വിശദീകരിക്കുന്നു - ജീവലോകവും (Life World) വ്യവസ്ഥയും (System). ജീവലോകം സംസ്കാരത്തിന്റെയും ദൈനംദിന ആശയവിനിമയത്തിന്റെയും അർത്ഥങ്ങളുടെയും സാമൂഹികസംയോജനത്തിന്റെയും മേഖലയാണ്.

ഇത് ആശയവിനിമയപ്രവർത്തനത്തിലൂടെ നിരന്തരം പുനർനിർമ്മിക്കപ്പെടുന്നു. വിപണിസമ്പദ്‌വ്യവസ്ഥയും ഉദ്യോഗസ്ഥമേധാവിത്വവും ഭരണകൂടവും വ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഇത് ആശയവിനിമയത്തിലെന്നതിലുപരി ധനത്തിലൂടെയും ആധിപത്യത്തിലൂടെയും മറ്റും പ്രവർത്തിക്കുന്നു.

ആധുനിക സമൂഹങ്ങൾ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുവെന്ന് ഹേബർമാസ് പറയുന്നു. ഉപകരണാത്മകയുക്തിബോധം വികസിക്കുകയും അത് ജീവലോകത്തെ ആക്രമിക്കുകയും ചെയ്യുന്നു. ദൈനംദിനജീവിതത്തിന്റെ വാണിജ്യവൽക്കരണം, സാമൂഹികബന്ധങ്ങളുടെ മേലുള്ള ഉദ്യോഗസ്ഥ നിയന്ത്രണം എന്നിങ്ങനെയെല്ലാം ഇതു പ്രത്യക്ഷമാകുന്നു. ഹേബർമാസ് ഈ പ്രക്രിയയെ ജീവിതലോകത്തിന്റെ കോളനിവൽക്കരണം എന്നു വിളിക്കുന്നു. അർത്ഥനഷ്ടവും സാമൂഹികമായ അന്യവൽക്കരണവും ജനാധിപത്യപ്രതിസന്ധിയും ഇതിന്റെ ലക്ഷണങ്ങളാണ്.

ആശയവിനിമയജനാധിപത്യമാണ് ഇതിനു പരിഹാരമെന്ന് ഹേബർമാസ് കാണുന്നു. ജനാധിപത്യം യുക്തിസഹമായ പൊതുചർച്ചയിൽ അധിഷ്ഠിതമായിരിക്കണമെന്ന് ഹേബർമാസ് വിശ്വസിക്കുന്നു. ഇമ്മാനുവൽ കാന്റിന്റെയും ജ്ഞാനോദയത്തിന്റെയും ആദർശങ്ങളുടെ സ്വാധീനമുള്ള അദ്ദേഹം സ്വതന്ത്രവും യുക്തിസഹവുമായ വ്യവഹാരത്തിൽ നിന്നാണ് നിയമസാധുത ഉണ്ടാകുന്നതെന്നു വാദിക്കുന്നു. പൗരന്മാർ പൊതുചർച്ചകളിൽ പങ്കെടുക്കണം. ആശയവിനിമയത്തിലൂടെയാണ് എന്തും ന്യായീകരിക്കപ്പെടേണ്ടത്. ആധിപത്യമല്ല, ആശയവിനിമയമാണ് കൂട്ടായ തീരുമാനങ്ങളെ നയിക്കുന്നതെന്ന ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്.

 ഇമ്മാനുവൽ കാന്റിൽ നിന്നും യുക്തിയുടെ പ്രയോഗത്തിൽ ഊന്നുന്ന ജ്ഞാനോദയത്തിന്റെ ആശയവും കാൾ മാർക്‌സിന്റെ പ്രത്യയശാസ്ത്രത്തിന്റെയും അധികാരത്തിന്റെയും വിമർശവും ഹേബർമാസ് സ്വീകരിച്ചു.
ഇമ്മാനുവൽ കാന്റിൽ നിന്നും യുക്തിയുടെ പ്രയോഗത്തിൽ ഊന്നുന്ന ജ്ഞാനോദയത്തിന്റെ ആശയവും കാൾ മാർക്‌സിന്റെ പ്രത്യയശാസ്ത്രത്തിന്റെയും അധികാരത്തിന്റെയും വിമർശവും ഹേബർമാസ് സ്വീകരിച്ചു.

ജർഗൻ ഹേബർമാസിന്റെ പിൽക്കാല തത്വചിന്ത അദ്ദേഹം ഏർപ്പെടുന്ന രണ്ടു ധൈഷണികപോരാട്ടങ്ങളിലൂടെ കൂടുതൽ വ്യക്തമാകും. ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ പുനർനിർമ്മാണവും മിഷേൽ ഫൂക്കോ, ജാക്വസ് ദെറിദ തുടങ്ങിയ ഘടനാവാദാനന്തരചിന്തകരുമായുള്ള അദ്ദേഹത്തിന്റെ സംവാദങ്ങളുമാണ് ഉദ്ദേശിക്കുന്നത്. യുക്തിക്ക് ഇപ്പോഴും ആധുനികസമൂഹത്തിൽ വിമർശത്തെയും വിമോചനത്തെയും അടിസ്ഥാനപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയാണ് രണ്ടു സംവാദങ്ങളും രൂപപ്പെട്ടത്.

1. ഹേബർമാസും ഫ്രാങ്ക്ഫർട്ട് സ്കൂളിന്റെ പുനർനിർമ്മാണവും:

ഫ്രാങ്ക്ഫർട്ട് സ്കൂൾ സാമൂഹികഗവേഷണവുമായി ബന്ധപ്പെട്ട വിമർശനാത്മക സൈദ്ധാന്തികരുടെ ഒരു കൂട്ടമായിരുന്നു. അതിലെ ഏറ്റവും സ്വാധീനമുള്ള ആദ്യകാലചിന്തകർ മാക്സ് ഹോർക്ക്ഹൈമറും തിയോഡോർ അഡോർണോയുമായിരുന്നു. അവരുടെ പ്രശസ്ത കൃതിയായ ജ്ഞാനോദയത്തിന്റെ വൈരുദ്ധ്യശാസ്ത്രം (Dialectic of Enlightenment) ആധുനികതയുടെ ഇരുണ്ട രോഗനിർണ്ണയം അവതരിപ്പിച്ചു. ജ്ഞാനോദയയുക്തി ആധിപത്യമായി മാറിയെന്ന് ഹോർക്ക്ഹൈമറും അഡോർണോയും വാദിച്ചു. യുക്തി ഉപകരണമായിരിക്കുന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും നിയന്ത്രണത്തിനുള്ള ഉപകരണങ്ങളായി മാറുന്നു. ബഹുജനസംസ്കാരം 'വ്യക്തി'കളെ നിഹനിക്കുന്നു. മുതലാളിത്തവും ഉദ്യോഗസ്ഥമേധാവിത്വവും സാമൂഹികാധിപത്യം സൃഷ്ടിക്കുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ജ്ഞാനോദയവാഗ്ദാനം പല തരത്തിലുള്ള അടിച്ചമർത്തലുകളിലേക്ക് നയിക്കപ്പെട്ട് തകർന്നുവീഴുന്നു.

തന്റെ മുൻഗാമികളുടെ വിമർശനം ശക്തമാണെങ്കിലും വളരെ അശുഭാപ്തിവിശ്വാസമുള്ളതാണെന്ന് ഹേബർമാസ് കരുതി. അവർ എല്ലാ യുക്തിയെയും ഉപകരണാത്മകയുക്തിയായി കാണുന്നു എന്ന പ്രശ്നം അദ്ദേഹം മുന്നോട്ടുവച്ചു. യുക്തി തന്നെ ആധിപത്യമാണെങ്കിൽ വിമർശം അസാദ്ധ്യമാകുമെന്ന് പറഞ്ഞു. ഇവിടെ, തത്വചിന്ത അതിന്റെ മാനദണ്ഡങ്ങളെ നഷ്ടപ്പെടുത്തുന്നു. ജ്ഞാനോദയപദ്ധതിയെ രക്ഷിക്കാൻ ഹേബർമാസ് ശ്രമിക്കുന്നു. യുക്തിബോധത്തിന്റെ രണ്ടു രൂപങ്ങളെ വേർതിരിച്ചറിയുക എന്നതാണ് പരിഹാരമെന്ന് ഹേബർമാസ് നിഗമിക്കുന്നു. ഉപകരണാത്മകയുക്തിബോധം കാര്യക്ഷമതയും നിയന്ത്രണവും ലക്ഷ്യമാക്കുന്നു. സാങ്കേതികവിദ്യയിലും സാമ്പത്തിക ശാസ്ത്രത്തിലും പ്രവർത്തിക്കുന്ന ഈ യുക്തി ആധിപത്യമനോഭാവം പുലർത്തുന്നതാണ്. എന്നാൽ, ആശയവിനിമയ യുക്തിബോധം പരസ്പര ധാരണയെ ലക്ഷ്യം വച്ചുള്ളതാണ്. ഭാഷയിലും സംഭാഷണത്തിലും അധിഷ്ഠിതമാണ്. ഈ ആശയമാണ് അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ കാതലായി മാറുന്നത്.

ആശയവിനിമയഇടപെടലിൽ, മനുഷ്യർക്ക് സത്യം, ശരി, ആത്മാർത്ഥത എന്നിവയെ സാധൂകരിക്കാനും അവകാശവാദങ്ങൾ ഉന്നയിക്കാനും യുക്തിസഹമായി വിമർശിക്കാനും പ്രതിരോധിക്കാനും കഴിയും. ആശയവിനിമയപ്രവർത്തന സിദ്ധാന്തപ്രകാരം യുക്തി എപ്പോഴും ആശയവിനിമയത്തിലൂടെ ഒരു വിമോചനസാദ്ധ്യതയെ ഉൾക്കൊള്ളുന്നുണ്ട്.

2. ഹേബർമാസും ഫൂക്കോയും

മിഷേൽ ഫൂക്കോ അറിവിനെയും അധികാരത്തെയും ബന്ധിപ്പിക്കുന്ന ശക്തമായ വിശകലനങ്ങൾ മുന്നോട്ടുവച്ച തത്ത്വചിന്തകനാണ്. അറിവും അധികാരവും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. ആധുനികശാസ്ത്രവും സാങ്കേതികവിദ്യയും നിയന്ത്രണ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലൂടെ അധികാരത്തോടൊപ്പം ചേർന്നിരിക്കുന്നു. ജയിലുകൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ അച്ചടക്കമുള്ള ജനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ജാക്വസ് ദെറിദ, മിഷേൽ ഫൂക്കോ
ജാക്വസ് ദെറിദ, മിഷേൽ ഫൂക്കോ

ഫൂക്കോ ആധിപത്യത്തിന്റെ പ്രധാന സംവിധാനങ്ങളെ തുറന്നുകാട്ടിയെന്നു തന്നെ ഹേബർമാസ് വിശ്വസിക്കുന്നു. എന്നാൽ അദ്ദേഹം ഗുരുതരമായ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുന്നു. എല്ലാ അറിവും അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയുന്ന ഫൂക്കോ അധികാരത്തെയും വിമർശിക്കുന്നുണ്ടല്ലോ? യുക്തി തന്നെ ഒരു അധികാരപ്രഭാവമാണെങ്കിൽ, ഏത് മാനദണ്ഡത്തിലാണ് ഫൂക്കോ ആധിപത്യത്തെ വിമർശിക്കുന്നതെന്ന് ഹേബർമാസ് ചോദിക്കുന്നു. വിമർശത്തിന്റെ യുക്തിസഹമായ അടിത്തറയെ നിഷേധിക്കുന്നതിനാണ് ഫൂക്കോ വിമർശത്തെ ഉപയോഗിക്കുന്നതെന്ന് ഹേബർമാസ് വിമർശിക്കുന്നു. ഇതിനെ ഹേബർമാസ് പ്രകടനവൈരുദ്ധ്യം (Performative Contradiction) എന്നു വിളിക്കുന്നു. “A performative contradiction arises when the content contradicts the act of asserting it.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിമർശാത്മക സിദ്ധാന്തത്തിന് ചില അടിസ്ഥാന മാനദണ്ഡങ്ങൾ ആവശ്യമാണെന്ന് ഹേബർമാസ് വാദിക്കുന്നു. അത് ആശയവിനിമയയുക്തിയിൽ അദ്ദേഹം കണ്ടെത്തുന്നു.

3. ഹേബർമാസും ദെറിദയും

ഫ്രഞ്ച് ചിന്തയിലെ മറ്റൊരു ദിശയെയാണ്; അപനിർമ്മാണത്തെയാണ്, ജാക്വസ് ദെറിദ പ്രതിനിധീകരിക്കുന്നത്: ഭാഷയിൽ ആന്തരികമായ അസ്ഥിരതയുണ്ടെന്നും അർത്ഥം എപ്പോഴും മാറ്റിവയ്ക്കപ്പെടുന്നുവെന്നും ദാർശനികസംവിധാനങ്ങൾ മറഞ്ഞിരിക്കുന്ന ശ്രേണികളെ ആശ്രയിക്കുന്നുവെന്നും ദെറിദ വാദിച്ചിരുന്നു. വാക്കിൻറെ അർത്ഥം അനന്തമായ വ്യത്യാസത്തിലൂടെയും തെന്നിമാറലിലൂടെയും മാറ്റിവയ്ക്കലിലൂടെയും ഉയർന്നുവരുന്നുവെന്നതാണ് ദെറിദയുടെ പ്രധാന ആശയങ്ങളിലൊന്ന്. ദെറിദയുടെ അപനിർമ്മാണം സമൂലമായ ആപേക്ഷികതയിലേക്കു നയിക്കുമെന്ന് ഹേബർമാസ് ആശങ്കപ്പെടുന്നു. അർത്ഥം അനന്തമായി അസ്ഥിരമാണെങ്കിൽ യുക്തിപരമായ വാദം അസാദ്ധ്യമാകും. സമവായങ്ങൾ അർത്ഥശൂന്യമാകും. ആശയവിനിമയത്തിന് അപൂർണ്ണമാണെങ്കിൽ പോലും യുക്തിസഹമായ പൊതുസമ്മതം കൈവരിക്കാൻ കഴിയുമെന്ന ആശയത്തെ ഹേബർമാസ് പ്രതിരോധിക്കുന്നു. അങ്ങനെ ആധുനികത തീർന്നുപോയിട്ടില്ലെന്നും പൂർത്തിയാകാത്ത ഒരു പദ്ധതി (An Incomplete Project)യാണെന്നും അദ്ദേഹം വാദിക്കുന്നു.

ഉപകരണാത്മകയുക്തി ആധിപത്യം പുലർത്തിയതിനാൽ ജ്ഞാനോദയ പദ്ധതി ഭാഗികമായി പരാജയപ്പെട്ടു. പക്ഷേ, അതിനുള്ള പരിഹാരം യുക്തിയെ ഉപേക്ഷിക്കുകയല്ല. നാം ആശയവിനിമയയുക്തിയും ജനാധിപത്യത്തിൻറെ വ്യവഹാരങ്ങളും ശക്തിപ്പെടുത്തണം. യുക്തിസഹമായ ആശയവിനിമയം വിമർശത്തെ അടിസ്ഥാനമുള്ളതാക്കും. ഭാഷയിൽ തന്നെ യുക്തിസഹമായ സമ്മതത്തിന്റെ സാദ്ധ്യത അടങ്ങിയിരിക്കുന്നുവെന്ന് ഹേബർമാസ് വിശ്വസിക്കുന്നു. നാം വാദിക്കുമ്പോഴെല്ലാം യുക്തിയുടെ നിയമങ്ങൾ പരോക്ഷമായി അംഗീകരിക്കുന്നു. ആ നിയമങ്ങൾ ജനാധിപത്യത്തിന്റെയും വിമർശത്തിന്റെയും അടിസ്ഥാനമായി മാറുന്നു.

പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനത്തിൽ ആധുനികജനാധിപത്യവുമായും പൊതുമണ്ഡലവുമായും ഹേബർമാസ് ആശയവിനിമയ പ്രവർത്തനത്തെ എങ്ങനെ ബന്ധിപ്പിക്കുന്നു?

ജർഗൻ ഹേബർമാസിന്റെ "പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനം" (The structural transformatoion of public sphere - An Inquiry into a category of Bourgeois Society) എന്ന പുസ്തകം ആധുനിക രാഷ്ട്രീയ, സാമൂഹികസിദ്ധാന്തത്തിലെ ഏറ്റവും സ്വാധീനമുള്ള കൃതികളിലൊന്നാണ്. ഇതിൽ, ജനാധിപത്യത്തെ കുറിച്ചുള്ള പൊതുചർച്ച ചരിത്രപരമായി എങ്ങനെ ഉയർന്നുവന്നുവെന്നും ആധുനികമുതലാളിത്തത്തിന്റെയും ബഹുജനമാദ്ധ്യമങ്ങളുടെയും കീഴിൽ അത് പിന്നീട് എങ്ങനെ ഇടിഞ്ഞുപോയെന്നും ഹേബർമാസ് പഠിക്കുന്നു. സജീവമായ പൗരജനസംഭാഷണങ്ങളിൽ നിന്ന് കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടതും ആസൂത്രിതമായി മെരുക്കിയതുമായ വേദികളിലേക്ക് എങ്ങനെ മാറിയെന്നതിന്റെ ഒരു ചരിത്രരേഖയായി ഇതിനെ കാണാൻ കഴിയും. ഹേബർമാസിന്റെ നിർവ്വചനത്തിൽ പൊതുമണ്ഡലം എന്ന സംവർഗം വ്യക്തികൾ ഒത്തുചേരുന്ന ഒരു സാമൂഹിക ഇടമാണ്. അവിടെ പൊതുതാൽപര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനും കഴിയും. തുറന്ന ചർച്ചയും യുക്തിസഹമായ സംവാദവും ഭരണകൂടത്തിൽ നിന്നും വിപണിയിൽ നിന്നും ഉള്ള സ്വാതന്ത്ര്യവും പൊതുമണ്ഡലത്തിന്റെ സവിശേഷതകളാണ്. ഇവിടെ വാദങ്ങൾ വിജയിക്കേണ്ടത് അവ ന്യായയുക്തമായതുകൊണ്ടാണ്, ഒരാൾക്ക് സമ്പത്തോ അധികാരമോ ഉള്ളതുകൊണ്ടല്ല. ജനാധിപത്യപരമായ നിയമസാധുതയ്ക്ക് ഈ മേഖല അനിവാര്യമാണെന്ന് ഹേബർമാസ് വിശ്വസിച്ചു.

 ഹേബർമാസിന്റെ നിർവ്വചനത്തിൽ പൊതുമണ്ഡലം എന്ന സംവർഗം വ്യക്തികൾ ഒത്തുചേരുന്ന ഒരു സാമൂഹിക ഇടമാണ്. അവിടെ പൊതുതാൽപര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനും കഴിയും. തുറന്ന ചർച്ചയും യുക്തിസഹമായ സംവാദവും ഭരണകൂടത്തിൽ നിന്നും വിപണിയിൽ നിന്നും ഉള്ള സ്വാതന്ത്ര്യവും പൊതുമണ്ഡലത്തിന്റെ സവിശേഷതകളാണ്.
ഹേബർമാസിന്റെ നിർവ്വചനത്തിൽ പൊതുമണ്ഡലം എന്ന സംവർഗം വ്യക്തികൾ ഒത്തുചേരുന്ന ഒരു സാമൂഹിക ഇടമാണ്. അവിടെ പൊതുതാൽപര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനും കഴിയും. തുറന്ന ചർച്ചയും യുക്തിസഹമായ സംവാദവും ഭരണകൂടത്തിൽ നിന്നും വിപണിയിൽ നിന്നും ഉള്ള സ്വാതന്ത്ര്യവും പൊതുമണ്ഡലത്തിന്റെ സവിശേഷതകളാണ്.

18-ാം നൂറ്റാണ്ടിലെ യൂറോപ്പിൽ ആധുനിക പൊതുമണ്ഡലത്തിന്റെ ആവിർഭാവത്തെ ഹേബർമാസ് കണ്ടെത്തുന്നു. കോഫി ഹൗസുകൾ, സാഹിത്യകൂട്ടായ്മകൾ, വായനാസമൂഹങ്ങൾ എന്നിവ പൊതുമണ്ഡലത്തിൻറെ പ്രധാന സ്ഥലങ്ങളായിരുന്നു. ലണ്ടൻ, പാരീസ്, ബെർലിൻ തുടങ്ങിയ നഗരങ്ങളിൽ ഇവ സാധാരണമായിരുന്നു. രാജകീയാധികാരത്തിന് പുറത്ത് സാഹിത്യം, രാഷ്ട്രീയം, തത്ത്വചിന്ത എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ പൗരന്മാരെ ഈ സ്ഥലങ്ങൾ അനുവദിച്ചു. അച്ചടിസംസ്കാരത്തിന്റെ വളർച്ചയും നിർണായകമായിരുന്നു. പത്രങ്ങളും ജേണലുകളും സമൂഹത്തിലുടനീളം ചർച്ചാശൃംഖലകൾ സൃഷ്ടിച്ചു. ഹേബർമാസ് ഈ ആദ്യകാലരൂപത്തെ ബൂർഷ്വാ പൊതുമണ്ഡലം എന്നാണ് വിളിക്കുന്നത്. ആദ്യകാലമുതലാളിത്തത്തിൽ സമൂഹത്തിൽ ഉയർന്നുവന്ന മദ്ധ്യവർഗത്തെയാണ് ബൂർഷ്വാ എന്ന വാക്കു കൊണ്ടു സൂചിപ്പിക്കുന്നത്.

പൊതു വിഷയങ്ങൾ ചർച്ച ചെയ്യുന്ന സ്വകാര്യവ്യക്തികൾ, രാഷ്ട്രീയാധികാരത്തെക്കുറിച്ചുള്ള യുക്തിസഹമായ വിമർശനം, പൊതുജനാഭിപ്രായത്തിന്റെ വളർച്ച, പാർലമെന്ററി രാഷ്ട്രീയത്തിൽ സ്വാധീനം എന്നിവയെല്ലാം ഈ പൊതുമണ്ഡലത്തിൻറെ സ്വഭാവസവിശേഷതകളായിരുന്നു. പൗരന്മാർക്ക് സർക്കാർ തീരുമാനങ്ങൾ ചർച്ച ചെയ്യാനും യുക്തിസഹമായ വാദങ്ങൾ ഉപയോഗിച്ച് ഭരണാധികാരികളെ വിമർശിക്കാനും കഴിയും. ഭരണഘടനയനുസരിച്ചു പ്രവർത്തിക്കുന്ന സർക്കാരിന്റെയും ആധുനികജനാധിപത്യത്തിന്റെയും ഉദയവുമായി ഇത് ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുമണ്ഡലത്തിന്റെ ഒരു വ്യവസ്ഥ രാഷ്ട്രവും സമൂഹവും തമ്മിലുള്ള വ്യത്യാസമായിരുന്നു. ഇത് പൊതുജനാഭിപ്രായമെന്ന പുതിയ രാഷ്ട്രീയശക്തിയെ സൃഷ്ടിച്ചു. പൊതുമണ്ഡലത്തിൽ നിൽക്കുന്ന പൗരന്മാർക്ക് ഭരണത്തെയും ഭരണകൂടത്തെയും വിമർശിക്കാൻ കഴിയും.

20-ാം നൂറ്റാണ്ടിൽ ക്ലാസിക്കൽ പൊതുമണ്ഡലം ക്ഷയിക്കാൻ തുടങ്ങിയെന്ന് ഹേബർമാസ് വാദിക്കുന്നു.

നിരവധി ഘടനാപരമായ മാറ്റങ്ങൾ ഇതിന് കാരണമായി. ബഹുജനമാദ്ധ്യമങ്ങളുടെ ഉദയവും പത്രങ്ങൾ വലിയ വാണിജ്യ ബിസിനസുകളായി മാറിയതും റേഡിയോ, ടെലിവിഷൻ പോലുള്ള പിൽക്കാല മാദ്ധ്യമ രൂപങ്ങൾ ആശയവിനിമയത്തെ സംഭാഷണത്തിനുപകരം വൺ-വേ പ്രക്ഷേപണമാക്കി മാറ്റിയതും ഇതിനു കാരണമായി. പൗരർ ചർച്ചയുടെ കാഴ്ചക്കാരായി മാറി. സംസ്കാരത്തിന്റെ വാണിജ്യവൽക്കരണം വ്യാപകമായി.

സംസ്കാരം കൂടുതൽ കൂടുതൽ ചരക്കായി. വിമർശാത്മകചർച്ചയ്ക്കു പകരം, മാദ്ധ്യമങ്ങൾ വിനോദവും ഉപഭോക്തൃസംസ്കാരവും സൃഷ്ടിക്കാൻ തുടങ്ങി. പൊതുചർച്ച പരസ്യവും വിപണനവുമായി ഇടകലർന്നു. ഭരണകൂടത്തിന്റെ വികാസമായിരുന്നു മറ്റൊന്ന്. ആധുനികക്ഷേമരാഷ്ട്രങ്ങൾ സമൂഹത്തിൽ കൂടുതൽ ആഴത്തിൽ ഇടപെട്ടു. രാഷ്ട്രീയപാർട്ടികളും ഉദ്യോഗസ്ഥവൃന്ദങ്ങളും പൊതുജനാഭിപ്രായം കൈകാര്യം ചെയ്യാൻ തുടങ്ങി. ഹേബർമാസ് ഇതിനെ പുനർനാടുവാഴിത്തവൽക്കരണം (Refeudalization) എന്നാണ് വിളിച്ചത്. രാജാക്കന്മാരും പ്രഭുക്കന്മാരും ചടങ്ങുകളിലൂടെയും കാഴ്ചകളിലൂടെയും പരസ്യമായി അധികാരം പ്രദർശിപ്പിച്ചിരുന്നതിനു സമാനമായ കാഴ്ചകൾ പൊതുമണ്ഡലത്തിന് പുനർനാടുവാഴിത്തവൽക്കരണം സംഭവിച്ച കാലത്തെ രാഷ്ട്രീയപ്രവർത്തനങ്ങളിൽ കാണാൻ കഴിയും. രാഷ്ട്രീയപ്രചാരണ കാമ്പയിനുകളിലും കോർപറേറ്റ് പൊതുസമ്പർക്ക പരിപാടികളിലും മാദ്ധ്യമ പരിപാടികളിലും ഇതു കാണാം. യുക്തിസഹമായ ചർച്ചയ്ക്കു പകരം, പൊതുമണ്ഡലം പ്രതിച്ഛായാനിർമ്മാണത്തിനുള്ള വേദിയായി മാറുന്നു. പൗരന്മാർ പങ്കാളികളാകുന്നതിനുപകരം പ്രേക്ഷകരായി മാറുന്നു. ജനാധിപത്യത്തിന് പ്രവർത്തനക്ഷമമായ ഒരു പൊതുമണ്ഡലം ആവശ്യമാണെന്ന് ഹേബർമാസ് വാദിക്കുന്നു, അവിടെ പൗരന്മാർക്ക് സ്വതന്ത്രമായി വിഷയങ്ങൾ ചർച്ച ചെയ്യാൻ കഴിയണം. വ്യത്യസ്ത അഭിപ്രായങ്ങളെ വിമർശാത്മകമായി പരിശോധിക്കാൻ കഴിയണം. പൊതുജനാഭിപ്രായങ്ങൾക്ക് രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയണം. അത്തരമൊരു പൊതുമണ്ഡലമില്ലാത്ത ജനാധിപത്യം വെറും ഔപചാരികവും ഉള്ളുപൊള്ളയും ആയി മാറിത്തീരുന്നു. വോട്ടിംഗ് മാത്രം പോരെന്ന് ജനാധിപത്യപരമായ നിയമസാധുതയ്ക്ക് തുടർച്ചയായ പൊതുചർച്ച ആവശ്യമാണെന്ന് ഹേബർമാസ് കരുതുന്നു. ഹേബർമാസ് പൊതുമണ്ഡലത്തെ തന്റെ ആശയവിനിമയയുക്തിയുടെ സിദ്ധാന്തവുമായി ബന്ധിപ്പിക്കുന്നു. ആരോഗ്യകരമായ ജനാധിപത്യ സമൂഹങ്ങൾ സ്വയം ഗ്രഹിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആശയവിനിമയത്തെ ആശ്രയിച്ചിരിക്കുന്നു. പൊതുമണ്ഡലം ആശയവിനിമയയുക്തിയെ രാഷ്ട്രീയമായി പ്രവർത്തിപ്പിക്കുന്ന ഇടമായി മാറ്റുന്നു.

ഹേബർമാസ് ആധുനിക തത്വചിന്തയുടെ രണ്ടു മുൻകാലപാരമ്പര്യങ്ങളെ ബന്ധിപ്പിക്കുന്നുവെന്നു പറയണം. പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനത്തിനു കാരണമാകുന്ന ആഴത്തിലുള്ള ദാർശനിക അടിത്തറ സൃഷ്ടിക്കുന്നതിനായി ഇതിനെ ഉപയോഗിക്കുന്നു. ഇമ്മാനുവൽ കാന്റിൽ നിന്നും യുക്തിയുടെ പ്രയോഗത്തിൽ ഊന്നുന്ന ജ്ഞാനോദയത്തിന്റെ ആശയവും കാൾ മാർക്‌സിന്റെ പ്രത്യയശാസ്ത്രത്തിന്റെയും അധികാരത്തിന്റെയും വിമർശവും ഹേബർമാസ് സ്വീകരിച്ചു. കാന്റിന്റെ യുക്തിസഹമായ പൊതുസംവാദത്തെ മാർക്‌സിന്റെ സാമൂഹികവിമർശവുമായി സംയോജിപ്പിക്കാൻ ഹേബർമാസ് ശ്രമിച്ചു.

ഒരു പരീക്ഷണകാലത്തിന്റെ മഹാനായ തത്വചിന്തകന് ആദരം.


Summary: V Vijayakumar writes about German philosopher and social theorist Jurgen Habermas's contributions.


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും, നീർമാതളത്തിന്റെ പൂവ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments