മന്നത്തിനെയും ആനന്ദതീർഥനെയും
ഒരേ അനുസ്മരണത്തിൽ
ഒന്നിപ്പിക്കുന്ന ദേശാഭിമാനി സൂത്രം

ഇന്ത്യൻ സാമൂഹ്യഘടനയുടെ ഭാഗമായ ജാതിവ്യവസ്ഥയെ പൊളിച്ചുകളയാൻ നാരായണ ഗുരുവിനെയും അംബേദ്കറിനെയും പോലെ പ്രവർത്തിച്ചിരുന്ന അനന്ത ഷേണായി എന്ന ആനന്ദതീർത്ഥന്റെ ജീവിതവും ഇടപെടലുകളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഈ സന്ദർഭത്തിലാണ്, അദ്ദേഹത്തെക്കുറിച്ചുള്ള പലരുടെ ഓർമകൾ ചേർത്ത് വെച്ച "നിഷേധിയുടെ ആത്മശക്തി" എന്ന പേരിൽ ഒരു ഡോക്യു ഫിക്ഷൻ നിർമിച്ചിരിക്കുന്നത്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ വീണ്ടെടുക്കേണ്ടത്, സമകാലിക സന്ദർഭത്തിൽ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു, ഇ. ഉണ്ണികൃഷ്ണൻ.

പെരുന്ന ദേവീക്ഷേത്രം ദലിതർക്കും തുറന്നു കെടുക്കാൻ പ്രയത്നിക്കുന്നതിനിടയിൽ തോന്നിയ വെളിപാടാണ് മന്നത്തു പത്മനാഭപ്പിള്ളയുടെ ജാതി വാൽ മുറിച്ചത്. പക്ഷെ ആ വള്ളിത്തലപ്പ് പൊട്ടിത്തെഴുത്തതിലാണ് ആധുനിക ജാതി കേരളത്തിന്റെ സുവർണ്ണക്കൊടിപ്പടങ്ങൾ ചേർത്തു കെട്ടിയത്. സർ. സി.പി. കാരുണ്യപൂർവം അനുവദിച്ച പെരുന്നയിലെ ഇന്റർമീഡിയേറ്റ് കോളേജും മഹാത്മാ കോളേജും പഞ്ചാരഫാക്ടറിയും തൊട്ട് നൂറുകണക്കിന് സ്ഥാപനങ്ങൾ, പട്ടാഴി മുതൽ പനത്തടി വരെ അറ്റമില്ലാത്ത ഭൂസ്വത്തുക്കൾ തുടങ്ങിയവയൊക്കെ ആർജിച്ചുവെച്ച് നായർ സർവീസ് സൊസൈറ്റിയെ നായന്മാരുടെ മാത്രമായ പരസ്പരസഹായ സംഘടനയാക്കി മാറ്റിയ സമുദായ പരിഷ്കർത്താവു കൂടിയാണ് മന്നം. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിലും കൂടിയ ഉത്സാഹത്തിൽ അദ്ദേഹം ലോകത്തിലെ ആദ്യത്തെ ജനായത്ത കമ്യൂണിസ്റ്റ് സർക്കാരിനെ ഇളക്കിമറിച്ചിടാനുള്ള വിമോചനസമരത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.

മന്നം ജയന്തിയുമായി ബന്ധപ്പെട്ട്, ജനുവരി രണ്ടിന്, ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനം.
മന്നം ജയന്തിയുമായി ബന്ധപ്പെട്ട്, ജനുവരി രണ്ടിന്, ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനം.

മുപ്പതിലേറെ വർഷം നായർ സർവിസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച മന്നത്തിന്റെ പിറന്നാൾ ദിനം ആദ്യം നായന്മാർക്ക് മാത്രമായും പിന്നെ നാടിനൊട്ടാകെയും അവധിയായി പ്രഖ്യാപിക്കപ്പെട്ടു.

ജനുവരി രണ്ട് മന്നം ജയന്തി മാത്രമായിരുന്നില്ല. 119 വർഷം മുമ്പ് ഇതേദിവസം തലശ്ശേരിയിൽ അനന്ത ഷേണായി എന്ന ഒരു മനുഷ്യൻ കൂടി ജനിക്കുകയും കാലം അദ്ദേഹത്തെ സ്വാമി ആനന്ദതീർത്ഥനാക്കി മാറ്റുകയും ചെയ്തിരുന്നു. നാരായണഗുരുവിന്റെ അവസാനത്തെ ഈ നേർശിഷ്യൻ കണ്ടോത്തെ കുറുവടികൾ തല്ലിച്ചതച്ചിട്ട എ.കെ.ജിയെ പിൻപറ്റി പയ്യന്നൂരിലെത്തി ആദ്യം പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്തും പിന്നീട് മൂരിക്കൊവ്വലും ശ്രീനാരായണദർശനത്തിലൂന്നി ഗുരുകുലം സ്ഥാപിച്ചു. സ്വാമി ആനന്ദതീർത്ഥനെപ്പറ്റി എന്തുകൊണ്ടാണ് നവോത്ഥാനകേരളം വളരെ കുറച്ചുമാത്രം സംസാരിച്ചത്? ദേശാഭിമാനി പ്രസിദ്ധീകരിച്ച ജനുവരി രണ്ടിലെ ജന്മദിനത്തിലെ പതിവ് അനുസ്മരണലേഖനത്തിലൊന്നിൽ ഈ രണ്ടു മഹാന്മാരെയും ചേർത്തുവെച്ചതുകണ്ടു.

സ്വാമി ആനന്ദതീർത്ഥന്‍
സ്വാമി ആനന്ദതീർത്ഥന്‍

ഇന്ത്യൻ സാമൂഹ്യഘടനയുടെ ഭാഗമായിക്കഴിഞ്ഞ ജാതിവ്യവസ്ഥയെ പൊളിച്ചുകളയാൻ നാരായണ ഗുരുവിനെയും അംബേദ്കറിനെയും പോലെ പ്രവർത്തിച്ചിരുന്ന അനന്തഷേണായി എന്ന പോരാളിയെവിടെ?
ജാതിയുടെ വെള്ളിത്തട്ടിൽ ചവിട്ടിനിന്ന് സവർണ സാമ്രാജ്യം സ്ഥാപിച്ച് മുപ്പത് വർഷത്തോളം അതിന്റെ ഏകഛത്രപതിയായിരുന്ന മന്നമെവിടെ?

മുട്ടാർ നായർ സമ്മേളനത്തിൽ സമുദായാംഗങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന തീരുമാനപ്രകാരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ മന്നത്തിന്റെ സംഘടനയുടെ സ്ഥാപനങ്ങൾ കേരളം കവിഞ്ഞ് വളർന്ന് ഇവിടത്തെ വിദ്യാഭ്യാസനയങ്ങളെത്തന്നെ നിർണയിക്കാൻ തക്കവണ്ണം ബൃഹദാകാരം പൂണ്ടിരിക്കെയാണ്, സ്വാമി ആനന്ദതീർത്ഥൻ ഒരു ഗാന്ധിമാവിലും പൂർണകായ പ്രതിമയിലും ഓർമകൾ ജീവിക്കുന്ന ചിലരുടെ മനസിലും പയ്യന്നൂരിന്റെ ആശ്രമവട്ടത്തിൽ മാത്രവുമായി ഒതുങ്ങിയിരിക്കുന്നത്

‘ജാതിഭേദമില്ലാതെ സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണ്’ നാരായണ ഗുരുവാൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രങ്ങളെല്ലാം എന്നാണ് സങ്കല്പം. ഗുരു പ്രതിഷ്ഠിച്ച തലശ്ശേരി ജഗന്നാഥക്ഷേത്തിന്റെ വാർഷികത്സവത്തിന് 1977- ൽ പ്രഫ. നബീസ ഉമ്മാൾ പ്രസംഗിച്ചിരുന്നു, സെബാസ്റ്റ്യൻ വള്ളോപ്പള്ളിയും. ഇതേ തുടർന്ന് ആർ.എസ്. എസ് സ്വാധീനത്തിൽ ജ്ഞാനോദയയോഗം എന്ന പേരിൽ ഒരു "ക്ഷേത്രസംരക്ഷണസമിതി" രൂപീകരിക്കപ്പെടുകയും പ്രവേശനം ഹിന്ദുക്കൾക്ക് മാത്രം എന്ന ബോർഡ് അവർ സ്ഥാപിക്കുകയും ചെയ്തു. ഇത് ഗുരുദർശനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായികണ്ട് സ്വാമി ഇതിനെതിരായി 1978 ഫെബ്രുവരി 23 മുതൽ 26 വരെ ഉപവാസമനുഷ്ഠിച്ചു. പ്രവൃത്തിയിലെ ചടുലതയും വിട്ടുവീഴ്ചയില്ലായ്മയും ഗാന്ധിയൻ സമരമാർഗങ്ങളിലെ വിശ്വാസവും ഒത്തു ചേർന്ന സ്വാമിയെയാണ് യഥാർത്ഥത്തിൽ "ഗാന്ധിയൻ കമ്യൂണിസ്റ്റ്" എന്ന് വിളിക്കേണ്ടത്. ഇന്ത്യയിലെ അയിത്തജാതിക്കാരുടെ മോചനത്തിനായി വേണ്ടി വന്നാൽ ഒരു സായുധപോരാട്ടത്തിനും സ്വാമി ആനന്ദതീർത്ഥൻ നേതൃത്വം നല്കുമായിരുന്നു. ദലിതുകൾ സ്വയം സംഘടിച്ച നടത്തുന്ന ഒരു രാഷ്ട്രീയപ്പോരാട്ടത്തിനു മാത്രമേ ഇന്ത്യയിലെ ദലിതർ അഭിമുഖീകരിക്കുന്ന സാമ്പത്തിക സാംസ്കാരിക പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കാനാവൂ എന്ന അഭിപ്രായത്തിലെത്തിയിരുന്നു സ്വാമിജി തന്റെ പോരാട്ടത്തിന്റെ ഉത്തരകാലങ്ങളിൽ എന്ന് 1964-ൽ സി.പി. ശ്രീധരൻ കുറിച്ചിട്ടുണ്ട്.

മാര്‍ സെബാസ്റ്റ്യൻ വള്ളോപ്പള്ളി, പ്രഫ.നബീസ ഉമ്മാൾ
മാര്‍ സെബാസ്റ്റ്യൻ വള്ളോപ്പള്ളി, പ്രഫ.നബീസ ഉമ്മാൾ

1934- ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങാൻ വന്ന ഗാന്ധിജി ആശ്രമം സന്ദർശിക്കുന്നുണ്ട്. ആശ്രമ മുറ്റത്ത് ഗാന്ധിജി അന്നു നട്ട സേലം മാവ് ‘ഗാന്ധിമാവ്’ എന്ന പേരിൽ ഇപ്പോഴും പൂത്തു കായ്ക്കുന്നുണ്ട്. ‘എന്റെ ജീവിതം ഗാന്ധിജിയുടെ ഹരിജൻ പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്’ എന്ന് നിരന്തരം പ്രഖ്യാപിക്കുന്നുണ്ട്, പല എഴുത്തുകുത്തുകളിലും ആനന്ദതീർത്ഥൻ. എങ്കിലും പിൻകാലം കോൺഗ്രസിന്റെ ദലിത് സേവയുടെ പൊള്ളത്തരങ്ങൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് അധികാരം പിടിച്ചെടുക്കുന്നതിനെന്ന പോലെ അംബേദ്കറിന്റെ നേതൃത്വത്തിൽ വളർന്നുവന്ന ഹരിജനങ്ങളുടെ സ്വതന്ത്രമായ വളർച്ചയെ തടയാനും കോൺഗ്രസ് ഈ രാഷ്ട്രീയ അവസരസേവ പ്രയോജനപ്പെടുത്തി എന്ന് സ്വകാര്യ സംഭാഷണങ്ങളിൽ സ്വാമി പറഞ്ഞിട്ടുള്ളതായി ജീവചരിത്രമെഴുതിയ ആയിരൂക്കുഴിയിൽ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

1934- ൽ മഹാത്മാഗാന്ധി സ്വാമി ആനന്ദതീർത്ഥന്റെ ആശ്രമം സന്ദർശിച്ചപ്പോൾ, ആശ്രമ മുറ്റത്ത് ഗാന്ധിജി നട്ട സേലം മാവ്. ‘ഗാന്ധി മാവ്’ എന്ന പേരിൽ അതിപ്പോഴും പൂത്തുകായ്ക്കുന്നുണ്ട്.
1934- ൽ മഹാത്മാഗാന്ധി സ്വാമി ആനന്ദതീർത്ഥന്റെ ആശ്രമം സന്ദർശിച്ചപ്പോൾ, ആശ്രമ മുറ്റത്ത് ഗാന്ധിജി നട്ട സേലം മാവ്. ‘ഗാന്ധി മാവ്’ എന്ന പേരിൽ അതിപ്പോഴും പൂത്തുകായ്ക്കുന്നുണ്ട്.

ഗാന്ധിജിയിൽ നിന്നു പുറപ്പെട്ട് സ്വയം നവീകരണത്തിലൂടെ അംബേദ്‌കറിലെത്തി നിന്ന ദർശനവ്യക്തതയാണ് ആനന്ദതീർത്ഥന്റേത്. അതാകട്ടെ, ആ ഗാന്ധിയൻ കമ്യൂണിസ്റ്റിനെയും അതിവർത്തിക്കുന്നു. സ്വാമിയും അംബേദ്കറും മൂന്നുപ്രാവശ്യമെങ്കിലും നേരിൽ കണ്ടിട്ടുണ്ട്. 1942- ൽ ആദ്യം കണ്ടതിനെക്കുറിച്ച് സ്വാമി; ‘അന്നദ്ദേഹം എന്നെ സ്വീകരിക്കുമായിരുന്നില്ല, അല്ലെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പം ചേരുമായിരുന്നു’ എന്നു പറയുന്നുണ്ട്. അംബേദ്കറുടെ നിര്യാണത്തിനു (1956) തൊട്ടുമുമ്പ് ദൽഹിയിൽ വെച്ചായിരുന്നു അവസാന കൂടിക്കാഴ്ച. രാഷ്ട്രീയത്താൽ വിഭജിക്കപ്പെട്ട ദലിതുകളെ ചൊല്ലി നിരാശാഭരിതനായിരുന്നു അന്ന് അംബേദ്കറെന്ന് സ്വാമി അതേക്കുറിച്ച് പറയുന്നുമുണ്ട്. 1945 ആഗസ്ത് 13ന് പയ്യന്നൂർ ആശ്രമത്തിലെ സന്ദർശകപുസ്തകത്തിൽ അംബേദ്കറിന്റെതെന്നു കരുതാവുന്ന എഴുത്തുണ്ട്. ഇതായിരിക്കാം രണ്ടാമത്തെ സന്ദർശനം, അംബേദ്കറിന്റെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത പയ്യന്നൂർ സന്ദർശനം!

1945 ആഗസ്ത് 13ന് പയ്യന്നൂർ ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ ഡോ. ബി.ആർ.  അംബേദ്കറിന്റേതെന്ന് കരുതാവുന്ന കുറിപ്പ്.
1945 ആഗസ്ത് 13ന് പയ്യന്നൂർ ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ ഡോ. ബി.ആർ. അംബേദ്കറിന്റേതെന്ന് കരുതാവുന്ന കുറിപ്പ്.

ശ്രീനാരായണ ഗുരുവിൽ നിന്നു നേരിട്ട് സന്യാസം ലഭിച്ച അവസാനത്തെയാളാണ് ആനന്ദതീർത്ഥൻ. 1928 ആഗസ്ത് 3 ന് അദ്ദേഹം സന്യാസം സ്വീകരിച്ചു.

1926- ൽ ഭൗതികശാസ്ത്രത്തിൽ ബി.എസ്.സി ഓണേഴ്സ് ബിരുദം രണ്ടാം റാങ്കിൽ നേടിയ ആനന്ദനാണ് സാമൂഹ്യ പ്രവർത്തനത്തിലൂടെ ദേശീയ സമരത്തിന്റെ ഭാഗമായി മാറാനുള്ള തീരുമാനവുമായി പാലക്കാട് ശബരി ആശ്രമത്തിലെത്തുന്നത്. ദേശീയപ്രസ്ഥാനവുമായുള്ള ബന്ധവും ഖദർ ധാരണവും പിന്നീടും തുടർന്നുവെങ്കിലും കോൺഗ്രസിന് അയിത്തോച്ചാടനം പോലുള്ള സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ താത്പര്യമില്ലെന്നുകണ്ട് ദേശീയ പ്രസ്ഥാനവുമായുള്ള തന്റെ ബന്ധത്തിൽ നിന്ന് പൂർണമായും പിൻമടങ്ങുകയും കർമമണ്ഡലം പൂർണമായും ദലിത് വിഭാഗങ്ങൾക്കായി നീക്കിവെക്കുകയുമായിരുന്നു അദ്ദേഹം. ഗുരുവായൂർ സത്യഗ്രഹത്തിന്റെ മുന്നോടിയായി കണ്ണൂരിൽ നിന്ന് എ.കെ.ജിയുടെയും കേരളീയന്റെയും നേതൃത്വത്തിൽ നടന്ന പ്രചാരണജാഥയെ, ജാഥയിലുണ്ടായിരുന്ന പുലയർ അമ്പലപരിസരം അശുദ്ധമാക്കിയെന്നാരോപിച്ച് കണ്ടോത്ത് കുറുംബ ഭഗവതി ക്ഷേത്രനടയിൽ വെച്ച് ജന്മിയായ വേങ്ങയിൽ നായനാരുടെ നിർദേശത്താൽ അനുചരന്മാരായ സ്ഥലത്തെ തീയ സമുദായക്കാർ തല്ലിച്ചതച്ച സംഭവമുണ്ടായി. ഇതിനെത്തുടർന്നാണ് ആനന്ദതീർത്ഥൻ തന്റെ പ്രവർത്തനമേഖല തലശ്ശേരിയിൽ നിന്ന് പയ്യന്നൂരേക്ക് മാറ്റിയത്.

ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ ഗുജറാത്തി ഭാഷയിൽ മഹാത്മാഗാന്ധി എഴുതിയ കുറിപ്പ്
ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ ഗുജറാത്തി ഭാഷയിൽ മഹാത്മാഗാന്ധി എഴുതിയ കുറിപ്പ്

1931 നവംബർ 21 ന് പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത വാടകക്കെട്ടിടത്തിലാരംഭിച്ച ശ്രീനാരായണവിദ്യാലയം പിന്നീട് മൂരിക്കൊവ്വലെന്ന വിജനപ്രദേശത്തേ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. സെക്കന്റ് ബർദോളി എന്ന് പേരു കേൾപ്പിച്ച ദേശീയ പ്രസ്ഥാന കേന്ദ്രമായിരുന്നെങ്കിലും ദലിതർക്കായി പ്രവർത്തിക്കുന്ന ഈ ‘തല്ലുകൊള്ളി സ്വാമി’ക്ക് അക്കാലത്ത് പയ്യന്നൂരിൽ ആരും ആശ്രമത്തിനായി സ്ഥലം നൽകാൻ തയ്യാറായിരുന്നില്ല. ബ്രാഹ്മണ ഉടമസ്ഥതയിലുണ്ടായിരുന്ന മൂരിക്കൊവ്വലിലെ ഇന്നത്തെ സ്ഥലം തന്നെ ഇസ്‍ലാം മതത്തിൽ പെട്ട ഒരാളെ മുന്നിൽ നിർത്തിയുള്ള ‘ബിനാമി’ ഇടപാടിലൂടെയാണ് സ്വാമി കരസ്ഥമാക്കിയത്. പുലയ, മാദിഗ സമുദായത്തിലെ കുട്ടികളായിരുന്നു ആശ്രമത്തിലെ അന്തേവാസികൾ. മുഖ്യധാരാ വിദ്യാലയത്തിൽ ഇവർ ചേർന്നാൽ മറ്റു കുട്ടികൾ സ്കൂൾ വിട്ടുപോകുന്ന കൊടിയ ജാതിബോധസ്ഥിതിയിൽ അവർക്കായി സ്ഥാപിച്ച ഹരിജനാശ്രമമായിരുന്നു അത്. പിന്നീട് പയ്യന്നൂർ ബോയ്സ് സ്കൂളിലും ബാസൽ മിഷൻ സ്കൂളിലും മറ്റും ഇവിടത്തെ അന്തേവാസികൾ പതിവ് വിദ്യാർത്ഥികളായി. ശർമ്മ, മാരാർ, നമ്പ്യാർ തുടങ്ങിയ ജാതിസൂചനകൾ പുലയക്കുട്ടികളുടെ പേരിനോട് കൂട്ടിചേർത്താണ് അവരെ സ്കൂൾ വിദ്യാർത്ഥികളാക്കിയത്. ജാതിക്കെതിരെയുള്ള അഹിംസാത്മകമായ ഒരു എതിർ പ്രവർത്തനമായിത്തീർന്നു ഇത്.

സന്ദർശക പുസ്തകത്തിലെ ജയപ്രകാശ് നാരായണന്റെ കുറിപ്പ്
സന്ദർശക പുസ്തകത്തിലെ ജയപ്രകാശ് നാരായണന്റെ കുറിപ്പ്

ബോധം മറയും വരെയും ജനകീയ പ്രശ്നങ്ങളിൽ സ്വാമി ഓടിയെത്തി. പയ്യന്നൂരിൽ ഏറ്റവും ഒടുവിലായി സ്വാമി പങ്കെടുത്ത സമരം മുണ്ടൂർ രാവുണ്ണിയടക്കമുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ പ്രക്ഷോഭമായിരുന്നു.

കേരളത്തിലെ വംശനാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന ആദിവാസി വിഭാഗമാണ് കൊറഗർ. 1971- ലെ സെൻസസിൽ കാസർകോഡ് താലൂക്കിൽ 3462 പേരുണ്ടായിരുന്നത് 2016- ലെ കണക്കെടുപ്പിൽ 1611 പേരായി ചുരുങ്ങി. തുളുനാടു ഭരിച്ച ഹുബാഷിക രാജാവിന്റെ ഈ പിൻമുറക്കാരെ ‘കേരളത്തിലെ ആഫ്രിക്ക’യിൽ കെ. പാനൂർ ചത്ത പശുവിന്റെ മാംസം തിന്നുന്ന പ്രാകൃത ഗോത്രമായിട്ടാണ് വിവരിക്കുന്നത്.

കൊറഗരെ മനുഷ്യരാക്കി ഉയർത്താനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് ആനന്ദതീർത്ഥൻ. കൊറഗർക്ക് ചിരട്ടയിൽ ചായ കൊടുത്ത മധൂർ ഒളിയത്തടുക്കയിലെ ഒരു ചായച്ചാപ്പയിൽ ചെന്ന് കടക്കാരനെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച സ്വാമിയെ കുറിച്ച് ബെള്ളുവെന്ന കൊറഗമൂപ്പന്റെ ഓർമ കേട്ടെഴുതിയിട്ടുണ്ട്, പത്രപ്രവർത്തകനായ വേണു കള്ളാർ, പത്തുവർഷം മുമ്പ് ‘എച്ചിൽ ജീവിതം’ എന്ന പുസ്തകത്തിൽ.
‘പണിക്കുപോയാൽ മണ്ണില് കുയി കുത്തി കഞ്ഞി കുടിക്കേണ്ടതിനെക്കുറിച്ചും ചിരട്ടയിൽ ചായ കുടിക്കേണ്ടതിനെപ്പറ്റിയും’ ഉള്ള ബെള്ളു മൂപ്പന്റെ ഓർമ പത്തൊമ്പതാം നൂറ്റാണ്ടിലേതല്ല. കമ്യൂണിസ്റ്റ് ഭരണവും ഭൂപരിഷ്ക്കരണവും അടിയന്തരാവസ്ഥയും ഒക്കെ കഴിഞ്ഞുള്ള 1980-കളുടേതാണ്.
ബെള്ളുമൂപ്പൻ ഓർമിക്കുന്നു; "നമ്മള കാണാൻ താടിവെച്ച ഒരു സാമി സഞ്ചി തൂക്കിക്കൊണ്ട് വരലിണ്ടായിനി. എന്തോ പേരുണ്ട് ഓർക്ക്. മറന്ന്വോയി . ഏട്ന്ന് വരുന്നത് ന്ന് അറിയേല . അത്രേ ആയിറ്റില്ലൂ ഇത്. ഒരു പത്തിപ്പത്തഞ്ച് കൊല്ലം."

കേരളത്തിലെ വംശനാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന ആദിവാസി വിഭാഗമാണ് കൊറഗർ. 1971- ലെ സെൻസസിൽ കാസർകോഡ് താലൂക്കിൽ 3462 പേരുണ്ടായിരുന്നത് 2016- ലെ കണക്കെടുപ്പിൽ 1611 പേരായി ചുരുങ്ങി.
കേരളത്തിലെ വംശനാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന ആദിവാസി വിഭാഗമാണ് കൊറഗർ. 1971- ലെ സെൻസസിൽ കാസർകോഡ് താലൂക്കിൽ 3462 പേരുണ്ടായിരുന്നത് 2016- ലെ കണക്കെടുപ്പിൽ 1611 പേരായി ചുരുങ്ങി.

മഡിവാളറെന്നറിയപ്പെടുന്ന ഒരു അവാന്തര നായർ സമുദായക്കാരന്റെ ചായപ്പീടികയിലേക്ക് തങ്ങളെ മുൻനടത്തി പോലീസുകാരുമൊത്ത് പിന്നാലെയെത്തി അയിത്തത്തെ നിയമപരമായി നേരിട്ട സ്വാമിയെപ്പറ്റിയാണ് മൂപ്പൻ ഓർത്തത്: "സാമി എപ്പളും നമ്മള കാണാൻ വരും. ക്ടാങ്ങള സോപ്പ് തേച്ച് കുളിപ്പിക്കും. എന്നിട്ട് ഓറെ ഒപ്പരം നടത്തിക്കും. എനക്ക് നല്ലോണം ഓർമയുണ്ട്. ഞങ്ങളെ ജാതിക്കാറെ കൂട്ടീറ്റ് അഗൽപ്പാടി അമ്പലത്തില് പോയിറ്റാമ്പോ സാമീന തച്ചിന് ആട്ത്താളുകള്. നല്ലോണം തല്ല്കിട്ടി. ഇങ്ങനെയെല്ലാം ഇണ്ടായിനി. ആ സാമി മരിച്ചി പ്പോയീന്ന് പറയ്ന്ന് കേട്ട്. തല്ലു കൊണ്ടിറ്റന്നെ ചത്തത്. എപ്പോ എങ്ങനെ എട്ടന്ന് ന്ന് എനക്കറിയേല . പക വെച്ചിറ്റ് കൊന്നതന്നെ."

കെ. കേളപ്പന്‍ ആശ്രമത്തി​ലെ സന്ദർശക പുസ്തകത്തിൽ എഴുതിയത്.
കെ. കേളപ്പന്‍ ആശ്രമത്തി​ലെ സന്ദർശക പുസ്തകത്തിൽ എഴുതിയത്.

ബെള്ളുമൂപ്പന്റെ ഈ അനുഭവസാക്ഷ്യത്തിലുണ്ട് സ്വാമി എന്തായിരുന്നുവെന്ന്. കൊറഗ മൂപ്പൻ ഓർക്കുന്ന അഗൽപ്പാടി ക്ഷേത്രപ്രവേശം നടക്കുന്നത് 1971 ജനുവരി 30 ന് ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിലായിരുന്നു. അഗൽപ്പാടി ദുർഗാ പരമേശ്വരി ക്ഷേത്രോത്സവത്തിന് ദലിതരുമായി പോയ സ്വാമിയെ ക്ഷേത്രഭാരവാഹികൾ തടഞ്ഞില്ല. എന്നാൽ ഒരാഴ്ചക്കുശേഷം ഒറ്റക്ക് ക്ഷേത്രം സന്ദർശിച്ച അദ്ദേഹത്തെ കോളേജ് കുമാരന്മാരായ ഒരു സംഘം ബ്രാഹ്മണയുവാക്കൾ തല്ലിച്ചതച്ച് പെട്രോളൊഴിച്ച് തീ വെച്ചു കൊല്ലാൻ ശ്രമിച്ചു. നിലവിളി കേട്ടെത്തിയ കാർ യാത്രക്കാരായ ഒരു സംഘം മുസ്‍ലിം ചെറുപ്പക്കാരാണ് സ്വാമിയെ രക്ഷിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിച്ചത്. യഥാർത്ഥ കുറ്റവാളികൾക്കുപകരം ചില നിരപരാധികളെയാണ് പോലിസ് ഈ കേസിൽ അറസ്റ്റ് ചെയ്തത്.

ഗുരുവായൂർ സത്യഗ്രഹം കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ട അവസരത്തിലാണ് 1982- ലെ കേരളപ്പിറവി ദിനത്തിൽ ഗുരുവായൂരിൽ ബ്രാഹ്മണസദ്യയെന്ന പേരിൽ നടന്ന ജാതിവിവേചനത്തിനെതിരെ പ്രതികരിച്ച് ആനന്ദതീർത്ഥൻ ഗുണ്ടകളുടെ തല്ലുവാങ്ങിച്ചത്. ഒരു മോഷണക്കുറ്റമാരോപിച്ച് പോലീസുകാരും സ്വാമിയെ നന്നായി കൈകാര്യം ചെയ്തു. സ്വാമിയെ നിത്യരോഗത്തിലേക്കും അവസാനകാലത്ത് ചില്ലറ മാനസികവിഭ്രാന്തിയിലേക്കും തള്ളിയിട്ടത് ഗുരുവായൂരിൽ നിന്നേൽക്കേണ്ടിവന്ന ഈ കൊടിയ മർദ്ദനമാണെന്നാണ് അവസാന കാലത്ത് സ്വാമിയെ പരിചരിച്ചിരുന്നവർ കരുതുന്നത്.

മഹാകവി കുട്ടമത്ത് എഴുതിയ കുറിപ്പ്‌
മഹാകവി കുട്ടമത്ത് എഴുതിയ കുറിപ്പ്‌

സ്വാമി ആനന്ദതീർത്ഥന്റെ സംഭവബഹുലമായ ജീവിതത്തെയും പ്രവൃത്തിയേയും ശരിയായി രേഖപ്പെടുത്താൻ നാളിതുവരെ നമ്മുടെ നവോത്ഥാനചരിത്രത്തിന് കഴിഞ്ഞിട്ടില്ല. എം.എം. അയിരൂക്കുഴിയിൽ 1986- ൽ തയ്യാറാക്കിയ ഗവേഷണാത്മക ലേഖനവും ഇ.എം. അഷ്റഫിന്റെ ചെറു ഗ്രന്ഥവും വി.കെ. കുഞ്ഞിരാമൻ എഴുതിയ ല ഘുലേഖയുമാണ് ചരിത്രവിദ്യാർത്ഥിക്ക് ലഭ്യമായ ദ്വിതീയ സാമഗ്രികൾ. ദാമോദർ പ്രസാദ് പി.ആർ. ഡിക്കുവേണ്ടി ഒരു ചെറു ഡോക്യുമെന്ററി 15 വർഷം മുമ്പ് ചെയ്തിരുന്നു.

സ്വാമിയുടെ 119- മത് ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 2 ന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ ആനന്ദതീർത്ഥനെക്കുറിച്ചുള്ള പലരുടെ ഓർമകൾ ചേർത്ത് വെച്ച "നിഷേധിയുടെ ആത്മശക്തി" എന്ന പേരിൽ ഒരു ഡോക്യു ഫിക്ഷന്റെ ആദ്യ പ്രദർശനം നടന്നിരുന്നു. ദൂരദർശൻ മുൻ ഡപ്യൂട്ടി ഡയറക്ടറും ശാസ്ത്ര -വികസന മാധ്യമ പ്രവർത്തകനുമായ ജി.സാജന്റെ ക്രിയാത്മക നിർദേശത്തിൽ കുടുംബാംഗങ്ങളായ ബിന്ദു സാജനും അഭിജിത്ത് നാരായണനും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പുഷ്പവതിയും ശ്രീവത്സൻ ജെ. മേനോനുമൊക്കെ പാടിയിട്ടുണ്ട്.

 എ.സി. കണ്ണൻ നായർ സന്ദർശക പുസ്തകത്തിൽ എഴുതിയത്
എ.സി. കണ്ണൻ നായർ സന്ദർശക പുസ്തകത്തിൽ എഴുതിയത്

പയ്യന്നൂരിലെ ആശ്രമത്തിൽ അന്തേവാസിയായിരുന്നവരുടെയും അവരുടെ പിൻ മുറക്കാരുടെയും ഓർമകളിലൂടെയും ആനന്ദതീർത്ഥന്റെ സ്മരണകളുടെ പുനരാവിഷ്കാരത്തിലൂടെയുമാണ് സംഭവ ബഹുലമായ ആ ജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നത്. നാടക പ്രവർത്തനും സംവിധായകനുമായ ശ്രീജിത്ത് രമണൻ ആണ് ഗുരുവിനെ ശരീരം കൊണ്ട് ആവിഷ്ക്കരിക്കുന്നത്.

പോയ നൂറ്റാണ്ടിന്റെ ചരിത്രം ഒപ്പം നടത്തിയ ആനന്ദതീർത്ഥന്റെ ആശ്രമത്തിൽ ഗാന്ധി നട്ട ആ സേലം മാവല്ലാതെ സ്വാമിസ്പർശമുള്ള, ദൃശ്യ വത്കരിക്കാവുന്ന ആർട്ടിഫാക്ടുകളൊന്നുമില്ല. അംബേദ്കറും കുമരപ്പയും മഹാത്മാഗാന്ധിയും രാജേന്ദ്രപ്രസാദും കുറിപ്പിട്ട സന്ദർശക പുസ്തകം പോലും ചിതൽ നിന്നും നനഞ്ഞുകുതിർന്നും നഷ്ടമായി.

എം.എൽ.എയായിരുന്ന കെ.പി ഗോപാലന്‍‌ എഴുതിയ കുറിപ്പ്
എം.എൽ.എയായിരുന്ന കെ.പി ഗോപാലന്‍‌ എഴുതിയ കുറിപ്പ്

ഈയൊരു അവസ്ഥയിലാണ് ഓർമകളെയെങ്കിലും രേഖപ്പെടുത്തുന്ന ഈ സിനിമ നിർമിക്കുന്നത്.

സ്വാമിയുടെ ജീവിതാഖ്യാതാവായി ചിത്രത്തിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഉഷാ കിരൺ വിദ്യാഭ്യാസവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്നു. സ്വാമി നടവഴിയിൽ നിന്ന് കണ്ടെടുത്ത് വളർത്തി സ്വാമിനാഥനെന്നു പേരിട്ടു വളർത്തിയ ആളുടെ മകൾ. ഒരു സന്ദർഭത്തിൽ ഓർമകൾ അയവിറക്കുമ്പോൾ തൊണ്ടയിടറി കണ്ണുനിറഞ്ഞ് ഒച്ച മുട്ടി പോകുന്നുണ്ട് അവർക്ക്.

വേണു കള്ളാര്‍
വേണു കള്ളാര്‍

സ്വാമിയുടെ കാര്യണ്യസ്പർശം നേരനുഭവമായ കുഞ്ഞികൃഷ്ണൻ മാങ്ങാടൻ, കെ.പി. ശശികുമാർ, വത്സല മേപ്പുറത്ത് തുടങ്ങിയവരാണ് ഡോക്യുമെന്ററിയുടെ നിർമാതാക്കൾ. ഒരാളുടെ പ്രവൃത്തികൾ മനുഷ്യസമൂഹത്തിന്റെ ഉണർവിനും ഉന്നമനത്തിനും വേണ്ടിയുള്ള സാർവലൗകികമായ മുന്നേറ്റങ്ങളോട് എത്രമാത്രം ചേർന്നിരിക്കുന്നുവെന്നതാണ് ഒരാളെ വിശ്വത്തോളം വലുതാക്കുന്നത്.

പി. നടരാജൻ സന്ദർശക പുസ്തകത്തിൽ എഴുതിയത്.
പി. നടരാജൻ സന്ദർശക പുസ്തകത്തിൽ എഴുതിയത്.

പയ്യന്നൂർ മറന്നുപോയെങ്കിലും പയ്യന്നൂരിന്റെ ലോക പൗരനായിരുന്നു അനന്ത ഷേണായി. ഇക്കാര്യം പയ്യന്നൂരിനെ ഓർമിപ്പിക്കാൻ ലളിതാംബിക അന്തർജനത്തിന്റെ പേരക്കുട്ടിയും കുടുംബവും വേണ്ടിവന്നുവെന്നത് മറ്റൊരു ചരിത്രനീതിയാകാം.

Comments