നജ്‍വാൻ ദാർവിഷ്

ജറുസലേമിൽ നിന്ന്
നാല് പലസ്​തീൻ കവിതകൾ

1. നരകത്തിൽ നിന്ന് ഒരു സന്ദർശകൻ

ഞാൻ നരകവാസി, എത്രയോ വർഷമായി
ഇവിടെയിരിക്കുന്നു.
തമ്പുരാനേ...
ഒരു പൗരനായിരിക്കാൻ
എനിക്ക് അർഹതയില്ലേ?

അല്ല, നരകത്തിൽ എങ്ങിനെയാണ്?

അവിടെ വീട്ടുടമകളും
വാടകപ്പിരിവുമുണ്ടോ?
അവിടെ വാടകക്കാരെ
കുടിയിറക്കാറുണ്ടോ?

ഞങ്ങൾ കരുതിയത്
നരകം ഒരുറച്ച സ്​ഥലമാണെന്നാണ്,

കുടിയിറക്കലുകളുടെ അന്ത്യദേശം....

(സത്യത്തിൽ ഞങ്ങളതിനെ, പീഡനങ്ങളെ അപലപിക്കുന്ന സന്നദ്ധ സംഘടനക്കാരില്ലാത്ത ഒരു ജയിലായാണ് മനസ്സിലാക്കിയത്. മാലാഖമാർ ശിക്ഷകൾ നടപ്പാക്കുന്ന ഒരിടം. അവർ എല്ലാ വിചാരണകൾക്കും കണക്കെടുപ്പുകൾക്കും പുറത്താണല്ലോ).

ഞാൻ പറയുന്നത് ആരു വിശ്വസിക്കും?
താടിക്ക് കയ്യും കൊടുത്ത് നരകത്തിൽ
ഞാൻ മോക്ഷം കാത്തിരിക്കുകയാണെന്ന്
പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

രകത്തിലും സ്വർഗത്തിലും,
രണ്ടിടത്തും ഞാൻ പല തവണ
ജീവിച്ചിട്ടുണ്ട്.
സ്വർഗം പൂർണ്ണമായും അതാകാതിരുന്ന കാലത്ത്,
നരകം പൂർണ്ണമായും അതാകാതിരുന്ന കാലത്ത്.

ബർസക്കിൽ നടന്ന് തേഞ്ഞവനാണ് ഞാൻ.
ഇന്നലെ ഈ സ്​ഥലം ഇരുണ്ട കടൽത്തീരമായി
ഭാവനയിൽ കണ്ടു.
ഞാൻ ആ തിരകളിൽ, അതിന്റെ
ശൂന്യതകളിൽ മുങ്ങി,
ചെരുപ്പുകൾ രണ്ടും കൈയ്യിൽ പിടിച്ചുകൊണ്ട്.
ബർസക്കിലെ ദിവസങ്ങൾക്കിപ്പുറം,
കടൽ ഇരുട്ടിന്റെ മനോഹാരിതയായിരുന്നു.

ഞാനോ? സ്വന്തം വിധിയെ നേരിടുന്ന
കൈകളിൽ ചെരിപ്പുപിടിച്ച മനുഷ്യൻ.

രാത്രി ബർസക്കിനപ്പുറം പോകാനുള്ള
ധൈര്യം എനിക്കില്ല.
ഉറങ്ങുന്നതാണ് നല്ലത്.
ഞാൻ എന്നോടു തന്നെ പറഞ്ഞു.
മരിച്ച എന്റെ കുടുംബത്തെ ഒന്ന്
സന്ദർശിക്കാം.
അവർ മാത്രമേ
നരകത്തിൽ നിന്നുള്ള ഈ സന്ദർശകനായി
വാതിൽ തുറക്കൂ.

പോപ്പ് വത്തിക്കാനിൽ കഫിയയ്യിൽ പുതച്ച ഉണ്ണിയേശു രൂപം കാണുന്നു.
പോപ്പ് വത്തിക്കാനിൽ കഫിയയ്യിൽ പുതച്ച ഉണ്ണിയേശു രൂപം കാണുന്നു.

2. ഈ അന്ധകാരത്തിൽ

ഞാൻ ജീവിക്കുന്ന ഈ ഇരുട്ടിനെക്കുറിച്ച്
ഒരു വാചകം.
അതിൽ നിന്നുള്ള ഉറച്ച കല്ലുകൾ കൊണ്ടാണ്
ഞാനെന്റെ ദിവസങ്ങൾ പടുത്തത്.

ഞാൻ കയറിക്കൊണ്ടേയിരുന്നു,
ഞാൻ തന്നെ സ്വയം
അതേ ഇരുട്ടാകും വരെ.

3. അവസാനത്തെ മുഖംമൂടി

ഞാനത് ഇതുവരേയും
കണ്ടെത്തിയിട്ടില്ല.

വിമോചിപ്പിക്കുന്ന എഴുത്തുകൾ
ഒരിക്കൽ പാർശ്വങ്ങളിലൂടെ
നടക്കുമ്പോൾ ഞാനതിൽ
അള്ളിപ്പിടിച്ചിരുന്നു.
അത് അഭിനിവേശവും
യൗവ്വനവുമായിരുന്നു.
ശരീരത്തിന് ആനന്ദം
നൽകി
അൽഭുതങ്ങളിലേക്ക് നയിച്ചിരുന്നു.

എനിക്കത് കണ്ടെത്താനായില്ല.

ഞാനതിനുള്ള തിരച്ചിൽ
നിർത്തിയേക്കും.
കാരണം അർഥമില്ലാത്ത
നിരവധി കാര്യങ്ങൾ
ചെയ്യുന്നതിന്റെ തിരക്കുകൾ
എനിക്കുണ്ട്.

എന്റെ കത്തിയ്ക്ക്
മൂർച്ചയില്ല.
മൂർച്ച കൂട്ടാൻ
എനിക്ക് സമയമില്ല
എന്ന് നടിക്കുകയാണ് ഞാൻ.

കാലം അതിന്റെ
മുഖംമൂടികളണിഞ്ഞു.
എന്നിട്ട്, ഇപ്പോൾ പിറന്ന
കുഞ്ഞിന്റെ തൊട്ടിലിനു
പിറകിൽനിന്ന് വിളിച്ചു.

നാലു കാര്യങ്ങളിലും അത് കുഞ്ഞ്.
ആദ്യത്തെ കാലടിവെപ്പ്,
വിക്ഷുബ്ധ കൗമാരം,
യൗവ്വനത്തിലെ അവിശ്വാസം,
വളർന്നു കഴിഞ്ഞാലുള്ള
നിരാശ, നാലിലും....

കാലം എന്നെ പിന്നിൽ
നിന്ന് വീണ്ടും വിളിച്ചു.
വിളറിയ, പ്രായമായിക്കൊണ്ടിരിക്കുന്ന
നിരവധി വാഗ്ദാനങ്ങൾക്കും
പുറകിൽ നിന്ന് കാലം
എന്നെ വിളിച്ചുകൊണ്ടിരുന്നു.

അതിന് ഇനി മുഖംമൂടികൾ
ഒന്നും ധരിക്കാനില്ല.

പക്ഷ, എനിക്ക് മുട്ടിലിഴയണം
നടക്കണം, ഇടറിവീഴണം.
അവിശ്വാസങ്ങളിലേക്ക്
യാത്ര പോകണം.
എല്ലാ വാഗ്ദാനങ്ങൾക്കും മുമ്പ്
സ്വന്തം ശവപ്പെട്ടിയിൽ
പോയി കിടക്കണം.
എന്റെ കയ്യിലുള്ള
അവസാന മുഖംമൂടി
അതാണ്, ഞാനത് അണിയുന്നു.

കഴിഞ്ഞ ക്രിസ്മസിന് ബത് ലഹേമിൽ ഉണ്ണിയേശു കഫിയ്യ പുതച്ച് കൽക്കൂട്ടിൽ
കഴിഞ്ഞ ക്രിസ്മസിന് ബത് ലഹേമിൽ ഉണ്ണിയേശു കഫിയ്യ പുതച്ച് കൽക്കൂട്ടിൽ

4. നീണ്ട വടു

നിങ്ങൾ കാലത്തിന്റെ
ക്ഷീണിതമായ
ചാലിൽ ഇരിക്കുന്നു.
അവിടെ ശൂന്യമായ
പ്രതീക്ഷകൾ മാത്രം.
ദൈവത്തിന്റെ അനശ്വരമായ
മുഖത്തെ നീണ്ട വടുപോലെ.
നിങ്ങൾ ഇരിക്കുന്നത്
പ്രതീക്ഷകൾ എരിഞ്ഞമർന്നു–
കൊണ്ടിരിക്കുമ്പോഴാണ്.

രാജ്യങ്ങൾ ഒന്നൊന്നായി
ഏകാധിപതികൾക്കു പിറകിൽ
നിലം പൊത്തുന്നു.
ഏകാധിപതികൾ
രാജ്യങ്ങൾക്കു പിറകിൽ
ഒന്നൊന്നായി നിലം പൊത്തുമ്പോൾ
ചതുപ്പിൽ മഴ ചാറുന്നതു
പോലെ മാത്രം.

നീ ഇടുങ്ങിയ ഒരു
ചാലിലാണ് കിടക്കുന്നത്.
നിനക്കുപിറകിൽ
ഭൂമി പൊടിയുന്നു,
അതാണ് ദൈവത്തിെൻ്റ മുഖത്തെ
അനശ്വരമായ വടു.

(2016- ൽ കേന്ദ്ര സാഹിത്യ അക്കാദമി ദൽഹിയിൽ സംഘടിപ്പിച്ച കവിതാസമ്മേളനത്തിലും ഈ വർഷം കേരള സാഹിത്യ അക്കാദമി തൃശൂരിൽ സംഘടിപ്പിച്ച സാഹിത്യോൽസവത്തിലും 2019-ൽ കോഴിക്കോട്ട് കെ.എൽ.എഫിലും നജ്‍വാൻ ദാർവിഷ് പങ്കെടുത്തിരുന്നു. കെ.എൽ.എഫിൽ അദ്ദേഹം നടത്തിയ പ്രധാന പരാമർശം, ഏറ്റവും വിഖ്യാതനായ പലസ്​തീനി യേശുക്രിസ്തുവാണ് എന്നായിരുന്നു. കഴിഞ്ഞവർഷം ബത്‍ലഹേമിൽ ക്രിസ്​തുമസ്​ കാലത്ത് ഉണ്ണിയേശുവിന്റെ രൂപം കഫിയയ്യിൽ (പലസ്​തീൻ ശിരോവസ്​ത്രം) പൊതിഞ്ഞ നിലയിലാണ് കിടത്തിയത്. പുൽക്കൂടിനുപകരം ഗാസയിലെ തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള കല്ലുകളുപയോഗിച്ചുണ്ടാക്കിയ കൽക്കൂട്ടിലാണ് ഉണ്ണിയേശുവിന്റെ രൂപം കിടത്തിയത്. ഇക്കുറി വത്തിക്കാനിൽ പോപ്പ് സന്ദർശിച്ച ഉണ്ണിയേശു രൂപവും കഫിയയ്യിൽ പൊതിഞ്ഞു തന്നെയായിരുന്നു. ഗാസയിൽ ഇനി മനുഷ്യർ അവശേഷിക്കരുത് എന്നുകരുതി ഇസ്രായേൽ നടത്തുന്ന നരമേധത്തിനിടയിൽ പൊടിഞ്ഞുതീരുന്ന ഭൂമിയിലിരുന്ന് ഈ ക്രിസ്മസ് കാലത്തും കവിത എഴുതുന്ന നജ്‍വാൻ ദാർവിഷ് നരകത്തിൽ നിന്നുള്ള സന്ദർശകന്റെ ഭാഷയുമായി നമ്മെ അഭിമുഖീകരിക്കുന്നു).


Summary: 4 Palestine Poetry by Najwan Darwish translated by V. Muzafer Ahamed


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

നജ് വാന്‍ ദാര്‍വിഷ്

സമകാലിക പലസ്​തീൻ കവിതയിലെ ഏറ്റവും ശ്രദ്ധേയ ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്നു. 2000-ാമാണ്ടിൽ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ പലസ്തീനിയന്‍ പോരാട്ടത്തിന്‍റെ കവിയായി ലോകമെങ്ങും അറിയപ്പെടുന്നു. ജറുസലേമിൽ ജീവിക്കുന്ന ഈ കവി ‘അൽ അറബ് അൽ ജദീദ്’- പുതു അറബി- പത്രത്തിലെ സാംസ്​ക്കാരിക വിഭാഗം എഡിറ്ററാണ്.

Comments