ആദി

നാൽക്കാലി

ആദി

ഞാ
നാലു കാലിൽ
ജീവിക്കുന്ന
കാലമാണ്

രതിവേഴ്ചയ്ക്കിടയിലെന്റെ
കാമുകൻ
ഒറ്റക്ക്
മരിച്ചുപോകുന്നു
പേരറ്റ് പോകുന്നു
വേരറ്റ് പോകുന്നു

തിരിച്ചു
വീടെത്താനുള്ള കാശെന്റെ
കയ്യിലില്ല

അതെന്റെ കൂലിയാണ്

എന്റെ കഴുത്തിനു
കുറുകെ
ഇറുകിയിരുന്ന
അയാളുടെ
കാലുകൾ
പതിയെ അയയുമ്പോൾ
ഞാൻ രണ്ട് കാലുള്ള
ജീവിയാകുന്നു

അയാൾ
മരിച്ചെന്ന്
ഈ നിമിഷം പോലും
ഞാൻ വിശ്വസിക്കുന്നില്ല

ശ്വാസം മുട്ടി, മുട്ടി
പേരറ്റ്
വേരറ്റ്
ഞാൻ
മരിച്ചുപോയെന്നാണ്
ഞാനപ്പോഴും
കരുതിയത്

രതിമൂർച്ഛയ്ക്ക് മുന്നേ
മരിച്ചുപോയതിനാൽ
പ്രായം കൊണ്ട്
തളർന്ന,
അല്പനേരം മുന്നേ
മരിച്ചുപോയ
അയാളുടെ
ലിംഗത്തെ
വീണ്ടും
വേണ്ടും വിധം
ഞാനോമനിക്കുന്നു.

ഞാൻ
എന്നത്തേയുംപോലെ
വിശ്വസ്തനായ അടിമയാകുന്നു

ഒരടിമയും
ഇതുവരെ
സ്നേഹത്താൽ
യജമാനനെ അടയാളപ്പെടുത്തിയിട്ടില്ലെന്നതിനാൽ
ശേഷ, മയാളെ
ഞാൻ
നിഷ്കരുണം

മുറിയിലുപേക്ഷിക്കുന്നു▮


ആദി

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ എം.എ മലയാളം വിദ്യാർഥി

Comments