വി. അബ്ദുൽ ലത്തീഫ്

മാനിറച്ചിയുടെ നിറം

സ്വപ്നങ്ങളുടെ ചഞ്ചലരൂപമാണ്ട്
പാമ്പുകൾ ഇണചേർന്നുകൊണ്ടിരുന്നു
കാറ്റിനൊത്ത് ചാഞ്ഞും നിറം മാറിയും
ആയിരക്കണക്കിന് പാമ്പുകൾ

ഞാൻ മാനിറച്ചി തേടിപ്പോയതായിരുന്നു
കടന്നുകയറിയപ്പോഴേക്കും
കാടൊരു പുരാതനനഗരമായിച്ചമഞ്ഞു
മലയടരുകളിൽ
ശ്രമപ്പെട്ട് കുത്തനെ നിർത്തിയ
ഒരു ബുദ്ധനഗരം

കാടല്ലേ എന്നോർക്കുമ്പോഴേക്ക്
കാടിന്റെ നിറങ്ങൾ കലങ്ങി
പാമ്പുകൾ പല നിറങ്ങളിൽ കുഴഞ്ഞൊഴുകി

എനിക്കൊപ്പം
ഒരു പാമ്പ്, ഇരു പാമ്പ്, പല പാമ്പുകൾ കൂട്ടുവന്നു
ഞാൻ മാനിറച്ചി തേടിവന്നതാണ്.
പക്ഷേ പാമ്പുകൾ എന്നെ, അറിയാതെ എന്ന മട്ടിൽ സ്പർശിച്ചു
അവ മുലയാകൃതിയിൽ വളഞ്ഞുനിന്ന്
ദേഹത്തുമുട്ടി
പലനിറത്തിലും അനുഭവത്തിലുമുള്ള മുലകൾ
പഞ്ഞിമിഠായി പോലെ അലിഞ്ഞുപോകുന്നവ,
ഉറച്ചു നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നവ,
വരൂ നിങ്ങൾക്കു മാനിറച്ചി തേടിപ്പോവേണ്ട
താഴ്വര ഇവിടെനിന്നാണ് തുടങ്ങുന്നത് എന്നു പ്രലോഭിപ്പിക്കുന്നവ.

നഗരത്തിന്റെ
ഓടിളകി പൂപ്പൽ പിടിച്ച മേൽക്കൂരകളിലൂടെ
ഞാൻ തുള്ളിത്തുള്ളി മാനിറച്ചി തേടി നടന്നു
വഴുക്കുമോ കാറ്റിൽ പറന്നുപോകുമോ
എന്നൊക്കെ നിറങ്ങൾ
തൊലിയിലേക്ക് കലങ്ങിയിറങ്ങി

അല്പമകലെ ഒരു ബുദ്ധക്ഷേത്രം.
ആകാശം അതിനുമേൽ
തല്ലിയലച്ചുവീണുകൊണ്ടിരിക്കുന്നു.

അഹിംസയുടെ നഗരമായിട്ടും
പാമ്പുകൾ എന്നെ തൊടാൻ 'നോക്കുന്നു
ഞാൻ മാനിറച്ചി തേടി
അവിടെയും ഇവിടെയുമൊക്കെ നോക്കുന്നു
തണുതണുത്ത നഗരങ്ങളുടെ ഓർമ്മകൾ
മഞ്ഞുപോലെ പാറിക്കളിക്കുകയും
ഗോപുരങ്ങളുടെ രൂപം മാറ്റിക്കളയുകയും ചെയ്യുന്നു

ഹിംസയില്ലാത്ത നഗരത്തിൽ
മാനിറച്ചിയിൽനിന്ന് ചോര പൊടിയില്ലെന്നാണ്,
അതിന് നിയതമായ
ഒരു നിറംതന്നെ ഉണ്ടാവില്ലെന്നാണ്,
തമ്മിൽത്തൊട്ട് നിറങ്ങൾ കലമ്പിപ്പോവുകയല്ലാതെ
പാമ്പുകൾ ശരിക്കും ഇണചേരുന്നില്ലെന്നാണ്
ആകാശം ഉതിർക്കുന്ന മന്ത്രങ്ങൾ പറയുന്നത്.
മാനിറച്ചിയ്ക്കു നിറമുണ്ടായാലെന്താണ്,
പാമ്പുകൾ ഇണചേർന്നാലെന്താണ്

ആത്മനാശത്തിലേക്കുള്ള
അന്വേഷണമാണ്
മാനിറച്ചി തേടിയുള്ള യാത്ര
എന്നറിയുമ്പോഴേയ്ക്ക്
തിരിച്ചിറങ്ങാതെ അതിൽ കുരുങ്ങിപ്പോകുന്നു.
കാട്, പാമ്പുകൾ, മാനിറച്ചിയിലേക്കുള്ള ദൂരം,
ഗോപുരങ്ങൾ,വിഹാരങ്ങൾ,മഞ്ഞുപറവകൾ
എന്നൊക്കെ ചിതറിയ നിറക്കൂട്ടുകളിൽ
ആ ചിത്രം പൂർത്തിയാകുന്നു. ▮


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments