കിർവാച്ചനെ ഇടയ്ക്കിടക്കോർക്കും
നല്ല തഴക്കമുള്ള ചൂണ്ടക്കാരന്റെ
എല്ലാ മട്ടുംഭാവവുമുള്ള കിർവാച്ചനെ..
കിർവാച്ചൻ മരിച്ചിട്ട്
എണ്ണം തിട്ടമില്ലാത്ത വർഷങ്ങളായിട്ടും
ആളെ ഇപ്പോഴും ഓർക്കുന്ന
ഭൂമിയിലെ ഒരേ ഒരാൾ
ചിലപ്പോൾ ഞാനായിരിക്കും..
അമ്മ വീട്ടിൽ ചെല്ലുമ്പോഴൊക്കെയും
കിർവാച്ചനെ കാണും
അവിടത്തെ
നീണ്ട തോട്ടിൻ മട്ടയിൽ വെള്ളത്തിലേക്ക് ചാഞ്ഞ
ഏതെങ്കിലും തെങ്ങിന്റെ മറപറ്റി
ഒരു മുറിക്കയ്യൻ കമ്പിളി ബനിയനുമിട്ട്
പനങ്കണപിടിയുള്ള
ചൂണ്ടയുമായി
നല്ല തഴക്കമുള്ള ചൂണ്ടക്കാരന്റെ
എല്ലാ മട്ടുംഭാവവുമായി
കിർവാച്ചൻ ഇരിപ്പുണ്ടാകും...
എങ്ങാനും
അടുത്തു ചെന്നാൽ മീനിന്റെ അനക്കമറിയാനെന്നോണം
ചൂണ്ടനാര് പുഴയിൽ മുട്ടുന്ന പോയിന്റിൽ തന്റെ നോട്ടം പ്രതിഷ്ഠിച്ചു കിർമാതിരിക്കും...
ഇടയ്ക്കയാൾ തന്റെ വഴക്കമുള്ള പനങ്കണത്തുമ്പുകൊണ്ട്
മീനുകളെ ആകർഷിക്കാനെന്ന വ്യാജേന
വെള്ളത്തെ തുടരെത്തുടരെ കശക്കി
കേൾക്കാൻ രസമുള്ള ശബ്ദമുണ്ടാക്കും.
ചിലപ്പോൾ നിർജ്ജീവമായ
ഒരു നോട്ടം ഞങ്ങൾക്ക് നേർക്ക് പാളിക്കും
ചിലപ്പോൾ മാത്രം..
വൈകുന്നേരം വരെ ചിറവക്കിൽ കുന്തിച്ചിരുന്നാലും
ഈർക്കിലിക്കോർമ്പലിൽ കോർക്കാൻ
ഒരൊറ്റ മീൻപോലും
നല്ല തഴക്കമുള്ള ചൂണ്ടക്കാരന്റെ എല്ലാ മട്ടുംഭാവവുമുള്ള
അയാൾ പിടിച്ചു കണ്ടില്ല
ഒരു കറിച്ചട്ടിയും
അയാളുടെ മീനുകൾക്കായി
ആരും കാത്തുവച്ചിട്ടുണ്ടാവു മായിരുന്നിരിക്കില്ല..
ബഹിഷ്‌കൃതനായവന്റെ ഒളിച്ചോട്ടമായിരുന്നി
രിക്കണം
കിർവാച്ചന് ചൂണ്ടയിടൽ..
അതല്ലെങ്കിൽ
പറങ്കി എന്ന വിളിയിലൂടെ
സ്വത്വത്തെ ആഴത്തിൽ ചൂഴ്ന്നെടുത്ത് രസിക്കുന്നവരിൽ നിന്നുള്ള
ഒഴിഞ്ഞുമാറലുമായിരുന്നിരിക്കാം...
അതിനാൽ അയാൾ തന്റെ ചൂണ്ടക്കൊളുത്തിൽ ഇരകളെ കോർത്തിരുന്നില്ല...
ഇരനഷ്ടങ്ങളെക്കുറിച്ചയാൾ
ആവലാതിപൂണ്ടുമില്ല..
അയാൾക്ക് എപ്പോഴും എല്ലാത്തിൽ നിന്നും
ഒളിച്ചോടിക്കൊണ്ടിരിക്കണമായിരുന്നു...
അമ്മവീട്ടിൽ പോക്ക് ഇപ്പൊ ഏതാണ്ടില്ലാതായി..
ചെന്നാൽ
നീണ്ട തോട്ടിൻ മട്ടയിൽ
ഏതെങ്കിലും തെങ്ങിന്റെ
ഓരം ചാരി കിർവാച്ചൻ
ഇരിക്കുന്നതോർക്കും.
കിർവാച്ചൻ എനിക്കിപ്പോഴൊരു തുരുത്താണ്
കാടും പടർപ്പും ഇഴജന്തുക്കളും
വഴിവിട്ട് വളരുന്നൊരൊറ്റത്തുരുത്ത്.▮