ഫോണിലെ സ്പാം മെസേജുകൾക്കിടയിൽ
‘ഏകാന്തതയുണ്ടോ സൗഹൃദത്തിനായി വിളിക്കൂ ' എന്നൊന്ന്
മുഖമില്ലാത്ത സൗഹൃദങ്ങൾ
എത്ര തിരിച്ചിട്ടും അടുങ്ങാത്ത
റൂബിക്‌സ് ക്യൂബുപോലെ
ഓർമയിൽ വർണക്കളങ്ങളുടെ
അറ്റമില്ലാത്ത വികൃതി
അതിലേതോ വരിയിൽ
മറവി ഒരു കത്തെഴുത്തുസൗഹൃദത്തെ
ബാക്കി വയ്ക്കുന്നു
മുഖമില്ലാത്ത സൗഹൃദങ്ങൾ
എത്ര തിരിച്ചിട്ടും അടുങ്ങാത്ത
റൂബിക്‌സ് ക്യൂബുപോലെ
മുഖമില്ലെന്നങ്ങനെ
തീർത്തു പറഞ്ഞുകൂടാ
അയാൾ റിൽക്കെയുടെ മുഖമുള്ള
ഒരു ഇടംകൈയ്യനായ ചിത്രകാരനായിരുന്നു
ചില എഴുത്തുകളിൽ
അയാളെന്നെ ദൈവമെന്ന് വിളിക്കുന്നു
അപരിചിത നഗരങ്ങളിലെ
തെരുവ് വിളക്കുകളുടെ വെളിച്ചത്തെപ്പറ്റിയും
എഴുതി മുഴുമിപ്പിക്കാതൊരു
കവിതയെപ്പറ്റിയും
പ്രാവിൻകൂടുപോലുള്ള മുറികളിൽ
വിവസ്ത്രരാകുന്ന മനുഷ്യരെപ്പറ്റിയും
ഞങ്ങൾ കത്തുകളെഴുതുന്നു
അയാളുടെ കൈപ്പട ഞാൻ ഓർമിച്ചെടുത്തു
അയാളുടെ ശബ്ദം
അയാളുടെ ശബ്ദം
റൂബിക്‌സ് ക്യൂബിൽ നിന്നും
അടർന്നു പോയൊരു ചതുരം
എന്റെ ഇരുപത്തിയാറാം പിറന്നാളിന്റെ തലേന്ന്
അവസാനകത്ത്
പിന്നീട് ദീർഘനിശബ്ദത
ഇപ്പോളിതാ വീണ്ടും
സ്പാം മെസ്സേജുകളായി
ഏകാന്തതയുണ്ടോ എന്ന തിരക്കൽ
▮