സ്​ത്രീയെഴുത്തിലെ സദാചാരലംഘനങ്ങൾ

മുൻകാല കവികൾ ചില അലങ്കാരങ്ങൾ ഉപയോഗിച്ചുകൊണ്ട് പറഞ്ഞ സന്ദിഗ്‌ധത പോലുള്ള കാര്യങ്ങൾ എത്ര നിസാരമായാണ് പുതിയ കവികൾ സാധിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അമ്മു ദീപയുടെ കവിതാ സമാഹാരമായ കരിങ്കുട്ടിയുടെ പഠനം, അമ്മു ദീപയുടെ പുതിയ കവിതയും

റ്റൊരാളെയും തന്നെയും അഭിമുഖീകരിക്കുന്ന കവിതകൾ അമ്മു ദീപയുടെ
‘കരിങ്കുട്ടി’ എന്ന സമാഹാരത്തിൽ കണ്ടെത്താം. കുളം എന്ന കവിത വായിച്ചപ്പോഴാണ് എനിക്ക് അമ്മുവിന്റെ കവിത
കൊള്ളാമല്ലോ എന്ന് തോന്നിയത്.

കുളം

നിന്റെ വീടിനടുത്തുള്ള
അമ്പലക്കുളമാണ് ഞാൻ.
നീ ഓടി വന്നു ചാടൂ
മലർ‍ന്നും കമിഴ്ന്നും നീന്തൂ.
നിനക്കു പിറകെ ചാടാൻ വരുന്ന ചെക്കന്മാരെ
കഴുത്തിനു പിടിച്ചു താഴ്ത്തൂ.
പക്ഷെ ചെറുക്കാ
വന്നു ചാടിയല്ലോ
നിനക്കു മുമ്പേ ചിലർ‍.
അവരെ നീ എന്തു ചെയ്യും?
വേഗം നീന്തിക്കരയേറൂ
മുങ്ങാം കുഴിയിട്ട്
ദേ അവർ‍ നിന്റെ നേരെ വരുന്നുണ്ട്.

ഈ കവിത എനിക്ക് ഇഷ്ടപ്പെടാൻ പല കാരണങ്ങളുണ്ട്: ഒന്ന്, ഒരു സ്ത്രീയിൽ ഭൂത-വർത്തമാന - ഭാവി കാലങ്ങളിലാകെ ഒരാളല്ല ഒരു പാട് പുരുഷന്മാർ വരുന്നു എന്നതാണ്. അത് തുറന്നുപറഞ്ഞതാണ് ഈ കവിതയുടെ ശക്തി. കന്യക , പതിവ്രത എന്നിങ്ങനെയുള്ള മുദ്രകളെ ഈ കവിത തള്ളിക്കളയുന്നു.
രണ്ട്, കുളം / കുളി എന്നീ രതിസൂചകങ്ങൾ അതിസുന്ദരമായി പ്രയോഗിച്ചിരിക്കുന്നു. മൂന്ന്, ഗ്രാമീണത / പ്രകൃതി/ കുളം / സ്ത്രീ എല്ലാം ഒരുമിക്കുന്നു.
മറ്റൊരാളെ അഭിമുഖീകരിക്കുന്ന കവിതയാണിത്. പ്രധാനമായി സ്ത്രീ, പുരുഷൻ എന്ന രണ്ടുപേർ ഇതിലുണ്ട്. ബാക്കി ആണുങ്ങൾ കോറസാണ്. കവി നീ എന്ന് പുരുഷനെയാണ് വിളിക്കുന്നത്. ആരാണ് ഈ നീ? കവിക്കു മാത്രം അറിയാവുന്ന ഈ ആൾ വെളിപ്പെടാതെ ‘നീ’ യെന്ന നിഗൂഢതയായി സാന്നിധ്യം കൊള്ളുന്നതിൽ എനിക്ക് അത്ഭുതമുണ്ട്. എന്നാൽ നീ എന്ന കാമുകനെ, ഭർത്താവിനെ ഈ കവിതകളിലെമ്പാടും നിഗൂഢതയാക്കി നിർത്തുകയാണ് കവി. അത് വലിയൊരു നിഗൂഢതയായി വളരുന്നുണ്ട് ഈ സമാഹാരത്തിൽ. അതാണ് ഈ കൃതിയുടെ സൗഭാഗ്യങ്ങളിലൊന്ന്. ‘കുളം’ എന്ന ഈ കവിത നമ്മുടെ പിൽക്കാല കവിതയിലെ ഏറ്റവും കൃത്യമായി ഫലിച്ച രചനയാണെന്നു പറയട്ടെ.
ഞാൻ/നീ എന്ന ഈ നാടകീയ സ്വഗതാഖ്യാന സർവ്വനാമങ്ങളിൽ ‘ഞാനെ’ കവിയെന്ന് മനസിലാക്കാം. നീ ആരാണ് എന്നതാണ് പ്രശ്നം. ഒരു നിഗൂഢതയായിത്തന്നെ ഈ നീയെ നമ്മൾ എടുത്തല്ലോ. നമുക്ക് തുടരാം:
‘പതുക്കെ’ എന്ന കവിത നോക്കുക: ഇത് ഒരു രതികവിതയാണ്. ഇവിടെ നീ എന്ന വിളി ഇല്ല. ഇല്ലാത്ത ‘നീ’ അടുത്ത് ഉണ്ടുതാനും. ശാന്തമായി തുടങ്ങുന്ന രത്യനുഭവം മൃഗീയ (മൃഗത്തെ പോലെ സത്യസന്ധമായി, സ്വാഭാവികമായി ) മാകുന്നതാണോ അതോ അതിനെ മൃതിയിലേക്കെത്തിക്കുന്നതാണോ എന്ന സന്ദിഗ്ധത കവിതയിലുണ്ട്. മുൻകാല കവികൾ ചില അലങ്കാരങ്ങൾ ഉപയോഗിച്ചുകൊണ്ട് പറഞ്ഞ സന്ദിഗ്‌ധത പോലുള്ള കാര്യങ്ങൾ എത്ര നിസാരമായാണ് പുതിയ കവികൾ സാധിക്കുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യമാണ്. ‘ഞാനും നീയു’ മായുള്ള സംഘർഷഭരിതമായ സ്നേഹത്തീ ഈ കവിതകളെ ആകെ കത്തിക്കുന്നുണ്ട്. അതൊരു കാട്ടുതീയും ചുറ്റും കുളിർമയുമാണ്. ഭൂമിയുടെ നിമ്നോന്ന തങ്ങളിൽ പ്രണയം തേടി അലയുന്ന പെൺകുട്ടിയാണിവൾ.
വാക്കുകൾക്കും പ്രവൃത്തികൾക്കും പലപ്പോഴും പല അർത്ഥങ്ങളുണ്ട് കവിതയിൽ. സ്നേഹത്തിന് പിണക്കം, കലഹം , അകൽച, ആസക്തി , ഹിംസ എന്നൊക്കെ അർത്ഥങ്ങൾ വരാവുന്ന ഒരു ശബ്ദകോശം ഈ കവി സൃഷ്ടിക്കുന്നുണ്ട്. ശബ്ദതാരാവലി ലൈബ്രറിയിൽത്തന്നെ പൊടി പിടിച്ചിരിക്കും.
ഞാൻ- നീ എന്ന ദ്വന്ദ്വം വരുന്ന കവിതകൾ കുറേയുണ്ട് ഈ സമാഹാരത്തിൽ . അതിശക്തമായ പ്രണയം, വിരഹം, രതി, പിണക്കം, ദാമ്പത്യം എന്നിങ്ങനെയുള്ള വികാരങ്ങളുടെ സംഭരണികളാണ് ഇതിലെ കവിതകൾ. തീവ്രമായ വൈകാരികതയാണ് കവിതകൾക്കുള്ളത്. തലയിണ, തൂക്കുപാലം, സംഭവിച്ചതാണ്, കള്ളൻ, ക്ഷമിക്കു, കവിയൽ, കല്ലിപ്പുകൾ, സാരമില്ല, ശില്‌പവേല, കളി, മഞ്ഞുകാല രാത്രിയിൽ അങ്ങനെ എത്രയോ കവിതകൾ പ്രണയ ദ്വന്ദ്വത്തിന്റേതായുണ്ട്.

ശബ്ദതാരാവലി വായനശാലയിൽ തന്നെയിരിക്ക​ട്ടെ

തന്നെ അഭിമുഖീകരിക്കുന്ന കവിതകളുടെ മറ്റൊരു മേഖല ഈ കാവ്യ പുസ്തകത്തിലുണ്ട്. കവി കണ്ണാടിയിൽ നോക്കുന്നതുപോലെയാണ്. അതിനെ പിൻതുണയ്ക്കുന്ന ചിത്രമാണ് പികാസോയുടെ കണ്ണാടിയിൽ നോക്കുന്ന പെൺകുട്ടിയുടെ ചിത്രം. ( Girl before a mirror) ചിത്രകലയിൽ ഏറ്റവും കൂടുതൽ പോട്രെയിറ്റുകൾ വരച്ചത് റെമ്പ്രണ്ടും വാൻഗോഗുമാണ്. ഇവിടെ അമ്മു ദീപയുടെ കവിതയിൽ ആത്മാലേഖ്യങ്ങൾ നിറയുന്നു. ഇക്കാലത്തെ കവികളെല്ലാം തന്നിലൂടെ മാത്രം ലോകത്തെ കാണുന്നവരാണ് . സ്വയം സ്നേഹം ഇതിന്റെ അടിസ്ഥാനമാണ്. ഇത്രമാത്രം സ്വയം സ്നേഹിക്കുന്ന കവിയെ വേറേ കണ്ടിട്ടില്ല.
ഈ സമാഹാരത്തിലെ ‘കരിങ്കുട്ടി’ എന്ന ആദ്യത്തെ കവിത തന്നെ ആത്മചിത്രീകരണം ആണ്. ബാല്യത്തിൽ കൂടുകയാണ് കവിയുടെ കളിക്കൂട്ടുകാരനായി കരിങ്കുട്ടി. ഒരു ഫോക് ഘടകം ഇതിലുണ്ട്. ഒരു തരം മനോഹരമായ അപഥസഞ്ചാരങ്ങൾ ഈ കവിക്ക് ബാല്യത്തിലേ ഉണ്ട് എന്ന്​ ഇൗ കവിത സൂചിപ്പിക്കുന്നു. കുന്നിൽ ചെരിവിലെ കാമുകന്റെ ഓല മേഞ്ഞ കുടിലിൽ പോകുന്നതും ഒക്കെ അതിൽ പെടുന്നു.
സുബോധജീവിതത്തിന്റെ അതിർത്തികൾ ദേദിക്കാൻ പര്യാപ്തമാണ് ഈ അപഥ സഞ്ചാരങ്ങൾ. തന്നെ ഒരു സറിയലിസ്റ്റായി കാണുന്നു കവി. ഒരു ഭ്രാന്തനും ഞാനും തമ്മിലുള്ള വ്യത്യാസം എനിക്ക് ഭ്രാന്തില്ല എന്നതാണ് എന്ന ദാലിയുടെ പറച്ചിൽ ഓർക്കാം. വിശുദ്ധമായ ഭ്രാന്ത് ഈ കവിതകളെ അനുഗ്രഹിച്ചിരിക്കുന്നു.
കുട്ടികൾക്കും സ്ത്രീകൾക്കുമായി വരച്ചു വച്ചിട്ടുള്ള ഭൂപടങ്ങളെ തന്നിഷ്ടത്തിന്റെ, അബോധത്തിന്റെ പ്രവൃത്തികൾ കൊണ്ട് മാറ്റി വരയ്ക്കുന്നു കവി.
സുബോധവും ജ്ഞാനവും ഇവിടെ കുറവാണ്. ഫ്രിഡ കാലോയെ പോലെ ദുരന്തങ്ങളെ കവി മറികടക്കുന്നു. അങ്ങനെ കവി സ്വതന്ത്രയാകുന്നു. സ്ത്രീ സ്വാതന്ത്രൃത്തിന്റെ ഈ ആവിഷ്കാരം ഒരു വിചിത്ര പഥമായി, വ്യത്യസ്തതയായി മാറുന്നു. സ്വാഭാവികമായ ആവിഷ്കാരമാണിത്.
മുകളിൽ പറഞ്ഞ കാര്യങ്ങൾക്കുള്ള ഉദാഹരണങ്ങൾ:
‘ഒരിക്കൽ
കരിക്കുട്ടിയെ ഒക്കത്തിരുത്തി
ഞാൻ പട്ടാമ്പിക്കു പോയി’
‘കുന്നിൽ
ചെരിവിലൊരു ചെറ്റക്കുടിൽ
കണ്ണുകൾ കുഴിഞ്ഞ്
വാ പൊളിച്ചിരുന്നു
അതിന് വിശക്കുന്നുണ്ടായിരുന്നു
വെയിലും
കാറ്റും
മഴയും
അതിന്റെ വായയിലേക്ക്
അലിവോടെ ചെരിഞ്ഞു പെയ്തു കൊടുത്തു’
‘പെറ്റ പെണ്ണുങ്ങളുടെ
അടിവയറ്റിൽ
ഒരു വരയൻ പുലി
ചുരുണ്ടു കൂടിക്കിടക്കുന്നത്’
എ റൂം ഓഫ് ... , മാവ്, ശലഭപ്പേടി, പിടപ്പുകൾ, അക്കാലം , മറ്റൊരുത്തി, കാക്ക, നീല, പച്ച എന്നിങ്ങനെ ആത്‌മാലേഖ്യ രചനകൾ ഉദാഹരിക്കാം.
സമകാലീന സ്ത്രീകവികളിൽ കാണുന്ന ഒരു പ്രത്യേകത രതിയെ സംബന്ധിച്ച തുറന്നെഴുത്താണ്. പദ്മ ബാബു, ചിഞ്ചു റോസ, ചിത്തിരാ കുസുമൻ എന്നീ കവികളെല്ലാം ധീരമായി രതിയെ ആവിഷ്കരിച്ചിട്ടുള്ളവരാണ്. സ്ത്രീലിംഗത്തെ, പുല്ലിംഗത്തെ പുതിയ പരികല്പനകളാക്കി മാറ്റാൻ ധീരതയുള്ളവരാണ്. വി.എം.ഗിരിജയുടെ ‘പ്രണയം ഒരു ആൽബം’ മുതലേ ഈ സദാചാരലംഘനം ഉണ്ട്. സ്ത്രീയെഴുത്തിലെ വൻകുതിപ്പായിട്ടാണ് ഞാനിതിനെ കാണുന്നത്. തമിഴിൽ സൽമയും കുട്ടി രേവതിയും ഒക്കെ രചനാ ലംഘനങ്ങൾ വിപ്ലവകരമായി സാധിച്ചിട്ടുള്ളവരാണ്. യൂ ഗോൺ ഷീലിനെ പോലുള്ള ഒരു ചിത്രകാരൻ സ്വയംഭോഗത്തെ ഫാസിസത്തിനെതിരേ ചിത്രീകരിച്ചിട്ടുണ്ട്. ഷെനേയുടെ സിനിമയിൽ (Un chant da amour) പുരുഷൻമാരുടെ പ്രണയത്തിന്റെ കാല്പനിക വർണനയുണ്ട്.
പ്രണയം , ലൈംഗികത, രതി എന്നീ സങ്കല്പങ്ങൾ മാറുമ്പോൾ ലോകം മാറുന്നു.
തെറിവാക്കുകൾ, രതിക്രമങ്ങളുടെ ക്രമം തെറ്റൽ എന്നിവ സ്ത്രീയെഴുത്തിൽ ഭാഷയിലെ അക്രമമായി രൂപപ്പെടുന്നു. അതിനാൽ മുമ്പ് പറഞ്ഞതുപോലെ നമ്മുടെ ശബ്ദതാരാവലി തല്കാലം വായനശാലയിൽ തന്നെയിരിക്കും. അവയിലെ അർത്ഥവിവരണങ്ങൾ അപ്രസക്തമാകുന്നു.
എന്തുകൊണ്ടാണ് അമ്മു ദീപ ഒരു പുതുകവിയാകുന്നത്? മുകളിൽ പറഞ്ഞ കാര്യങ്ങളുടെ കൂടെ താഴെപ്പറയുന്ന കാര്യങ്ങളുമുണ്ട്.
അപരിചിതമായ ഭൂഭാഗങ്ങൾ, വീടുകൾ, കുന്നുകൾ ഈ കവിതകളിൽ ഉണ്ട്. കരിങ്കുട്ടി , കൂവളക്കാട്, ചെകിടി മണ്ണ്, ചോക്കപ്പൊടി, തീച്ചന്ദനം, പൊടി കൂട്ടങ്ങൾ,പാവുട്ടപ്പൂക്കൾ, കീരാം കിരിക്കുകൾ, ചെമ്പരത്തിക്കമാനം , ചൊകചൊകാ മഞ്ഞനിറം, രാമചന്ദ്രൻ കൺമഷി ... എന്നിങ്ങനെ അപരിചിതമായ ഭാഷകൾ. ഇത് തൊണ്ണൂറുകളിൽ ആരംഭിച്ച കവിതയിലെ ഭാഷാവിച്ഛേദത്തിന് ആക്കം കൂട്ടുന്നുണ്ട്. ഭാഷയുടെ ഉൾപ്രദേശങ്ങൾ പുതിയ ലാവണ്യ പ്രദേശങ്ങളാണ്.

ബുർഖ ധരിച്ച സ്ത്രീ പറയുന്നു, ജനൽ തുറക്കൂ

കരിങ്കുട്ടി എന്ന സമാഹാരം കവിയുടെ ചിത്രങ്ങളാൽ പൂരിതമാണ്. കവി ഒരു ചിത്രകാരി കൂടിയാണ്. സൂക്ഷിച്ചു നോക്കിയാൽ വരകളിൽ ടി.കെ. പത്മിനിയുടെ വിദൂരസ്മൃതിയുണ്ടെന്നുതോന്നും. കവിതയിലും വരച്ചിട്ടും വരച്ചിട്ടും തീരാതെ ആത്മാലേഖ്യങ്ങൾ . അപരലോകങ്ങൾ... ചെറു കാര്യങ്ങൾ, ചന്ദ്രനെ കാണുന്നതും തേങ്ങാപൊട്ടിക്കുന്നതും കൊതുകിനെ കൊല്ലുന്നതും ലോണെടുത്ത് കാട് വയ്ക്കാൻ ആശിക്കുന്നതും , എഴുത്തുമേശയ്ത്തരികിലിരിക്കുന്നതും മറ്റും ...
എന്നാൽ അത്‌ഭുതപ്പെടുത്തുന്ന ചിലതു കൂടിയുണ്ട്.
ജമീലാത്ത എന്ന കവിത അതിസൂക്ഷ്മമായി വിന്യസിക്കപ്പെട്ടതാണ്. ബുർഖ ധരിച്ച ഒരു സ്ത്രീ മുകൾനിലയിലെ ജനൽ തുറന്നിട്ടു കൂടേ എന്ന് ചോദിക്കുന്നതാണ് തുടക്കം. അത് പ്രകാരം കവി താൻ വസിക്കുന്ന വീട്ടിലെ തന്റെ ശ്രദ്ധയിൽ പെടാതിരുന്ന തുറക്കാതിരുന്ന ജനൽ തുറക്കുന്നതാണ് കഥ. ഇവിടെ ബുർഖ ധരിച്ച സ്ത്രീയാണ് ജനൽ തുറക്കാൻ പറയുന്നത് എന്നതിൽ ധ്വനിയുണ്ട്. എന്നാൽ വിമർശനമില്ല. ഇരുവശങ്ങളിലെ നോട്ടങ്ങളിൽ കവിത തീരുന്നു. അതിസുന്ദരമായ ഒരു കവിതയായി എനിക്ക് ഇത് തോന്നി. സമാനമായ സ്വഭാവമുള്ള മറ്റൊരു കവിതയാണ് മേമ . അത് അവസാനിക്കുന്നത് എനിക്ക് വീടില്ല എന്ന വാക്യത്തോടെയാണ്. ഫലിക്കാതെ പോയ ചില കവിതകളുണ്ട്. അതൊക്കെ ഫലിച്ച കവിതകളുടെ പേരിൽ പൊറുക്കാം. ഫോക് പാരമ്പര്യം ഇടശ്ശേരിയുടെ വിദൂരതയായുമുണ്ട്.

വൈന്നേരത്ത്, അടുക്കളയിൽ

അമ്മു ദീപ

അടുക്കളയുടെ മിനുസമുള്ള തറയിൽ വീണുകിടന്ന ഒരു വെളിച്ചം
അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴൊക്കെ
ഇങ്ങോട്ടുമങ്ങോട്ടും ചാടുന്ന
കറുപ്പും വെളുപ്പുമായ
രണ്ടു പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ.

വീട്ടിൽ ഞാൻ തനിച്ചായിരുന്നു
പൂച്ചക്കുഞ്ഞുങ്ങളുടെ സാന്നിധ്യം എനിക്കാശ്വാസമേകി.
ഒച്ചവെക്കാതെയുള്ള അവയുടെ കളി എനിക്കിഷ്ടമായി.
ഞാൻ ഒരിടത്തിരുന്നപ്പോൾ അവയും അടങ്ങിയിരിപ്പായി.
പാലുവച്ചുകൊടുത്തപ്പോൾ കുടിച്ചില്ല.
ഓംലെറ്റിന്റെ മണം കേട്ടിട്ടും
ഓടിവന്നില്ല

മുരിങ്ങമരത്തിന്റെ തറ്റത്തെ കൊമ്പിൽന്ന്
കടന്നൽക്കുത്തേറ്റ സൂര്യൻ
ചോന്നു വീർത്ത മുഖവുമായി
വെള്ളം തേടിയോടുമ്പോൾ കാര്യമന്വേഷിക്കാനെന്ന വ്യാജേന വടക്കോറവാതിലിലൂടെ
ഒറ്റപ്പാച്ചിലായിരുന്നു രണ്ടും.


Summary: Ammu deepa's Malayalam poem reviewed by S Joseph.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments