​ആയിഷയും ദേവകിയും​

അയിശൂ...
​നീയവന് തുമ്പിയായിരിക്കും
കാണാച്ചില്ലുചിറകുകൾ
വിരിച്ചു പറന്നു നോക്ക്...
അവന്റെ കുട്ടി നോട്ടം
കൂടെ പറക്കും,
അപ്പൂപ്പൻ താടിപോലെ!
നിന്റെ ചെറുകരിവണ്ടുകൾക്കവനെയൊരുലകം
ചുറ്റിക്കാനാവില്ലെന്നാരുകണ്ടു!

ദേവൂ,

""അന്നെ വെച്ച് ഓനെന്തു
രസമെന്ന്?'' ഓർത്തെന്റുമ്മ
ആരന്യനു വേണ്ടിയനുതപിച്ചിരിക്കുമിത്രയ്ക്കും?
കൂടെയീ ഞാനും!

സ്വപ്‌നം കണ്ടൊരിക്കൽ
ആദ്യ രാത്രിയിൽ
മാങ്ങ പറിക്കാൻ
കുരങ്ങനെ പോലെയെന്നെ മാവിൽ കയറ്റുന്നു.
വെട്ടം കാണിച്ചയാൾ താഴെ നിൽപുണ്ടായിരുന്നു.
ആശിച്ചു സ്‌നേഹിക്കുവാനാവതില്ല
കാമിച്ചു വിവശയാവാനറിയില്ല

അയിശൂ,

രസിക്കുവാൻ
നമുക്കും എന്താണുള്ളത്?
പരസ്പര പൂരകങ്ങളായി
പലതുണ്ട് പെണ്ണേ!
പിടിയിലൊതുങ്ങാതെ
വലിയ മാറിടങ്ങൾ വേണ്ട
മുലചുരുത്തുവാൻ
ഊറിയുറ്റുന്ന പാൽവഴി തേടി
കുഞ്ഞുങ്ങളെത്ര സ്‌നേഹം കണ്ടെടുത്തൂ
കൂരിരുട്ടിലെ വർണങ്ങൾ തേടുവാൻ
കൊതിക്കുന്നില്ലേ കണ്ണുകൾ
ഗന്ധത്തിൽ കൊടുങ്കാറ്റടിക്കും
സ്പർശത്തിലായിരം രോമകൂപങ്ങൾ ഉറഞ്ഞുതുള്ളും

ദേവൂ,

വയസ് നാൽപ്പതായി
തേടിയെന്നെയാരും ഈവഴി വന്നില്ലല്ലോ
തുഴഞ്ഞ് ആക്കര തേടാൻ
ഒരു യൗവ്വനമിനിയില്ല തോഴീ
നീകയറിയ പടവുകൾ വാർത്തശരീരം
നിന്റെ മൂക്ക് ചെകിളച്ചുണ്ട് ചുരുണ്ട മുടി
ഒന്നും കാണായ്കയുമല്ല

ഛേ കുഞ്ഞായിശൂ

ആത്മാർത്ഥ പ്രേമത്തിലായിരുന്നു
ചിറകുകൾ മുളച്ചപ്പോൾ പറന്നതാണു ഞാൻ
കണ്ണുകൾ തെളിഞ്ഞപ്പോൾ കണ്ടതിനു പിന്നാലെ പാഞ്ഞു
അവറ്റകളന്ന് കണ്ടംപൂച്ചകളായിരുന്നു
പിന്നെ കാലം ചെന്നായ്ക്കളാക്കി


ഏത് പുണ്യാഹത്തിലാണ് നിന്റെ ഹൃദയം കുഴച്ചത്
ഏത് അച്ചിലാണവ വാർത്തത്
ഉടലോടവർ തുന്നിച്ചേർത്ത
കുപ്പായങ്ങളീ വിശ്വാസങ്ങൾ
മെല്ലെ ഊരിയെറിയാനാവില്ല
കത്രിക കൊണ്ട് അറുത്തു മാറ്റ്
ഉടൽ സന്ധി ചെയ്തതറിയാത്തതെന്തുനീ

ദേവൂ,

പലപ്പോഴും
മിഴി തുറന്നപ്പൊഴേ കണ്ടു
ചിമ്മിച്ചിരിച്ചയെൻ നക്ഷത്രത്തെ
എത്ര പ്രകാശവർഷം താണ്ടിയാണ്
തിരിച്ചറിഞ്ഞതെന്റെ താരപുരുഷനെ
ചൂടും ചൂരുമകന്ന്
ഗുരുത്വാകർഷണം ശോഷിച്ച്
തുലനമറ്റ ചുവന്ന ഭീമനെപ്പോലെ
ബഹിരാകാശത്തിലലിഞ്ഞുപോയിരിക്കും
അകക്കാമ്പ് കത്തിയെരിഞ്ഞു തീർന്നിരിക്കും
അപഭ്രഷ്ടത്തിൽ വെള്ളക്കുള്ളന്മാർ വച്ചിറാകാരികൾ
ഭൂതക്കാഴ്ചയ്ക്കുമുന്നേ മരിച്ചവർ


അമ്മു വള്ളിക്കാട്ട്

കവി. ‘പെൺവിക്രമാദിത്യം പേശാ മടന്തയും മുലമടന്തയും' എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments