അമ്മു വള്ളിക്കാട്ട്

താഹ ഇൻ ഗിലറ്റീൻ

കുട്ടികളെ, ഇന്ന് നമുക്ക്
ഗിലറ്റീനിൽ ശിരസ്സു വിച്ഛേദിക്കപ്പെടുന്നതെങ്ങനെയെന്ന് നോക്കാം?
കുത്തനെ സമാന്തരമായി വച്ചിരിക്കുന്ന തടിയുടെ താഴെയുള്ള ബെഞ്ചിൽ
കൈകൾ പുറകിൽ കൂട്ടിക്കെട്ടി,
പരന്ന പലകയിൽ ചേർത്തുകെട്ടി,
ഒരുവനെ കമഴ്​ത്തി കിടത്തിയിരിക്കും
ഹ, തത്കാലം നമുക്കവനെ താഹായെന്നു വിളിക്കാം

അർദ്ധവൃത്താകൃതിയിലുള്ള രണ്ടുമരപാളികളിലവന്റെ
കഴുത്തു കുരുക്കി വയ്ക്കും.
കനത്തിലൊരു ബ്ലേഡ്
കപ്പിയിൽ കയറി
താഴേക്കുപതിയും
കണിശമായി, കിറുകൃത്യമായി
എല്ലോ മാംസമോ
ഒട്ടുമേ ചതയാതെ
താഹയുടെ തല
ടും എന്ന് കോട്ടയിൽ പതിയും

ചെറിയ തുണ്ടുകടലാസോളം കനംകുറഞ്ഞ
ലഘു ലേഖകൾ
അല്ല സോറി സോറി
ഒരു ബ്ലേഡ് മതി പണി തീർക്കാൻ
ചെറിയ വിസ്തൃതിയിൽ
കൂടിയ സമ്മർദ്ദം ചെലുത്തണമെന്നാണ്
മാവോയിസം എന്ന ഒറ്റ ബിന്ദുവിൽ
വച്ചങ് കറക്കും പോലെ

വക്കു ഭാഗം ചെരിച്ചു പിടിച്ച കത്തി കൊണ്ട്
അനായാസേന മീൻ മുറിക്കുന്നത് കണ്ടിട്ടില്ലേ?
സത്യത്തെ വളച്ചൊന്നു വച്ചാൽ
വിധിയനുകൂലമായങ്ങുഭവിക്കും!
ആൾകൂട്ടം കുന്തം പിടിച്ചു
ആർപ്പു വിളിക്കും
മൺതിട്ടയിൽ ഒടുക്കമവന്റെ രക്തം
ചുവന്ന ബലൂൺ പോലെ വീർക്കുന്നതും നോക്കിക്കൊണ്ട്!

ഊർജ്ജ പരിവർത്തന ശാസ്ത്രതന്ത്രങ്ങൾ
അനായാസം പണിതീർത്തു കൊടുക്കുന്ന
വിപ്ലവപ്രവർത്തനമെങ്ങനെയെന്നതു
മനസ്സിലായോ മക്കളെ?
ശരി, അടുത്ത പാഠത്തിലേക്ക് നീങ്ങാം!▮

ഗിലറ്റീൻ - ശിരസ്സുവിച്ഛേദന യന്ത്രം


അമ്മു വള്ളിക്കാട്ട്

കവി. ‘പെൺവിക്രമാദിത്യം പേശാ മടന്തയും മുലമടന്തയും' എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments