അനിത തമ്പി

ഭരണഘടനയ്ക്ക് 1 ഒരടിക്കുറിപ്പ്

ഞാനൊരിലയാണെന്നിരിക്കട്ടെ2എന്റെ പുഴുവിനെയൂട്ടും3 പോലെ എളുപ്പമല്ലഎനിക്കെന്റെ പൂവിനെയുണർത്താൻ. 4,5,6

1. ഭ, ഘ, ഘ യോട് ചേർന്നു വരുന്ന ട എന്നീ ശബ്ദങ്ങളാൽ ഗരിമയുള്ള വാക്ക് എന്ന നിലയിൽ ഭരണഘടന എന്നെഴുതി എന്നു മാത്രം. മറ്റ് പല ഘടനകൾക്കും ഈ അടിക്കുറിപ്പ് യോജിച്ചെന്നുവരും.
2. ഞാൻ എന്നു വച്ചാൽ ഞാൻ മാത്രം, ഈ രാജ്യത്തെ മുഴുവൻ പൗരർ എന്നർത്ഥമില്ല, എന്റെ തലമുറ എന്നർത്ഥമില്ല, ലിംഗപദവിയിലോ മതവിശ്വാസത്തിലോ സ്വഭാവത്തിലോ തൊഴിലിലോ ജീവിക്കുന്ന പ്രദേശത്തിലോ എന്നെപ്പോലെയുള്ളവർ എന്നും അർത്ഥമില്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, അന്തസ്സ്, നീതി എന്നിങ്ങനെയുള്ള ആഗ്രഹങ്ങളോടുകൂടിയ ഞാൻ എന്നും അർത്ഥമില്ല. എല്ലാം അംഗീകരിച്ച്, നിയമമാക്കി, സ്വയം സമർപ്പിച്ച്, പാലിച്ചു പോരുന്ന ഞാൻ. വെറും ഞാൻ.
3. എന്റെ പുഴു, എന്റെ പുഴു, എന്റെ മാത്രം പുഴു. കവിത വായിക്കുമ്പോൾ ഇല്ലാത്ത നാനാർത്ഥം തേടേണ്ട കാര്യമില്ല. മാത്രമല്ല അത്തരം ശീലങ്ങൾ മാറ്റുന്നത് നല്ലതുമാണ്. വാസ്തവത്തിൽ അടിക്കുറിപ്പുകളുടെ ധർമ്മം ഉള്ള അർത്ഥം വെളിവാക്കുകയല്ല, ദുരർത്ഥ, അനർത്ഥ സാധ്യതകൾക്ക് തടയിടുകയാണ്.
4. എന്റെ പൂവെന്നാൽ എന്നോടു ചേർന്ന് ഒന്നോ പലതോ കുലകുലയായോ മൊട്ടിട്ട് വിടർന്ന് കൊഴിയുന്ന എന്റെ മാത്രം പൂവ്. അഴുകി മണ്ണോട് ചേരുന്നത്. അത് വിശേഷാൽ സൗന്ദര്യത്തിന്റെയോ പ്രതീക്ഷയുടെയോ നശ്വരതയുടെ പോലുമോ പ്രതീകമല്ല. വെറും ഒരു പൂവ് മാത്രം.
5. എന്റെ ജാതി, എന്റെ മരം, എന്റെ മണ്ണ്, എന്റെ ഞരമ്പിലോടുന്ന നീര്, മുറിഞ്ഞാൽ ഒലിക്കുന്ന ചറം, എങ്ങനെ വീണാലും എന്നെ കീറാനുള്ള മുള്ള്, എന്റെ കൂറ് തുടങ്ങി ആലോചിക്കാനുള്ള വിഷയങ്ങൾ പലതുണ്ട്. വിസ്താരഭയത്താൽ അവയിലേക്ക് കടക്കുന്നില്ല. വിസ്താരഭയത്താൽ മാത്രം.
6. ഇനി അഥവാ ഞാനൊരു ഇലയല്ല എന്നിരിക്കട്ടെ, അപ്പോഴും എന്റെ പുഴുവിനെയൂട്ടും പോലെ എളുപ്പമല്ല എനിക്കെന്റെ പൂവിനെയുണർത്താൻ.


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments