പണ്ട്പണ്ട് ലോകം
മട്ടാഞ്ചേരിദൂരം
ഓട്ടമുക്കാലിന്ന് ചാള വാരിവാരിവിറ്റ്
തോണിപ്പണിക്കാലം
ചാപ്പയ്‌ക്കോടും തീരം
വെടിതുളഞ്ഞ കാലിൽ തീരാനടനട നടന്ന്
കായലോളം ചെന്ന്
കോളെടുത്ത് വന്ന്
നല്ലപിടപിടയ്ക്കുന്ന പച്ചമീൻ വിളിച്ച്
ഒറ്റമുണ്ടുടുത്ത്
ഒച്ചയിൽ ചിരിച്ച്
ഒറ്റയാൾനൂറ്റാണ്ട് നാട്ടുകവലയിൽ തെളിഞ്ഞ്
ഉച്ചിമുറിവിത്രനാളും നീറ്റിയോൻ അലീക്ക
പച്ചമുറിവായകൂടാതിപ്പൊഴും അലീക്ക
ഓർമ വച്ച നാൾ മുതൽ അതിരാവിലെയുണർന്ന് തീരത്തുചെന്ന് പിടയ്ക്കുന്ന പച്ചമീനെടുത്ത് തലച്ചുമടായി വീടുകൾ തോറും നടന്ന് വിൽക്കുന്ന മൈമുണ്ണി അലി എന്ന അലീക്ക. വെളുപ്പിന് കോളുമായി വഞ്ചിയടുക്കുന്ന തീരത്തുവച്ചാണ് അലീക്കയെ കണ്ടത്. കേരളത്തിൽ വ്യവസായവൽക്കരണത്തിന്റെ ആദ്യഅലകൾ അടിച്ചുകയറിയ അതേ തീരത്ത് തോണിപ്പണിക്കാരനായിരുന്ന കാലത്ത്, 1953 ലെ തൊഴിലാളി സമരത്തിൽ പങ്കെടുത്ത് പോലീസിന്റെ വെടിതുളച്ച കാലുകൾ. ആ കാലുകളിൽ ഇന്നും നടനടന്ന് നിത്യവും മീൻ വിൽക്കുന്ന 78 വയസ്സുള്ള അലീക്ക. അലീക്ക ഒരാളല്ല, ഒരുപാടുപേരാണ്. ഒരു നാടാണ്.