പ്രാട്ടി

മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ

മൈനാത്തുവെളിയിൽ
ആദ്യം വിഴുപ്പുകൾ വന്നു
പിന്നെ വെള്ളം വന്നു
വയറ്റുകണ്ണിവെള്ളം പ്രാട്ടിയെ നൊന്തുപെറ്റു
പെറ്റവെള്ളം പോറ്റിവളർത്തി
ഒന്നിച്ചുറങ്ങി
എന്നും മാരിയമ്മൻകോവിൽ കഴുകിയിറങ്ങി
ആണ്ടുതോറും മൊളങ്കൊട്ടിലിനു കൂട്ടുപോയി

വെള്ളം പ്രാട്ടിയുടെ മൂക്കുത്തി നോക്കിക്കിടന്നു മിന്നി
മിന്നുന്ന വെള്ളത്തിൽ
പ്രാട്ടി അഴുക്കിളക്കി
നൂറ്റാണ്ടുകളുടെ കൈയ്യായത്തിൽ
ഇളകിയ അഴുക്കിനു മീതേ
അയകളിൽ
പലനിറപ്പതാകകൾ പാറി

ദേശത്തിന്റെ വിയർപ്പും
കറയും മണവും കൊണ്ട് മടങ്ങിവരാൻ
പ്രാട്ടി അവയെ തേച്ചുമടക്കി യാത്രയാക്കി

പ്രാട്ടി എന്ന് പേരുള്ള അലക്കുകാരി, എൺപത്തഞ്ച് വയസ്സുള്ള അമ്മ. നാല് നൂറ്റാണ്ട് മുൻപ് ഡച്ചുകാർ വിഴുപ്പലക്കുവാൻ തമിഴകത്തുനിന്ന് കൊണ്ടുവന്ന് മട്ടാഞ്ചേരിയിലെ മൈനാത്തു വെളിയിൽ പാർപ്പിച്ച വണ്ണാർ സമുദായത്തിലെ, നിത്യവേലയുടെ തുടരുന്ന ചിത്രം. കാൽവണ്ണയോളം വെള്ളത്തിൽ പകൽ മുഴുവൻ നിന്ന് പണിയെടുക്കുന്നവൾ. ധോബിഘാന എന്ന് വിളിക്കുന്ന അലക്ക് കേന്ദ്രത്തിലാണ് പ്രാട്ടിയമ്മയെക്കണ്ടത്. ചിരിയും മൂക്കുത്തികളും ഒരുപോലെ മിന്നുന്ന മുഖം. വെള്ളം പെറ്റ് പോറ്റി വളർത്തിയവൾ. അലക്കിന്റെ പരമരഹസ്യങ്ങൾ പ്രാട്ടിയമ്മ എനിക്ക് പറഞ്ഞുതന്നു. കൊടിയ കറകൾ കൂടി ഇളക്കുന്ന കൂട്ടുകൾ കൈമാറിത്തന്നു.


മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ മറ്റ് ഭാഗങ്ങൾ


Summary: മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments