മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ

ഒറ്റയാൾദേശങ്ങളിലൂടെ ഒരു കവിയുടെ അപൂർവസഞ്ചാരം. ഒരേ സമയവും ഭൂതവും വർത്തമാനവും ഭാവിയും ആയ ‘ഒരാൾ’ ഇതാദ്യമായി മലയാള കവിതയിലേക്ക്​. മട്ടാഞ്ചേരി എന്ന കഥയുടെ ചുരുളുകൾ അവിടുത്തെ ഒറ്റയൊറ്റ മനുഷ്യരിലൂടെ അഴിച്ച് വായിക്കുന്ന കവിതകൾ. അനിത തമ്പിയുടെ ആൾക്കവിതാപരമ്പര ആരംഭിക്കുന്നു

റണാകുളത്തുനിന്ന്​ മട്ടാഞ്ചേരിയിലേക്ക്​ ഫെറി കടക്കുന്ന ഇരുപതു മിനിറ്റുകൾ പ്രധാനമാണ്. ഇളകുന്ന വെള്ളപ്പരപ്പിൽ അതുവരെപ്പാർത്ത ലോകത്തെ ബഹുകാതം പിന്നിലേക്ക് തള്ളുന്ന ഇരുപതുമിനിറ്റുകൾ. അതിനൊടുവിൽ പൊളിഞ്ഞ പാണ്ടികശാലകളുടെയും പൗരാണികമായ എടുപ്പുകളുടെയും ടൂറിസ്റ്റ് ജീവിതത്തിന്റെയും മറുതീരം. അഞ്ചാറ് കിലോമീറ്റർ മാത്രം നീളത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രമോർത്തു കിടക്കുന്ന തീരം.
മട്ടാഞ്ചേരിയിൽ കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയ്ക്കടുത്താണ് ഉരു ആർട്ട് ഹാർബർ. 2017ൽ, റിയാസ് കോമു ക്യൂറേറ്റ് ചെയ്യുന്ന മട്ടാഞ്ചേരി എന്ന് പേരുള്ള ഉരു ആർട്ട് ഹാർബറിന്റെ ആദ്യകലാപ്രദർശനത്തിന്റെ ഭാഗമായാണ് ഞാൻ മട്ടാഞ്ചേരിയെ എഴുതാൻ തുനിയുന്നത്. പ്രദർശനത്തിന്റെ തിണ മട്ടാഞ്ചേരി തന്നെ. പല ഛായകളിൽ പല ചേലുകളിൽ പുലരുന്ന ഒരു ദേശത്തെ രേഖപ്പെടുത്താനും തെളിച്ചപ്പെടുത്താനും ഒരു പക്ഷെ മറ്റൊരു വെളിച്ചത്തിൽ വായിക്കാനാകും വിധം വീണ്ടെടുക്കാനും ഉള്ള കലാശ്രമമായി സങ്കൽ‌പ്പിക്കപ്പെട്ട പ്രദർശനം. ഒരു ദേശത്തെ ഒരുപക്ഷെ അവരുടെ നിത്യജീവിതവിഷയമല്ലാത്ത കലാവിഷ്ക്കാരങ്ങളിലേക്ക് അടുപ്പിക്കുവാനും കൂടിയുള്ള ശ്രമം.
മട്ടാഞ്ചേരിമണ്ണിലെ വഴികളിലൂടെ മനുഷ്യരോടും ജന്തുക്കളോടും പറവകളോടും വസ്തുക്കളോടും ഇടപഴകി പലനാൾ നടന്നു. ആ നടപ്പിൽ എനിക്കൊപ്പം സുഹൃത്തും ഫോട്ടോഗ്രാഫറും ആയ ബിജു ഇബ്രാഹിമും ഉണ്ടായിരുന്നു. മട്ടാഞ്ചേരി അതിന്റെ ഉള്ളുകള്ളികളും ഊടുവഴികളും ഞങ്ങൾക്കു മുന്നിൽ മെല്ലെ വകഞ്ഞ് തുറന്നു തന്നു. കെട്ടുകഥകളിലെന്നപോലെ പഴമയും പലമയും കൊണ്ട് ഉരുവപ്പെട്ട ഒരു ദേശം. തൊഴിലുകളുടെ, സമുദായങ്ങളുടെ, മൊഴികളുടെ, ചര്യകളുടെ, അനേക അടരുകളിൽ ജീവിക്കുന്ന ദേശം. നാനാതരം മനുഷ്യർ തിങ്ങിപ്പാർക്കുന്ന, അക്ഷരാർത്ഥത്തിൽ തിങ്ങിത്തന്നെ പാർക്കുന്ന ഇടം. പുരാതനസ്മരണകളിൽ പുലരുന്ന അതിന്റെ ഇടങ്ങൾ, എടുപ്പുകൾ.
ഉപഭൂഖണ്ഡത്തിന്റെ, ലോകത്തേക്ക് തുറന്നിട്ട ഒരു വാതായനം. അത് കേരളമല്ല, ഇന്ത്യയുമല്ല. കേരളവും ഇന്ത്യയും ആയിത്തീർന്നിരുന്നെങ്കിൽ എന്ന് ആശിക്കാനാവും വിധം ചരിത്രപരമായ പലമയുടെ മാതൃകാദേശം. അവിടുത്തെ മനുഷ്യരുടെ ഓർമയും വർത്തമാനവും ഇച്ഛയും കലർന്നൊഴുകുന്നതാവണം അതിന്റെ ദേശീയത. അതെഴുതണമെങ്കിൽ ആ ഒറ്റയാൾദേശങ്ങളെ അഭിമുഖീകരിച്ചേ മതിയാവൂ എന്നറിഞ്ഞു. മട്ടാഞ്ചേരി എന്ന കഥയുടെ ചുരുളുകൾ അവിടുത്തെ ഒറ്റയൊറ്റ മനുഷ്യരിലൂടെ അഴിച്ച് വായിക്കാനും ആവിഷ്ക്കരിക്കാനും തുനിയേണ്ടതുണ്ട് എന്നും. സംഭവങ്ങൾ, സന്ദർഭങ്ങൾ, ആശയങ്ങൾ, അനുഭവങ്ങൾ, അനുഭൂതികൾ എന്ന ഊന്നൽ മാറി, ഒരേ സമയവും ഭൂതവും വർത്തമാനവും ഭാവിയും ആയ ‘ഒരാൾ’എന്ന ജീവിക്കുന്ന മഹാത്ഭുതത്തിലേക്ക് എത്തി.
ഈ എഴുത്തനുഭവം എനിക്ക് പുതുതായിരുന്നു. ഇതുവരെയുള്ള എന്റെ എഴുത്തുജീവിതത്തിൽ നിന്ന് പലതരത്തിൽ വേറിട്ടതുമായിരുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യർ. എനിക്ക് ദീർഘപരിചയമോ വ്യക്തിപരമായ സ്വാതന്ത്രമോ അതുവരെയില്ലാത്ത മനുഷ്യർ. അവരുടെ പേരിലാണ് കവിത. അവരുടെ ചിത്രമാണ് കവിതയ്ക്കൊപ്പം. ഓരോ വരിയും, അറിയാത്ത ഒരു ഗർത്തത്തിനു കുറുകേ കെട്ടുന്നതുപോലെ. ഒന്നും അമിതമാകരുത്, അൽ‌പമാകരുത്, അസത്യവുമാകരുത്. അത് കൈവിറയ്ക്കുന്ന ഉത്തരവാദിത്തമായിരുന്നു. ഓരോരുത്തരെയും ഒറ്റയ്ക്ക് അഭിമുഖീകരിക്കലായിരുന്നു. ഉടലിന്റെയും ആത്മാവിന്റെയും മുഖാമുഖം. വേരുകൾ തൊടുന്ന ഒരു വ്യക്തിബന്ധം സ്ഥാപിക്കൽ. എന്നെത്തന്നെ അഭിമുഖീകരിക്കാതെ, അതുവരെയുള്ള എന്നെയും അപ്പോഴുള്ള എന്നെയും, അടിമുടി അഭിമുഖീകരിക്കാതെ എനിക്കതു സാധ്യമായിരുന്നില്ല.
അറച്ചു നിന്ന് തളംകെട്ടിപ്പോകുന്നതിൽ നിന്ന് ഒരു പക്ഷെ എനിക്ക് കിട്ടിയ വിടുതൽ കൂടിയായിരുന്നു അത്. എഴുതുന്നത് സാധാരണ മനുഷ്യരെപ്പറ്റിയായിരുന്നു, അത് അവർ വായിക്കണമായിരുന്നു. ഒരളവ് അതവരെ സ്പർശിക്കണമായിരുന്നു. കടലാസിൽ അച്ചടിയിലല്ല ആ വരികൾ വായിക്കപ്പെടുക. മുപ്പതടിയിലേറെ ഉയരത്തിൽ പഴയ പണ്ടികശാലയുടെ നരച്ചും അടർന്നും നിറം പകർന്ന ചുവരിൽ വലിയ അക്ഷരങ്ങളിൽ- അങ്ങനെയാണ് ആ കവിതകളും അതിലെ ആളുകളും പ്രകാശിപ്പിക്കപ്പെട്ടത്. ആ ചുവരുകൾക്കു താഴെനിന്ന് തല ഉയർത്തിനോക്കി കലാകാരും അല്ലാത്തവരുമായ നാനാതരം മനുഷ്യർ അതു വായിച്ചു. കവിതകളായ മനുഷ്യർ ആ ചുവരുകളിൽ അവരെത്തന്നെ വായിക്കാൻ വന്നു. തനിച്ചും കുടുംബത്തോടൊപ്പവും വന്നു. മൈമുണ്ണി അലിയുടെ മകൾ ഉപ്പയെ ചുവരിൽ വായിച്ച് എന്നോട് പറഞ്ഞു: “വലിയ ശുണ്ഠിക്കാരനാണ്, അക്കാര്യം കൂടി കവിതയിൽ ചേർക്കണം.” അലീക്ക അതുകേട്ട് ചിരിച്ചു. ശരിയാണ്. അൻ‌പതുകൊല്ലം മുൻപ് മീൻ വിൽക്കാനിരിക്കുമ്പോൾ അതുവഴി കടന്നുപോയ ഒരു ബ്രാഹ്മണൻ പട്ടി എന്ന് വിളിച്ചതു കേട്ട മാത്രയിൽ മീൻ‌കുട്ടയെടുത്ത് അയാളുടെ തലയിൽ കമിഴ്ത്തിയ വലിയ രാഷ്ട്രീയമുള്ള ശുണ്ഠിയാണത്.
വാസ്തവത്തിൽ ഓരോ വ്യക്തിയും അവരെത്തന്നെ എഴുതുകയായിരുന്നിരിക്കണം എന്നിപ്പോൾ തോന്നുന്നു. അലീക്കയെ എഴുതാൻ എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. എന്റെ ജീവിതത്തിന്റെ ചട്ടക്കൂടിനോ വ്യാകരണത്തിനോ വഴങ്ങാത്ത ഒറ്റയാൾ‌നൂറ്റാണ്ടുപോലെയുള്ള ഒരു നാട്ടുലെജന്റ്. പക്ഷെ ഞങ്ങൾക്കിടയിൽ മെല്ലെ ഒരു വഴിയുണ്ടായിവന്നു. ആ വഴിയിൽ തങ്ങിയും തടഞ്ഞും എഴുത്തുണ്ടായിവന്നു. എന്നാൽ വളരെ കൗതുകപ്പെടുത്തുകയും എഴുതാമെന്ന് ഉറപ്പോടെ കരുതുകയും ചെയ്ത മറ്റുചില ജീവിതങ്ങൾ എന്നെ കബളിപ്പിച്ച് വഴങ്ങാതെ ദൂരെ മാറിനിന്നു. പഴയകാല ഗുണ്ടയായിരുന്ന ഇസ്മായീൽ എന്ന അതിസുമുഖനായ അറുപതുകാരൻ അതിലൊരാളാണ്. കഞ്ചാവു കടത്തലിനും അടിപിടിയ്ക്കും മറ്റുമായി ദീർഘമായ ജയിൽ‌വാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി ജീവിക്കുകയാണ്. ഞങ്ങൾ സുഹൃത്തുക്കളായി, അഥവാ അങ്ങനെ എനിക്കു തോന്നി. പക്ഷെ എന്റെ ഭാഷയിൽ ഇസ്‌മായിൽ ചിട്ടപ്പെട്ടില്ല, വാക്കിൽ നിന്ന് വരാൽ പോലെ അയാൾ തെന്നിമാറിപ്പോയി.
ഞാൻ ജനിച്ചുവളർന്നത് ഒരു നാട്ടിൻ‌പുറത്താണ്. സാധാരണകുടുംബം. ഞങ്ങൾക്ക് വീട്ടുജീവിതവും നാട്ടുജീവിതവും തമ്മിലുള്ള വരമ്പുകൾ വളരെ നേർത്തതായിരുന്നു. നാട്ടിലെ ഓരോ ആളും ഇടപഴകിയും അറിഞ്ഞും പരസ്പരം കരുതിയും കൊടുത്തും ഉള്ള ജീവിതം. പിൽ‌ക്കാലത്തെ എന്റെ മദ്ധ്യവർഗ്ഗനഗരജീവിതത്തിൽ നഷ്ടപ്പെട്ടുപോയ അഴിവും തുറവും. മട്ടാഞ്ചേരി എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ചെളിയും വെള്ളവും പുരണ്ട്, വെയിലും മഴയും കൊണ്ട്, കുപ്പയിലും കാനയിലും പരതി, അതിന്റെ നൈസർഗ്ഗികതകൾ ഒരളവ് തിരികെത്തന്നു. മട്ടാഞ്ചേരിക്കപ്പുറവും പല തിണകളിൽ തുടരുകയാണ് ആൾക്കവിതകൾ.

സാറാ ജേക്കബ് കോഹൻ

ന്റെ വർത്താനം നീ കേൾക്കുന്നുണ്ടോ
നൻപൊത്ത വൻപൊത്ത തമ്പുരാനേ

കൊച്ചിനിമണ്ണിൽ പിറന്നുവീണു
കൊച്ചിനിക്കാറ്റിൽ വളർന്നുവന്നു
നല്ല മലയാളം കേട്ടുചൊല്ലി
നല്ല മലയാളം കേട്ടെഴുതി

തെഹിലിം ചൊല്ലിപ്പകലന്തിയായി
ഏഴുതിരികൾ വെളിച്ചമായി
അഞ്ച് നൂറ്റാണ്ടിന്റെകൈത്തുന്നലിൻ
തുമ്പത്തെ ജീവൻ തയക്കമായി
എങ്ങുപോയെങ്ങുപോയ് ജേക്കബ്? ശാലോം?
എന്നാണിനിവരും സിംഹതോറ?

ആങ്കിടാങ്ങൾ പോയ ജൂതത്തെരു
പെങ്കിടാങ്ങൾ പോയ ജൂതത്തെരു
എന്തൊരു വേദന തമ്പുരാനേ
എന്തൊരേകാന്തത തമ്പുരാനേ

അൻപൊത്ത നൻപൊത്ത തമ്പുരാനേ
എന്റെ വർത്താനം നീ കേൾക്കുന്നുണ്ടോ


അഞ്ചു നൂറ്റാണ്ട് നീളുന്ന കൊച്ചിയിലെ ജൂതജീവിതത്തിന്റെ അവസാനകണ്ണികളിലൊരാൾ, 94 വയസ്സുള്ള സാറാ കോഹൻ. വർഷങ്ങൾ മകനായി ഒപ്പം നിന്ന് പരിച്ചരിച്ചിരുന്ന താഹ ഇബ്രാഹിമും കുടുംബവുമാണ് അവരെ അറിയാൻ സഹായിച്ചത്. ഞാൻ കാണാനെത്തുമ്പോൾ ക്ഷീണിതയായി ജനാലയ്ക്കരികിലെ കസേരയിൽ ഇരുന്ന് അവർ വിശുദ്ധപുസ്തകം വായിക്കുകയായിരുന്നു. സന്ദർശകരായ ഒരു സംഘം സ്കൂൾ കുട്ടികൾ തെരുവിൽനിന്ന് ജനാലയുടെ അഴികളിലൂടെ അവരെക്കാണാൻ തിക്കിത്തിരക്കുന്നു, പടം പിടിക്കുന്നു. അവർ മുഖമുയർത്തി നോക്കി. താൻ കാഴ്ചവസ്തുവായിക്കഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞ ജീവിതത്തിന്റെ നിസ്സംഗമായ നോട്ടം. കഴിഞ്ഞ രാത്രി സാറ ഉറങ്ങിയതേയില്ല എന്ന് അവരെ പരിപാലിക്കുന്ന സെലിൻ എന്ന സഹായി എന്നോടു പറഞ്ഞു. അവർ രാത്രിയിൽ മുഴുവൻ കരയുകയായിരുന്നു, ‘എന്റെ ആൾക്കാരൊക്കെ എവിടെപ്പോയി, എന്റെ ജേക്കബ് എവിടെ, ശാലോമിനെ വിളി, ഞാനൊറ്റയ്ക്കായല്ലോ’ എന്ന് ചോദിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഞാൻ വളരെനേരം അവരെ നോക്കിക്കൊണ്ട് അടുത്തിരുന്നു. ആ ഇരിപ്പിൽ അവരുടെ വേദനയും ഏകാന്തതയും ഞാൻ കണ്ടു. സാറാ പാടിയ പഴയൊരു ജൂതപ്പാട്ടിന്റെ ശീലിലാണ് അവരുടെ ഛായാകവിത ഉണ്ടായത്. 2019 ൽ സാറാ കോഹൻ മരിച്ചു.


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments