ബാധാവേശിതയായ
മന്ത്രവാദിനിയായി
രാത്രിയിൽ
വർദ്ധിതധൈര്യയായി
കറുത്ത വായുവിനെ വേട്ടയാടി
തിന്മയെ ഉപാസിച്ച്
ഞാൻ പുറത്തിറങ്ങുന്നു
അതിസാധാരണമായ
വീടുകൾക്ക് മീതെ
വെളിച്ചങ്ങൾ താണ്ടി
ഞാൻ ഉല്ലസിച്ചു
പറന്നു നടക്കുന്നു
ഒറ്റപ്പെട്ടവൾ
പന്ത്രണ്ട് വിരലുകളുള്ളവൾ
ഉന്മാദിനി
അങ്ങനെയൊരുവൾ
തികഞ്ഞ ഒരു സ്ത്രീയല്ല
ഞാൻ അവളുടെ ഇനത്തിൽ പെടുന്നു
വനഛായയിൽ
ഇളം ചൂടുള്ള ഗുഹകളിൽ
ഞാൻ കണ്ടെടുക്കുന്നു
അടുക്കളപ്പാത്രങ്ങൾ
അലമാരകൾ, ശില്പങ്ങൾ
പട്ടുടുപ്പുകൾ
പിന്നെയുമനവധി വസ്തുക്കൾ
പുഴുക്കൾക്കും
മായാവികൾക്കും
അത്താഴമൊരുക്കുന്നു
പരാതിപ്പെട്ടു കൊണ്ട്
വികലമായവയെ
പുനഃക്രമീകരിക്കുന്നു
അങ്ങനെയൊരുവൾ
തെറ്റിദ്ധരിക്കപ്പെട്ടവളാണ്
ഞാൻ അവളുടെ ഇനത്തിൽ പെടുന്നു
കടന്നു പോകുന്ന ഗ്രാമങ്ങളെ
നഗ്നമായ കരങ്ങൾ വീശി
അഭിവാദനം ചെയ്ത്
പ്രകാശമാനമായ
അവസാനത്തെ വഴികളെയറിഞ്ഞ്
ഞാൻ നിങ്ങളുടെ വാഹനത്തിൽ
സഞ്ചരിക്കുന്നു
നിങ്ങളുടെ തീനാളങ്ങൾ
എന്റെ തുടകൾ
കാർന്നെടുക്കുമ്പോഴും
നിങ്ങളുടെ മരണചക്രത്തിൽ
കറങ്ങി വാരിയെല്ലുകൾ
തകരുമ്പോഴും
ഞാൻ അതിജീവിക്കുന്നു
അങ്ങനെയൊരുവൾ
മരണത്തിൽ ലജ്ജിക്കുന്നില്ല
ഞാൻ അവളുടെ ഇനത്തിൽ പെടുന്നു.▮