സുജീഷ്​

ഭാഷാനന്തരം

ചില വാക്കുകൾ എന്റെ മകന് വഴങ്ങുന്നില്ല.
അവന്റെ കോഴി, തോഴി ആകുന്നു
അവന്റെ കല, തല ആകുന്നു.
മറ്റുള്ളവർക്കും അവനും ഇടയിൽ
ഞാൻ അവന്റെ പരിഭാഷകനാകുന്നു.

എന്റെ കവിതയാകട്ടെ
ഞാൻ പറഞ്ഞുവിട്ട കാര്യം
അതേപടി പറയാതെ
വായിക്കുന്നവരോട് സംസാരിക്കുന്നു.
അവരുടെ സംസാരത്തിൽ കവിയായ
ഞാൻ പുറത്താക്കപ്പെടുന്നു.
ഒളിഞ്ഞുകേൾക്കാനുള്ള ഇടം പോലും
നിഷേധിക്കപ്പെടുന്നു.

കവിത മനസ്സിലാകാത്തവർ മാത്രം
എനിക്കൊരിടം നൽകുന്നു; എന്താണ്
ആ കവിത പറയുന്നതെന്ന ചോദ്യവുമായി
അവരെന്റ അടുത്തുവരുന്നു, ഞാനങ്ങനെ
സ്വന്തം കവിതയുടെ പരിഭാഷകനാകുന്നു.

മകൻ ചിത്രം വരയ്ക്കുന്നു; ഇതെന്താണ്
ഇതെന്താണെന്ന ചോദ്യങ്ങളുമായി
ഞാൻ അവന്റെ പുറകെക്കൂടുന്നു,
വീട്, സൂര്യൻ, പുഴ എന്നിങ്ങനെ
അവന്റെ ചിത്രത്തിലെ ഓരോന്നും
അവന്റെ വാക്കിലൂടെ ഞാൻ
തെളിയിച്ചെടുക്കുന്നു.

ഒരുനാൾ, എല്ലാവർക്കും
മനസ്സിലാക്കാവുന്ന ചിത്രങ്ങൾ
അവൻ വരച്ചു തുടങ്ങും,
അവൻ്റേത് ചുറ്റുമുള്ളവർക്കെല്ലാം
മനസ്സിലാകുന്ന ഭാഷയാകും,
അവനിൽ നിന്നും അവന്റെ ചിത്രങ്ങൾ
വിടുതൽ നേടും, അവന്റെ ഭാഷ
എന്നിൽ നിന്നെന്നപോലെ.

അപ്പോഴും ഒരേ ഭാഷയ്ക്കുള്ളിൽ
പലരോടും പലതരത്തിൽ പലതും പറഞ്ഞ്
എന്റെ കവിത എന്റേതല്ലാതാകും,
പലതാകും, പലരുടേതുമാകും
അവൻ്റേതുമാകും.


Summary: bhashanatharam malayalam poem by Sujeesh published in truecopy webzine packet 223.


സുജീഷ്​

കവി, പരിഭാഷകൻ. 'വെയിലും നിഴലും മറ്റു കവിതകളും' ആദ്യ കവിതാസമാഹാരം. ലോകകവിത: ഒന്നാം പുസ്തകം, ലോകകവിത: രണ്ടാം പുസ്തകം എന്നിവ മറ്റു പുസ്തകങ്ങൾ.

Comments