ലീലാമ്മ ഉയിർക്കുന്ന മൂന്നുമണി നേരങ്ങൾ


ബിബിൻ ആൻറണി

ലീലാമ്മ
പഴയനിയമത്തിനും
പുതിയനിയമത്തിനുമിടക്ക്
‘ഞാൻ നല്ലവണ്ണം ഓടി
എന്റെ ഓട്ടം പൂർത്തിയാക്കി '
എന്നു കുറിക്കപ്പെട്ട്
അരികുമടിങ്ങിപ്പോയൊരു
അടയാളമാണ്.

ഉണ്ണാതിറങ്ങിപ്പോകുന്ന
വെള്ളിയാഴ്ചദിവസങ്ങളിലെ
അച്ചിങ്ങാമെഴുക്കുപെരട്ടികളുടെ
ഉച്ചനേരങ്ങളിൽ
അച്ചൻ കിളിയും
കപ്യാര് കിളിയും
അയലോക്കങ്ങളുടെ
കുമ്പസാരക്കഥകൾ
പറഞ്ഞുവരുമ്പോൾ
അവൾ സുവിശേഷത്തീന്ന്
എറങ്ങി വരും.
അവരെ
ആശിർവദിക്കും;
പ്രായശ്ചിത്തത്തിന്റെ
വറ്റും തിന്ന്
കിളികൾ പോകുമ്പോൾ
ലീലാമ്മയുടെ കൊട്ടയിൽ
അയ്യായിരം പേർക്കുള്ള
അപ്പക്കഷ്ണങ്ങൾ
നെറയും.

ദൈവഭയമുള്ളവരൊക്കെ
തെക്കുവടക്ക് നടക്കുന്നതും,
വിതക്കുകയോ
കൊയ്യുകയോ
അറപ്പുരകളിൽ കൂട്ടിവയ്ക്കുകയോ
ചെയ്യുന്നില്ലെന്നതുമോർത്ത്
ലീലാമ്മയുടെ വചനപ്പെട്ടി
കനപ്പെടും.

ലീലാമ്മ
സ്വർഗത്തിലേക്ക് കണ്ണുകളുയർത്തി
മുറിച്ചു വിളമ്പിക്കൊണ്ട്
ഉച്ചനേരങ്ങളെ
അത്താഴമേശയിലേക്ക്
വിളിച്ചു കയറ്റും;
കർത്താവിൽ നിദ്രപ്രാപിച്ചവരുടെ
ഫോട്ടോക്ക് മുമ്പിൽ
തിരികത്തിച്ച്
അവരെ അന്ധരാക്കും.
അവളുടെ തിണ്ണപ്പടിയിലപ്പോൾ
മംഗളവാർത്തയുടെ
മണി മുഴങ്ങും,
നഷ്ടപ്പെട്ട പറുദീസയിലേക്കവൾ
പടവ് കയറും;
ദൈവം ഉലാത്താത്ത
മരത്തണലുകളെ
നനഞ്ഞ തോർത്തുകൊണ്ട്
ഒപ്പിയെടുക്കും.

നാലുമണിപ്പൂക്കൾക്ക്
നിറംവയ്ക്കുമ്പോൾ
സമരായക്കാരിയായ് അവൾ
നീലപ്പൂക്കളുള്ള പിങ്ക് നൈറ്റിയിൽ
വിലങ്ങിപ്പോയ നടുവിലൊരു
കുറുമുണ്ടും ചുറ്റി
വെള്ളം കോരും.
ദാഹിച്ചുവന്ന കർത്താവവളുടെ
കുടം ചുമക്കും;
അടുപ്പ് കത്തിക്കും.
അകത്തുള്ളവനെ ഇറക്കിവിടടീന്ന്
അലറുന്ന നാട്,
കുരിശിനുള്ള മരം മുറിക്കും;
ഉപവാസമുള്ളവർ
അവളെ ക്രൂശിപ്പിനെന്ന്
ആരവം കൂട്ടും.
കർത്താവപ്പോൾ കണ്ണിറുക്കിക്കാട്ടും,
ചിരിക്കും.
കല്ലേറ് മൂക്കുന്ന നേരങ്ങളിലവൾ
കർത്താവിനെ വരക്കും
അവന്റെ മൂക്കിന്റെ വളവിനും
മുഖക്കുരുവിന്റെ പാടിനും
അതുപോലെ നിറംകൊടുക്കും;
ഉണങ്ങാത്ത മുറിവുകളിൽ
പൂത്തുന്നലിടും.
അവൻ നിലത്തെഴുതിയതിന്റെ
പൊരുളുകളിൽ
കുഴിയാനകളുടെ ചുഴി തിരയും.
നാടൊഴിഞ്ഞുപോകുന്ന
വെളുപ്പാംകാലങ്ങളിൽ
മൂന്നു പ്രാവശ്യം
കോഴികൂവുന്നതിന്റെ
സാംഗത്യത്തെക്കുറിച്ച്
പറഞ്ഞ് പിരിയുമ്പോൾ
കർത്താവൊരു
അത്ഭുതം കാണിക്കും.
ലീലാമ്മയുടെ മൂന്നുമണി നേരങ്ങളിലപ്പോൾ കുരിശ് പൂക്കും.

ലീലാമ്മ
​ഉടലോടുയിർക്കും. ​▮


ബിബിൻ ആൻറണി

കവി. ഉത്തർപ്രദേശ് അലിഗഢ് മുസ്​ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിൽ ഗവേഷകൻ.

Comments