പൂക്കൾ എനിക്കായ്
ബന്ധനസ്ഥരായി
പലതവണ, പലയിടങ്ങളിൽ
ഞാനെന്തിൽനിന്നോ
വിമുക്തയായി
ഓരോ തവണയും
ദശാബ്ദങ്ങൾക്കപ്പുറം
മുലപ്പാലിൽ വിഷം കലർന്നപ്പോൾ
വൈദ്യകൽപ്പന വന്നു,
‘വാവയ്ക്കിനി കൊടുക്കരുത്'
കെട്ടിക്കിടന്ന പാൽ
വിങ്ങിനൊന്തുപനിച്ചപ്പോൾ
വന്നു പിച്ചകപ്പൂക്കൾ!
നിറമാറിൽ പിച്ചകം
വച്ചുകെട്ടി
മണവും കണ്ണീരുമായ്
ഒരു രാവും പകലും.
അടഞ്ഞു മാന്ത്രികമായ്
പാലിന്റെയുറവകൾ.
അകന്നു എന്നേയ്ക്കുമായ്
കുത്തിനോവും പനിയും.
അതിദ്രുതം കാഴ്ച മങ്ങും
ഈ ഇരുൾദിനങ്ങളിൽ
എത്തിയിരിക്കുന്നു
നന്ദ്യാർവട്ടപ്പൂക്കൾ.
രാത്രി കൺപോളകൾക്കുമേൽ
എന്നോടൊപ്പമവർ
ഉറങ്ങാൻ കിടക്കുന്നു
ഒരു തരി വെട്ടവും തെളിമയും കുളിരും
ഓരോ പൂവും എനിയ്ക്കായ് പകർന്നേകുന്നു
നനുത്ത ഉറുമാലയഞ്ഞ്, തളർന്ന്
പുലരിയിൽ വീണു ചിതറുന്നു
മനസ്സില്ലാമനസ്സോടെ
ഞാൻ ബന്ധനവിമുക്തയാവുന്നു
ഒരൽപം കൂടി തെളിവുള്ള
അടുത്ത ദിനത്തിലേക്ക്
ഇനി വേണം
സ്വകൽപ്പിതമൊരു
കൊടും പുഷ്പബന്ധനം
തണ്ടും മുള്ളുമടക്കമുള്ള
ചുവന്ന റോസാപ്പൂക്കളാൽ.
വായടച്ച് ചുണ്ടുകൾക്കുമേൽ.
പ്രിയർ
ബധിരരായെന്നുതോന്നുമ്പോൾ
അറിയാതുയർന്നുപോയ ശബ്ദം
ഉള്ളിൽ കുടുങ്ങി
നേർത്തുനേർത്തൊടുങ്ങാൻ
അർഹിക്കാത്തവർക്കുള്ള
ചുംബനങ്ങളാൽ
വിറച്ചുവിടർന്ന
അധരങ്ങൾ, കൂമ്പിയടയാൻ
ഹാ!
പുഷ്പങ്ങൾ
ബന്ധനങ്ങൾ
വിമുക്തികൾ.▮
കുറിപ്പ്: പുഷ്പബന്ധനം: അപൂർവമായൊരു ആയുർവേദ ചികിത്സാരീതി.