മിനി പി.എസ്.

ബുധിനി

ന്നുമുതലവളുടെ ഞരമ്പിലൂടെയാണ്
അണക്കെട്ടിലെ വെള്ളത്തിന്റെ ഒഴുക്ക്.

മടഞ്ഞു മടക്കിക്കെട്ടിയ മുടിയിലിരുന്ന്
നക്ഷത്രങ്ങൾ നവേറ് പാടി.
ചവിട്ടടിയിലെ ഉരുളൻ കല്ലിന്റെ
അടിയിലിരുന്ന്
മരിച്ചോർ വിതുമ്പി.

അഭയമില്ലാത്തവർക്കില്ലാത്ത
ഭയവുമായവളിരുന്നു.

ആചാരത്തിന്റെ പച്ചോലയിൽ
പൊതിഞ്ഞ്, പുറമേക്ക് മുറിവൊന്നു
-മില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്
ഒട്ടിച്ച് സാന്താളിന്റെ
അതിരുകടന്നു.

കാലൻ കോഴി, നീന്തിക്കടക്കാൻ
തടാകമുണ്ടെന്ന് ഓർമ്മിപ്പിച്ചു.
നിശ്ശബ്‍ദമായി വെള്ളം കുടിച്ചു
വീർത്ത മണ്ണിന്റെ വയറിൽ
ജീവന്റെ ഇളക്കം.

രാജവധുവായി പ്രഛന്ന വേഷം
കെട്ടിയ കുട്ടികൾ സമ്മാനം മേടിച്ചു.
അറ്റു തീരാത്ത ജന്മം മുറിഞ്ഞ
മണ്ണിരയെപ്പോലെ പുനർജനിച്ചു കൊണ്ടിരിക്കേ
അകന്നുപോയ ദേശീയ പതാക
പിന്നെ ആശ്ചര്യചിഹ്നമായി.

ഉപ്പുകല്ലുതൊട്ട ഒച്ചിനെപ്പോലെ
ചരുളാൻ പോലും ആവാതെ…
ഉണക്കിലയിൽ ചാണകവരളിയിൽ
ലോകം കൂമ്പി വിരിഞ്ഞു.

ചരിത്രപുസ്തകത്തിലൊപ്പിടാത്ത
ബുധിനി മാർ ജീവന്റെ പശയിട്ട്
കല്ലുറപ്പിച്ചു പിന്നെയും അണക്കെട്ടുണ്ടാക്കി.


മിനി പി.എസ്.

കവി. നവമാധ്യമങ്ങളിൽ എഴുതുന്നു. അടുപ്പിനുഴിഞ്ഞിട്ട പൂച്ച എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments