ഇരുണ്ടഗാധമായ
രാത്രിയുടെ കോട്ടയിൽ
ചെകുത്താൻ പണി കഴിഞ്ഞുവന്നു കിടന്നപ്പോൾ,
മൂന്നാംയാമത്തിൽ
ഡ്രാക്കുള അവൻ്റെയുള്ളിൽക്കേറി
പണി തുടങ്ങി.
ചെകുത്താൻ്റെയുളളം
നടുങ്ങീ, കിടുങ്ങീ -
ശരീരം വിറച്ചൂ,
സവർണ്ണം, വിവർണ്ണം.
അവൻ
രക്തദാഹംകൊണ്ടു വലഞ്ഞൂ
തല തൂണിലിടിച്ചു
മറിഞ്ഞു, പുളഞ്ഞൂ.
അവൻ
ഝടുതിയിൽ
കരിങ്കുതിരമേൽക്കേറി-
കണ്ണുകളിൽ തീ പാറിച്ചതും
കുതിരയുടെ കണ്ണിലും തീപാറി.
മുടിയിഴകൾ അലയലയായി ഒഴുകി
രാത്രിക്ക് കനം വയ്ക്കുന്നു.
പിശാചുക്കൾ സ്തുതിഗാന -
മുതിർക്കുമ്പോൾ
എണ്ണമറ്റ വാവ്വലുകളും
കറുത്ത നദീജലവും
കുതിരയോടൊപ്പം പറന്നൊഴുകി.
രാത്രിക്ക് പിന്നെയും കനം വയ്ക്കുന്നു.
മരങ്ങളുടെ ഇലകൾ
കറുക്കുമ്പോൾ പുല്ലുകളും കറുക്കുന്നു.
കുതിരയുടെ ചിനപ്പിൽ പാറകൾ പൊട്ടിച്ചിതറുന്നു.
സമുദ്രം കറുക്കുന്നു.
തിരമാലകൾ ഘുങ്കാരശബ്ദമുതിർക്കുന്നു.
ശാന്തനായ കാറ്റ് ഘോരരൂപമാർക്കുന്നു.
കുളമ്പടിയൊച്ചയിൽ ഭൂമി കുലുങ്ങി വിറയ്ക്കുന്നു.
പക്ഷികളെല്ലാം കറുത്ത നിറമാകുന്നു.
കുന്നുകൾ രണ്ടായി പിളരുന്നു.
ഇടിവെട്ടിച്ചിതറുന്ന മേഘങ്ങളിൽനിന്ന്
മാലാഖമാർ പൊട്ടിച്ചിതറി
ഭൂമിയിൽ വീണുകിടക്കുന്നു.
ചെടികളിൽ കരിമ്പൂക്കൾ
പൂത്തുവാരി ശവഗന്ധം പൊഴിക്കുന്നു.
മിന്നൽ കടലിനെ രണ്ടായി പിളർക്കുന്നു.
കുറുന്മാർ ഓരിയിട്ടപ്പോൾ ചന്ദ്രനുദിച്ചു.
തേറ്റകൾ ആനക്കൊമ്പുകൾ പോലെ
നിലാവിൽ പ്രകാശിച്ചു.
വെളുത്ത പെണ്ണുടലുകൾ നിലാവിൽ
കറുത്ത നദിയിൽ കുളിച്ച്, കറുപ്പാർന്ന്
നിരനിരയായ് നടന്ന് അവന് രക്തം കുടിക്കാനായി പർവ്വതം കേറിമറഞ്ഞു.
അവൻ്റെ നോട്ടം ചന്ദ്രനെ കറുപ്പിച്ചു.
ഭയന്നാളുകൾ വേദപുസ്തകത്തിലൊളിച്ചു.
ദൈവം നിസ്സഹായനായി
ഒരു മരത്തിനകത്തു നൂണിറങ്ങി
ഒളിച്ചതും അതു പൂവിട്ടു.
പൂക്കൾ കറുത്തു.
പിന്നെയവർ
അവൻ്റെ അടിമകളായി നടന്നുതളർന്നു.
അത് തുടർന്നു…