യു. ജയചന്ദ്രന്‍

ചിതറിക്കുന്നവര്‍

ഒന്ന്

വാക്കുകള്‍
പറന്നുയരുന്ന അവരുടെ ശിരസ്സുകള്‍
ഒരു ചെങ്കോലിന്റെ കൈപ്പിടിയിലെ
വ്യാളീമുഖത്ത് ചോര വീഴ്​ത്തുന്നു
അസ്തമനം ചോരയില്‍ കുതിര്‍ന്നില്ല.

രണ്ട്

ചുവപ്പ് കല്ലില്‍ കൊത്തിയ
ചരിത്രാവശിഷ്ടങ്ങളില്‍
ശബ്ദങ്ങള്‍ നഷ്ടപ്പെട്ട
വാക്കുകള്‍
കൂടു തേടി അലഞ്ഞു.
തറച്ചുകയറുന്ന നിശ്ശബ്ദതയുടെ
തിളങ്ങുന്ന ആണിമുനകളില്‍
അവര്‍ പിടഞ്ഞു.

മൂന്ന്

മദ്ധ്യവേനലില്‍
മഹാഗണികളുടെ ഇലകള്‍
കിലുകിലാരവത്തോടെ
കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
അവയില്‍
കവിയുടെ കയ്യിലിരുന്ന് വിറ കൊണ്ട
ചില്ലുപാത്രത്തില്‍ അലിഞ്ഞുകൊണ്ടിരുന്ന
ഐസ്‌ക്യൂബുകളുടെ ചിരിയും കരച്ചിലും
*മേ ഫെയറിലെ
@ജിന്നിന്റെ മന്ത്രവാദവും
ഉണ്ടായിരുന്നു.

പൊള്ളുന്ന മദ്ധ്യവേനല്‍നഗരത്തിലൂടെ
അതും കടന്നുപോയി,
അവശേഷിച്ചതോ
മൗനത്തിന്റെ തോല്‍പ്പാവകള്‍.

നാല്

തടവറയിലെ സ്വപ്നം
കണ്ണീരിന്റെ ഒരു ചില്‍ച്ചീള്
ചിന്തിപ്പോയ ഒരിറ്റ് പുഞ്ചിരി
അസ്തമന സന്ധ്യയില്‍
പെയ്ത
വഴി തെറ്റിയ മഴ
ഇത്രയും പോരേ അത്താഴത്തിന്?

അഞ്ച്

നിലക്കണ്ണാടിയിലെ പ്രതിച്ഛായയില്‍ കാണുന്നത്
ആരെയാണ്?
കല്പന ഇങ്ങനെ:
Mirror, mirror on the wall
Who is the cruelest of despots?

ചോദ്യത്തിന് ഒരേഒരുത്തരം മാത്രം
തെറ്റാതെ പറയുന്നവര്‍ക്ക്
ഗൗരി ല​ങ്കേഷിനു നല്‍കിയ അന്ത്യചുംബനം സമ്മാനം.
‘പോരേ മിത്രങ്ങളേ?’

*May Fair, ഡി വിനയചന്ദ്രന്റെ ഇഷ്ട ബാര്‍ ആയിരുന്നിരിക്കണം, ചരിത്രം പുതുക്കുമ്പോള്‍ അനുമാനങ്ങള്‍ വലിയ സഹായമെന്ന് തത്വികന്‍ ഗാന്ധി ഇല്ലാത്ത ആ പേരുകാരന്‍ എന്ന് കേള്‍ക്കുന്നു.

@ജിന്‍ (ജ്ജിന്ന്), ഭാര്യമാരെ ഉള്ളില്‍ ‘ബഹുമാനിക്കുന്ന’ യാഥാസ്​ഥിതിക പുരുഷന്മാര്‍ വീട്ടില്‍ പോകും മുന്‍പ് ‘നില്‍പ്പ’നടിക്കാന്‍ ഇഷ്ടപ്പെടുന്ന പാവം ജിന്‍.


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments