ഇപ്പോൾ ദൂരം അച്ചടി
36 രൂപ
196 gms സ്നേഹമാണ്
ഇന്നുച്ചയ്ക്ക് 2 മണിക്ക്
വണ്ടി കയറുന്നത്
ഒരു വരണ്ട കാശിത്തെറ്റി (1) സഹിതം
'The Country Without a Post Office' (2)
Track Consignment ടാബ്
പിൻ ചെയ്ത സെർച്ച് എൻജിൻ
സ്റ്റാർട്ട് ചെയ്തുകൊണ്ട്
ദേശാന്തരഗമനത്തിനൊരുങ്ങയാണ് മനം
ബാർകോഡ് സ്കാനറിന്റെ
ലേസർ ശക്തിയാൽ
താവളങ്ങളിൽ നിന്നും താവളങ്ങളിലേക്ക്
കള്ളികളിൽ നിന്നും കള്ളികളിലേക്ക്
ഒരു കുരങ്ങൻ ചാട്ടം.
Enter characters as displayed in image,
Enter the Second Number,
Evaluate the Expression 6-0 =
ഓരോ വെളിവിനുമോരോ കർമ്മം
ഓരോ കർമ്മവുമോരോ ശിക്ഷ
തെറ്റുംതോറും പുതുക്കപ്പെടുന്നു
ഒറ്റത്തവണകൾ
വേഗത്തിനാനുപാതികമായി
എന്റെ പോസ്റ്റ് ഓഫീസ്
കീഴേക്കു പോവുകയും
കോടമഞ്ഞിലേക്കുള്ള കോണി പോലെ
അയാളുടെ വിലാസം
തല ചൊറിഞ്ഞു തെളിയുകയുമാണ്.
ഏതു നിമിഷവും അതു സംഭവിക്കാം
ഒരാൾ വേദനയ്ക്കും ആനന്ദത്തിനുമിടയിൽ
ആയിരം റബ്ബർ വൃത്തങ്ങളകലെ
⬆️⬇️ തൊട്ടും തലോടിയും ഇരിക്കലാവും
അക്ഷരങ്ങളും അക്കങ്ങളും കുഴഞ്ഞ്
ഒപ്പമെത്താൻ മറ്റൊരാൾ കിതയ്ക്കലും.
ഉത്കണ്ഠയുടെ വട്ടത്തിന്
O എന്നോ 0 എന്നോ വിവക്ഷ?
അയാളുടെ വീട്ടിലേക്ക്
S എന്നോ 5 എന്നോ വളവുകൾ?
Event Details For: CL7196819166IN
Current Status: Item Delivery Confirmed
പ്രിയപ്പെട്ട ടാബ്,
നിന്റെ ജോലി കഴിഞ്ഞിരിക്കുന്നു
ഒരു പുസ്തകത്തിന്റെ പുത്തൻ മണത്തിൽ
നഗ്നരായവർ ജ്ഞാനസ്നാനം ചെയ്യുകയാണ്.
സൂര്യൻ ഇങ്കു കുറുക്കുന്ന
പിങ്കു പിഞ്ഞാണത്തിൽ നി-
ന്നൊരു തുള്ളിയപ്പോൾ ഭൂമിയിൽ വീണു
ജീവികൾ ഭ്രൂണഭാഷയിൽ കരഞ്ഞു.
(1. കാശിത്തെറ്റി: നിത്യകല്യാണി എന്നും പേര്. പിങ്ക് നിറത്തിൽ കാണുന്നു.
2. The Country Without a Post Office: ആഗ ഷാഹിദ് അലി.
iii- ക. ശേ: കത്തിനുശേഷം.
iv -Match 16: 4 Kills: ഗെയ്മിങ് പദങ്ങൾ.)