ടിവിക്കുമുന്നിലെയത്താഴവേളയിൽ
വട്ടം തുടിക്കുന്ന ചപ്പാത്തി ചീന്തിയും
നാളികേരപ്പാലുരുക്കിത്തിളപ്പിച്ച
കോഴിക്കറിമുക്കി നാക്കിലനെ പോറ്റിയും
പത്തുനാനൂറു വരുന്ന ചാനൽക്കളി
ത്തട്ടിലെ ഘോഷങ്ങളെണ്ണിക്കഴിയവെ
അക്കങ്ങളോരോന്നഴിഞ്ഞു വന്നു
പലർ കാട്ടുന്ന മായകൾ നോക്കി നിന്നു
കോമഡിയുത്സവം കേരളഭൂപടം
ജാതിതൊഴുത്തിലെ ദൈവപ്രദർശനം
നാട്ടിലെ പാട്ടുകാർ നാടകകൂട്ടുകാർ
ചാറ്റും ചിലങ്കയും ചോരയിലേറ്റിയോർ
കണ്ടതും കേട്ടതും മെയ്യിൽ വരുത്തിച്ചു
ഹാസ്യം പടുക്കുന്ന ശാരീരഗംഭീരർ
വായില്ലയെങ്കിലും കുന്നിലപ്പൻ വന്നു
കാട്ടുന്നതൊക്കെയും ശബ്ദവിനോദങ്ങൾ
യാഗത്തിലൂടെ പുകയും പൊടിയുമായ്
കണ്ണിനെ നീറ്റുന്ന മേഴത്തോളഗ്നിയും
നെല്ലും പതിരും നിറഞ്ഞോരിടങ്ങളെ
പാറ്റിക്കൊഴിക്കുന്ന പാക്കനാരച്ചനും
രജകന്റെ മുറ്റത്ത് കുഴിയിൽ വിളമ്പുന്ന
കല്ലും പതിരും നിറഞ്ഞ വേദാന്തവും
ശൂദ്രന്റെ നാക്കത്ത് ലോകായതങ്ങളെ
വാർക്കുന്ന വള്ളോന്റെ ബുദ്ധപ്രവൃത്തിയും
യുദ്ധമില്ലാതെയിരുമ്പുവാൾ പൂജിച്ചു
രക്തം ഭജിക്കും വടുതല നായരും
അമ്മേടെ താവഴിക്കൂണും വിലാസവും
കെട്ടിച്ചമയ്ക്കുന്ന കാരയ്ക്കലമ്മയും
യക്ഷിയും പക്ഷിയും പേയും പിശാചുമായ്
ഉള്ളകമൂരുന്ന ചാത്തൻഗുരുക്കളും
ഉപ്പും പരുത്തിയും വിറ്റ് കാശാക്കുന്ന
കൊറ്റന്റെ കണ്ണിലെ നാണയത്തൂക്കവും
കണ്ട മരങ്ങളിൽ കാണാക്കരിങ്കല്ലിൽ
തെയ്യങ്ങളുണ്ടെന്നു തോന്നുന്ന തച്ചനും
പാണന്റെ തൊള്ളയിൽ പൂത്ത മലർകളും
പാറകൾ കീഴോട്ടുരുട്ടുന്ന ഭ്രാന്തനും
വന്നു നിന്നങ്ങനെ വാഴുന്ന കാഴ്ചയിൽ
കോമഡിയുത്സവം കേരളഭൂപടം.
കേരളഭൂപടം കോമഡിയുത്സവം
ജാതിതൊഴുത്തിലെ ദൈവപ്രദർശനം
രണ്ട്: മൃഗം
കൊമ്പിൻ മേലെയരുളും കിളിയേ
തൊള്ളയിലുടലായ് വനമുള്ളോളേ
അനുകരണത്തിനു കുരലു തെളിക്കും
കിളിപതി വാഴുക തുണ മുറിയാതെ
ഉണരും വെളിവിനെ വായിൽക്കൂടി
പകരാനും ഗതി നീട്ടാനും ചില
ചരിവുകളൊച്ചയിലാറാടും പടി
നിന്ന് പുലർന്നു രസിപ്പാനും
ഒരുവുരു പലവുരു കനിയും കിളിയേ
വന്നു വസിക്കുക തൊണ്ടക്കുഴിയിൽ
ഒച്ചകൾ പെറ്റു തുടിക്കും വനമേ
കിളിപതിയല്ലോ ഞങ്ങടെ ദൈവം.
കളമിതിലേറി ചിറകുവിരുത്തി
പാടാടുക വനകിളിപതിയേ.
പുഴയും കിളിയും കൊടുമുടിയും
പുലി വിളയും ഗുഹയും പുല്ലുകളും
മുടിയേറിയ വാനരശീലുകളടമഴ
ചിന്നം നീട്ടിപ്പെയ്യും കരിയുടെ
കൊമ്പിൻ വിളിയും നനവിലഴിഞ്ഞു
കുരയ്ക്കും നായുടെ തൊണ്ടക്കുഴിയും
മടകളിലേറിയിരുൾ മുകിലോടു
കടും നിറമേറ്റിഗ്ഗർജിക്കും പല
സിംഹികളും വൻ കടുവകളും
ചുണയേറ്റിക്കൊണ്ടേ നീട്ടിയനാവാ
ലോരികുടഞ്ഞു കിതച്ചൊരു നരിയും
ഝലു ഝലു ഝലു ഝലു ഝലു മഴ
ഗറു ഗറു ഗറു ഗറു ഗറു ഗറു ഗുഹ
രികു രികു രികു രികു രികു രാവും
ഋ ഋ ഋ ഋ ഋ ഋ വെന്നേ തവളകൾ
ക്രാ ക്രാ ക്രാ ക്രായെന്നേ കാക്കകൾ
രീ രീ യെന്നുപരക്കും ചീവീടുകളും
കോഴിപ്പൂവൻ കിളികളനേകം
വായ തുളച്ചു പുറത്തു വരുന്നു.
മൂന്ന്: ഭാഷ
അങ്ങനെയിങ്ങനെയകവെളിയറിയാൻ
കണ്ടതിലൊക്കെ ഫലിതമുരുക്കാൻ
വന്നിഹ ഞാനീ വേദിയിലെന്നുടെ
മുന്നും പിന്നും മുഴുവനുമാളുകൾ
അങ്ങ് വടക്കാ കാസറഗോട്ടും
മുക്കടൽ വാഴും തെക്കറ്റം വരെ
ഭാഷകലക്കി ഭാഷയ്ക്കും മുൻപുറ്റ
വിലാസം പകരും കളികൾ.
ബെക്കമനക്കുമുനക്കുമണഞ്ഞൊരു
കാസറഗോഡിൻ പേയലുകൾ വഴി
കണ്ണൂർ ചെന്നേ കണ്ടിനി കേട്ടിനി
ന്ത്ത്താന്ട്ര കോയിക്കോടെന്നെന്രോ
ടെങ്ങനെ ചോയിക്കും പടിയൂർന്നു
വരുന്നൊരു മലയുടെ പുറമതിൽ
ബേജാറാണ്ടാ കുത്തിയിരിക്കി
പാലക്കാടിൻ കാറ്റിന്നുള്ളിൽ
തറ പറ കറ വറ മറയിനി
പൂരം കാണാൻ തിരുശിവപേരൂർ
എന്തുട്ടിസ്ട്ടാ മുട്ടാൻ നിന്ന് കുരുത്ത
കണക്കേ സ്‌കൂട്ടാവത് താൻ
ഇപ്പം വന്നം മാറിതന്നം കൊച്ചി
ക്കാരുടെ വളവും തിരിവും
കോട്ടയമപ്പിടിയെന്നായെന്നുമൊഴിഞ്ഞു
വരും തുറയാലപ്പുഴയുടെ വായിൽ
നിന്നുമുരിഞ്ഞ വിശേഷം പറ്റത്തില്ല
കൊള്ളത്തില്ല കേക്കത്തില്ലിനി
യെന്തോചെയ്യുവായെന്നു തിരക്കി
കൊല്ലത്തെത്തി കൈകഴുവുന്നു.
കൂറ്റൻ പാമ്പു മലച്ചു കിടക്കും
തിരുവന്തോരമണഞ്ഞെന്നാലോ
എന്തിര് പറയാൻ പയലേ ഭേഷായ്
പങ്കു പിടിച്ചേ പോവുക വേഗം.▮