കമൻ്റായി
എനിക്കൊരു ഹൃദയമെങ്കിലും വേണം.
ഒരു ഡെയ്സിയോ
സൂര്യകാന്തിയോ തന്ന്
നിന്നെയും ഞാൻ രക്ഷിക്കാം
പുറംതിരിഞ്ഞിരിക്കെയും
തമ്മാമ്മിൽ കരുതലുള്ള
കിളികളെ പോലെ
രണ്ടു ഖനികളിലിരുന്ന്
തിരനോട്ടമുള്ള
കൃഷ്ണമണികളാവാം.
ഞാൻ
ഇരുട്ടിൽ
കാക്കപ്പുള്ളികൾ നുള്ളിനടുന്ന
വിദ്യ പഠിക്കുകയാണ്.
പുറം കഴുത്തിന്റെ
വലതു ചരിവിൽ
അവളുടെ ഉമിനീരു തട്ടി മുളച്ച
പുള്ളി നുള്ളി
മറ്റൊരിടത്തു നടുന്നു,
രഹസ്യമായി.
മറ്റൊരു ജന്മത്തിൽ
മറ്റൊരാളുടെ നനവ് തട്ടി
മുളച്ചു വരുമെന്ന് കരുതിക്കൊണ്ട്.
എനിക്കോ അവൾക്കോ
ഇനി പ്രേമം വഴറ്റി വറ്റിക്കാനാകാത്ത
അടുപ്പിൽ
ചുട്ടു പഴുത്ത കരണ്ടിക്ക്
തീ കൂട്ടുന്നത്
ഇപ്പോൾ പാപമല്ല
ഇക്കാലത്ത് പാപമില്ല!
എങ്കിലും
അതിൽ മുളക് തിരുമ്മിയ ഹൃദയങ്ങൾ വേവുന്നത്
എന്തിനായിരിക്കും..
ഇത്രമാത്രം ഏകാന്തത ചുഴിയുന്ന
ഒരു അൽഗോരിതത്തിന്റെ കയത്തിൽ
പൊങ്ങിക്കിടക്കുവാൻ
മറ്റൊരു വിദ്യയുമില്ല.
ഈ പുതിയ
ഹൃദയത്തിൻറെ മധുപാത്രത്തിൽ
എന്തെങ്കിലുമൊന്ന്
ഉപേക്ഷിച്ചു പോവുകയല്ലാതെ.

അതുൽ പൂതാടി