പ്രേമം
ഒഴുക്കിന്റെ
ഒച്ച മറന്ന
ഒരു പുഴയാണ്.
ഒഴുകുന്നതാകാശമെന്ന്
കരുതുന്നു.
ചുറ്റിച്ചുറ്റി
മുള്ളോരത്തേക്ക്
ചരിഞ്ഞു പോകുന്ന
തണുപ്പ്
തൊലിയാകെ വാണ്ട
നോവുമായി
എല്ലാ രാത്രിയിലും
കയറിവരും.
അപ്പോഴെല്ലാം
അംഗുലപ്പുഴുവിൻറെ കഥ
പറഞ്ഞു കേൾപ്പിച്ച്
ഞാൻ എന്നെത്തന്നെ
ഉറക്കാൻ കിടത്തും.
നോക്കൂ
രോമങ്ങളെല്ലാം
ഏത് ദിശയിലേക്കാണ്
ചരിയുന്നതെന്ന്,
പ്രേമം കൊണ്ടു മാത്രം
നിവർത്തിയെടുക്കാവുന്ന
ഒരൊഴുക്കില്ലേ
അതിന്?
