എസ്​. ജോസഫ്​

ദ്വന്ദ്വയുദ്ധം

‘ചിത്രകാരാ എവിടെയാണ്?

ഒരറിവുമില്ല
എന്നെ മറന്നോ
ബ്രഷ് ഉപേക്ഷിച്ചോ,
പാലെറ്റ് ഉറഞ്ഞുവോ,
വയൽ വയലിലേക്ക് താണുവോ?
ദേശാടനപ്പക്ഷികൾ
സൈബീരിയയിലേക്ക്
മടങ്ങിയോ?

എങ്കിൽ ചിത്രകാരാ നാം
മരിച്ചിരിക്കുന്നു.
നമ്മുടെ കവിതാ വായനകൾ,
നിന്റെ ചിത്രങ്ങൾ
ബോണാമിയിലെ മഞ്ഞിൽ തമ്മിൽത്തമ്മിൽ
മാഞ്ഞത്
പെരുന്തേനരുവിയിലെ കാട്ടുതോട്ടിലൂടെ
ഉടുക്കാതെ നടന്ന് പാറവിളുമ്പിലെത്തിയത്
അഴുതയാറ് കടന്ന് കാടുകേറി ഇരുൾ ചുറ്റി വന്നത്
ചെന്നൈ പൂച്ചന്തയിലെ ജമന്തി മണത്തിന്റെ
മുടിയിൽ തൂങ്ങി നടന്നത്
ചോളമണ്ഡലത്തിൽ കണ്ട അപ്‌സരസിന്റെ
മുധുരമൊഴിയിൽ വെയിൽ പൂനിലാവായത്
ബസവനഗുഡിയിൽ
വഴി തെറ്റി ചെമ്പൻ പാക്കിന്റെ നിറമുള്ള
പെൺകുട്ടിയെ പിൻതുടർന്ന്
ഇരുട്ടിൽ തപ്പിത്തടഞ്ഞത്
പൊള്ളാച്ചിയിൽ മയിലുകൾക്കൊപ്പം
വിടർന്നത്
എല്ലാം അകലെയായി
പോക്കേ പോയി ...

എങ്കിൽ ചിത്രകാരാ
നാം പരസ്പരം വെടിവച്ചിരിക്കുന്നു
സ്വയം വെടി വയ്ക്കാൻ പറ്റാതെ
തമ്മിൽ തമ്മിൽ
വെടിവച്ചു.
എന്നെ വെടിവയ്ക്കുമ്പോൾ
നീ എന്താണ് ഓർത്തത്
വേഗം പറയൂ
നിന്നെ വെടിവയ്ക്കുമ്പോൾ
ഞാൻ കണ്ടത്
ആകാശത്ത് ഒരു മിന്നലാണ്
മിന്നൽ മാത്രം '​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments