ബീ / Be (They/Them)

ഡിസ്‌ഫോറിയ സീരീസ്

കീസ്ലോവ്‌സ്‌കിയുടെ ഡെക്കലോഗിന്റെ ഒന്നാം ഭാഗം കണ്ടുറങ്ങി, ജീയുടെ 'ഇന്നു ഞാൻ, നാളെ നീ' ചൊല്ലിക്കൊണ്ട് ഉണരുന്നതിനിടയ്ക്ക് കണ്ട സ്വപ്നവിവരണം.

എവിടെയോ ഒരു ശൈത്യകാലത്ത്
തണുത്തുറഞ്ഞ ഒരു നോവിന്റെ നദി
മുറിച്ചുകടക്കുകയാണ് ഞാൻ.
എനിക്ക് മുൻപേ പോയവർ മറുകരയിൽ
ഒരു പൊട്ടുപോലെ മായുന്നു (സിൽവിയ, മാർഷ,
മറിയ, ഗൗരി, ചിന്നു, ഷീലു..അതോ ഞാൻ തന്നെയോ?).

അയഞ്ഞുവെന്ന് തോന്നിച്ച വലതുകാലിലെ
സ്കേറ്റിങ് ഷൂ ബ്ലേഡിനടിയിൽ നിന്ന്
സ്ഫടികത്തകർച്ചയുടെ ചിതറൽ; കാൽപാദം
തൊടുന്നിടത്ത് തെന്നിനീങ്ങുന്ന പിളർപ്പ്;
അസ്ഥിയിലേക്ക് തുളഞ്ഞുകയറിയലിയുന്ന
ഒരായിരം മഞ്ഞിൻചീളുകളിൽ എന്റെ നിറം
മങ്ങിയ രക്തം.

ഞാനറിയും മുൻപേ വിട്ടകന്ന പ്രാണന്റെ
പക്ഷി ദൂരെ മേഘമില്ലാമാനത്ത് മറയുന്നു.
ഖരമോ, ദ്രാവകമോ അല്ലാത്ത ജലശയ്യയിൽ
വീർത്തുപൊന്തിയ എന്റെ സ്ഥൂലശരീരം.
നിശ്ചലതയോളം പതുക്കെ വീശുന്ന ശീതക്കാറ്റ്
നദിയുടെ മുറിവായ മഞ്ഞുകൊണ്ട് തുന്നിയടക്കുന്നു.

കൂടുവിട്ട പ്രാണനെ തിരഞ്ഞ് എന്റെ
ശൂന്യഹൃദയത്തിന് ചുറ്റും പ്രേതമായലയുന്ന
സ്മൃതികൾ, ശ്രുതികൾ, ഒരിക്കലും
മരിക്കാത്ത ഉത്കണ്ഠകൾ.
അടയാതെ നിലച്ചുപോയ എന്റെ
കണ്ണുകളിലെ നോട്ടം മഞ്ഞുപാളിക്കപ്പുറം
നരച്ച ആകാശത്തിന്റെ കഷ്ണത്തിൽ
കുരുങ്ങിക്കിടക്കുന്നു.

സൂര്യനെത്തുന്നതും ഇടയ്ക്കിടെ മറയുന്നതും,
മഞ്ഞുപാളികളെ നോവിക്കാതെ തുളച്ച്
പ്രകാശരശ്മികൾ എന്റെ നെഞ്ചിലെ
മുല(റി)പ്പാടുകളെ തൊടുന്നതും എനിക്കറിയാം;
എന്റെ രണ്ട് കൈകളും മാറിൽ
വെച്ചുപിടിപ്പിച്ച മുലഞെട്ടുകളെ
പൊതിഞ്ഞുപിടിച്ചിരിക്കുകയാണെന്നും,
അവ ഒരിക്കൽപോലും മഞ്ഞുപാളികൾ
തകർക്കുവാനോ, ആശ്രയത്തിനായി
ആകാശത്തേക്ക് ഉയരുവാനോ
മുതിർന്നിട്ടില്ല എന്നും എനിക്കറിയാം.

അപരിചിതമായ ഏതോ ദേശത്ത്
എള്ളുപാടത്തിലെ പുല്ലുപുഴുങ്ങിയ നട്ടുച്ച
ശ്വസിച്ച് ഞാൻ നടക്കുന്നതായും, മൂപ്പെത്തി
കൊഴിയുന്ന കനികൾ കണക്കെ എന്റെ
മുലകൾ അടർന്നു വീഴുന്നതായും
ഞാൻ നിരന്തരം സ്വപ്നം കണ്ടിരുന്നു.
മരവിപ്പിനും മരണത്തിനും മുൻപായി
ആ സ്വപ്നത്തിലെ സന്തോഷമുള്ള മനുഷ്യനെ
ഓർത്തെടുക്കുകയായിരുന്നു ഞാൻ.

▮

*സിൽവിയ - സിൽവിയ പ്ലാത്ത്.
*മാർഷ, മറിയ, ഗൗരി, ചിന്നു, ഷീലു: ആഗോളവും പ്രാദേശികവുമായ ക്വിയർ, ട്രാൻസ് ചരിത്രങ്ങളിൽനിന്നുള്ള പേരുകൾ; കൊല്ലപ്പെട്ടവരും ആത്മഹത്യയിലേക്ക് തള്ളിവിടപ്പെട്ടവരുമായ മനുഷ്യർ.


Summary: Dysphoria Series malayalam poetry written by Be Published in Truecopy Webzine Packet 305


ബീ / Be (They/Them)

മൾട്ടി-ഡിസിപ്ലിനറി ഇൻഡിപ്പെൻഡന്റ് ആർട്ടിസ്റ്റ്. എഴുത്തും ചിത്രകലയും അനുശീലിച്ച് നിലമ്പൂരിൽ ജീവിക്കുന്നു.

Comments